എഴുത്തുകാരോട് അനുഭാവം പുലര്‍ത്തുക (ലേഖനം)

       യഥാര്‍ത്ഥത്തില്‍ ഭയമാണ്. ആരോടു സംസാരിക്കുമ്പോഴും വല്ലാത്ത പേടി വേട്ടയാടുന്നു. എന്തിനെയാണ് പേടിക്കുന്നത് ? രാഷ്ട്രീയക്കാരെ ? ഓ... അതുണ്ട്. പക്ഷേ അതിനേക്കാളും പേടിയാണ്  മതങ്ങളെയും ജാതികളെയും കുറിച്ചു പറയുമ്പോള്‍.

    ക്ളാസ്സില്‍ പാഠം വിശദീകരിക്കേ ലോകസംഭവങ്ങളും ചുറ്റുപാടും നടക്കുന്ന കാര്യങ്ങളും വിശദീകരി ക്കേണ്ടതായിവരും.  അതൊക്കെ ശരി തന്നെ. സന്ദര്‍ഭസൂചിയായി എന്തെങ്കിലും മതത്തെക്കുറിച്ചു പറയേണ്ടി വരുമ്പോള്‍ വളരെ ജാഗ്രത പുലര്‍ത്തിയില്ലെങ്കില്‍ അപകടം. കയ്യോ കാലോ പോകും. ശിരസ്സു തന്നെ അറ്റുവെന്നു വരാം. ഇറച്ചിക്കോഴി പോലെ മനുഷ്യന്റെ കഴുത്തറുക്കുന്ന ദൃശ്യങ്ങളാണല്ലോ വാട്സ് അപ്പിലും ഫേസ് ബുക്കിലും ചാനലുകളിലും പത്രങ്ങളിലും നിറഞ്ഞു നില്ക്കുന്നത്.

   ലോകത്തില്‍ നൃശംസത ആധിപത്യം നേടിക്കൊണ്ടിരിക്കുന്നു. മാനവികതയും മനുഷ്യത്വവും അന്യമായിത്തീരുന്നു. മതങ്ങളിലെ മഹത്തായ ആശയങ്ങളല്ല ഇന്ന് പ്രചരിപ്പിക്കുന്നത്. കുടിലത കാട്ടാനായി കാട്ടാളന്മാരുടെ കാട്ടു നീതികളാണ് . ഇസ്ളാമിക് സ്റ്റേറ്റ് എന്ന  സംഘടന ലോകാധിപത്യം സാധിക്കുവാന്‍ വിരോധികളായ സ്ത്രീകളുടേയും  പുരുഷന്മാരുടേയും  കഴുത്തറുക്കുകയാണ്. ഇറാഖ് കുവൈത്ത് ആക്രമിച്ചപ്പോള്‍ അപ്പുറവും ഇപ്പുറവും നോക്കാതെ ആക്രമിച്ച് ആ നാടിനെ തരിപ്പണമാത്തിയ സാമ്രാജ്യത്വത്തിന് എന്തേ ഇസ്ളാമിക് സ്റ്റേറ്റിനെതിരേ പറയാനൊന്നുമില്ലാത്തത് ? എണ്ണയില്‍ കണ്ണുവെച്ചാണ് കഴുകന്മാര്‍ ഇറാഖിനെ ചൂഴ് ന്നത് എങ്കില്‍ ഐഎസ് പ്രാകൃതമായ അധിനിവേശ സമീപനങ്ങളിലൂടെ ഇറാഖിലും സിറിയയിലും മാത്രമല്ല, ലോകമെമ്പാടും ഭീതി വിതയ്ക്കുന്നു.

       ബോക്കോഹറാം എന്ന നൈജീരിയന്‍ ഭീകരസംഘടന തട്ടിക്കൊണ്ടു പോയതും കൊലപ്പെടുത്തിയതുമായ പെണ്‍കുട്ടികള്‍ക്ക് കണക്കില്ല. പ്രദേശവാസികളുടെ കാര്യം പറയേണ്ടതുമില്ല. പക്ഷേ ഭീകരതയെക്കുറിച്ചൊന്നും എഴുതാനും പ്രതികരിക്കാനും ജനങ്ങളെ ബോധവത്കരിക്കാനും ആരുമില്ല എന്ന അവസ്ഥ വന്നിരിക്കുന്നു.

    കേരളത്തില്‍ തന്നെ ഐഎസ് ഭ്രമം പൂണ്ടവരുണ്ടോ എന്നു സംശയിക്കപ്പെടുന്നതാണ് ഇന്നത്തെ സാഹചര്യം. ബഹുമനപ്പെട്ട പ്രൊഫ.എം എന്‍ കാരശ്ശേരി മാതൃഭൂമി പത്രത്തിന്‍റെ എ‍ഡിറ്റോറിയല്‍ പേജില്‍ ചൂണ്ടിക്കാണിച്ചതു പോലെ ഇസ്ളാമിനെക്കുറിച്ച്  എന്തെങ്കിലും പറഞ്ഞാല്‍ അയാള്‍ക്ക് 'ഇസ്ളാമോ ഫോബിയ'
ബാധിച്ചിരിക്കുന്നു എന്ന് ആക്ഷേപം വരും. തെറ്റുകളെ വിമര്‍ശിക്കുന്നവരെ അപകടകാരികളായി മുദ്ര കുത്തുന്നു. മതകാര്യത്തില്‍ ആര്‍ക്കും ഇടപെടാന്‍ പറ്റില്ല, എന്നാല്‍ മതപുരോഹിതര്‍ക്കും മറ്റും ഏതു രാഷ്ടീയപ്രശ്നത്തിലും ഇടപെടാം എ​ന്നായിരിക്കുന്നു. നല്ല സെക്കുലറിസം തന്നെ. 

       മതത്തെക്കുറിച്ചോ അതിന്‍റെ സമീപനത്തിലെ പിശകുകളെ ക്കുറിച്ചോ എന്തെങ്കിലും വിമര്‍ശിച്ചാല്‍  മതക്കാര്‍ ഇളകി മറിയും. സത്യം വിളിച്ചോതുന്നത് ഇഷ്ടപ്പെടാത്ത അസഹിഷ്ണുക്കളായ ഇക്കൂട്ടര്‍ പല ശാസ്ത്രവിജ്ഞാനികളേയും ചുട്ടെരിച്ചത്  ചരിത്രപുസ്കകങ്ങളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ക്ഷണിക പ്രശ്നങ്ങളുടെ പേരില്‍ കൊലയും കൊള്ളിവെപ്പും ഭീകരതയും സൃഷ്ടിക്കാന്‍ ഇക്കൂട്ടര്‍ക്കു അല്പ നിമിഷം മതി.

      കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ ദീര്‍ഘകാലം അദ്ധ്യാപകനായിരുന്ന ഡോ. എം എം ബഷീര്‍ മാതൃഭൂമി പത്രത്തില്‍ എഴുതിയ രാമായണകഥാ വിശകലനമാണ് ഇക്കൂട്ടര്‍ക്കു ദഹിക്കാതെ പോയ ഒന്ന്. അന്നത് വായിക്കുമ്പോള്‍ സത്യത്തില്‍ ഞാന്‍ ആലോചിച്ചിരുന്നതാണ് ഇതൊരു വിവാദമാകില്ലേ, വര്‍ഗ്ഗീയ വാദികള്‍ വെറുതേ വിടുമോ...പെരുമാള്‍ മുരുകന്‍ എന്ന എഴുത്തുകാരനുണ്ടായ  അനുഭവമായിരുന്നു മനസ്സില്‍. എന്നാല്‍  അല്പദിനങ്ങള്‍ മാത്രമേ അദ്ദേഹത്തിന്‍റെ വിശകലനം കണ്ടുള്ളൂ. അസ്വാഭാവികതയൊന്നും തോന്നിയില്ല. ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത് ഞെട്ടിക്കുന്ന കാര്യങ്ങളാണ്. രാമായണത്തെക്കുറിച്ചു പറയാന്‍ ഒരു മുസ്ളീമിന് എന്തു കാര്യം എന്നു ചോദ്യം വന്നത്രെ. ഭീഷണിപ്പെടുത്തി, ഗുണ്ടായിസത്തിന്‍റെ പരമമായ മുഖം പാവം പ്രൊഫസറെ കാട്ടിക്കൊടുത്തത്രെ. എന്തിനാണ്  സാസ്കാരിക പ്രവര്‍ത്തകരെയും എഴുത്തുകാരെയും ആക്രമിക്കുന്നത് ? രാമായണവും മഹാഭാരതവും ഉപനിഷത്തുകളും പുരാണങ്ങളും ഭാരതത്തിന്റെ ആത്മീയതേജസ്സിന്റെ പ്രതീകങ്ങളാണെങ്കില്‍, അതൊരിക്കലും ഹിന്ദുത്വത്തിന്‍റെ മാത്രം കുത്തകയല്ല എന്നോര്‍ക്കുക. ഇത്തരം ഭീഷണികള്‍ക്കെതിരേ പ്രതികരിക്കാന്‍ ആരുമില്ലല്ലോ എന്നോര്‍ക്കുമ്പോള്‍ ലജ്ജ തോന്നുന്നു.

   യുക്തിവാദികള്‍ക്കും മതേതര പക്ഷക്കാര്‍ക്കും ഇന്നാട്ടില്‍ ജീവിക്കാന്‍ പറ്റാത്ത അവസ്ഥ വന്നു ചേര്‍ന്നിരിക്കുന്നു. ഹിന്ദുവായും മുസ്ളീമായും ക്രൈസ്തവനായും മാത്രമേ ഇന്നാട്ടില്‍ കഴിയാന്‍ പറ്റൂ എന്ന് വന്നിരിക്കുന്നു. ഒരു മതേതരവാദിയായോ, യുക്തിവാദിയായോ അനീതികള്‍ക്കെതിരേ ശബ്ദമുയര്‍ത്താന്‍ ശ്രമിച്ചാല്‍ അപകടകാരിയായി മുദ്ര കുത്തപ്പെടുന്നു, ആക്രമിക്കപ്പെടുന്നു. മഹാരാഷ്ടയില്‍ ധബോല്‍ക്കര്‍ക്കും , ഗോവിന്ദ് പന്‍സാരെക്കും  സമ്മാനമായി വെടിയുണ്ട സമ്മാനിച്ചത് അന്ധവിശ്വാസത്തിനും അനാചാരങ്ങള്‍ക്കും അനീതിക്കുമെതിരേ ശബ്ദിച്ചതിനാണ്. ഇവിടെയിതാ, മല്ലേശപ്പ എം കല്‍ബൂര്‍ഗി എന്ന അദ്ധ്യാപകന്‍, ഹംപി യൂണിവേഴ്സിറ്റിയിലെ സമര്‍ത്ഥനായ പ്രൊഫസറായിരുന്നു മുന്‍കാലത്ത് അദ്ദേഹം, വെടിയേറ്റ് കൊല്ലപ്പെട്ടിരിക്കുന്നു. യുക്തിവാദചിന്തയിലധിഷ്ഠിതമായി ,അന്ധവിശ്വാസത്തിനും അനാചാരത്തിനും നഗ്നപൂജയ്ക്കുമെതിരേ ശബ്ദിക്കുകയും എഴുതുകയും ചെയ്തു അദ്ദേഹം.

     തമിഴ്നാട്ടിലിതാ, ദളിത ചരിത്രങ്ങള്‍ ആഖ്യാനം ചെയ്യുന്ന രണ്ടു കൃതികള്‍ സര്‍ക്കാര്‍ നിരോധിച്ചിരിക്കുന്നു. അതിനു തൊട്ടു മുമ്പാണല്ലോ അര്‍ദ്ധനാരീശ്വരന്‍ (മാതൊരുബഗന്‍)എന്ന കൃതിയെഴുതി യതിന്റെ പേരില്‍ വര്‍ഗ്ഗീയ ശക്തികള്‍ വലിയ ലഹളകള്‍ നടത്തി, അവസാനം എഴുത്തുകാരനായ പെരുമാള്‍ മുരുകന്‍ എഴുത്തു നിര്‍ത്തി എന്നു പ്രഖ്യാപിക്കേണ്ടിവന്നത്....ഇപ്പോള്‍ കേരളത്തിലിതാ, ബഷീര്‍ സാറിനോടും എഴുത്തു നിര്‍ത്താന്‍ കല്പിച്ചിരിക്കുന്നു.

      എഴുത്തുകാര്‍ക്കു വേണ്ടി ശബ്ദിക്കാന്‍ ആരുണ്ട് ? പഴയ കാലത്താണെങ്കില്‍ ഇടതു പക്ഷം ഉണ്ട് എന്ന് ആശിക്കാമായിരുന്നു. ഇന്ന്  വോട്ടാണ് അവരുടെ ലക്ഷ്യം. യഥാര്‍ത്ഥത്തില്‍  കേരളത്തിലെ ഇടതു പക്ഷം വലതായിക്കഴിഞ്ഞു. കേരളത്തില്‍ ഇടതുപക്ഷമില്ല. മുമ്പേയുള്ള വലതുപക്ഷമാകട്ടേ, അതിന്റെ അങ്ങേത്തലയ്ക്കുമാണ് നില്പ്. 

      എഴുത്തുകാര്‍ക്കും സാംസ്കാരിക പ്രവര്‍ത്തകര്‍ക്കും ജീവിക്കാനും പെരുമാറാനും ഉള്ള അവസ്ഥ ഭാരതത്തില്‍ ഉണ്ടായേ പറ്റ. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും നിര്‍ത്തലാക്കേണ്ട ജനകീയ സര്‍ക്കാരുകള്‍ അതിന്നു ശ്രമിക്കുന്നില്ല. രാഷ്ടീയക്കാരാകട്ടേ, വര്‍ഗ്ഗീയമുഖങ്ങള്‍ തേടിപ്പോകുന്നു. മതവികാരം ഇളക്കിയുള്ള വോട്ടുബാങ്കാണ് ലക്ഷ്യം. അങ്ങനെ നോക്കുമ്പോള്‍ ജനകീയ ബോധമില്ലാത്ത ദേശീയ നേതാക്കന്മാരെക്കാളും എത്രയോ ഉയര്‍ന്ന ബോധവും സന്മാര്‍ഗ്ഗ നിലവാരത്തിലുമാണ്  പലവിദേശി സായ്പന്മാരും  ഇന്ത്യയെ ഭരിച്ചത് എന്നു കാണാം. ഈ നാട്ടു സായിപ്പന്മാരെ ഒരു പാഠം പഠിപ്പിക്കാന്‍ ആരുണ്ട് ?







അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഹിമവാൻ്റെ മുകൾത്തട്ടിൽ: രാജൻ കാക്കനാടൻ, ഭാഗം1

കരുണ - കുമാരനാശാൻ

ചിദംബരസ്മരണ : ബാലചന്ദ്രൻ ചുള്ളിക്കാട്