മാത്യു അർണോൾഡും ന്യൂമാനും വിവർത്തനവും

മൂലാനുസാരിത്വസിദ്ധാന്തവും              പണ്ഡിത പരിതോഷവാദവും

ആംഗലേയസാഹിത്യത്തിലെ പ്രശസ്ത കവിയും നിരൂപകനുമാണ് മാത്യു അർണോൾഡ് (1822-1888). മാത്യു അർണോൾഡിൻ്റെ സർഗ്ഗപ്രതിഭയും നിരീക്ഷണങ്ങളും വലിയ സംഭാവനകൾ നല്കിയിട്ടുണ്ട്. വിവർത്തനസാഹിത്യത്തെ സംബന്ധിച്ചും ഔപചാരികമായ ചിന്തകൾ അദ്ദേഹത്തിൻ്റേതായുണ്ട്.

മെറോപ്’ എന്ന തൻ്റെ കൃതിയുടെ ആമുഖത്തിലാണ് സ്വന്തം വിവർത്തനചിന്തകൾ പ്രകാശിപ്പിച്ചത്. മൂലകൃതിയുടെ രചയിതാവിൻ്റെ പ്രതിഭയെയും വിവർത്തക പ്രതിഭയെയും അദ്ദേഹം തുലനം ചെയ്തു. എന്നിട്ട് ഒരു നിഗമനത്തിലെത്തി. മൂലഗ്രന്ഥകാരൻ്റെ പ്രതിഭയുടെ താഴത്തെപ്പടിയിലാണ് വിവർത്തകപ്രതിഭ നിലകൊള്ളുന്നത്. തൻ്റെ മനസ്സിലേക്കു കടന്നു വരുന്ന വിഷയം സഹജമായി ആവിഷ്കരിക്കാൻ മൂലഗ്രന്ഥകാരനു മാത്രമാണ് സാധിക്കുക. വിവർത്തകന് അതു സാധിക്കില്ല. നേരിട്ട് ഉൾക്കൊള്ളാനാകാത്ത വിഷയം ഭംഗിയായി അവതരിപ്പിക്കാനുമാകില്ല. ഇത് വിവർത്തകൻ നേരിടുന്ന മുഖ്യപ്രശ്നവും വിവർത്തനത്തിനുളവാകുന്ന ദോഷവുമാകുന്നു.

മാത്യു അർണോൾഡ് വിവർത്തനത്തെക്കുറിച്ചു കൂടുതൽ ചിന്തിക്കാൻ കാരണം പ്രൊഫസർ ഫ്രാൻസീസ് ന്യൂമാനാണ് (Francis New mann, 1805-1897). അദ്ദേഹം ഗ്രീക്ക് ഇതിഹാസകവിയായ ഹോമറിൻ്റെ മഹാകാവ്യം ഇംഗ്ലീഷിലേക്കു പരിഭാഷപ്പെടുത്തി. അതിൻ്റെ ഭാഗമായി താൻ നടത്തിയ വിവർത്തനത്തെക്കുറിച്ചുള്ള ചിന്തകൾ വിവരിക്കുകയും ചെയ്തിരുന്നു. 

ഇത് അർണോൾഡിൻ്റെ ശ്രദ്ധയിൽ വന്നു. അവ പരമാബദ്ധമാണെന്ന് അദ്ദേഹത്തിനു തോന്നി. തൻ്റെ പ്രതികരണങ്ങൾ ‘On Translating Homer’ (ഹോമർ വിവർത്തനം ചെയ്യപ്പെടുമ്പോൾ) എന്ന ശീർഷകത്തിൽ 1860 -61 വർഷം ഓക്സ്ഫോഡു സർവകലാശാലയിൽ നടന്ന പ്രഭാഷണ പരമ്പരയിൽ അവതരിപ്പിക്കാൻ സാധിച്ചു.

എന്താണ് ഫ്രാൻസിസ് ന്യൂമാൻ അവതരിപ്പിച്ച ആശയങ്ങൾ എന്നു നോക്കാം.

ഫ്രാൻസിസ് ന്യൂമാൻ മൂലാനുസാരിത്വസിദ്ധാന്തം

ഫ്രാൻസിസ് ന്യൂമാൻ അവതരിപ്പിച്ച ആശയങ്ങളെ മൂലാനുസാരിത്വവാദം എന്നു വിളിക്കുന്നു.

മൂലകൃതിയുടെ സവിശേഷതകൾ സംരക്ഷിക്കുവാനാണ് വിവർത്തകർ പരിശ്രമിക്കേണ്ടതെന്ന് അദ്ദേഹം വാദിച്ചു. മൂലഗ്രന്ഥകാരനോട് വിധേയത്വം പുലർത്താൻ വിവർത്തകർ ശ്രമിക്കണം. വളരെ വ്യത്യസ്തമായ ഒരു സാമഗ്രിയുടെ വിവർത്തനമാണ് താൻ നിർവഹിക്കുന്നതെന്ന ബോധം ഉണ്ടാകണം. മൂലകൃതിയുടെ വിദേശീയത വർദ്ധിക്കുന്തോറും വിവർത്തകൻ്റെ ശ്രദ്ധ വർദ്ധിക്കണം. മൂലകൃതിയോടു സത്യസന്ധത പുലർത്തുകയാണ് പ്രധാനമായും വേണ്ടത്. കൂടാതെ, പാണ്ഡിത്യത്തിൻ്റെ വിധികർത്താക്കളാണ് വിദ്വാന്മാർ. പക്ഷേ, കാവ്യാസ്വാദനത്തിൽ അഭ്യസ്തവിദ്യരായ, എന്നാൽ പണ്ഡിതരല്ലാത്ത പൊതുജനമാണ് ആധികാരിക വിധികർത്താവ്. അവരോടാണ് തനിക്ക് അപേക്ഷിക്കാനുള്ളതെന്നും ന്യൂമാൻ പറയുന്നു. ഈ വാദങ്ങളെയാണ് മാത്യു അർണോൾഡ് ഖണ്ഡിച്ചത്.

മാത്യു അർണോൾഡ്-പണ്ഡിത പരിതോഷവാദം

ഫ്രാൻസിസ് ന്യൂമാൻ്റെ കാഴ്ചപ്പാടുകൾക്കു നേർവിപരീതമായ വാദമാണ് അർണോൾഡ് ഉന്നയിച്ചത്.

ഹോമറിൻ്റെ ഇലിയഡിന് ഉണ്ടായിട്ടുള്ള വിവർത്തനങ്ങൾ അദ്ദേഹം വായിച്ചു. അതിൻ്റെ അടിസ്ഥാനത്തിൽ തൻ്റെ നിഗമനങ്ങൾ രൂപപ്പെടുത്തി. ഇതിനെ പണ്ഡിതപരിതോഷവാദമെന്നു വിളിക്കുന്നു. വിവർത്തകൻ്റെ ധർമ്മം ഹോമറുടെ കവിതയുടെ ഫലം പുന:സൃഷ്ടിക്കുകയാണ്. പണ്ഡിതനല്ലാത്ത ഒരു ഇംഗ്ലീഷുവായനക്കാരൻ്റെ ശക്തമായ വികാരത്തിനു പോലും വിവർത്തകൻ മൂലകൃതിയെയാണോ പുനരവതരിപ്പിക്കുന്നത്, അല്ലാ, മറ്റു വല്ലതിനേയുമാണോയെന്നു പറയാൻ സാധിക്കില്ല.

പഴയ ഗ്രീക്ക് ആസ്വാദകർ ഹോമറോട് എങ്ങനെ പ്രതികരിച്ചുവെന്ന് ഇന്ന് പറയാനാകില്ല. തങ്ങളെ എങ്ങനെ ഹോമർ സ്വാധീനിക്കുന്നുവെന്നു പറയാൻ ഇന്നത്തെ ജനങ്ങൾക്കു സാധിക്കും. ഗ്രീക്കിൽ നല്ല പാണ്ഡിത്യവും കവിതാഭിരുചിയും സംവേദനശീലവുമുള്ള പണ്ഡിതന്മാർക്ക് മൂലകൃതിയോട് വിവർത്തനം തുലനം ചെയ്യുമ്പോൾ അതു വേണ്ടത്ര മൂല്യമുള്ളതായി അനുഭവപ്പെട്ടെന്നു വരില്ല.

വിവർത്തനം മൂലകൃതിയുടെ തന്നെ പ്രതികരണം ഉളവാക്കുന്നുണ്ടോ എന്നു പറയാനുള്ള പ്രാഗത്ഭ്യം പണ്ഡിതർക്കു മാത്രമേയുള്ളൂ. പണ്ഡിതർ മാത്രമാണ് അർഹതയുള്ള വിധികർത്താക്കൾ. മുഖ്യമായും ഈ വാദമാണ് പണ്ഡിതപരിതോഷ വാദം. പഠിപ്പില്ലാത്ത ഇംഗ്ലീഷുകാരന് വിധി നിർണ്ണയിക്കാനുള്ള കരുക്കളില്ല. സ്വന്തം പ്രവൃത്തിയെപ്പറ്റി സ്വയം നടത്തുന്ന മൂല്യനിർണ്ണയം ആർക്കും വിശ്വസിക്കാനാകില്ല. [ ഫ്രാൻസിസ് ന്യൂമാൻ നടത്തിയത് ഈ മട്ടിലാണ്. താൻ നടത്തിയ ഹോമർ പരിഭാഷയുടെ ആമുഖമായാണ് ഈ പരിഭാഷ താനെങ്ങനെയാണ് നിർവഹിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കിയത്. ഇതു പരിഹസിക്കുകയാണ് അർണോൾഡ്].

ഗ്രീക്ക് അറിയുകയും (ഗ്രീക്കുഭാഷയിലാണ് ഹോമർ തൻ്റെ കൃതികൾ രചിച്ചത്) കവിത ആസ്വദിക്കാൻ കഴിയുകയും ചെയ്യുന്ന ആളുകളുണ്ടല്ലോ. അവർ എങ്ങനെയാണ് വിവർത്തനത്തോട് പ്രതികരിക്കുന്നതെന്ന് അയാൾ പരിശോധിക്കട്ടെ. 

വിദ്വാനല്ലാത്ത ഒരാളിന് എത്ര കാവ്യാനുഭൂതിയുണ്ടെങ്കിലും യഥാർത്ഥമായ മൂല്യനിർണ്ണയം നടത്താൻ പറ്റില്ല. പണ്ഡിതർക്ക് പ്രാധാന്യം കൊടുക്കുന്ന ഈ സിദ്ധാന്തത്തെ ‘Touch Stone Method’ (നികഷോപല വാദം)

എന്ന പേരിൽ അദ്ദേഹം അവതരിപ്പിക്കുന്നു. ഒരു ക്ലാസ്സിക് കൃതിയുടെ മൂലരൂപവുമായി ഒരു കൃതിയെ തട്ടിച്ചു നോക്കി മൂല്യനിർണയം നടത്തുന്നതാണ് ഈ സിദ്ധാന്തത്തിൻ്റെ കാതൽ.

ന്യൂമാൻ, സാധാരണ വായനക്കാരിൽ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ പണ്ഡിതരിൽ വിശ്വാസമർപ്പിക്കുകയാണ് അർണോൾഡ്. വിവർത്തനത്തെ വിലയിരുത്താനാർക്കാണ് അവകാശമെന്ന കാതലായ പ്രശ്നമാണ് ഒരു കാലഘട്ടത്തിൽ വിവർത്തനം അഭിമുഖീകരിച്ചതെന്ന് ഇതിൽ നിന്നും ബോദ്ധ്യമാകുന്നു.

 


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഹിമവാൻ്റെ മുകൾത്തട്ടിൽ: രാജൻ കാക്കനാടൻ, ഭാഗം1

സഭാപ്രവേശം - കുഞ്ചൻ നമ്പ്യാർ

കരുണ - കുമാരനാശാൻ