ആയിശു കുഞ്ഞിമ: കെ.എ. ഗഫൂർ, 1964
സമൂഹത്തെയോ സമുദായത്തെയോ ബാധിച്ച ഇരുട്ട് വെളിപ്പെടുത്തുകയെന്ന ഉത്തരവാദിത്വമാണ് നല്ല സാഹിത്യകാരന്മാർ നിർവഹിക്കുന്നത്. കെ.എ. ഗഫൂർ ചിത്രകാരനും കാർട്ടൂണിസ്റ്റും കഥാകൃത്തുമൊക്കെയാണ്. 1964 ൽ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച ആയിശുകുഞ്ഞിമ എന്ന കഥയോടെ ഗഫൂർ ശ്രദ്ധേയനായി. തനിക്കു പ്രിയപ്പെട്ട ചന്ദ്രഗിരിപ്പുഴയേയും കാസർഗോഡിൻ്റെ പ്രകൃതിയേയും ഈ കഥയിലദ്ദേഹം അവതരിപ്പിച്ചു. വളരെ ഹൃദയസ്പർശിയായ ഈ കഥ മുസ്ലീം ജീവിതപരിസരവുമായി ബന്ധപ്പെട്ടതാണ്. തൻ്റെ ജീവിതവുമായി ഈ കഥയിലെ കഥാപാത്രങ്ങൾക്കും ഇതിവൃത്തത്തിനുമുള്ള ബന്ധം അദ്ദേഹം എടുത്തു പറയുന്നു. ആയിശുകുഞ്ഞിമയും അവളുടെ പ്രിയപ്പെട്ട സഹോദരനും തമ്മിലുള്ള ആത്മബന്ധം കഥാകൃത്ത് വെളിവാക്കുന്നു. കുഞ്ഞിമയ്ക്ക് ഉപ്പയും ഉമ്മയും സഹോദരനുമുണ്ട്. ഏറെ ഉത്സാഹമുള്ളവളും അദ്ധ്വാന ശീലമുള്ളവളുമാണ് കുഞ്ഞിമ. വൃത്തിയും വെടിപ്പുമുള്ളവൾ. ആദ്യഭർത്താവിൻ്റെ മരണാനന്തരം വീണ്ടുമൊരു വിവാഹത്തിന് അവൾ നിർബന്ധിതയായി. ആദ്യവിവാഹത്തിൽ അവൾക്ക് മിടുക്കിയായ ഒരു മകളുണ്ട് - ജമീല. ഒരു പക്ഷേ കുടുംബത്തിൽ താനൊരു ഭാരമായിത്തീരേണ്ട എന്നു കരുതിയാകണം അവൾ വിവാഹത്തിനു സമ്മതിച്ചതെന്നു സഹോദരനു തോന്നി. പക്ഷേ, വളരെ ദുർഘടമായ, പെട്ടെന്നെത്തിച്ചേരാനാകാത്ത ഒരിടത്താണ് അവൾ രണ്ടാം വിവാഹം കഴിച്ചെത്തിയത്. തടിച്ചുരുണ്ടു പ്രാകൃതനായൊരു കൃഷിക്കാരനായിരുന്നു അവളുടെ ഭർത്താവ്. കുഞ്ഞിമക്കിനിയൊരു ഭർത്താവു വേണ്ടെന്ന നിലപാടായിരുന്നു സഹോദരനുണ്ടായിരുന്നതെങ്കിലും അവൾക്ക് വീട്ടുകാരുടെ നിർബന്ധത്തിൽ വളരെയകലേയ്ക്ക് വിവാഹം കഴിച്ചു പോകേണ്ടി വന്നു. അവിടെയവൾ കഠിനമായി അദ്ധ്വാനിക്കുകയും തൻ്റെ ശീലങ്ങളൊക്കെ മാറ്റിവെക്കുകയും ചെയ്തു. വെളുത്ത വസ്ത്രങ്ങളൊക്കെ മുഷിഞ്ഞതായി. ഭക്ഷണത്തിലുള്ള നിഷ്ഠയും നഷ്ടമായി. മകളെപ്പോലും ആഗ്രഹിച്ചപോലെ വളർത്താനാകാത്ത അവസ്ഥയുമുണ്ടായി. ചുരുക്കം സന്ദർഭങ്ങളിൽ മാത്രമേ സഹോദരന് അവളെ സന്ദർശിക്കാനായുള്ളൂ. ഒരിക്കൽ അവളുടെ കുറിപ്പുകിട്ടി പുറപ്പെട്ടു. അവളുടെ കഷ്ടതകൾ അയാളെ സങ്കടപ്പെടുത്തി. ജമീലയെ കൂട്ടാനാണ് കുഞ്ഞിമ അയാളെ വരുത്തിയത്. ഇവിടെ നില്ക്കണ്ട. വീട്ടിലേക്കു പോകാം, എന്നു പറഞ്ഞെങ്കിലും ഗർഭിണിയാകയാൽ അവളതു നിരസിച്ചു. ഗർഭിണിയെ കൂട്ടിക്കൊണ്ടുവരേണ്ട സന്ദർഭത്തിൽ, കാളവണ്ടിയിലും കടത്തിലുമൊക്കെ വരേണ്ടതല്ലേ അവൾ ബുദ്ധിമുട്ടേണ്ട എന്ന് വീട്ടുകാർ കരുതിയതിനാൽ അസുഖം ബാധിച്ചു ഗുരുതരാവസ്ഥയിൽ അവളെ കാണാനേ സഹോദരനു കഴിഞ്ഞുള്ളൂ. ജമീല ഉമ്മയെക്കുറിച്ചന്വേഷിച്ചെങ്കിലും മറുപടി പറയാൻ സാധിച്ചില്ല.
ഈ കഥയിൽ തനിക്കു പ്രിയപ്പെട്ട ഒരു പൂപ്പാത്രത്തെക്കുറിച്ചു പറയുന്നുണ്ട്. കുഞ്ഞിമയും ആ പൂപ്പാത്രം പോലെയായിരുന്നു. കാസറഗോഡൻ പ്രകൃതിയുടെ മനോഹരമായ ഛായ പതിഞ്ഞവൾ. ആ പൂപ്പാത്രം ജമീലയുടെ കയ്യിൽ നിന്നും വീണ് ഉടഞ്ഞുപോകുന്നു. കുഞ്ഞിമയുടെ ആകസ്മിക മരണത്തിലേക്കത് വിരൽചൂണ്ടുന്നു.
സ്ത്രീകൾ ഏതൊരു സമുദായത്തിലുമനുഭവിക്കുന്ന തിക്തതകളിലേക്കു തന്നെയാണ് ഈ കഥയും വെളിച്ചം വീശുന്നത്. അഭിപ്രായസ്വാതന്ത്ര്യമില്ലാതെയും വിദ്യ നിഷേധിക്കപ്പെട്ടും പുറംലോകവാർത്തകളും കാഴ്ചകളും വിലക്കപ്പെട്ടും തങ്ങളുടേതായ മോഹങ്ങൾ അടിച്ചമർത്തിയും പാവകളെപ്പോലെ ജീവിക്കുന്ന പാവപ്പെട്ട സ്ത്രീകൾ. പുരുഷാധിപത്യത്തിലധിഷ്ഠിതമായ യാഥാസ്ഥിതികസമൂഹം വരിഞ്ഞുകെട്ടിയ ജീവിതമാണ് അവർ അനുഭവിച്ചു തീർക്കുന്നത്. അതിലൊരു ദുരന്തകഥാപാത്രമായി ആയിശുകുഞ്ഞിമ മാറുന്നു. അവളെ സഹായിക്കാനുള്ള മന:സ്ഥിതി കാട്ടുന്ന സഹോദരൻ പക്ഷേ, പല സന്ദർഭങ്ങളിലും നിസ്സഹായനാവുകയാണ്. കുഞ്ഞിമ അനുഭവിക്കുന്ന ദുരിതം നേരിട്ടു കാണുന്നതും അയാളാണ്. അധികാരബലമില്ലാത്തതിനാൽ അയാൾക്കൊന്നും ചെയ്യാനാകുന്നില്ല.
കുഞ്ഞിമയ്ക്കാകട്ടെ, അയാളിലാണു പ്രതീക്ഷയുണ്ടായിരുന്നതും. എന്നാലതു വിമോചനപ്രതീക്ഷയുമല്ല.
ജീവിക്കാനും സുഖിക്കാനുമുള്ള വിഭവങ്ങൾ ഉണ്ടായിട്ടും വിധിക്കും അന്യനും സ്വന്തം ജീവിതം സമർപ്പിക്കേണ്ടി വന്നവളാണ് കുഞ്ഞിമ. ഇങ്ങനെ എത്രയെത്ര നിരാലംബകളായ വനിതകൾ നമ്മുടെ സമൂഹത്തിലെമ്പാടും കണ്ണീരിൽ കുതിർന്നു കഴിയുന്നു! അവർക്ക് ആശ്വാസവും ശക്തിയും പ്രദാനം ചെയ്യുകയാണ് വേണ്ടത്. ഭർത്താവിൻ്റെ ആജ്ഞയെക്കരുതി പ്രസവം വീട്ടിൽ നടത്തി സ്വന്തം ജീവിതം ബലി നല്കേണ്ടി വരുന്നവരുമേറുകയാണ്. അറിവിനെ അന്ധവിശ്വാസങ്ങളും മാമൂലുകളും ഭരിക്കുമ്പോൾ അറിവ് അപകടകാരിയായ ആയുധമായി തിരിച്ചടിക്കുന്നു. അപ്രകാരമൊരു ഇരയായി ആയിശുക്കുഞ്ഞിമയെ വിലയിരുത്താം. പ്രതികരിക്കാനും പ്രതിഷേധിക്കാനുമാകാതെ എല്ലാം വിധിയെന്ന് സമാശ്വസിക്കുന്ന അവസ്ഥയ്ക്ക് മാറ്റമുണ്ടാകണമെങ്കിൽ സമൂഹത്തെ കാർന്നുതിന്നുന്ന യാഥാസ്ഥിതികചിന്തയ്ക്ക് ഇളക്കം തട്ടണം. പെൺകുട്ടികൾ വേദിയിൽ കയറിയാൽ പരുക്കനായി പെരുമാറുന്ന, ശിരോവസ്ത്രമണിഞ്ഞില്ലെങ്കിൽ പ്രകോപിതരാകുന്ന, സ്ത്രീയുടെ ചലനങ്ങളിലെല്ലാം നിഷേധം കാണുന്ന മനസ്ഥിതി മാറിയേ പറ്റൂ. സ്ത്രീ പുരുഷ സമത എല്ലാ ജാതി മത വിഭാഗങ്ങളിലും ഉളവാകട്ടെ. അതിനു പ്രേരിപ്പിക്കുന്ന കഥയെന്ന നിലയിൽ ‘ആയിശുകുഞ്ഞിമ’യ്ക്ക് സമകാലികപ്രസക്തിയുണ്ട്. ഇരുട്ടിനെതിരെ പൊരുതാൻ ഈ കഥ പ്രേരിപ്പിക്കുന്നു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ