ഒരു ‍ടാബ്ളോയും അതുയര്‍ത്തിയ വിചാരങ്ങളും (ലേഖനം)


ആ ഫ്ളോട്ടില്‍ എന്തുണ്ട് ?


കേരളത്തിന്‍റെ ശാപം എന്നു പറയുന്ന ഒരു കാര്യം കേരളത്തിലെ ഇന്നത്തെ സമുദായനേതാക്കന്മാരുടെ വിവരമില്ലായ്മയാണ്. അവര്‍ പുര്‍ണ്ണമായും ചരിത്രതമസ്കരണം നടത്തുന്നതില്‍ ജാഗരൂകരാണ്.ചരിത്രത്തെ വളച്ചൊടിച്ചു കൊണ്ടു മാത്രമേ അവര്‍ക്കു നിലനില്പുള്ളൂ ഇപ്പോള്‍ ചര്‍ച്ചാ വിഷയം എസ് എന്‍ ഡി പി ആയതിനാല്‍ നമുക്ക് അവിടെ നിന്നും ആരംഭിക്കാം. 1903 ല്‍ ആണ് പ്രസ്തുത സംഘടന രൂപം കൊള്ളുന്നത്. 1891 ലെ മലയാളി മെമ്മോറിയല്‍ കാലഘട്ടത്തില്‍ മാസംഅഞ്ചു രൂപായോ അതിനു മേലോഉള്ള ഒരു ഈഴവനെങ്കിലും തിരുവിതാംകൂര്‍ ഗവണ്മെന്‍റ് സര്‍വീസില്‍ ഇല്ലെന്ന് സര്‍ക്കാര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു.  387176 ജനങ്ങള്‍ ഉള്ള പ്രസ്തുത സമുദായത്തില്‍ യൂണിവേഴ്സിറ്റി പരീക്ഷ ജയിച്ച രണ്ടു പേരേ ഉള്ളൂ എന്ന് സര്‍ക്കാര്‍ കണക്ക്.  വിദ്യാവിഹീനരും സ്വന്തം തൊഴിലുകളായ കൃഷി, കയര്‍പിരിവ്,തെങ്ങുചെത്ത് മുതലായവയില്‍ തൃപ്തിപ്പെട്ടുള്ളതുമായ ഒരു സമുദായത്തെ അടിമുടി പരിഷ്കരിക്കുന്നതിനാണ് നാരായണഗുരു മുന്നിട്ടിറങ്ങി പ്രവര്‍ത്തിച്ചത്. അതിന്റെ ലക്ഷ്യ സാദ്ധ്യത്തിനു വേണ്ടിയാണ് എസ് എന്‍ ഡി പി രൂപീകരിച്ചതും. അപ്പോഴും ധനികരായ ഈഴവ- തിയ്യ തറവാടുകള്‍ സമുദായം നേരിട്ട അവമതികള്‍ക്കിടയിലും വേണ്ടുന്നതൊക്കെ നേടുന്നുണ്ടായിരുന്നു. ഇത് ഒരു തിയ്യക്കുട്ടിയുടെ വിചാരം എന്ന കവിതയില്‍ കുമാരനാശാന്‍ ആവിഷ്കരിച്ചിട്ടുണ്ട്. പാവപ്പെട്ട തിയ്യന്റെ അവകാശങ്ങള്‍ അതേ വിഭാഗത്തിലെ സമ്പന്നര്‍ നേടിയെടുക്കുന്നതിലെ നിരാശ കവി വെളിപ്പെടുത്തിയിട്ടുണ്ട്.

യഥാര്‍ത്ഥത്തില്‍ ഈ സംഘടനയെ സംബന്ധിച്ച ഭാവന ഉദയം ചെയ്തത് നാരായണഗുരുവിന്റെ മനസ്സിലല്ല, പ്രത്യുത അന്നേ സമുദായപരിഷ്കര്‍ത്താവും സമുദായ സ്നേഹിയും ഗുരുവിനോട് ഏറെ സ്നേഹബഹുമാനങ്ങള്‍ ഉള്ളയാളുമായ  ഡോ.ടി. പല്പുവിന്റെ മനസ്സിലാണ്. അദ്ദേഹം ആവശ്യമായ ചട്ടങ്ങള്‍  രൂപപ്പെടുത്തി ഈഴവ മഹാജനസഭ എന്ന പേരില്‍ ഒരു സംഘടന രൂപീകരിക്കാനുള്ള ശ്രമങ്ങള്‍ നടത്തി, എന്നാലത്  ആദ്യം വിജയിക്കാതെ പോയി.   കൊല്ല വര്‍ഷം  1072 ല്‍ സംഘടനാ രൂപീകരണവുമായി  ബന്ധപ്പെട്ട കാര്യങ്ങള്‍ മലയാളി എന്ന പത്രത്തില്‍ വെളിപ്പെടുത്തി. ഗുരുദേവന്‍ അരുവിക്കരയില്‍ ചെയ്തു വന്ന പ്രവര്‍ത്തനങ്ങളെപ്പറ്റി അറിഞ്ഞ പല്പു,  ഈഴവ സമുദായത്തിന്റെ അവശതാ പരിഹാരത്തിന് സംഘടന വിജയപൂര്‍വം നടത്തിക്കൊണ്ടു പോകാന്‍ അതിനെ മതത്തോടു ബന്ധിപ്പിക്കുകയും ഗുരുവിന്റെ അദ്ധ്യക്ഷതയില്‍ ആ സ്ഥാപനം പ്രവര്‍ത്തിക്കുകയും ചെയ്താല്‍  മതിയെന്നു മനസ്സിലാക്കി.  ഗുരുവുമായും അനുയായികളുമായും ആലോചനകള്‍ വേണ്ടും മട്ടില്‍ നടത്തി, ഗുരുവിന്റെ അനുഗ്രഹാശ്ശിസ്സുകളോടെയാണ് യോഗം രജിസ്റ്റര്‍ ചെയ്യുന്നത്. കൊല്ലവര്‍ഷം 1078 (1903) ല്‍ അതു രജിസ്റ്റര്‍ ചെയ്യപ്പെട്ടു. ഇത്തരം വിവരങ്ങള്‍ നമുക്ക് യോഗത്തിന്‍റെ മുഖ്യകാര്യദര്‍ശിയായി പ്രവര്‍ത്തിച്ച എന്‍.കുമാരന്‍ (മഹാകവിയല്ല) പകര്‍ന്നു തരുന്നു.

1908 ല്‍ യോഗത്തിന്റെ വാര്‍ഷിക സമ്മേളനത്തിന്  ഗുരു അയച്ചു കൊടുത്ത സന്ദേശത്തില്‍ അടിയന്തരമായി ഇടപെടാനുള്ള പരിഷ്കാരപദ്ധതികളായിരുന്നു അടങ്ങിയിരുന്നത്. പല അനാചാരങ്ങളും അപ്രസക്തങ്ങളാകുന്നതില്‍(തിരണ്ടു കുളി, പുളികുടി) ഗുരു സന്തോഷം രേഖപ്പെടുത്തുന്നു. അതേസമയം താലികെട്ടല്‍ നിര്‍ത്തല്‍ ചെയ്യാന്‍ കൂടുതല്‍ ഫലപ്രദമായി ഇടപെടണം എന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.അത് അശാസ്ത്രീയവും അനാവശ്യവുമാണെന്നാണ് അദ്ദഹത്തിന്റെ പക്ഷം.

വിവാഹ പരിഷ്കാരത്തിന് സര്‍വസമ്മിതി ഉണ്ടാക്കണം.ഒരുത്തന് ധാരാളം ഭാര്യമാരും, ഒരുത്തിക്ക് ധാരാളം ഭര്‍ത്താക്കന്മാരും എന്ന സ്ഥിത് അനുവദിക്കാതിരിക്കാന്‍ എന്തു ചെയ്യണമെന്ന് ആലോചിക്കണം....മരുമക്കത്തായവ്യവസ്ഥിതിയിലും പരിഷ്കാരം വേണം. ഒരുവന്റെ ഭാര്യും മക്കളും അയാളുടെ സ്വന്തസമ്പാദ്യത്തില്‍ ഒരംശത്തിനെങ്കിലും അവകാശികളായിരിക്കണം.....ഇത്തരം പ്രശ്നങ്ങല്‍ എല്ലാ ജാതികളുടേയും സങ്കീര്‍ണ്ണപ്രശ്നങ്ങളായിരുന്നു.

ഇപ്രകാരം വളരെ മൂര്‍ത്തമായി സമൂഹത്തില്‍ ഇടപെട്ട വ്യക്തിയാണ് ഗുരുദേവന്‍. ഈഴവരെ മാത്രമല്ല, എല്ലാവരെയും, കേരളീയ സമുദായത്തെ മുഴുവന്‍ മനുഷ്യപ്പറ്റുള്ളവരാക്കാന്‍ അദ്ദേഹം ശ്രമിച്ചു. തുടര്‍ന്നു, ടികെ മാധവന്‍, സഹോദരന്‍ അയ്യപ്പന്‍, സി കേശവന്‍ മുതയായ സര്‍വരും ആരംഭിച്ചത് ഗുരുവിന്റെ ആദര്‍ശങ്ങളില്‍ നിന്നും ആശയങ്ങളില്‍ നിന്നും ഊര്‍ജ്ജം പങ്കിട്ടാണ്. കാലം മുന്നോട്ടു പോകെ വേണ്ടുന്ന പരിവര്‍ത്തനങ്ങള്‍ തന്റെ ആശയങ്ങളില്‍ ഗുരു വരുത്തുന്നുമുണ്ട്. ആദ്യം ക്ഷേത്രങ്ങള്‍, പിന്നീട് കണ്ണാടി പ്രതിഷ്ഠയോടെയുള്ള ക്ഷേത്രങ്ങള്‍, ഇനി വേണ്ടത് സമുദായത്തിന്റെ അഭ്യുന്നതിക്ക് , വിദ്യാലയങ്ങളാണ് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ക്ഷേത്രാരാധനയോടും അവസാന കാലത്ത്  അദ്ദേഹം മയപ്പെട്ടിരുന്നോ എന്നു സംശയമാണ്. എന്തുകൊണ്ടെന്നാല്‍ , വാഗ്ഭടാനനദനുമായി നടത്തിയ സംഭാഷണത്തില്‍, വിഗ്രഹാരാധനയുടെ നിര‍ര്‍ത്ഥകതയെപ്പറ്റി വാഗ്ഭടന്‍ ഘോഷിച്ചപ്പോള്‍ അതിനെ എതിര്‍ക്കാതെ, അതിലും കാര്യമുണ്ട് എന്നാണ് ഗുരു പറഞ്ഞത്. ഗുരുവിന്, ആശയ പ്രപഞ്ചത്തില്‍ വരുന്ന സകല മാറ്റങ്ങളും ഉള്‍ക്കൊള്ളാന്‍ കഴിയുമായിരുന്നു, അഥവാ, പ്രപഞ്ചത്തോളം വിശാലതയുള്ള സഹിഷ്ണതയുള്ള, മഹദ്വ്യക്തിയായിരുന്നു അദ്ദേഹം.

ക്ഷേത്രങ്ങളില്‍ പോകുന്നത് ജനങ്ങല്‍ ബിംബത്തെ ദൈവമായി കരുതി പൂജിക്കുവാന്‍ വേണ്ടിയല്ലെന്ന് ഗുരു പറഞ്ഞതായി മൂര്‍ക്കോത്തു കുമാരന്‍ സാക്ഷ്യപ്പെടുത്തുന്നു. 1096 ഇടവത്തില്‍ ആലുവായില്‍ വെച്ച് കൂടിയ സമസ്ത  കേരള സഹോദര സമ്മേളനത്തില്‍ മനുഷ്യരുടെ മതം, വേഷം ,ഭാഷ മുതലായവ എങ്ങനെയിരുന്നാലും അവരുടെ ജാതി (ഓര്‍ക്കുക--മനുഷ്യാണാം മനുഷ്യത്വം, ജാതിര്‍ ഗോത്വം ഗവാ യഥാം) ഒന്നായതു കൊണ്ട് അന്യോന്യം വിവാഹവും പന്തിഭോജനവും ചെയ്യുന്നതിന്ന് യാതൊരു ദോഷവുമില്ല എന്നു പ്രഖ്യാപനം ചെയ്തതായി ഗോവിന്ദന്‍കുട്ടി നായര്‍ എന്ന ലേഖകന്‍ അനുസ്മരിക്കുന്നു. തിയ്യരുടെ ഇടയില്‍ ഒച്ചപ്പാടുണ്ടാക്കിയ വിവാഹമായിരുന്നു, സി കൃഷ്ണന്റെ മകന്‍ ഉണ്ണിയും ജര്‍മ്മന്‍കാരിയും ക്രിസ്ത്യാനിയുമായ ലീസ്ലുമായുണ്ടായ വിവാഹം. സ്വാമി ആ വിവാഹത്തെ എല്ലാ അര്‍ത്ഥത്തിലും സമ്മതിക്കുകയായിരുന്നു ചെയ്തത്.

ആളുകളെ സഹജരായി കണ്ടു സ്നേഹിക്കുക എന്ന മതമാണ് ഗുരു നടപ്പില്‍ വരുത്താന്‌ ആഗ്രഹിച്ചത്. സാര്‍വജനീനപ്രേമമമായിരുന്നു അദ്ദേഹത്തിന്റെ ആദര്‍ശം.മതങ്ങളെല്ലാം സാരത്തില്‍ ഒന്നാണെന്ന് അദ്ദേഹം പറഞ്ഞു. ..........ഇതു വല്ലതും വെള്ളാപ്പള്ളി നടേശന്‍ ഗ്രഹിച്ചിട്ടുണ്ടെങ്കില്‍ പ്രസ്തുത ടാബ്ലോയെ സംബന്ധിച്ച് എതിരു പറയുമായിരുന്നില്ല. യഥാര്‍ത്ഥത്തില്‍ ഗുരുവിനെ ഇകഴ്ത്തുകയായിരുന്നില്ല അത്. ഇന്നത്തെ കാലത്തിന്റെ ആസുരതയെ പകര്‍ത്തുകയായിരുന്നു. കാരണം എല്ലാ സാമുദായിക സംഘടനകളും ആര്‍ത്തി മൂത്ത മുരട്ടു മൂങ്ങകളുടെ കൂടാരമായി മാറിക്കഴിഞ്ഞു.

ടാബ്ളോയില്‍... മഞ്ഞച്ചേലപുതച്ച ഗുരു. വര്‍ഗ്ഗീയതയെ പ്രതിനിധാനം ചെയ്യുന്ന രണ്ടു പേര്‍ മാറില്‍ ചുറ്റിക ഉപയോഗിച്ച് ആണിയടിക്കാന്‍ ഒരുങ്ങുന്നു. ഒരു ജാതി, ഒരു മതം, ഒരു ദൈവം എന്നത് പല ജാതി, പല മതം, പല ദൈവം എന്നു തിരുത്തിയിട്ടുണ്ട്. കുരിശിലാണ് തറയ്ക്കുന്നത്. അതിന്റെ അഗ്രഭാഗത്ത് ത്രിശൂലവും. ആശയം വ്യക്തവും സത്യവുമാണ്. വര്‍ഗ്ഗീയതയുടെ തൊഴുത്തിലേക്കാണ് ഗുരുവിന്റെ ആശയങ്ങളെ ഒഴുക്കി വിടുന്നത്.സര്‍വമത സാഹോദര്യം എന്ന വീക്ഷണത്തില്‍ ഊന്നി ഗുരു പറഞ്ഞ ആശയങ്ങള്‍ വളച്ചൊടിക്കപ്പെടുന്നു. ഈ ആശയാവിഷ്കാരത്തെ വ്രണപ്പെടുത്തരുത് എന്നേ ഈ ടാബ്ളോയെ കുറ്റപ്പെടുത്തുന്നവരോടു പറയാനുള്ളൂ. ഗുരുവിനെ കച്ചവടം ചെയ്യുന്നവര്‍ക്കു മാത്രമേ ഇതു കണ്ട്  തെറ്റിദ്ധാരണയുണ്ടാകൂ.ഇത്രയും ആശയ വിസ്ഫോടന ശേഷിയുള്ള ടാബ്ളോ അടുത്ത കാലത്തൊന്നും ഉദയം ചെയ്തിട്ടില്ല. കമ്യൂണിസ്റ്റുകാരുടെ പ്രതാപ കാലത്തു പോലും ഇത്രയും നല്ല ആശയാവിഷ്കരണത്തിന് അവര്‍ക്കു സാധിച്ചിട്ടില്ല. അത്രയും സത്യസന്ധതയും സൌന്ദര്യവും ഉള്ള ടാബ്ളോ. അതിന്റെ ആവിഷ്കര്‍ത്താക്കളെ അനുമോദിക്കയാണു വേണ്ട്.കുറ്റപ്പെടുത്തുകയല്ല. കാരണം അത് ആധുനിക കേരളത്തിന്റെ സ്കെച്ചാണ്. പക്ഷേ, ഇന്നത്തെ കേരളത്തിന്റെ അവസ്ഥ കാണുമ്പോള്‍ ഇനി അത്തരം ടാബ്ളോകള്‍ പ്രത്യക്ഷപ്പെടില്ല. കാരണം കേരളം ജാതീയതയുടെയും മതതീവ്രതയുടേയും തടവിലാണ്.. ...കര്‍ണ്ണാടകത്തില്‍ കല്‍ബൂര്‍ഗിയും ഭഗവാനും അനന്തമൂര്‍ത്തിയും, തമിഴ്നാട്ടില്‍ പെരുമാള്‍ മുരുകന്‍,മുതലായവരും മഹാരാഷ്ടയില്‍ ഗോവിന്ദ് പന്‍സാരെയും ധബോല്‍ക്കറും ഒക്കെ വര്‍ഗ്ഗീയ ഭൂതങ്ങള്‍ക്കെതിരേ പ്രതികരിച്ചവരത്രെ.. ഇവിടെ കേരളത്തില്‍ പ്രതികരിക്കേണ്ടവര്‍ ഉറക്കത്തിലാണ്. അപ്പോഴാണ് ടാബ്ളോ കേരളത്തെ ഉണര്‍ത്തിയത്...ഒരു പക്ഷേ, ഞെട്ടിച്ചത്. ജാതീയത ചര്‍ച്ചാ വിഷയമായത് .   എന്നാല്‍ വോട്ടു ബാങ്കില്‍ കണ്ണും നട്ടിരിക്കുന്നവരുടെ അക്ഷമയില്‍ പിറന്ന ക്ഷമായാചന കേരളത്തെ വീണ്ടും ഭ്രാന്താലയമാക്കുമെന്നുറപ്പ്.


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഹിമവാൻ്റെ മുകൾത്തട്ടിൽ: രാജൻ കാക്കനാടൻ, ഭാഗം1

കരുണ - കുമാരനാശാൻ

സഭാപ്രവേശം - കുഞ്ചൻ നമ്പ്യാർ