എ.പി.ജെ. അബ്ദുള്‍ കലാം, ഭാരതത്തിന്റെ ആധുനിക ഭഗീരഥന്‍ (അനുസ്മരണക്കുറിപ്പ്)


ലോകരാഷ്ട്രങ്ങള്‍ക്കു മുന്നില്‍ ഭാരതത്തിന് തലയെടുപ്പോടെ നില്ക്കാം.ഏതൊക്കെ കാര്യങ്ങളില്‍ ? ഒന്ന്, ബഹിരാകാശ ഗവേഷണത്തില്‍ ലോകത്തില്‍ ഒന്നാം കിടയായി നാം മാറിക്കഴിഞ്ഞു. അത് അഭിമാനകരമാണ്. ഹിമാലയത്തോളം ഔന്നത്യം നമ്മള്‍ ആര്‍ജ്ജിച്ചു കഴിഞ്ഞിരിക്കുന്നു. മറ്റൊന്ന്, എ.പി.ജെ. അബ്ദുല്‍ കലാമിന്റെ പേരില്‍. അദ്ദേഹം തന്നെയാണ് ലോകത്തില്‍ ഒന്നാം കിടയാക്കി  നമ്മെ മാറ്റിയത്. എന്നാല്‍ ഇന്നു നാം ദു​ഖിക്കുന്നു.ഏതെങ്കിലും ഒരു പ്രദേശമല്ല, ഭാരതമൊട്ടാകെ വിലപിക്കുകയാണ്. എന്തേ ? നമുക്ക് നമ്മുടെ ആധുനിക ഭാരതവിധാതാവിനെ  നഷ്ടമായിരിക്കുന്നു. സ്വപ്നങ്ങളിലേക്കും കര്‍മ്മ കാണ്ഡങ്ങളിലേക്കും നമ്മെ കൈപിടിച്ചുയര്‍ത്തിയ ആ മഹാനുഭാവന്റെ ആത്മാവിന് നമുക്കു പ്രണാമം അര്‍പ്പിക്കാം.
      വളരെയേറെ കഷ്ടതകള്‍ നിറഞ്ഞതായിരുന്നു കലാമിന്റെ കുട്ടിക്കാലം. അവുല്‍ പക്കീര്‍ ജയ്നുലാബുദീന്‍ അബ്ദുല്‍ കലാം  എന്നു മുഴുവന്‍ പേര്. ൧൯൩൧ (1931)ഒക്ടോബറില്‍ തമിഴ്നാട്ടിലെ രാമേശ്വരത്തു ജനനം. അച്ഛന്‍ വള്ളങ്ങള്‍ തയ്യാറാക്കി മത്സ്യബന്ധനം നടത്തുന്നവര്‍ക്ക് നല്കികിട്ടുന്ന തുച്ഛവരുമാനം കൊണ്ടാണ് കലാം വിദ്യാഭ്യാസം നിര്‍വഹിച്ചത്. രാമേശ്വരം രാമനാഥപുരത്തുള്ള സ്കൂളിലാണ് പഠിച്ചത്. ഷ്വാര്‍ട്സ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍. കഷ്ടതകള്‍ നിറഞ്ഞ ബാല്യകാലത്തോടു സമരസപ്പെട്ടു കൊണ്ട് പഠിച്ചുയര്‍ന്ന വ്യക്തിയാണ് അദ്ദേഹം. ഉപരിപഠനം തൃശ്ശിനാപ്പള്ളിയിലെ സെന്റ് ജോസഫ് കോളേജില്‍. തുടര്‍ന്ന് മദ്രാസ്സ് (ഇന്നത്തെ ചെന്നൈ) ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗില്‍ പഠനം. ശേഷം ഉദ്യോഗസംബന്ധമായി 'ഡിഫന്‍സ് റിസര്‍ച്ച് ആന്‍റ് ഡവലപ്മെന്റ് ഓര്‍ഗനൈസേഷന്‍' (ഡി.ആര്‍.ഡി.ഒ.), 'ഇന്ത്യന്‍ സ്പേസ് റിസര്‍ച്ച്  ഓര്‍ഗനൈസേഷന്‍' (ഐ.എസ്. ആര്‍.ഒ.) എന്നീ സ്ഥാപനങ്ങളില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ചു.2002 ജൂലൈയില്‍ ഇന്ത്യയുടെ പതിനൊന്നാമത് രാഷ്ട്രപതിയായി  തെരഞ്ഞെടുക്കപ്പെട്ടു. അതിന്നുശേഷം വിവിധ മേഖലകളില്‍ സ്തുത്യര്‍ഹമായ സേവനം അനുഷ്ഠിച്ചു വരികയായിരുന്നു.
      ഇന്ത്യന്‍ ബഹിരാകാശ ഗവേഷണത്തെ ആത്മസമര്‍പ്പണത്തിലൂടെ മുന്‍പന്തിയെത്തിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. അന്ന് ലോക രാഷ്ട്രങ്ങളില്‍ പ്രബലശക്തിയായിരുന്ന സോവിയറ്റ് യൂണിയന്‍ അമ്പതുകളില്‍ തന്നെ ആദ്യത്തെ കൃത്രിമോപഗ്രഹം വിക്ഷേപിച്ചു. പിന്നീട് യൂറി ഗഗാറിന്‍ ബഹിരാകാശയാത്ര നടത്തി. അനന്തരം വാലന്റീന ടെരഷ്കോവ ആദ്യ വനിതാ ബഹിരാകാശ സഞ്ചാരിയായി. 1969 ല്‍ അമേരിക്ക ചന്ദ്രനില്‍ മനുഷ്യനെ എത്തിച്ചു. ഇങ്ങനെ വന്‍കിട രാജ്യങ്ങള്‍ കിടമത്സരിച്ചു കൊണ്ടിരുന്ന ഈ മേഖലയില്‍ ഭാരതത്തെ കൈപിടിച്ചുയര്‍ത്തിയത്  കലാമിന്‍റെ ധീരമായ നേതൃത്വവും തീരുമാനങ്ങളും സംഘാടന പാടവവുമായിരുന്നു എന്ന് ഇന്നു നമുക്ക് അറിയാം.

1980 ലാണ് രോഹിണി  ശൂന്യാകാശത്തിലേക്കു കുതിച്ചത്. ഇന്നാട്ടില്‍ വികസിപ്പിച്ചെടുത്ത കൃത്രിമ ഉപഗ്രഹം. അന്നു തൊട്ട് ഇന്നു വരെ ബഹിരാകാശ മേഖലയില്‍ നാം വന്‍ കുതിപ്പാണ് നടത്തിക്കൊണ്ടിരിക്കുന്നത്. അത് ഇയ്യിടെ ചൊവ്വയെക്കുറിച്ചു പഠിക്കാനായി 'മംഗള്‍യാന്‍' എന്ന പേടകം വിജയകരമായി വിക്ഷേപിക്കുന്നതുവരെയെത്തി. അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിസായ 'നാസ' പോലും വിവര ശേഖരണത്തിന്  ഐ.എസ്. ആര്‍. ഓ. വിനെ സമീപിക്കുന്നുവെങ്കില്‍ നമുക്കുറക്കെപ്പറയാനാകും, ദാ, അതിന്നു പിന്നില്‍ ഈ ധീരപുത്രന്‍ ഉണ്ടായിരുന്നു എന്ന്. ബഹിരാകാശ മേഖലയില്‍ ലോക രാഷ്ട്രങ്ങളില്‍ മുന്‍ നിരയിലാണു നാം.

          മലയാളത്തിലെ മഹാകവി വയലാര്‍ മുമ്പ് എഴുതുകയുണ്ടായി,
     മനുഷ്യന്‍ എവറസ്റ്റ് കീഴ്പെടുത്തുകയാണ്. അതു കണ്ട് ഹിമവാന്‍ മറ്റെല്ലാം മറന്ന് തന്റെ മുടിക്കെട്ടു ചവിട്ടിക്കയറുന്ന മനുഷ്യനെ അത്ഭുതാദരങ്ങളോടെ നോക്കി എന്ന്. പ്രപഞ്ച മേല്ക്കൂരയില്‍ കയറി നില്ക്കുന്നു, മനുഷ്യന്‍.

''അമ്പിളിക്കുത്തു വിളക്കുമായി ശ്രദ്ധിച്ചു,
തന്‍മുടിക്കെട്ടില്‍ച്ചവിട്ടും മനുഷ്യനെ....''

അതേ, ലോകംതന്നെ കീഴ്പെടുത്തുവാന്‍ , തുനിഞ്ഞിറങ്ങിയ ഭാരതീയ പൌരനാകുന്നു,കലാം.

            വയലാര്‍ വിശദമാക്കുന്നു,
''പണ്ടൊരിന്ത്യക്കാരനാകാശ ഗംഗയെ
കൊണ്ടു പോയ് മണ്ണിലൊഴുക്കീ ഭഗീരഥന്‍
നാളെയവന്റെ പിന്‍ഗാമികളീസ്സുര
ഗോളലക്ഷങ്ങളെ,യമ്മാനമാടിടും...''
         കലാമിലൂടെ ഇന്ത്യ നിര്‍വഹിച്ചത് അതാണ്. ഐ .എസ്. ആര്‍.ഒ.വിലൂടെ ഗോള സഞ്ചയത്തിലേക്കുള്ള പ്രയാണം നമ്മള്‍ ആരംഭിച്ചു കഴിഞ്ഞിരിക്കുന്നു. അതിന്നു കാരണഭൂതനായത് നമ്മുടെ കലാം തന്നെയാണ്.

       'ഇന്ത്യയുടെ മിസൈല്‍മാന്‍' എന്നു കലാമിനെ വിശേഷിപ്പിക്കാറുണ്ട്. ഇന്ത്യന്‍ സൈനിക വ്യൂഹത്തിനു ശക്തി പകരും വിധം തൃശ്ശൂല്‍,പൃഥ്വി, അഗ്നി, നാഗ്, ആകാശ് തുടങ്ങിയ വിവിധ തരം മിസൈലുകള്‍ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ തയ്യാറായി.സംഘബോധമുള്ള നേതാവു കൂടിയായിരുന്നു അദ്ദേഹം.ആരെ ഏതു ദൌത്യം ഏല്പിക്കണം  എന്ന് അദ്ദേഹത്തിന് നന്നായി അറിയാമായിരുന്നു. അദ്ദേഹത്തിന്റെ കൂട്ടാളികളാകട്ടെ, കലാമാണ് കൂടെയെങ്കില്‍ എതു സാഹസവും ഏറ്റെടുക്കാന്‍ സദാ തയ്യാരായിരുന്നു. കാരണം അവര്‍ക്കറിയാം, ഓരോ അണുവിലും അദ്ദേഹം കൂടെയുണ്ടാകുമെന്ന്.
       കലാമിനെക്കുറിച്ചു പറയപ്പെടുന്ന ഒരു തമാശ ,അദ്ദേഹം യോഗം വിളിക്കുന്നത് അവധി ദിനങ്ങളുടെ തലേന്നായിരിക്കും. എന്നിട്ട് ഓരോരുത്തര്‍ക്കും ചെയ്യാനുള്ള ജോലികള്‍ ഏല്പിക്കും. അതായത്, ഒഴിവുദിനമാമെങ്കില്‍ പോലും ഒരാളും  വെറുതേയിരിക്കുന്നത് അദ്ദേഹത്തിന് ഇഷ്ടമല്ലായിരുന്നു . അവധിയില്‍ പോലും വേല ചെയ്താകണം തന്നോടുള്ള സ്നേഹം പ്രകടിപ്പിക്കേണ്ടത് എന്നാണ് അദ്ദേഹത്തിന്റെ പക്ഷം. അദ്ദേഹത്തിന്റെ ചിന്ത എല്ലായ്പോഴും രാജ്യ വികസനവുമായി ബന്ധപ്പെട്ടിരിക്കുന്നു.

      നിഷ്കളങ്കനായ മനുഷ്യസ്നേഹിയായിരുന്നു കലാം. പ്രസിഡണ്ടായി ചുമതലയേറ്റതോടെ തന്റെ സമ്പാദ്യങ്ങളും സ്വത്തും പുര എന്ന, പാവങ്ങളെ സഹായിക്കുന്ന ട്രസ്റ്റിന് അദ്ദേഹം കൈമാറി. .ഇനി എന്റെ കാര്യമൊക്കെ സര്‍ക്കാര്‍ നോക്കും, മരണം വരെയും എന്നായിരുന്നു സംശയാലുക്കളോടുള്ള അദ്ദേഹത്തിന്റെ മറുപടി.അദ്ദേഹത്തിന്റെ  സന്തത സഹചാരിയായിരുന്ന ശ്രീജന്‍പാല്‍ സിംഗ് വിവരിക്കുന്ന ഒരു സംഭവമുണ്ട്. കലാമിന്റെ വാഹനത്തിനു മുന്നില്‍ പൈലറ്റു ചെയ്യുകയായിരുന്ന ജിപ്സി വാഹനത്തില്‍ മൂന്നു സൈനികരുണ്ടായിരുന്നു.അതില്‍ നടുവിലത്തേയാല്‍ നില്ക്കുകയായിരുന്നു. ആ സൈനികന്റെ ഏകാന്തമായ നില്പ് കലാമിനെ വേദനിപ്പിച്ചു. അയാള്‍ക്കെന്താ, ഇരുന്നു കൂടേ...അയാളെ ഇരുത്താന്‍ വയര്‍ലെസ്സ് മെസ്സേജു നല്കൂ.... കലാം വേദനയോടെ പറഞ്ഞു. അവസാനം, ആ സൈനികനെ വിളിച്ചു ക്ഷമ ചോദിച്ചൂ, കലാം. ഈ താവ്മയും വിനയവും കലര്‍പ്പറ്റ സ്നേഹവുമാണ് കലാം എന്ന പേരിന്റെ പൊരുല്‍.ആ സൈനികന്‍ ചെയ്ത്ത ഔദ്യോഗികവൃത്തിയായായിരിക്കാം. എന്നാലും അതു തനിക്കു വേണ്ടിയാണല്ലോ, താന്‍ കാരണമാണല്ലോ ആ പാവം നിന്നു കഷ്ടത സഹിച്ചത്.... ഈ മൃദുലതയും സ്നേഹപരിമളവും ജീവിതത്തില്‍ എല്ലായ്പ്പോഴും  അദ്ദേഹം വെച്ചു പുലര്‍ത്തിയിരുന്നു.

     സിംഗ് ചൂണ്ടിക്കാട്ടുന്ന മറ്റൊരു വസ്തുത, പഞ്ചാബില്‍ നടന്ന ഭീകരാക്രമണത്തില്‍ അദ്ദേഹം അസ്വസ്ഥനായിരുന്നു എന്നതാണ്.പാര്‍ലമെന്‍രിന്റെ പ്രവര്‍ത്തനം  കൂടുതല്‍ കാര്യക്ഷമമമാകണം എന്നും അദ്ദേഹം ആഗ്രഹിച്ചു. ''ജനാധിപത്യം കാര്യക്ഷമമാകാന്‍ പാര്‍ലമെന്റ് കൂടുതല്‍  നന്നാകണം.''

     'ജീവയോഗ്യമായ ഭൂമി' എന്ന വിഷയത്തെക്കുറിച്ചാണ് അദ്ദേഹത്തിന് സംസാരിക്കേണ്ടിയിരുന്നത്. പഞ്ചാബ് സംഭവം ചൂണ്ടിക്കാട്ടി അദ്ദേഹം ഇപ്രകാരം പറഞ്ഞത്രെ,"മലിനീകരണം പോലെ മനുഷ്യന്റെ ബലപ്രയോഗവും ഭൂമിയെ വാസയോഗ്യമല്ലാതാക്കിത്തീര്‍ക്കുമെന്നു തോന്നുന്നു..ഹിംസാത്മകതയും മലിനീകരണവും വീണ്ടു വിചാരമില്ലാത്ത മാനുഷിക കടന്നു കയറ്റങ്ങളും ഇമ്മട്ടില്‍ തുടരുകയാണെങ്കില്‍ നാം ഭൂമിയെ ഉപേക്ഷിച്ചു പോകാന്‍ നിര്‍ബന്ധിതരാകും...ഇത്തോതില്‍ പോയാല്‍ മുപ്പതാണ്ടു കൊണ്ട്, " അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
   ഒരു നിമിഷം പോലും വിശ്രമിച്ചിട്ടില്ലാത്ത കര്‍ത്തവ്യ വ്യഗ്രനായ വ്യക്തിയായിരുന്നു കലാം. പൂര്‍ണ്ണമായും മാതൃരാജ്യത്തിനു വേണ്ടി സമര്‍പ്പിച്ച ജീവിതം. വിവാഹം പോലും ഇക്കൂട്ടത്തില്‍ വേണ്ടെന്നു വെച്ചു.പരിചയപ്പെട്ടവരെ ഒരിക്കലും മറക്കാത്ത പ്രകൃതം.മനുഷ്യത്വത്തിന്റെ സമുദ്രമാണ്  കലാം. അദ്ദേഹവുമായി ഇടപഴകിയ ആരും ആ ഹൃദയത്തിന്റെ  നന്മയെക്കുറിച്ചോര്‍ക്കാതിരിക്കില്ല.

    യുവാക്കളേയും വിദ്യാര്‍ത്ഥികളേയും എന്നും തന്റെ പ്രഭാഷണങ്ങളിലൂടെ അദ്ദേഹം പ്രചോദിപ്പിച്ചു. ഭാരതദേശം മുഴുവന്‍ അദ്ദേഹത്തിന്റെ ചൈതന്യം നിറഞ്ഞു നില്കകുന്നു.വലിയ വലിയ സ്വപ്നങ്ങള്‍  കാണാനും  സാക്ഷാത്കരിക്കാനുമാണ്  വിദ്യാര്‍ത്ഥികള്‍ ശ്രമിക്കേണ്ടത് എന്ന്  അദ്ദേഹം പറഞ്ഞു.

    അദ്ദേഹത്തിന്റെ ആത്മകഥയായ 'അഗ്നിച്ചിറകുകള്‍ ' ഓരോ വിദ്യാര്‍ത്ഥിയും വായിച്ചിരിക്കണം. 'മിഷന്‍ ഇന്ത്യ,' 'ഇന്ത്യ 2020', 'എന്റെ യാത്രകള്‍' , 'ഇന്‍സ്പൈരിങ്ങ് തോട്ട്സ്', 'ലൂമിനസ്സ് സ്പാര്‍ക്സ് 'മുതലായവ പ്രധാന കൃതികള്‍.


     മനുഷ്യ സ്നേഹിയും കര്‍മ്മ നിരതനുമായ രാഷ്ട്രപതി കൂടിയായിരുന്നു കലാം. ഏതായാലും ഹിമവാന്റെ അതുല്യനായ ഈ പുത്രന്‍ തീര്‍ച്ചയായും നമുക്കു മാതൃകയാണ്.ഏതു നിലയ്ക്ക് അറിയപ്പെടാനാണ് ആഗ്രഹം എന്നു ചോദിച്ചപ്പോള്‍ കലാം  പറഞ്ഞത്  ' ഒരു അദ്ധ്യാപകനായി അറിയപ്പെടണം ' എന്നാണ്. അനേകായിരം വിദ്യാര്‍ത്ഥികളെ പ്രചോദിപ്പിച്ച, ആ മഹാനായ ഭാരതപുത്രന് ആദരാ‍ഞ്ജലികള്‍........



  







അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഹിമവാൻ്റെ മുകൾത്തട്ടിൽ: രാജൻ കാക്കനാടൻ, ഭാഗം1

കരുണ - കുമാരനാശാൻ

ചിദംബരസ്മരണ : ബാലചന്ദ്രൻ ചുള്ളിക്കാട്