ഒരു വലിയ മുഹൂർത്തത്തിൻ്റെ പശ്ചാത്തലം
ഒരു വലിയ മുഹൂർത്തത്തിൻ്റെ പശ്ചാത്തലം
[Fyugp AEC Second Semester]
അരുവിപ്പുറം ക്ഷേത്രപ്രതിഷ്ഠ: വിപ്ലവകരമായ പരിവർത്തനം.
പ്രൊഫസർ എം.കെ.സാനുവിൻ്റെ ‘നാരായണഗുരുസ്വാമി’
പ്രമുഖ നിരൂപകനും പ്രശസ്ത വാഗ്‌മിയും അദ്ധ്യാപകനുമായ പ്രഫ. എം.കെ.സാനുവിൻ്റെ മഹത്തായ ജീവചരിത്രസംരംഭങ്ങളിലൊന്നാണ് ‘നാരായണഗുരുസ്വാമി’ എന്ന കൃതി. ‘ചങ്ങമ്പുഴ കൃഷ്ണപിള്ള: നക്ഷത്രങ്ങളുടെ സ്നേഹഭാജനം’, ‘സഹോദരൻ കെ.അയ്യപ്പൻ’ എന്നീ ജീവചരിത്രങ്ങളും വളരെ പ്രസിദ്ധങ്ങളാണ്. ‘കാവ്യതത്ത്വപ്രവേശിക’, ‘ബഷീർ -ഏകാന്തവീഥിയിലെ അവധൂതൻ’, ‘കാറ്റും വെളിച്ചവും’, ‘അവധാരണം’, ‘പി.കെ.ബാലകൃഷ്ണൻ: ഉറങ്ങാത്ത മനീഷി’ എന്നിങ്ങനെ നിരവധി കൃതികൾ അദ്ദേഹം എഴുതി. വളരെ സൂക്ഷ്മതയാർന്ന വിശകലനവും ലളിതവും ആസ്വാദ്യകരവുമായ ഭാഷയും സാനുമാഷുടെ കൃതികളെ ആകൃഷ്ടമാക്കുന്നു. മാനവികതയുടെ സ്പർശം പുരണ്ട ആ രചനകൾ വായനക്കാർക്ക് ഏറെ പ്രിയപ്പെട്ടവയാണ്. ‘നാരായണഗുരുസ്വാമി’ എന്ന ജീവചരിത്രകൃതിയുടെ രചനാവേളയിൽ താൻ അനുഭവിച്ച സമ്മർദ്ദം അതിൻ്റെ ആമുഖത്തിൽ അദ്ദേഹം വിവരിക്കുന്നുണ്ട്. സാധാരണരീതിയിലുള്ള വീക്ഷണത്താലോ മാനദണ്ഡത്താലോ മനസ്സിലാക്കാൻ കഴിയുന്നതിൽ കവിഞ്ഞ ഒന്ന് സ്വാമിയുടെ വ്യക്തിത്വത്തിലുള്ളതായി അദ്ദേഹം തൻ്റെ അന്വേഷണത്തിൽ കണ്ടെത്തി. സാനുമാഷ് വിവരിക്കുന്നു: “അടുക്കുന്നവരെയെല്ലാം ആരാധകരാക്കി മാറ്റുന്ന ആ അംശമാണ് സ്വാമിയുടെ വ്യക്തിത്വത്തിൻ്റെ ചൈതന്യകേന്ദ്രമെന്നും എനിക്കു മനസ്സിലായി. അവാച്യമായ ആ അംശം വെളിപ്പെടുത്താൻ കഴിയാത്ത ഒരു ജീവചരിത്രം ആ ധന്യമായ ജീവിതത്തോടു നീതിപുലർത്തുന്നതാവുകയില്ലെന്നും ഞാൻ അറിഞ്ഞു.” ആ ധന്യവും പ്രത്യക്ഷത്തിൽ ദർശിക്കുവാൻ സാധിക്കാത്തതുമായ ആ ദിവ്യാംശം കണ്ടെത്തി വിവരിക്കുവാനാണ് ഈ കൃതിയിൽ സാനുമാഷ് ശ്രമിച്ചത്. സ്വാമിയുടെ വ്യക്തിഗതമൂല്യങ്ങളിലാണ് അദ്ദേഹം ശ്രദ്ധ പതിപ്പിക്കുകയും സ്വാമിയുടെ സവിശേഷതകൾ വായനക്കാരിലെത്തിക്കുകയും ചെയ്തു. വിവേകോദയം മാസികയിൽ ജീവചരിത്രത്തിൻ്റെ പല ഭാഗങ്ങളും അല്പാല്പമായി പ്രകാശിപ്പിക്കുകയും ചെയ്തു. ഗുരുവിനോടുള്ള ആരാധന രചനയുടെ ഔചിത്യം ലംഘിക്കാതിരിക്കാനായി സാനുമാഷ് ശ്രദ്ധിച്ചിട്ടുണ്ട്. ഈ ജീവചരിത്രം നാലുഭാഗങ്ങളായാണ് എഴുതിയിട്ടുള്ളത്. ഒന്നാമത്തെ ഭാഗം സ്വാമിയുടെ വ്യക്തിപരമായ കാര്യങ്ങളിൽ ഊന്നുന്നു. സാമുദായികം, മതപരം എന്നിങ്ങനെയുള്ള മേഖലകളെ സംബന്ധിച്ചാണ് തുടർന്നുള്ള ഭാഗങ്ങൾ മുഖ്യമായും ചർച്ചചെയ്യുന്നത്. ഗുരുവിൻ്റെ സവിശേഷമായ ഇടപെടലുകളിലെ മഹിമയും മാനവികതലവും നവോത്ഥാന പ്രവർത്തനങ്ങളിൽ എങ്ങനെ ഗുണകരമായി വർത്തിച്ചുവെന്നും ഇതിൽ പ്രതിപാദിക്കുന്നു.
എല്ലാ മനുഷ്യരും കാലഘട്ടങ്ങളുടെ സന്താനങ്ങളാണ്. എന്നാൽ മഹാന്മാർ കാലഘട്ടങ്ങളുടെ സ്രഷ്ടാക്കളോ നായകരോ ആണെന്ന് സാനുമാഷ് വീക്ഷിക്കുന്നു.
നാരായണഗുരു
തിരുവനന്തപുരത്തിനു സമീപമുള്ള ചെമ്പഴന്തിഗ്രാമത്തിലാണ് നാരായണഗുരു ജനിച്ചത്. ജാതീയമായ അനാചാരങ്ങളും അയിത്തവും തീണ്ടലുമൊക്കെ വളരെ പ്രകടമായി നടപ്പിലായിരുന്ന ഒരു കാലഘട്ടത്തിൽ എല്ലാവരും ഒന്നാണെന്നും മതമേതായാലും മനുഷ്യൻ നന്നായാൽ മതിയെന്നുമൊക്കെയുള്ള സന്ദേശങ്ങൾ ഈഴവ സമുദായത്തിൽ പിറന്ന ഒരാളിൽ നിന്നുമുളവാകുക, അത് സമൂഹത്തിൻ്റെ ശബ്ദമായി മാറുക മുതലായവ അസാധാരണമായിരുന്നു. കുട്ടിക്കാലം മുതൽ പ്രകടമായിരുന്ന ചിന്താശീലവും ഏകാകിയായിരിക്കാനുള്ള താൽപ്പര്യവും സാമൂഹികവിഷയങ്ങളെ നൂതനമായ ഉൾവെളിച്ചത്തിൽ കാണുവാനുള്ള വ്യഗ്രതയും ഗുരുവിനെ വ്യത്യസ്തനാക്കി.
1888 ലെ അരുവിപ്പുറം ക്ഷേത്രപ്രതിഷ്ഠ, തുടർന്നുള്ള കണ്ണാടി പ്രതിഷ്ഠകൾ, ലോകോപകാരപ്രദമായ ചിന്തകളും പ്രവൃത്തികളും, അനാചാരങ്ങൾക്കെതിരായ ആഹ്വാനങ്ങൾ, വിദ്യയ്ക്കും ഐക്യത്തിനും വേണ്ടിയുള്ള പ്രവർത്തനങ്ങൾ, മതസൗഹാർദത്തിനായുള്ള സംരംഭങ്ങൾ, ജാതിചിന്തയ്ക്കെതിരായ കർമ്മപരിപാടികൾ, പ്രാകൃതമനുഷ്യനെ പരിഷ്കരിക്കാനുള്ള ബോധവത്കരണവും യത്നവും എന്നിങ്ങനെ വിശ്രമമില്ലാതെയുള്ള ജീവിതപദ്ധതികളായിരുന്നു അദ്ദേഹം നടപ്പിലാക്കിയത്. വാക്കും പ്രവൃത്തിയും സംയോജിപ്പിച്ചു കൊണ്ടുള്ള കർമ്മനിരതത്വമായിരുന്നു അദ്ദേഹത്തിൻ്റെ ജീവിതം.
അതിൽ, കേരളചരിത്രത്തെയും അതിൻ്റെ സംസ്കാരരൂപീകരണത്തെയും നിർണ്ണായകമായി സ്വാധീനിച്ച സവിശേഷ സംഭവമായിരുന്നു അരുവിപ്പുറം ക്ഷേത്രപ്രതിഷ്ഠ. 1888 ലായിരുന്നു, ക്ഷേത്ര പ്രതിഷ്ഠ നടത്തിയത്. അന്ന് ബ്രാഹ്മണനുമാത്രമായിരുന്നു പ്രതിഷ്ഠ നടത്തുവാനുള്ള അവകാശം. നാരായണഗുരു ഈഴവനാണല്ലോ. ഗുരു ഈ വിലക്ക് ഭഞ്ജിക്കുകയും സാമുദായിക്ഷേമത്തിനായി പ്രതിഷ്ഠാകർമ്മം നടത്തുകയും ചെയ്തു. അരുവിപ്പുറത്തു ആശ്രമം സ്ഥാപിച്ച സന്ദർഭത്തിൽ തന്നെ അത് നാനാജാതിക്കാരായ ജനങ്ങളെ ആകർഷിക്കുകയും അതു വേഗം തന്നെ പുണ്യസ്ഥലമായി പരിണമിക്കുകയും ചെയ്തുവെന്ന് ഗുരുവിൻ്റെ പ്രധാന ശിഷ്യനായ, ചിന്നസ്വാമി എന്നുവിളിക്കപ്പെട്ട, മഹാകവി കുമാരനാശാൻ എഴുതിയിട്ടുണ്ട്. പലരും ഗുരുവിൻ്റെ ശിഷ്യത്വം സ്വീകരിക്കുകയും ചെയ്തു. കേരളചരിത്രത്തിലും സംസ്കാരത്തിലും വളരെ മഹത്തായത് എന്നു രേഖപ്പെടുത്തപ്പെട്ട അരുവിപ്പുറം ക്ഷേത്രപ്രതിഷ്ഠയുടെ നിർവഹണത്തിലേക്കു ഗുരുവിനെ നയിച്ച പ്രധാന ചോദന ജാതിമതഭേദങ്ങളെയും അതിലൂന്നിയുള്ള വിവേചനങ്ങളെയും നിലംപരിശാക്കുകയെന്നതായിരുന്നു. തൻ്റെ കർമ്മപരിപാടികൾ ആവിഷ്കരിക്കാനുള്ള മാർഗ്ഗമായി ഒരു ആരാധനാകേന്ദ്രം അരുവിപ്പുറത്തു സ്ഥാപിക്കണമെന്നു ഗുരു നിശ്ചയിച്ചു. നെയ്യാറിൻ്റെ തീരത്താണ് മനോഹരമായ അരുവിപ്പുറം സ്ഥിതിചെയ്യുന്നത്. ക്ഷേത്രവിശ്വാസികളായ ഭക്തരെ ആകർഷിക്കുകയെന്ന ലക്ഷ്യത്തേക്കാളും, തികഞ്ഞ ഈശ്വരവിശ്വാസിയായിരുന്ന ഗുരുവിന് ക്ഷേത്രാരാധനയിലൂടെയാണ് ഈശ്വരവിശ്വാസം ഉറയ്ക്കുന്നതെന്ന അഭിപ്രായമുണ്ടായിരുന്നു. നിരവധി മാർഗ്ഗങ്ങളിലൂടെ ഈശ്വരപൂജകൾ നിർവഹിച്ച വ്യക്തിയാണ് നാരായണഗുരു എന്നത് എല്ലാവർക്കുമറിയാവുന്ന കാര്യമാണ്. ഈശ്വരപൂജയ്ക്ക് ദേവാലയങ്ങളാവശ്യമാണെന്ന അഭിപ്രായം ഗുരുവിനുണ്ടായിരുന്നുവെന്നുസാനുമാഷ് വ്യക്തമാക്കുന്നു. അതുമൊരു സാമൂഹിക പരിവർത്തനത്തിന്റെ പാതയാകുന്നു. ദുഷ്ടമൂർത്തികളെ ആരാധിക്കുന്നതിൽ നിന്നും സാധാരണജനങ്ങളെ മാറ്റാനിതുപകാരപ്പെടും.
ഗുരുവിൻ്റെ ദേവാലയസങ്കല്പത്തിൽ അനാചാരങ്ങൾക്കും വിവേചനങ്ങൾക്കും സ്ഥാനമില്ലായിരുന്നുവെന്നതും പ്രസക്തമായ കാര്യമാണ്. അന്ന് ക്ഷേത്രങ്ങൾ ബ്രാഹ്മണസ്വാധീനത്തിലുള്ളവയും അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും വിവേചനങ്ങളുടെയും കേന്ദ്രങ്ങളുമായിരുന്നു. ഗുരുവിന് ക്ഷേത്രങ്ങൾ, ദേവാലയങ്ങൾ, വിശുദ്ധിയുടെയും വളർച്ചയുടെയും കേന്ദ്രങ്ങളായിരുന്നു.
കെട്ടിടനിർമ്മാണം നടത്തുകയെന്നതിനേക്കാളും ശിവരാത്രി ദിനത്തിൽ, ‘നദിയുടെ കിഴക്കേ തീരത്തുള്ള ഒരു പാറയെ പീoമായി സങ്കല്പിച്ച് അതിന്മേൽ ശിവലിംഗ പ്രതിഷ്ഠ നടത്താനാണ്” ഗുരു നിശ്ചയിച്ചത്. ഈ നിശ്ചയം ശിഷ്യരെയും ഭക്തരെയും അറിയിച്ചു. അവർ ഉത്സാഹപൂർവം ഗുരു നിശ്ചയം ഏറ്റെടുത്തു. പ്രസ്തുതസ്ഥലം വെടിപ്പാക്കി. കുരുത്തോലയും മാലയും കൊണ്ട് പീഠമായി സങ്കല്പിച്ച പാറ അലങ്കരിച്ചു. പന്തൽ കെട്ടി. തോരണങ്ങൾ തൂക്കി. എണ്ണ നിറച്ചു വിളക്കുകൾ തയ്യാറാക്കി.
ആ സന്ദർഭം അടുത്തു. അദ്ദേഹം ധ്യാനനിമഗ്നനാണ്. പാതിരാത്രിയായപ്പോൾ സ്വാമി(ഗുരു) എഴുന്നേറ്റ് ആറ്റിൻകരയിലേക്കു നടന്നു. അദ്ദേഹത്തിൻ്റെ മുഖം ജ്വലിച്ചു. കണ്ണുകൾ നക്ഷത്രങ്ങളെപ്പോലെ തിളങ്ങി. അദ്ദേഹം നദിയിലേക്കിറങ്ങി. സാവധാനം വെള്ളത്തിൽ മുങ്ങി. പൊങ്ങിയത് കൈകളിൽ ശിലയോടുകൂടിയാണ്. ശിവലിംഗ വിഗ്രഹം! സ്വാമി ശിലയുമായി കരയ്ക്കു കയറി പന്തലിൽ പ്രവേശിച്ചു നീണ്ട ധ്യാനത്തിലാണ്ടു. തുടർന്ന്, ആ വിഗ്രഹം അവിടെ തയ്യാറാക്കിയിരുന്ന പീഠത്തിൽ പ്രതിഷ്ഠിച്ചു. മറ്റേതു മുഹൂർത്തത്തേക്കാളും ഉജ്ജ്വലമായ ഒരു മുഹൂർത്തം അവിടെ അരങ്ങേറി.
അരുവിപ്പുറം ശിവലിംഗപ്രതിഷ്ഠ ഒരു പുതിയയുഗത്തിൻ്റെ പിറവി കുറിച്ച സന്ദർഭം തന്നെയായിരുന്നു. ചലനം, പരിവർത്തനം തുടങ്ങിയ വാക്കുകൾക്കൊന്നും യാതൊരു വിലയുമില്ലാതിരുന്ന ഒരു കാലഘട്ടത്തിൽ എടുത്ത ഉജ്ജ്വല തീരുമാനം. ജാതിവ്യവസ്ഥയുടെ പല തട്ടുകളിൽ കഴിഞ്ഞുകൂടിയ മനുഷ്യർ. ഏറ്റവും മുകളിൽ ബ്രാഹ്മണർ. ഏറ്റവും കീഴെ അധ:കൃതർ. എല്ലാ ജാതികളും അവർക്കു കീഴെയുള്ള ജാതികളോട് ഉച്ചനീചത്വം കാട്ടി. ജാതീയമായ വികൃതാചാരങ്ങളാൽ മലീമസമായിരുന്നു കേരളം. ഇവിടെ മനുഷ്യന് മനുഷ്യൻ അശുദ്ധവസ്തുവാണ്. തീണ്ടലും അശുദ്ധിയും ഉള്ള ഈ നാട് നരകം തന്നെയെന്ന് ആശാൻ പാടി. ഈ പൈശാചികമായ ഉച്ചനീചത്വത്തിൽ ആർക്കും പ്രതിഷേധമോ അമർഷമോ ഉണ്ടായിരുന്നില്ല. ആചാരങ്ങളും മാമൂലുകളും കാത്തുരക്ഷിക്കുകയെന്നതു തന്നെയായിരുന്നു ജനതയുടെ താൽപ്പര്യം. എഴുത്തച്ഛൻ്റെ കൃതിയിലെ പ്രാർത്ഥനയിലും ബ്രാഹ്മണർക്കു വിധേയമായ മനസ്സു കാണാം. ‘ഇന്ദുലേഖ’യിൽ സൂരിനമ്പൂതിരിപ്പാടിലൂടെ നമ്പൂതിരിമാരെ കളിയാക്കുമ്പോഴും നോവലിസ്റ്റായ ചന്തുമേനോൻ, “എനിക്ക് മലയാളത്തിൽ ബ്രാഹ്മണരേക്കാൾ അധികം ബഹുമാനമുള്ളവർ ആരുമില്ലെ”ന്നാണ് പറയുന്നത്. ഇങ്ങനെ ബ്രാഹ്മണാധിഷ്ഠിത സമുദായക്രമത്തിന് വലിയൊരു ആഘാതമാണ് അരുവിപ്പുറം ക്ഷേത്രപ്രതിഷ്ഠ ഏല്പിച്ചത്. ആ പ്രതിഷ്ഠയുടെ പിന്നിൽ പ്രവർത്തിക്കുന്ന വിപ്ലവബോധത്തെ ഏതാനും വാക്കുകളിൽ വിവരിക്കുക സാദ്ധ്യമല്ല. ആ പ്രവൃത്തിയുടെ പ്രക്ഷോഭജനകത്വം മനസ്സിലാക്കാൻ അന്നത്തെ സാധാരണജനതയ്ക്കായില്ല. എന്നാൽ ബ്രാഹ്മണർ അതു മനസ്സിലാക്കി. ആ പ്രവൃത്തിയെ ചോദ്യം ചെയ്യാനവർ തയ്യാറായി. ഈഴവൻ തനിക്ക് അധികാരമില്ലാത്ത പ്രതിഷ്ഠ നടത്താൻ മുതിർന്നതെന്തിന്? ഇതിന് ഗുരു വളരെ പ്രസിദ്ധമായ ഒരു മറുപടി നല്കി. ഞാൻ 'ഈഴവശ്ശിവനെ'യാണല്ലോ പ്രതിഷ്ഠിച്ചത്.
ഗുരുവിൻ്റെ എല്ലാ പ്രവൃത്തികളിലും സർവതിനോടുമുള്ള എതിർപ്പ് അടങ്ങിയിരുന്നു. ദൈവകൽപ്പിതമെന്ന് വാഴ്ത്തപ്പെട്ടു നടപ്പിലാക്കിയ സകലതിനെയും എന്നർത്ഥം. അടിമത്തത്തിലാണ്ട കേരളീയ ജീവിതത്തിൽ സ്വാതന്ത്ര്യത്തിൻ്റെ കിരണങ്ങൾ സ്വാമി പ്രസരിപ്പിച്ചു.
വിശ്വാസം, ആചാരം എന്നീ കാര്യങ്ങളിൽ പ്രാകൃതത്വം പുലർത്തിയിരുന്ന അക്ഷരശൂന്യര്യം ബോധശൂന്യരുമായ ഈഴവരെ പരിവർത്തിപ്പിക്കാൻ കൂടിയായിരുന്നു സ്വാമിയുടെ പ്രതിഷ്ഠ ലക്ഷ്യമാക്കിയത്. പ്രാകൃതമായ ആരാധനാരീതികളിൽ നിന്നും സാമുദായികജീവിതത്തിൽ നിന്നും അവർക്കൊരു മോചനം ഉണ്ടാക്കുക. അരുവിപ്പുറം ക്ഷേത്രപ്രതിഷ്ഠയെ മുൻനിർത്തിയെഴുതിയ ശ്ലോകത്തിലും ജാതിഭേദത്തിൻ്റെയും മതദ്വേഷത്തിൻ്റെയും നിരർത്ഥകത അദ്ദേഹം വെളിപ്പെടുത്തി. ദേവാലയങ്ങൾ സോദരത്വത്തിൻ്റെ പ്രതീകമാകണം.
“ജാതിഭേദം മതദ്വേഷം
ഏതുമില്ലാതെ സർവ്വരും
സോദരത്വേന വാഴുന്ന
മാതൃകാസ്ഥാനമാണിത്”
ഈ ശ്ലോകത്തിന്റെ പ്രസക്തി സാനു മാഷ് വിവരിക്കുന്നു:
“ ഇന്നും അരുവിപ്പുറം സന്ദർശിക്കുന്ന ഒരാളെ മഹത്തായ ഈ ശ്ലോകം പിടിച്ചു നിർത്താതിരിക്കില്ല. ജാതിയും ജാതിക്കുള്ളിൽ ജാതിയുമായി കേരളീയജീവിതം ഭ്രാന്താലയമായിത്തീർന്നിരുന്ന ഘട്ടത്തിൽ യാതൊരു ഒച്ചപ്പാടും കൂടാതെ ഇങ്ങനെയൊരു ശ്ലോകം തൻ്റെ ഭാവിപ്രവർത്തനങ്ങളുടെ നാന്ദിയായി എഴുതിയിടാൻ പ്രവാചകതുല്യനായ ഒരു മഹാനുമാത്രമേ കഴിയൂ.”
അധികം വൈകാതെ,
“സംഘടന കൊണ്ടു ശക്തരാവുക,
വിദ്യകൊണ്ടു സ്വതന്ത്രരാവുക”
എന്ന മുദ്രാവാക്യങ്ങളും സ്വാമി പുറപ്പെടുവിച്ചു.
കേരളക്കരയാകെ വാണ നിശ്ചലതയെ കീഴ്പ്പെടുത്തി സ്വാതന്ത്ര്യബോധത്തിൻ്റെ പുതിയ തരംഗം ഉയരാനാരംഭിച്ചതിൻ്റെ സൂചനകളാണ് അരുവിപ്പുറം ക്ഷേത്ര പ്രതിഷ്ഠയിൽ കാണുവാൻ സാധിച്ചത്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ