ഡോ.എസ് രാധാകൃഷ്ണന്‍ , സാമൂഹിക ബോധത്തിന്റെ അമരക്കാരന്‍ (ലേഖനം)









ഡോ.എസ് രാധാകൃഷ്ണന്‍ , സാമൂഹിക ബോധത്തിന്റെ   അമരക്കാരന്‍

ഇന്ത്യന്‍ യൂണിയന്‍ പ്രസിഡന്റായിരുന്ന ഡോ.രാധാകൃഷ്മന്‍ അസാമാന്യ ധൈഷണിക പ്രതിഭയായിരുന്നു. വിദ്യയുടെ മാഹാത്മ്യം തിരിച്ചറിഞ്ഞ, അതിലൂടെ ഭാരതത്തിന്റെ ആത്മാവ് തിരിച്ചറിഞ്ഞ അപാരപ്രതിഭയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ ജന്മദിനമാണ് അദ്ധ്യാപകദിനമായി ആചരിക്കുന്നത്. സമൂഹത്തെ നവീകരിക്കാനും ബോധവത്കരിക്കാനും വിശാലഹൃദയമുള്ള ഗുരുക്കന്മാരാണ് ആവശ്യം എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഒരു നല്ല അദ്ധ്യാപകന്‍ സമത്വ വീക്ഷണമുള്ളവനായിരിക്കും. ജാതിയുടേയോ മതത്തിന്റേയോ കക്ഷി രാഷ്ട്രീയത്തിന്റേയോ പ്രാദേശികതയുടേയോ തുലാസ്സില്‍ അയാള്‍ സമൂഹത്തെയോ വ്യക്തികളേയോ  വിദ്യാര്‍ത്ഥികളെയോ ഒരിക്കലും അളക്കില്ല. സമൂഹത്തിനു പരിക്കുപറ്റുന്ന എല്ലാ ചിന്തകളില്‍ നിന്നും അയാള്‍ അകന്നുനില്ക്കുകയും അതിന്റെ ഭദ്രത ഊടുംപാവും പോലെ കാത്തുസൂക്ഷിക്കാന്‍ ബദ്ധപ്പെടുകയും ചെയ്യുന്നു. മൂല്യങ്ങളുടെ സ്ഥാപകനും സൂക്ഷിപ്പുകാരനും ആണ് നല്ല അദ്ധ്യാപകന്‍. സമൂഹത്തിലെ ഇത്തിളുകള്‍ക്കെതിരേ സദാ ജാഗ്രതയുള്ളവനാണ് അയാള്‍.. സമചിത്തതയുള്ള മനസ്സിന്റെ ഉടമകളാണ് നല്ല അദ്ധ്യാപകര്‍.

പഴയകാല ഗുരു - ശി‍ഷ്യ ബന്ധത്തില്‍ മാറ്റങ്ങള്‍ വന്നിരിക്കുന്നു. അന്ന് ഗുരു എന്നത് സാക്ഷാല്‍ പരബ്രഹ്മമായി കണ്ട് ആരാധിച്ചു. 'മാതാ പിതാ ഗുരു ദൈവം' എന്ന് ഉപനിഷത്. ഗ്രീക്കുചിന്തകനായ അരിസ്റ്റോട്ടില്‍ അദ്ധ്യാപകരെക്കുറിച്ച് നല്ല അഭിപ്രായം വെച്ചു പുലര്‍ത്തി. "രക്ഷിതാക്കളേക്കാള്‍ കൂടുതല്‍ ബഹുമാനിക്കേണ്ടത് അദ്ധ്യാപകരെയാണ്. എന്തെന്നാല്‍ രക്ഷിതാക്കള്‍ കുട്ടികള്‍ക്ക് ജീവിതം നല്കുന്നു.അദ്ധ്യാപകര്‍ ജീവിക്കാനുള്ള കലയും" എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അപ്പോള്‍ , നന്നായി ജീവിക്കാനുള്ള കല പകര്‍ന്നു നല്കുന്നവരാണ്  അദ്ധ്യാപകര്‍. അതായത്, ഉള്ളില്‍ നന്മയും സാമൂഹികബോധവും രൂപപ്പെടുത്തി വളര്‍ത്തിയെടുക്കുക എന്നതാണ് അവരുടെ ധര്‍മ്മം.

എഫ്.വിഗ്ദറോവ എന് പോളണ്ടുകാരിയായ അദ്ധ്യാപിക താനെങ്ങനെയാണ് തന്റെ കുട്ടികളില്‍ നല്ല മൂല്യങ്ങള്‍ ഉത്പാദിപ്പിക്കാന്‍ പണിപ്പെട്ടത് എന്നത് 'ഒരു സ്കൂള്‍ ടീച്ചറുടെ ഡയറി' എന്ന കൃതിയില്‍ വിശദമാക്കുന്നു. കൊബായാഷി മാസ്റ്റര്‍ നടത്തിയിരുന്ന പ്രസിദ്ധമായ ടോമോ എന്ന സ്കൂള്‍ അനുഭവങ്ങളാണ് 'ടോട്ടോച്ചാന്‍' എന്ന കൃതിയില്‍ തെത്സുകോ കുരോയാനഗി വരച്ചുകാട്ടുന്നത്. ടോമോ രസകരവും വര്‍ണ്ണാഭവുമായ വിദ്യാലയമാണ്. അവിടെ എത്തിയതിന്നു ശേഷം ടോട്ടോച്ചാന് വളരെ വലിയ പരിവര്‍ത്തനങ്ങള്‍ ഉണ്ടാകുന്നു. ടോട്ടോച്ചാന്‍ മഹാകുസൃതിയായ കുട്ടിയാണ്.അനുസരണക്കേട് വേണ്ടുവോളം ഉള്ളവളുമാണ്. ഇക്കാരണത്താല്‍ മറ്റൊരു സ്ഥാപനത്തില്‍ നിന്നും പുറത്താക്കപ്പെട്ടവളുമാണ്. അവള്‍ക്കുണ്ടായ ഗുണകരമായ വ്യതിയാനത്തെ സംബന്ധിച്ചും അവള്‍ എങ്ങനെ നല്ലകുട്ടിയായി, അദ്ധ്യാപകനും അദ്ദേഹത്തിന്റെ ടോമോ എന്ന സ്ഥാപനവും എന്തു സ്വാധീനം ചെലുത്തി എന്നതിനെക്കുറിച്ചും പില്ക്കാലത്ത് അവള്‍ തന്നെ രേഖപ്പെടുത്തി. ആ കുട്ടിയാണ്, തെത്സുകോ കുറോയാനഗി. കൊബായാഷി മാസ്റ്റര്‍ താന്‍ ആര്‍ജ്ജിച്ച അറിവും അനുഭവവും വിദ്യാര്‍ത്ഥികള്‍ക്കു പകരാന്‍ അവര്‍ക്കിഷ്ടപ്പെടും മട്ടില്‍ ഒരു വിദ്യാലയം നിര്‍മ്മിക്കുകയായിരുന്നു. പ്രകൃതിയെ മുന്‍ നിര്‍ത്തിയായിരുന്നു പഠനം. അദ്ദേഹത്തിന്റെ ഭാവന, ത്യാഗത്തിന്റെയും അനുഭവത്തിന്റെയും തീച്ചൂളയില്‍ പാകപ്പെട്ടതായിരുന്നു. എന്നാല്‍ അഹങ്കാരികളായ ചില രാജ്യത്തലവന്മാരുടെ ചിത്ത വിഭ്രാന്തിയില്‍ നിന്നും പൊട്ടിപ്പുറപ്പെട്ട രണ്ടാം ലോകയുദ്ധം എല്ലാം തകര്‍ത്തു. അമേരിക്ക വിക്ഷേപിച്ച ബോംബില്‍ കത്തിക്കരിഞ്ഞത് മഹത്തായ ആ സ്ഥാപനമായിരുന്നു. എല്ലായ്പ്പോഴും യുദ്ധം നശിപ്പിക്കുന്നത് മഹത്തായ സംസ്കൃതികളെയാണ്.

ഇന്ന് കേരളത്തില്‍, അരയി യു.പി. സ്കൂള്‍ പ്രധാനാദ്ധ്യാപകനായ ശ്രീ.നാരായണന്‍ മാസ്റ്റര്‍ നടത്തുന്ന പ്രവര്‍ത്തനവും വാഴ്ത്തപ്പെടേണ്ടതാണ്. വിശേഷിച്ച് ഈ അദ്ധ്യാപക ദിനത്തില്‍. ഭാവനാശാലിയായ അദ്ധ്യാപകന്റെ കരവിരുതില്‍ തങ്ങളുടെ സ്കൂളിനോടും തങ്ങളോടു തന്നെയും വന്നുപെട്ട അപകര്‍ഷ മനോഭാവത്തിന് വന്‍മാറ്റം വരുത്തുകയാണ് അദ്ദേഹം ചെയതിട്ടുള്ളത്. താന്‍ എത്തിച്ചേര്‍ന്ന സ്കൂളുകളിലൊക്കെയും നടപ്പിലാക്കിയ വൈവിദ്ധ്യമാര്‍ന്ന പഠന പ്രവര്‍ത്തനങ്ങളിലൂടെ ചുറ്റുമുള്ള സമൂഹത്തെയാകെ പരിവര്‍ത്തിപ്പിക്കാന്‍ അദ്ദേഹത്തിനു കഴിയുന്നു. മക്കളെ ഇംഗ്ളീഷ്മീഡിയത്തിന്റേയും സംസ്ഥാനേതര സിലബസ്സിന്റേയും തണലില്‍ പഠിപ്പിച്ചു മെരുക്കിയെടുക്കാന്‍ പാടു പെടുന്ന, എന്നിട്ടു പുരോഗമനവാദിയായി ഞെളിയുന്ന  പിന്തിരിപ്പന്‍മാരായ കൂട്ടര്‍ക്ക് ഈ ത്യാഗോജ്ജ്വല ജീവിതകഥ കേള്‍ക്കാന്‍ എവിടെ നേരം ?

ഗുരു എന്ന വാക്കിന് 'അന്ധകാരം അകറ്റുന്നവന്‍' എന്നര്‍ത്ഥം . അതായത് ശിഷ്യനില്‍ വെളിച്ചം നിറയ്ക്കാന്‍ സാധിക്കണം. ഇത് അഭ്യസ്തവിദ്യരായ , യോഗ്യതകള്‍ വാരിവലിച്ചു കൂട്ടിയ ഒരാള്‍ക്കേ സാധിക്കൂ എന്നു കരുതരുത്. അതിന്നുദാഹരണം പറയാം. നമ്പൂതിരിസമുദായ പരിഷ്കര്‍ത്താവായ വി.ടി.ഭട്ടതിരിപ്പാടിനെ അക്ഷരം പഠിപ്പിച്ചത് ഒരു തിയ്യാടി പെണ്‍കുട്ടിയായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. അക്ഷരം അഗ്നിയാവുകയും ഉള്ളിലെ അന്ധവിശ്വാസത്തിന്റെയും അനാചാരങ്ങളുടെയും ഉണക്കയിലകള്‍ മുഴുവന്‍ ദഹിപ്പിച്ചു കളയുകയും ചെയ്തു എന്ന് അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. നിഷ്കളങ്കയായ ആ കുട്ടിയാണ് ഇവിടെ ഗുരു. വേദപുരാണേതിഹാസ പാരംഗതന്മാരൊന്നുമല്ല. ഈ നിഷ്കളങ്കതയും കണ്ണുകളിലെ ചൈതന്യവുമാണ് ഗുരുവിന് ആവശ്യം എന്നു ഞാന്‍ കരുതുന്നു. ആധുനിക ഗുകരുക്കളില്‍ നേരത്തേ സൂചിപ്പിച്ച ഘടകങ്ങള്‍ കൊണ്ട് കാണാതെ പോകുന്നതും ഇതാണ്.

"ഈശ്വരനും ഗുരുവും എന്റെ മുന്നില്‍ വന്നാല്‍ ഞാന്‍ ആദ്യം ഗുരുവിനെ നമസ്കരിക്കും, എന്തു കൊണ്ടെന്നാല്‍ ഈശ്വരനെ ദര്‍ശിക്കാനുള്ള കഴിവ് പ്രദാനം ചെയ്തത് ഗുരുവാണ് "എന്ന് ഭക്തകവിയായ തുളസീദാസര്‍ ഗുരുവിന്റെ പ്രാമാണ്യം അംഗീകരിച്ചിരിക്കുന്നു.വിളക്കു കൈവശമുള്ളവന് വിശ്വം ദീപമയമാണെന്ന് ഉള്ളൂര്‍ പാടി.

''അടുത്തു നില്പോരനുജനെ നോക്കാനക്ഷികളില്ലാത്തോര്‍ --
ക്കരൂപനീശ്വരനദൃശ്യനായാലതിലെന്താശ്ചര്യം"

അപ്പോള്‍, ഈശ്വരന്‍ അടുത്തു നില്ക്കുന്നവനാണ്. .അതായത്, ഏതെങ്കിലും സോദരന്‍ .പരസ്പരം ഈ പൊരുള്‍ മനസ്സിലാക്കിയാല്‍ കലഹങ്ങളും  വിവാദങ്ങളും അവസാനിക്കും. എന്നിട്ടും നമ്മുടെ നാട്ടില്‍ എന്തൊക്കെ നടക്കുന്നു ? ചുറ്റിലുമുള്ള സമൂഹം ഏതെങ്കിലുമൊക്കെ ഗുരുവിന്റെ ഉത്പന്നങ്ങളാണ്. വിദ്യ എത്ര അഭ്യസിച്ചിട്ടും കൊലയും കൊള്ളിവയ്പും നടത്താന്‍ അവന്‍ കൂട്ടു നില്ക്കുന്നതെന്തേ ?

വെട്ടും കുത്തും ബോംബേറും  പീഡനങ്ങളും അവഹേളനങ്ങളും എന്തുകൊണ്ട് ഇവിടെ അരങ്ങേറുന്നു ? ശരിയായ ഉള്‍ക്കാഴ്ച എവിടെ പോയ് മറഞ്ഞിരിക്കുന്നു ? ഈ വര്‍ഷം തന്നെയാണ് ന്യൂമാന്‍സ് കോളേജിലെ ടി.ജെ.ജോസഫ് എന്ന അദ്ധ്യാപകന്റെ കൈപ്പത്തി വര്‍ഗ്ഗീയവാദികള്‍ വെട്ടിമാറ്റിയ കേസില്‍ വിധി വന്നിരിക്കുന്നത്. സ്വന്തം കൈപ്പത്തി വെട്ടിമാററിയവരോട് വിധി വരുന്നതിന്ന് ഏറെ മുമ്പു തന്നെ താന്‍ ക്ഷമിച്ചിരിക്കുന്നു എന്നു പറയാനുള്ള ഹൃദയവൈപുല്യം അദ്ദേഹം കാട്ടി.പക്ഷേ, ജീവിതക്ലേശങ്ങല്‍ കാരണം അദേഹത്തിന്റെ ഭാര്യ ആത്മഹത്യ ചെയ്തു. ആ കടുത്ത ജീവിതസാഹചര്യത്തിലേക്ക് അദ്ദേഹത്തെ വലിച്ചിഴച്ച സ്ഥാപനവും വേണ്ടപോലെ ഇടപെടാതിരുന്ന സമൂഹവും ഒക്കെ കൂട്ടു പ്രതികള്‍ തന്നെ.ഒരു അദ്ധ്യാപകന് കേരളീയ സമൂഹം നല്കിയ ഗുരുപൂജ സ്മര്‍ത്തവ്യം തന്നെ. ഇത്തരം ഗുരുപൂജയ്ക്ക് ഇനിയും ഉദാഹരണങ്ങല്‍ ഉണ്ട്.
ഈ യുഗത്തിന്റെ ഗുരു ആരാണ് ? നിസ്സംശയം പറയാം, അത് ശ്രീബുദ്ധന്‍ തന്നെ. അദ്ദേഹം മുന്നോട്ടു വെച്ച ദര്‍ശനങ്ങളില്‍ ഭൂരിഭാഗവും തമസ്കരിക്കപ്പെട്ടുവെങ്കിലും ശാന്തത കൊണ്ടും സഹിഷ്ഷ്ണുത കൊണ്ടും ലോകത്തിനു മാര്‍ഗ്ഗ ദര്‍ശനം നല്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു.ബുദ്ധന്റെ  കാലഘട്ടം യുക്തി ചിന്തയ്ക്കു പ്രാധാന്യം ഏറെ കിട്ടിയ ജ്ഞാനോദയത്തിന്റെ കാലമായിരുന്നു എന്ന് അംബേദ്കര്‍ നിരീക്ഷിക്കുന്നു. സ്നേഹത്തിനും സമത്വത്തിനും അഹിംസയ്ക്കും  മുന്‍തൂക്കം കൊടുത്തു കൊണ്ടുള്ള ബുദ്ധന്റെ ചിന്താപദ്ധതികല്‍ ആധുനികയുഗങ്ങളെപ്പോലും ഏറെ സ്വാധീനിച്ച ഒന്നാണ്. ലോകത്തിലെ ഏറ്റവും മികച്ച ഗുരുവായ ബുദ്ധന്‍ സരളമായ ജീവിതനിരീക്ഷണങ്ങളിലൂടെ ശിഷ്യഗണത്തിന് ഹൃദയോദ്ബോധനം നടത്തി വന്നു.



ഈ നൂറ്റാണ്ടിന്റെ ഗുരു ആരാണ് ?അതിന്നും ഉത്തരം വേഗത്തില്‍ പറയാന്‍ കഴിയും. മഹാത്മാഗാന്ധി തന്നെ. സ്വയം പരീക്ഷിച്ചും നിരീക്ഷിച്ചും ബോദ്ധ്യപ്പെടാത്ത ഒരു കാര്യവും ചെയ്യാന്‍ തന്റെ അനുയായികളെ അദ്ദേഹം നിര്‍ബന്ധിച്ചില്ല. ബുദ്ധനെപ്പോലെ അഹിംസയും സത്യകാംക്ഷയും സമരായുധമാക്കി ജനങ്ങലിലേക്കിറങ്ങി ഓരോ ഭാരതീയന്റെ ഹൃദയത്തിനേല്കന്ന നിസ്സാരമായ പോറലുകള്‍ പോലും അദ്ദേഹത്തെ വളരെയേറെ വേദനിപ്പിച്ചു. പാവപ്പെട്ടവരോട് നിസ്സീമമായ അനുകമ്പ ഉണ്ടായിരുന്ന ആ മഹാ നേതാവിന് ലോകമൊട്ടുക്കും അനുയായികള്‍ ഉണ്ടായി. ഗാന്ധിജിയുടെ പാഠങ്ങള്‍ ഉള്‍ക്കൊണ്ട് വളരാനുള്ള ഹൃദയാക്ഷരനൈപുണി അക്ഷരാഭ്യാസമില്ലാത്തവര്‍ പോലും നേടിയിരുന്നു. അതാണ് ഗുരു. മൌനിയായാല്‍ പോലും അയാല്‍ നയനഭാഷയിലൂടെയും  ആംഗ്യങ്ങളിലൂടെയും പഠിപ്പിക്കുന്നു. അഥവാ അയാളെ കണ്ടു തന്നെ ശിഷ്യര്‍ പഠിക്കുന്നു.

എടുത്തു പറയേണ്ടുന്ന മഹത്തായ മറ്റൊരു വ്യക്തിത്വമാണ് എ.പി.ജെ. അബ്ദുല്‍ കലാമിന്റേത്. അദ്ദേഹത്തിന്റെ ആകസ്മിക നിര്യാണം വേദനിപ്പിക്കുന്നതാണ്. അദ്ദേഹം ബഹിരാകാശ ഗവേഷണത്തിനും പ്രതിരോധ ഗവേഷണ കേന്ദ്രത്തിനും തന്റെ കര്‍മ്മ സ്ഥൈര്യത്താല്‍ തിലകം ചാര്‍ത്തിയ വ്യക്തിയായിരുന്നു. ലളിതമാനസനായ പണ്ഡിതവരേണ്യന്‍. ഇന്ത്യന്‍രാഷ്ട്രപതിയായിരുന്നു, ഭാരതരത്നം നേടിയ മഹാന്‍,. എന്നാല്‍ അതിനേക്കാളൊക്കെ അദ്ദേഹം അഭിമാനിച്ചത് താന്‍ ഒരു അദ്ധ്യാപകനാണ് എന്നതിലാണ്. അഭിമാന പുരസ്സരം അത് ഉറക്കെ പ്രഖ്യാപിച്ചിട്ടുണ്ട്, അദ്ദേഹം. ഈ അദ്ധ്യാപക ദിനം അദ്ദേഹത്തിനുള്ള സമര്‍പ്പണം കൂടിയാണ്. വിദ്യാര്‍ത്ഥികളുമായി സംവദിക്കാനും ക്ളാസ്സുകള്‍ എടുക്കാനും അദ്ദേഹം തിരക്കുപിടിച്ച ജീവിതത്തില്‍ അവസരം കണ്ടെത്തി. ഏറ്റവും മഹത്തായതും , അസാദ്ധ്യമെന്ന് ഒറ്റനോട്ടത്തില്‍ തോന്നുന്നവയുമായ സ്വപ്നങ്ങള്‍ കാണാനും അവ കയ്യെത്തിപ്പിടിക്കാനുള്ള പരിശ്രമം നടത്താനും അദ്ദേഹം യുവതലമുറയെ പ്രേരിപ്പിച്ചു. അഗ്നിച്ചിറകുകള്‍ എന്ന തന്റെ ആത്മകഥയില്‍ അഥര്‍വവേദത്തിലെ താഴെപ്പറയുന്ന വരികള്‍ അദ്ദേഹം ഉദ്ധരിച്ചു.

"ഈ ഭൂമി അവിടുത്തെ സ്വന്തമാണ്, അനന്ത വിസ്തൃതമായ ആകാശങ്ങളും അവനു സ്വന്തം. സാഗരങ്ങള്‍ അവനില്‍ കുടികൊള്ളുന്നു. എന്നിട്ടും അവിടുന്നു ശയനം കൊള്ളുന്നത് ആ ചെറു കുളത്തിലാണ്."...

ഒരു പക്ഷേ, ലളിതസുന്ദരമായ ഈ ദര്‍ശനത്തില്‍ നിന്നാകാം തന്റെ ഹൃദയവിശാലത അദ്ദേഹം ഉരുത്തിരിച്ചെടുത്തത്. അദ്ധ്യാപനത്തിന്റെ  വൈശിഷ്ട്യവും സുഗന്ധവും ഇതില്‍ അദ്ദേഹം ദര്‍ശിച്ചിരിക്കാം. ലളിത
ജീവിതം, അപാരമായ അറിവ്.





എന്നാല്‍ ഇന്ന് ഭീതിയാകുന്നു. സമൂഹത്തെ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന എഴുത്തുകാരും സാംസ്കാരിക പ്രവര്‍ത്തകരും തോക്കിന്‍കുഴലിനു മുന്നിലാണ് എന്ന വര്‍ത്തമാനകാല ദുരന്തചിത്രം നിലവിലുണ്ട്. ഭാരതീയസംസ്കാരവും പാരമ്പര്യവും ഉദ്ഘോഷിക്കുന്നതില്‍ നിന്നും വിരുദ്ധമായി വര്‍ഗ്ഗീയധ്രുവീകരണങ്ങല്‍ നടക്കുന്നു. ഭാരതത്തിലെ ഏറ്റവും മാതൃകാപരനായ അദ്ധ്യാപകന്‍ എന്നു പ്രശംസിക്കപ്പെട്ട ഡോ.എസ് . രാധാകൃഷ്ണന്റെ മണ്ണില്‍ അദ്ദേഹം വിഭവനം ചെയ്ത തത്വദര്‍ശനങ്ങളില്‍ നിന്നും എത്രയോ കാതം അകലെയാണ് നാം. എഴുത്തുകാരന്റെ വാക്കിനു വിലങ്ങുവീഴുമ്പോള്‍ അയാള്‍ നിലകൊള്ളുന്ന സമൂഹത്തിന്റെ മസ്തിഷ്കമാണ് മരവിച്ചു പോരുന്നത്. സംവാദങ്ങളുടേയും ആശയപ്പോരാട്ടങ്ങളുടെയും വിളനിലമായിരുന്ന ഭാരതം, തോക്കും മഴുവും ബോംബും വെട്ടുകത്തിയും കഠാരയും നിറഞ്ഞാടുന്ന രംഗമായി മാറുന്നു. ആശയത്തെ ആശയം കൊണ്ടു നേരിടാനുള്ള ചങ്കുറപ്പുള്ള ഒരു പ്രസ്ഥാനവും സംഘടനയും ഇന്നില്ല. തമിഴ്നാട്ടില്‍ അടുത്തിടെ രണ്ടു ദളിത് സാഹിത്യകാരന്മാരുടെ കൃതികള്‍ നിരോധിച്ചിരിക്കുന്നു.

അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരേ പോരാടുന്നവര്‍ വെടിയുണ്ടകള്‍ക്കിരയാകുന്നു. നരേന്ദ്ര ധബോല്‍ക്കര്‍, ഗോവിന്ദ് പന്‍സാരെ, എന്നിവര്‍ക്കു ശേഷം, ഇതാ, മല്ലേശപ്പ. എം. കല്‍ബൂര്‍ഗി. വിശ്വാസത്തെ കച്ചവടം ചെയ്യുന്നവര്‍ക്കെതിരേ തന്റെ തൂലിക ചലിപ്പിച്ചയാളാണ് കലബൂര്‍ഗി. ഹമ്പിയിലെ കന്നഡാ സര്‍വകലാശാലാ മുന്‍വൈസ്ചാന്‍സലറായിരുന്നു അദ്ദേഹം. അദ്ദേഹം, വെടിയേറ്റു മരിച്ചു. വിഗ്രഹാരാധനയിലെയും നഗ്നപൂജയിലേയും അര്‍ത്ഥശൂന്യത എടുത്തുകാട്ടി അദ്ദേഹം നടത്തിയ പ്രവര്‍ത്തനങ്ങളാണ് അക്രമികളെ പ്രകോപിപ്പിച്ചത് . എന്തുകൊണ്ട് ആശയപരമായ സംവാദത്തിന് ആക്രമികള്‍ തയ്യാറായില്ല ? അവര്‍ക്ക് മനുഷ്യത്വത്തിന്റെ പക്ഷത്തുനിന്നുകൊണ്ടു പറയാനൊന്നുമില്ല എന്നതിനാല്‍ തന്നെ. നമ്മില്‍ ചിലര്‍ക്ക് സഹിഷ്ണുത നഷ്ടമായിരിക്കുന്നു. മാനവികത എന്നത് തങ്ങളോടുള്ള വിധേയപ്പെടലാണ് എന്ന്  വര്‍ഗ്ഗീയവാദികള്‍ കരുതുന്നു. വ്യക്തികളുടെ സ്വാതന്ത്ര്യവും അവകാശങ്ങളും ജീവനും ഹനിക്കുന്ന ഇന്നാട്ടില്‍ വധശിക്ഷയ്ക്കെതിരേ മാത്രം സംസാരം ഉയരുന്നു. ഇരകള്‍ക്കാരു നീതി കൊടുക്കും ? അവരെ പുനരുജ്ജീവിപ്പിക്കാന്‍ കൊന്നവനാകുമോ ?കൊന്ന പാപം തിന്നാലും തീരില്ല.



 ഈ അദ്ധ്യാപകദിനം പുത്തന്‍ ചിന്തകളാലും കര്‍മ്മോത്സുകതയാലും ദീപ്തമാകട്ടെയെന്ന്  ഔപചാരികതയ്ക്കു വേണ്ടി ആശംസിക്കാം. സര്‍വേപ്പള്ളി രാധാകൃഷ്ണന്‍ എന്ന, ഭാരതം കണ്ട മിഴിവുറ്റ ആ ധിഷണാശാലിയുടെ സ്മരണയ്യ്ക്കു മുമ്പില്‍ കൈകൂപ്പാം. ബുദ്ധിയും തിരിച്ചറിവും കൈമോശം വന്ന തലമുറയ്ക്കു പഞ്ചതന്ത്രം ഉപദേശിക്കാന്‍ ഇനിയൊരു വിഷ്ണുശര്‍മ്മന്‍ വരില്ല എന്ന് അറിയാമെങ്കിലും  ഒരു നേര്‍ത്ത പ്രതീക്ഷ അര്‍പ്പിച്ചു കൊണ്ട് വാക്കുകള്‍ ചുരുക്കാം..... 







അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഹിമവാൻ്റെ മുകൾത്തട്ടിൽ: രാജൻ കാക്കനാടൻ, ഭാഗം1

കരുണ - കുമാരനാശാൻ

ചിദംബരസ്മരണ : ബാലചന്ദ്രൻ ചുള്ളിക്കാട്