ജെറമി കോര്‍ബിന്‍ - ഇംഗ്ളണ്ടിന്റെ ശംഖൊലി


യൂറോപ്പിലെ മുടിചൂടാമന്നരാണ്  ഇംഗ്ളണ്ട്. പ്രത്യക്ഷത്തില്‍ മാറ്റമോന്നും കാണാന്‍ സാധിക്കില്ലെങ്കിലും അന്തരാ വലിയ പരിവര്‍ത്തനം അവിടെ സംഭവിച്ചു കൊണ്ടിരിക്കുന്നു. അതിന്റെ തെളിവാണ്  ജെറമി കോര്‍ബിന്‍  എന്ന ലേബര്‍ പാര്‍ട്ടിയുടെ  പിന്‍നിര നേതാവിന്  കൈവന്ന പാര്‍ട്ടിയുടെ നേതൃപദവി.

ലോകം വളരെ അസ്വസ്ഥഭരിതമായി മുന്നോട്ടു പോവുകയാണ്. 1990 കളില്‍ ആരംഭിച്ച ആഗോളീകരണ നയങ്ങള്‍ പുഷ്ടിപ്പെടുത്തിയത് ആത്യന്തികമായി കുത്തകകളെയും വരേണ്യ വിഭാഗങ്ങളെയുമാണ്...മുതലാളിമാര്‍, സമൂഹത്തിലെ പ്രമാണിമാര്‍, ബിസിനസ്സുകാര്‍, അവരുടെ കൈയാളുകളായി മാരിയ രാഷ്ടീയക്കാര്‍.... എന്നാല്‍ അതേ സമയം സാധാരണക്കാരന്റെ ജീവിത നില എല്ലാ രാജ്യങ്ങളിലും ദയനീയമായി  തുടരുകയാണുണ്ടായി ട്ടുള്ളത്. 

അതേ പോലെ, സാമ്രാജ്യത്വം അതിന്റെ ബലിഷ്ഠകരങ്ങളാല്‍ ഇതരരാജ്യങ്ങളിലേക്കുള്ള അധിനിവേശം തുടര്‍ന്നുകൊണ്ടിരുന്നു. അതിന്ന് അവര്‍ ചാര്‍ത്തിക്കൊടുത്ത ഓമനപ്പേരാണ്, തീവ്രവാദവിരുദ്ധ പോരാട്ടം. അതിനുള്ള വികാരം സൃഷ്ട്ടിക്കാന്‍ അവര്‍ക്കു വേഗം കഴിഞ്ഞു. 2001 സംപ്തംബര്‍ 11 ന് അമേരിക്കന്‍ ഐക്യനാടുകളിലെ  തന്ത്രപ്രധാന കേന്ദ്രങ്ങളിൽ റാഞ്ചിയെടുത്ത യാത്രവിമാനങ്ങള്‍ ഉപയോഗിച്ചാണ്  ഭീകരന്മാർ  ചാവേര്‍ ആക്രമണം നടത്തിയത്. അമേരിക്കയിലെ ന്യൂയോർക്ക്‌ നഗരത്തിലുള്ള ലോകവ്യാപാരകേന്ദ്രവും  വിർജീനിയയിൽ ഉള്ള പ്രതിരോധ വകുപ്പ്‌ ആസ്ഥാനവും  ആക്രമിക്കപ്പെട്ടു.അമേരിക്കൻ സമ്പന്നതയുടെ പ്രതീകമായി തലയുയർത്തി നിന്ന ലോകവ്യാപാര കേന്ദ്രത്തിന്റെ ഏറ്റവും പൊക്കംകൂടിയ രണ്ടു ടവറുകൾ ഭീകരർ  നിശ്ശേഷം തകർത്തു. യുദ്ധതന്ത്രങ്ങളേക്കാൾ സൂക്ഷ്മതയോടെ മെനഞ്ഞ ഈ ഭീകരാക്രമണത്തിന്‌ ലോകചരിത്രത്തിൽ സമാനതകളില്ല എന്ന നിരീക്ഷണവും ഉണ്ടായി.  ഈ നാണക്കേടില്‍ നിന്നും രക്ഷപ്പെടണമെങ്കില്‍ തീവ്രവാദത്തെ ഉന്മൂലനം ചെയ്യും എന്നു പ്രഖ്യാപിച്ചേ പറ്റൂ. പ്രഖ്യാപനം ഉടനുണ്ടായി.

പക്ഷേ കഴുകന്‍ കണ്ണുകള്‍ പശ്ചിമേഷ്യയിലെ എണ്ണയിലാണ് പതിഞ്ഞത്. മുമ്പു ചെയ്തു വന്ന പോലെ നിലവിലുള്ള ജനകീയ ഭരണകൂടങ്ങളെ ആഭ്യന്തരക്കുഴപ്പങ്ങള്‍  സൃഷ്ടിച്ച് അസ്ഥിരമാക്കുകയും അവിടെ തങ്ങള്‍ പറഞ്ഞതിനൊത്ത് ആടുകയും ചെയ്യുന്ന പാവസര്‍ക്കാരുകളെ സ്ഥാപിക്കുകയും ചെയ്തു. 2003 ഓടെ ഇറാഖിലെ ഭരണാധികാരിയായിരുന്ന സദ്ദാം ഹുസൈനെ,
(അയാള്‍ കുറച്ചു വര്‍ഷങ്ങളായി അമേരിക്കയുടെ വിമര്‍ശകനായിരുന്നു, അമേരിക്കയുടെ പ്രിയരായ ഇസ്രായേലിന്റെ കടുത്ത വിരോധിയുമായിരുന്നു,) പിടികൂടുകയും പാവസര്‍ക്കാരിനെ ഉപയോഗിച്ച് അദ്ദേഹത്തെ തൂക്കിലേറ്റുകയും ചെയ്തു. ഇറാഖിലെ ഭരണം അസ്ഥിരമാക്കി. ഇതിനൊക്കെ കൊടുത്ത പേര് ഭീകരതയെ ചെറുക്കാന്‍ എന്നാണ്. അതോടെ ഇറാഖ് സംഘര്‍ഷഭരിത മേഖലയായി...കലാപങ്ങള്‍ എമ്പാടും പൊട്ടിപ്പുറപ്പെട്ടു. തങ്ങളുടെ താല്പര്യപ്രകാരം നീങ്ങാത്ത ഭരണാധികാരികളെ വിഘടനവാദികളുടെ സഹായത്തോടെ ഉന്മൂലനം ചെയ്യുക എന്ന നയമാണ്  അമേരിക്ക സ്വീകരിച്ചു വന്നത്. അമേരിക്കയ്ക്ക്   എല്ലാവിധ പിന്തുണയും ഇംഗ്ളണ്ടിന്റെ ഭാഗത്തുനിന്നും ഉണ്ടായിരുന്നു. ശേഷം, ഈജിപ്തിലെ ഹൊസ്നി മുബാരക്ക്, ( ഇവിടെ മുല്ലപ്പൂ വിപ്ളവപ്രഹസനമാണ് അരങ്ങേറിയത്) , ലിബിയയില്‍ കേണല്‍ ഗദ്ദാഫി,  എന്നിവരൊക്കെ ഭരണത്തില്‍ നിന്നും പുറത്താക്കപ്പെടുകയോ  കൊല്ലപ്പെടുകയോ ചെയ്തു. അങ്ങനെ ആ മേഖലകളും അസ്വസ്ഥപൂരിതമായി.ഇനി സിറിയയില്‍ പ്രസിഡണ്ട് ബശാരുല്‍ അല്‍ അസദിനെതിരെ ശക്തമായ പ്രക്ഷോഭങ്ങള്‍ നടക്കുകയാണ്.വിമതര്‍ക്കു വേണ്ട എല്ലാ സജ്ജീകരണങ്ങളും നല്കി സാമ്രാജ്യത്വം, കപട ജനാധിപത്യവാദികളായി, കൂടെത്തന്നെയുണ്ട്.

അതോടൊപ്പം , സാമ്രാജ്യത്വത്തെ ആഗോള സാമ്പത്തികമാന്ദ്യം ഗ്രസിച്ചിരിക്കുകയുമാണ്.  ഇതിന്റെ ഫലമായി    വികസന നിരക്ക് ഗണ്യമായി കുറയുകയും , ചൈനയെപ്പോലുള്ള രാജ്യങ്ങള്‍ മുന്‍നിരയിലേക്കു കടന്നു വരികയും ചെയ്തു. എന്തായാലും, ഇങ്ങനെയൊക്കെ ഇംഗ്ളണ്ടും അമേരിക്കയും ഉള്‍പ്പെടുന്ന സാമ്രാജ്യത്വം കിതയ്ക്കുമ്പോള്‍, അവര്‍ നേതൃത്വം നല്കുന്ന തീവ്രവാദിവിരുദ്ധപ്പോരാട്ടം കാപട്യമാമെന്നു ലോകം തിരിച്ചറിയുമ്പോള്‍
പ്രസ്തുത നാടുകളിലെ സാമ്രാജ്യത്തലവന്മാര്‍ക്കെതിരെ ശക്തമായ പ്രതിഷേദം ഉയരുന്ന കാര്യത്തില്‍ സംശയമില്ല. ഈയൊരു സാഹചര്യത്തിലാണ് ജെറമി കോര്‍ബിന്‍ ലേബര്‍ പാര്‍ട്ടി നേതാവായി തെരഞ്ഞെടുക്കപ്പെട്ടത് സ്വാഗതം ചെയ്യപ്പെടുന്നത്.

കോര്‍ബിന്‍ ജനിച്ചത് 1949 മെയ് 26 നാണ്. ഇംഗ്ളണ്ടില്‍ ചിപ്പെന്‍ഹാം (Chippenham) എന്ന സ്ഥലത്ത്.  കുട്ടിക്കാലത്തു തന്നെ സോഷ്യലിസ്റ്റു ആശയങ്ങളുടെയും മാനവികതയുടെയും വക്താവായിരുന്നു. സ്വന്തം പ്രദേശത്തുള്ള  ലേബര്‍പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകനായി. 1974 ഓടെ അദ്ദേഹത്തിന്റെ രാഷ്ടീയ ജീവിതത്തില്‍ തെരഞ്ഞെടുപ്പുകള്‍ കടന്നു വരാന്‍ തുടങ്ങി.1983 ല്‍ ഐസ്ലിംഗ്ടണ്‍ നോര്‍ത്ത് പ്രവിശ്യയെ പ്രതിനിധീകരിച്ച് അദ്ദേഹം പാര്‍ലമെന്റില്‍ അംഗമായി.

കോര്‍ബിന്‍ അന്നു മുതല്‍ ഇന്നു വരെ ബ്രിട്ടീഷ് പാര്‍ലമെന്റ് പ്രതിനിധിയാണ്. അദ്ദേഹത്തിന് സ്വന്തമായ നിലപാടുകള്‍ ഉണ്ട്. അതിന്ന് എതിരായ സമീപനം പാര്‍ട്ടി തന്നെ കൈക്കൊള്ളുമ്പോള്‍ സ്വന്തം പാര്‍ട്ടിക്കെതിരേ തന്നെ അദ്ദഹം നിരവധി തവണ വോട്ടു ചെയ്തിട്ടുമുണ്ട്.അ‍തു കൊണ്ട് കോര്‍ബിന്‍ വിമര്‍ശനങ്ങള്‍ക്കിരയായിരുന്നു.  എന്നും.

കോര്‍ബിന് കോര്‍ബിന്റേയായ നിലപാടുകളുണ്ട്. കോര്‍ബിന് അനുയായികളുണ്ട്. കോര്‍ബിന് കോര്‍ബിന്റേതായ സാമ്പത്തികകാഴ്ചപ്പാടുണ്ട്. കോര്‍ബിന്റെ തെരഞ്ഞെടുപ്പ് യു.കെ. യുടെ സുരക്ഷിതത്വത്തിനേറ്റ അടിയാണെന്ന് ബ്രിട്ടന്റെ പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ പ്രസ്താവിച്ചത് ഓര്‍ക്കുക.ലേബര്‍ പാര്‍ട്ടി ഇപ്പോല്‍ നമ്മുടെ ദേശീയ സുരക്ഷിതത്വത്തിനു തന്നെ വെല്ലുവിളിയായി മാറിയിരിക്കുന്നു.അതു പോലെ തന്നെ നമ്മുടെ സാമ്പത്തിക സുരക്ഷിതത്വത്തിനും നിങ്ങളുടെ കുടുംബസുരക്ഷിതത്വത്തിനും, എന്നാണ് കാമറൂണ്‍ പ്രസ്താവിച്ചത്.ബ്രിട്ടനിലെ ഭരണകക്ഷി നേതാവ്,  പ്രതിപക്ഷനേതൃസ്ഥാനത്തേക്കു കടന്നു വന്ന പരിഷ്കരണവാദിയായ പുതു നേതാവിനെക്കുറിച്ചു പറഞ്ഞ അവ‍ജ്ഞ നിറഞ്ഞ വാക്കുകള്‍ എന്ന നിലയ്ക് വേണമെങ്കില്‍  എഴുതിത്തള്ളാം. എന്നാല്‍, സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെ, പാര്‍ലമെന്‍റ് അംഗങ്ങളും നേതാക്കളുമടക്കം, നീണ്ട ശത്രു നിര അദ്ദേഹത്തിനുണ്ട്. സ്വന്തം പാര്‍ട്ടിക്കാര്‍ പോലും വല്ലാതെ ഭയക്കുന്ന നേതാവാണ് അദ്ദേഹം എന്ന് നിസ്സംശയം പറയാം. കോര്‍ബിന്റെ തീവ്രമായ ഇടതു ചിന്താഗതിയാണ്  മറ്റുള്ളവര്‍ അദ്ദേഹത്തെ ഭയക്കുന്നതിനു പിന്നില്‍.ലേബര്‍ പാര്‍ട്ടിയുടെ 232 എം പി മാരില്‍ 20 പേരാണ് ആകെക്കൂടി അദ്ദേഹത്തിനു വോട്ടു ചെയതത്.എന്നാല്‍ സപ്തംബര്‍ 12 നു നടന്ന തെരഞ്ഞെടുപ്പില്‍ 59.5 ശതമാനം വോട്ടു നല്കി ലേബര്‍ പാര്‍ട്ടിയുടെ വോട്ടര്‍മാര്‍  അദ്ദേഹത്തെ വിജയിപ്പിച്ചു. എതിര്‍ത്തവര്‍ക്ക്, മൂന്നു പേരാണ് എതിര്‍ത്തത്, ദയനീയ പരാജയം നേരിട്ടു. അതു മാത്രമല്ല, കോര്‍ബിന്റെ നേതൃസ്ഥാനത്തേക്കുള്ള വരവോടെ 30000 പുതിയ മെമ്പര്‍മാര്‍ ഉടനടി ലേബര്‍പാര്‍ട്ടിയില്‍ മെമ്പര്‍ഷിപ്പെടുത്തു. ഇതും വിസ്മയാവഹമാണ്. ലേബര്‍ പാര്‍ട്ടിയുടെനേതാവും ബ്രിട്ടന്റെ പ്രധാനമന്ത്രിയുമായിരുന്ന ടോണി ബ്ളെയര്‍ കോര്‍ബിന് വോട്ടു ചെയ്യരുതെന്ന് ആഹ്വാനം ചെയ്തതും  ഫലം വന്നതിന്റെ പിറ്റേന്ന് ഗാര്‍ഡിയന്‍ ദിനപത്രത്തില്‍ ലേബര്‍ പാര്‍ട്ടിചരിത്രത്തില്‍ വെച്ച്  ഏറ്റവും വലിയ ആപത്തിലേക്കാണു നീങ്ങുന്നതെന്ന്  ചൂണ്ടിക്കാട്ടിയതും സ്മരിക്കത്തക്കതാണ്.


നവആഗോളീകരണ - ഉദാരീകരണ നീക്കങ്ങളോട് ശക്തമായി വിയോജിക്കുന്ന നേതാവാണ് കോര്‍ബിന്‍. അതോടൊപ്പം,  സാമ്രാജ്യത്വം എല്ലായ്പോഴും  പരിരക്ഷിക്കാന്‍ ശ്രമിക്കുന്ന ആണവായുധങ്ങളുടെ വിമര്‍ശകനുമാണ്  അദ്ദേഹം. വളരെ ചെറുപ്പത്തിലേ ആരംഭിച്ചതാണ്  ആണവ നിരായുധീകരണ വാദം. യുദ്ധവിരുദ്ധ സമീപനത്തിന്നു ശക്തി പകരുന്ന കോര്‍ബിന്റെ വാദത്തിനു ലോകത്തിലെ സമാധാനപ്രേമികളൊക്കെ ശക്തി പകരേണ്ടതാണ്. നാറ്റോ (NATO) അംഗ രാജ്യമാണ് ഇംഗ്ളണ്ട്. അതു പുനപരിശോധിക്കുമെന്നതാണ്  കോര്‍ബിന്റെ ശക്തമായ നിലപാട്.അങ്ങനെയാണെങ്കില്‍ സാമ്രാജ്യത്വം എന്ന പരികല്പന തന്നെ മാറ്റത്തിനു വിധേയമാകും. ഇംഗ്ളണ്ടിന്റെ പുനപരിശോധന മറ്റു യൂറോപ്യന്‍ രാജ്യങ്ങളേയും പുനരാലോചനയ്ക്കു വിധേയമാക്കും എന്നത് ശ്രദ്ധേയമാണ്. കോര്‍ബിന്റെ വാദമുഖങ്ങളില്‍ ഒന്നും പെട്ടെന്നു പൊട്ടി മുളച്ചവയല്ല എന്ന കാര്യം ഓര്‍ക്കുക.... സാമ്രാജ്യത്വത്തിന്റെ പ്രഖ്യാപിത നയങ്ങളിലും മാറ്റമുണ്ടാകും. അമേരിക്കയുടെ യുദ്ധക്കൊതിയെ എക്കാലത്തും ശക്തമായി പിന്തുണച്ച ബ്രിട്ടന്റെ പിന്തുണ ഇല്ലാതാകുന്നതോടെ ലോകരാജ്യങ്ങളില്‍, വിശേഷിച്ചും യൂറോപ്പില്‍ , അമേരിക്കയുടെ താരപരിവേഷം തകരും. അമേരിക്കയുടെയും ഇസ്രയേലിന്റെയും ശക്തനായ വിമര്‍ശകനാണ് കോര്‍ബിന്‍. ട്രൈഡന്റ് എന്നു പേരിട്ടിട്ടുള്ള ഇംഗ്ളണ്ടിന്റെ ആണവമിസൈല്‍ പദ്ധതി നിര്‍ത്തലാക്കും എന്നു പ്രഖ്യാപിച്ചിരിക്കുന്നു, കോര്‍ബിന്‍. ഇത്തരം പ്രഖ്യാപനങ്ങലിലൂടെയും പ്രവൃത്തികളിലൂടെയും എങ്ങനെ കോര്‍ബിന്‍ സ്വന്തം പ്രാട്ടി നേതാക്കലുടെയും എതിര്‍ പാര്‍ട്ടി നേതാക്കളുടെയും കണ്ണിലെ കരടാകാതിരിക്കും ? പക്ഷേ, ജനത ശാന്തിയും സമാധാനവും കൊതിക്കുന്നു. അതിനാല്‍ അവര്‍ കോര്‍ബിന്റെ പക്ഷത്താണ്.


സമൂഹത്തിലെ ധനികരില്‍ നിന്നും ഇന്‍കം ടാക്സ് മുഖേന കൂടുതല്‍ ധനം സ്വരൂപിച്ചെടുക്കണം എന്ന വാദം കോര്‍ബിന‍ ഉയര്‍ത്തുന്നു. അതു വഴി പാവപ്പെട്ട ജനങ്ങള്‍ക്ക്  നിശ്ചിത മണിക്കൂര്‍ ജോലി ചെയ്താല്‍ നല്കാവുന്ന മിനിമം കൂലി എന്ന രീതിയെ പിന്തുണക്കുകയും ചെയ്യുന്നു. വിദ്യാഭ്യാസമേഖലയിലുള്ള  ട്യൂഷന്‍ഫീസ് സമ്പ്രദായത്തിന് എതിരാണ്  അദ്ദേഹം. എല്ലാ ലിംഗ-ലിംഗേതര വിഭാഗങ്ങളും തമ്മില്‍ സമത്വം വേണമെന്നു വാദിക്കുന്നു . ഒരേ ലിംഗത്തിലുള്ളവര്‍ക്കു പരസ്പരം വിവാഹം ചെയ്യാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും അദ്ദേഹം കരുതുന്നു.അത്തരമൊരു നിയമത്തിനു വേണ്ടി വോട്ടു ചെയ്തിട്ടുണ്ട്  അദ്ദേഹം.

സ്വകാര്യമേഖലയിലുള്ള റെയില്‍, ഊര്‍ജ്ജമേഖലയെ പൂര്‍ണ്ണമായും ദേശസാത്കരിച്ചു ഗവണ്മെന്റിന്റെ ഭാഗമാക്കണമെന്ന പക്ഷക്കാരനാണ് കോര്‍ബിന്‍. സ്ത്രീ സമത്വത്തിനു വേണ്ടിയും അദ്ദേഹമുണ്ട്. വേണ്ടിവന്നാല്‍ സ്ത്രീകള്‍ക്കു മാത്രമായി യാത്ര ചെയ്യാന്‍ പൊതു ഗതാഗത സംവിധനമുണ്ടാക്കുമെന്ന്   അദ്ദേഹം അഭിപ്രായപ്പെട്ടു. സ്തീകളില്‍ നിന്നും തന്റെ  അഭിപ്രായത്തിന്നുള്ള പ്രതികരണം അറിയാനുള്ള താല്പര്യവും അദ്ദേഹം പ്രകടിപ്പിച്ചു.
സ്ത്രീവിരുദ്ധസമീപനങ്ങള്‍ പരാതിപ്പെടാന്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹോട്ട് ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

പരിസ്ഥിതി വാദത്തിന്റെ വക്താവാണ് കോര്‍ബിന്‍. 2015 ലെ നേതൃമത്സരത്തിനിടയില്‍ അദ്ദേഹം,"Protecting Our Planet Manifesto", എന്ന പത്രിക പ്രസിദ്ധീകരിച്ചു. അന്തരീക്ഷ മലിനീകരണത്തിനെതിരെയും കോര്‍ബിന് നിലപാടുണ്ട്.പുതിയ ആണവ നിലയങ്ങള്‍ക്കെതിരാണ് കോര്‍ബിന്‍. മനുഷ്യര്‍ക്കെന്ന പോലെ മൃഗങ്ങള്‍ക്കും പരിരക്ഷകള്‍ ആവശ്യമാണ്.ഗ്രീന്‍ ടെക്നോളജിയാണ് ഇനി ആവശ്യം.

ഇപ്രകാരം എല്ലാ വിഷയങ്ങളിലും തന്റേതായ നിലപാടുകള്‍ ഉള്ള നേതാവാണ് കോര്‍ബിന്‍. ഒരു പക്ഷേ, മാറുന്ന ലോകത്തെ സംബന്ധിച്ച് വ്യക്തമായ ഉള്‍ക്കാഴ്ചയുള്ള, വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നതു പോലെ തീവ്ര ഇടതുപക്ഷത്തു നിലയുറപ്പിച്ചിട്ടുള്ള വ്യക്തിയാണ് അദ്ദേഹം. സ്വാങാവികമായും ലോക രാഷ്ട്ര നേതൃത്വത്തിലേക്കുള്ള അദ്ദേഹത്തിന്റെ കടന്നു വരവ്  പലരുടെയും അസഹിഷ്ണുതകള്‍ വര്‍ദ്ധിപ്പിക്കും.  സ്ഥാപിത താല്പര്യക്കാരുടെയും  കോര്‍പ്പരേറ്റ്, വരേണ്യ, വര്‍ഗ്ഗങ്ങളുടേയും  അപ്രീതി ഇപ്പോള്‍  തന്നെ അദ്ദേഹം നേടിയെടുത്തുട്ടുമുണ്ട്.



 അഭയാര്‍ത്ഥികളോട് കരുണാമയമായ നിലപാട് സ്വീകരിക്കുന്ന വ്യക്തി കൂടിയാണ് കോര്‍ബിന്‍. അഭയാര്‍ത്ഥികളെ പുറന്തള്ളരുത്. അവരെ ഉള്‍ക്കൊള്ളുകയാണ് വേണ്ടത്. എന്നാല്‍ അതോടൊപ്പം വന്നു ചേരാനിടയുള്ള അഴുക്കുകളായ തീവ്രവാദികളെ പുറന്തള്ളാനും സാധിക്കണം.വളരെ ഉദാരമായ നിലപാട് ചൂഷണം ചെയ്യാന്‍ നോക്കുന്ന വിഷവിത്തുകള്‍ ചുറ്റിനുമുണ്ട് എന്ന തിരിച്ചറിവ് ഇല്ലാത്ത നേതാവല്ല അദ്ദേഹം. പക്ഷേ , കൂടുതല്‍  സൂക്ഷ്ത വേണം.... കോര്‍ബിന്‍, സധൈര്യം മുന്നോട്ടു പോവുക.






















അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഹിമവാൻ്റെ മുകൾത്തട്ടിൽ: രാജൻ കാക്കനാടൻ, ഭാഗം1

കരുണ - കുമാരനാശാൻ

ചിദംബരസ്മരണ : ബാലചന്ദ്രൻ ചുള്ളിക്കാട്