നരകത്തിൽ- എസ്. ജോസഫ്
നരകത്തിൽ- എസ്. ജോസഫ് പ്രശസ്ത ഉത്തരാധുനികകവിയാണ് എസ്.ജോസഫ്. ഉത്തരാധുനിക പരിതോവസ്ഥകളെ തൻ്റെ കവിതകളിൽ വളരെ ഫലപ്രദമായി അദ്ദേഹം ആവിഷ്കരിക്കുന്നു. സ്വത്വസംഘർഷവും ആത്മനിരാസവും സാമൂഹികതയുടെ ഭ്രംശവും ഭോഗപ്രിയതയിൽ നഷ്ടമാകുന്ന പ്രതിബദ്ധതയും മൂല്യത്തകർച്ചയുമൊക്കെ പല കവിതകളിലും അദ്ദേഹം വിഷയമാക്കിയിട്ടുണ്ട്. മഹത്തായ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയും മഹത്തായ ചിന്തകളുടെയും വിളർച്ചകൾ ഉത്തരാധുനിക സമൂഹം അഭിമുഖീകരിച്ച യാഥാർത്ഥ്യമാണ്. കവികൾ കാലിക യാഥാർത്ഥ്യങ്ങളോടു സമരസപ്പെടുന്നവരും തങ്ങളുടെ ഉത്കണ്ഠകളും വ്യഥകളും കവിതകളിലൂടെ വരച്ചുകാട്ടുന്നവരുമാണ്. എസ്. ജോസഫിൻ്റെ ‘ നരകത്തിൽ ’ എന്ന കവിതയിലും ഉത്തരാധുനിക സമൂഹത്തിൻ്റെ സങ്കീർണ്ണതകൾ കൊണ്ടുവരുന്നുണ്ട്. കവി എന്ന സ്വത്വം മുൻനിർത്തി സമൂഹത്തിലെ മേൽത്തട്ടിലുള്ളവർ തന്നോടു കാണിച്ച ഇഷ്ടവും സൗജന്യമനസ്ഥിതിയും ആഖ്യാനം ചെയ്തു കൊണ്ടാണ് കവിത ആരംഭിക്കുന്നത്. ജാതി, മതം, ലിംഗം എന്നിങ്ങനെയുള്ള വേർതിരിവുകൾ സമൂഹത്തിലെ വരേണ്യരെ-ശ്രേഷ്ഠസ്ഥാനത്തുള്ളവരെ- അലട്ടുന്നില്ല. സാമ്പത്തികമായ ഉന്നതി ഇത്തരം വേർതിരിവുകളെ അപ്രസക്തമാക്കുന്നു. സമൂഹത്തിൽ വേറിട്ട അനുഭവം പങ്കിടുന്ന കവികളെപ്പോലുള്ളവരെ - കലാകാര...