വില്ലുവണ്ടി: രേഖ കെ.
വില്ലുവണ്ടി : രേഖ കെ.
കേരളത്തിൻ്റെ മുഖ്യധാരാ പാതകളിലൂടെ ഇനിയും
വില്ലുവണ്ടിയുരുളേണ്ട സാഹചര്യം വരികയാണെന്ന താക്കീത് കേരള സമൂഹത്തിനു പ്രദാനം ചെയ്യുന്ന കഥയാണ് രേഖ കെ.യുടെ വില്ലുവണ്ടി. അങ്കമാലി മാങ്ങാക്കറിയും വില്ലുവണ്ടിയും മറ്റുകഥകളും എന്ന കൃതിയിൽ നിന്നാണ് അയിത്തം പോലെയുള്ള സാമൂഹികപ്രശ്നങ്ങൾ ഇപ്പോഴും ഒഴിയാബാധയായുണ്ടെന്ന് അവതരിപ്പിക്കുന്ന ഈ കഥ എടുത്തുചേർത്തത്. 'ഈ കാലഘട്ടത്തിലെ വളരെ ശ്രദ്ധേയമായ കഥ'യെന്ന് ആദരണീയ ചെറുകഥാകൃത്തായ ടി. പത്മനാഭൻ സാക്ഷ്യപ്പെടുത്തുന്നു. 'വില്ലുവണ്ടി' എന്ന വാക്കിൽ നിന്നുതന്നെ നവോത്ഥാന സന്ദേശം വഹിക്കുന്ന ഒന്നാണിതെന്ന സൂചന വായനക്കാരനു ലഭിക്കുന്നു. എന്താണ് വില്ലുവണ്ടിസമരം? ജാതി ഒരു നിയമമായിരുന്ന കാലഘട്ടത്തിൽ ജാതിക്കെതിരായ ജൈത്രയാത്രയായിരുന്നു വില്ലുവണ്ടിയിലേറി ദലിത് നേതാവായ അയ്യങ്കാളി നടത്തിയത്. ആ സമരം ചരിത്രത്തിലിടം നേടി. പൊതുഇടങ്ങൾ തങ്ങൾക്കു വിലക്കുന്നതിനോടുള്ള അയിത്തജാതിക്കാരുടെ പ്രതിഷേധത്തിൻ്റെ പ്രാരംഭമായിരുന്നു അയ്യങ്കാളിയുടെ വില്ലുവണ്ടി യാത്ര. 1893 ൽ, സവർണ്ണർ മാത്രം സഞ്ചരിക്കാൻ ഉപയോഗിച്ചിരുന്ന, കാളവണ്ടിയുടെ പരിഷ്കൃത രൂപമാണ് വില്ലുവണ്ടികൾ. ചിത്രപ്പണികൾ നടത്തി ഭംഗിയാക്കിയ ഒരു വില്ലുവണ്ടി തമിഴ്നാട്ടിൽ നിന്നാണ് അയ്യങ്കാളി വാങ്ങിയത്. അയിത്തജാതിക്കാർക്ക് വിലക്കപ്പെട്ട പൊതുനിരത്തിലൂടെ സവർണ്ണരെ വെല്ലുവിളിച്ചു കൊണ്ട് വില്ലുവണ്ടിയിൽ യാത്ര ചെയ്തു. വെങ്ങാനൂരിലെ പൊതുനിരത്തിലൂടെയായിരുന്നു യാത്ര. സവർണ്ണർ ആക്രമിച്ചെങ്കിലും അയ്യങ്കാളി സധൈര്യം അതു നേരിട്ടു. ഇതോടെ അയിത്തജാതിക്കാരുടെ നേതാവായി അദ്ദേഹം പ്രശസ്തിയാർജ്ജിച്ചു.
അടിമകളായി കഴിഞ്ഞിരുന്ന ചെറുമരെ ക്കുറിച്ച് ഫ്രാൻസിസ് ബുക്കാനൻ പരാമർശിക്കുന്നുണ്ട്. അവർ യജമാനൻ്റെ സ്വകാര്യസ്വത്താണ്. ഉടമ പറയുന്ന ജോലികൾ ചെയ്യുക മാത്രമല്ല, യഥേഷ്ടം വില്ക്കാനും കൈമാറ്റം ചെയ്യാനുമുള്ള അവകാശം അവരുടെ മീതേ ഉടമയ്ക്കുണ്ട്. ഇത്തരം അനീതികൾക്കെതിരായി പ്രതികരിച്ച അയ്യങ്കാളിയുടെ വില്ലുവണ്ടി യാത്ര സവർണ്ണതയ്ക്കെതിരായ പ്രതിരോധ ചിഹ്നമായി മാറി. വില്ലുവണ്ടിയെന്ന കഥ, നവോത്ഥാനാനന്തരം ഈ ആധുനിക കാലഘട്ടത്തിലും കേരളീയരുടെ ഉള്ളിലുള്ള തീവ്രമായ ജാത്യഭിമാനത്തെയും ചിന്തകളെയും ചോദ്യം ചെയ്യുന്നു.
വിളക്കുമാടം ബ്ലോക്ക് പഞ്ചായത്ത് മെമ്പറായ ഉമാബാലനാണ് പ്രധാന കഥാപാത്രം. തൻ്റെ ബേച്ചിൻ്റെ ഗെറ്റ് ടുഗദറിൽ പങ്കെടുക്കാനായി അവർ യൂണിവേഴ്സിറ്റിയിലെത്തുകയാണ്. ഉമാബാലൻ്റെ തൻ്റേടവും ചോദ്യം ചെയ്യാനുള്ള ആർജ്ജവവും വ്യക്തമാക്കുന്ന സന്ദർഭങ്ങൾ കഥയുടെ തുടക്കത്തിൽത്തന്നെ കഥാകൃത്ത് ഒരുക്കിയിട്ടുണ്ട്. ഇവിടെ ഇങ്ങനെ കുളിക്കാനും മുടി കോതാനും പാടില്ലെന്ന് റെയിൽവേ സ്റ്റേഷനിലെ എ.സി. വെയ്റ്റിങ്ങ് റൂമിലെ ചുമതലക്കാരി പറഞ്ഞപ്പോൾ, അതു ഗൗനിക്കാതെ അങ്ങനെ നിയമമുണ്ടോ? എന്ന് ചോദ്യം ചെയ്യുകയാണവൾ. പഠിക്കുമ്പോഴുള്ള നിശ്ശബ്ദയായ ഉമയല്ല ഇപ്പോൾ. പ്രശ്നങ്ങളെ സമർത്ഥമായി അഭിമുഖീകരിക്കുന്ന, തൻ്റേടമുള്ള, നേതൃപാടവമുള്ള ഒരുവളാണ്. വെങ്കിടി സാർ എന്നറിയപ്പെടുന്ന, ഡോ. വെങ്കിടേശ്വരൻ സുബ്രഹ്മണി അയ്യർ സർവീസിൽ നിന്നും വിരമിക്കുന്നതിൻ്റെ ആഘോഷത്തിൽ പങ്കെടുക്കാനാണ് ഉമ യാത്രതിരിച്ചത്. തന്നെ ഒടിച്ചുമടക്കി കയ്യിൽത്തരാൻ മാത്രം പ്രഗത്ഭരായ ക്ലാസ്സ്മേറ്റുകളുടെ കൂടെയുള്ള ആഘോഷം ഒഴിവാക്കാനാദ്യം ആലോചിച്ചെങ്കിലും ഭർത്താവ് അരവിന്ദൻ, വലുതാകാനുള്ള ഒരവസരവും കളയരുതെന്നു പറഞ്ഞ് പ്രോത്സാഹിപ്പിച്ചു. തന്നെ ആരെങ്കിലും ഓർക്കുമെന്നോ ക്ഷണിക്കുമെന്നോ ഉമ പ്രതീക്ഷിച്ചതല്ല. വലിയ വലിയ ഉയരങ്ങൾ കീഴടക്കിയ പൂർവവിദ്യാർത്ഥികൾ. അവരെ ആദരിക്കുന്നു. തോറ്റുപോയവരെ ആർക്കുവേണം? ജീവിതത്തിൻ്റെ ഒരു ഘട്ടം പിന്നിട്ടാൽ വിജയിച്ചവർക്കാണ് ഭയപ്പാട്. നിലനില്ക്കാനുള്ള ബദ്ധപ്പാട്. തന്നെ അതു ബാധിക്കില്ല.
ഉമ ഇല്യാസിനെ ഓർത്തു. 20 സീറ്റുള്ള മാനേജുമെൻ്റ് കോഴ്സിൽ മിടുക്കർക്കിടയിലെ പാഴില പോലെ ഉമയും ഇല്യാസും. ആടുകളെ വിറ്റു കിട്ടിയ പണത്താൽ ചേർന്ന, കൂട്ടുകാർ ആടാസ് എന്നു വിളിച്ചു കളിയാക്കിയ ഇല്യാസിന് കോഴ്സ് പൂർത്തിയാക്കാനായില്ല. മോശമായി പെരുമാറി എന്ന വ്യാജ ആരോപണത്തിൽ മനംനൊന്ത് അവൻ ഒരൊറ്റ പോക്കായിരുന്നു. മനുഷ്യത്വരഹിതമായ സ്ഥാപനാന്തരീക്ഷം ഇവിടെ വ്യക്തമാകുന്നു.മലയാളം ഉച്ചരിക്കാത്ത രണ്ടു പെൺകുട്ടികളും ഉമയുടെ കൂടെ പഠിച്ചിരുന്നു. അവരോട് മിണ്ടാൻ ഉമയ്ക്കു പേടിയായിരുന്നു. ഇതേക്കുറിച്ചു മകനോടു പറഞ്ഞപ്പോൾ, അവൻ പറയുകയാ, ‘അമ്മയ്ക്ക് അറിയാതിരുന്നത് ഇംഗ്ലീഷല്ല, കോൺഫിഡൻസാണ്’.
ഉറക്കിനു മാറ്റമില്ലെന്ന വെങ്കിടിയുടെ പരിഹാസമാണ് ഉമയെ ചിന്തയിൽ നിന്നുമുണർത്തിയത്. അറിയാതെ ഉറങ്ങിപ്പോയി എന്നതും വാസ്തവം. വയറുചാടിയ ഒരു കൂട്ടം സെമിനാർ ഹാളിൽ. മദ്ധ്യവയസ്കർ. സഹപാഠികൾ. കുഴിഞ്ഞ കണ്ണുകളും മെലിഞ്ഞ ശരീരവുമുള്ള അജിത് അരികെ വന്നു. സഹപാഠിയായ അമലുവിനെ പ്രണയിച്ചു വിവാഹം കഴിച്ചെങ്കിലും അവൾ വിവാഹമോചനം നേടി ഒരു സായ്പിനെ കെട്ടി. നാലു മക്കളുണ്ട്. തന്നെ മനസ്സിലോർത്തു കിടന്നതിനാൽ ഒരു കുട്ടിക്ക് തൻ്റെ ഛായയാണെന്ന് അശ്ലീലഫലിതം പറഞ്ഞപ്പോൾ, അവളുടെ ചിന്തയുടെ ഭൂഖണ്ഡത്തിൽപ്പോലും നീയുണ്ടാകില്ലെന്ന് ഉമ പരിഹസിച്ചു. പുത്തൻ കാറിൽ റൈഡിങ്ങിന് ക്ഷണിച്ചെങ്കിലും ഉമ അതു നിരസിച്ചു.
അവിടെ വന്നവർ കാറുകൾ, ആഡംബരങ്ങൾ എന്നിവയെക്കുറിച്ചു മാത്രമാണ് സംസാരിച്ചത്. രാഷ്ട്രീയവും പുസ്തകവും സിനിമയുമൊന്നും വിഷയമായില്ല. സ്വാർത്ഥരും ലോക ദുഃഖങ്ങൾ തങ്ങളെ ബാധിക്കില്ലെന്നു കരുതുന്നവരുമാണവർ. മനുഷ്യപ്പറ്റില്ലാത്തവർ. ഉമ മുതൽ അമേരിക്കയിലെ ശക്തനായ ശിഷ്യൻ വരെ എന്നതിലെ
വെങ്കിടിയുടെ പരിഹാസ ഒളിയമ്പ് ഉമയ്ക്ക് മനസ്സിലായി. ഇല മണ്ണിൽ കുഴിച്ചിട്ട പുലയന് കഞ്ഞി വിളമ്പുന്ന സവർണ്ണൻ്റെ ആനന്ദം അവൾ അതിൽ കണ്ടു. ഉയർന്ന ജാതിക്കാരെ അഭ്യസിപ്പിക്കാനാണ് വെങ്കിടിക്ക് പണ്ടേ താൽപ്പര്യം. സംസാരത്തിനിടെ രാജീവ് ഗോസ്വാമി(1971- 2024) യെക്കുറിച്ചു പരാമർശമുണ്ടായി. [ഡൽഹി കോളേജിലെ കൊമേഴ്സ് വിദ്യാർത്ഥി. 1990 സെപ്തംബറിൽ വി.പി.സിംഗ് സർക്കാർ മണ്ഡൽ കമീഷൻ ശുപാർശകളിൽ പ്രതിഷേധിച്ച്, ഇന്ത്യയിലെ പിന്നോക്ക ജാതിക്കാർക്ക് തൊഴിൽ സംവരണം നല്കുന്ന ശൂപാർശകൾക്കെതിരെ പ്രതിഷേധിച്ച് സ്വയം തീ കൊളുത്തി മരിക്കാൻ ശ്രമിച്ചു] ഗോസ്വാമിയെ ദുഃഖത്തോടെ ഉമ ഓർത്തു. അതിനൊരു കാരണവും കഥാകൃത്ത് പറയുന്നു: “ ജാതി കൊണ്ട് അടിച്ചമർത്തപ്പെട്ടവരുടെ ശരീരമാസകലം എരിയുന്നതുകൊണ്ടും, മനസ്സു മുഴുവൻ പൊള്ളിക്കൊണ്ടേയിരിക്കുന്നതുകൊണ്ടും” രാജീവിനെ മനസ്സിലാക്കാൻ ഉമയ്ക്ക് പ്രയാസമുണ്ടായില്ല. ആൽഫബെറ്റ് ക്രമത്തിൽ ഓരോരുത്തരെ വെങ്കിടി പ്രസംഗിക്കാൻ ക്ഷണിക്കെ, ആ കീഴ്‌വഴക്കം വേണ്ട, പിന്നിൽ നിന്നാരംഭിക്കാമെന്ന് ഉമ വിളിച്ചു പറഞ്ഞെങ്കിലും ചട്ടങ്ങളൊന്നും ലംഘിക്കേണ്ടതില്ലെന്ന തീരുമാനത്തിലെത്തി. ഉമ അവസാനമായിരിക്കും സംസാരിക്കേണ്ടി വരിക. അപ്പോഴേക്കും കേൾക്കാനാരുമുണ്ടാകില്ല. ഇത്തവണ എല്ലാവരുമുണ്ടാകുമെന്ന് വെങ്കിടി ഉമയ്ക്ക് ഉറപ്പുനല്കി. നിങ്ങടെ കൂട്ടത്തീന്ന് ആരെയെങ്കിലും എൻ്റെ അപ്പനെ നോക്കാൻ കിട്ടുമോയെന്ന നോബിൾ ജോസിൻ്റെ ചോദ്യത്തിന് ഉമ രൂക്ഷമായി പ്രതികരിക്കുന്നുണ്ട്. ഞങ്ങടെ ജാതിക്കാരിപ്പം അടിമപ്പണി മാത്രമല്ല ചെയ്യുന്നത് - ഡോക്ടർമാരും മറ്റ് ഉദ്യോഗസ്ഥരും അവരിലുണ്ട്.
അജിത് അവൻ്റെ അടുത്തിരുന്ന കൃഷ്ണ ഗോപാലിൻ്റെ ശരീരത്തിലൂടെ തറയിലേക്ക് ഊർന്നുവീണപ്പോൾ ചിലർ വന്ന് നോക്കി. ചടങ്ങിൻ്റെ ഒഴുക്ക് നഷ്ടപ്പെട്ട ഭാവം. കരൾരോഗിയാണ് അജിത്. ലിവർ ട്രാൻസ്പ്ലാൻ്റു ചെയ്യാനിരുന്നതാണ്. മദ്യപാനം ഒഴിവാക്കിയതുമില്ല. ആരും അവനെ ഹോസ്പിറ്റലിൽ കൊണ്ടുപോകാൻ തയ്യാറാകുന്നില്ലെന്നു കണ്ട ഉമ കൃഷ്ണഗോപാലിനോട് ആജ്ഞാസ്വരത്തിൽ തന്നെ നീ വന്നേ പറ്റൂ എന്നു പറഞ്ഞു. കൃഷ്ണഗോപാൽ നിവൃത്തിയില്ലാതെ സമ്മതം മൂളി. വെറുപ്പും അറപ്പും ദേഷ്യവും കൊണ്ട് ചുവന്നു. അജിത് കൃഷ്ണ ഗോപാലിന് ഭാരമായിരിക്കുകയാണ്. ആറേഴു ലക്ഷം മുടക്കി ആഘോഷിക്കാൻ വന്നിരിക്കുകയാണവൻ. ഉമ ഇതിൽ കുടുക്കിയതിനാലാണ് താൻ പെട്ടത് എന്നാണ് അവൻ്റെ പക്ഷം. രാത്രിയിലെ ഗംഭീരൻ പാർട്ടി നഷ്ടമാകുന്നതിലാണ് അവനു ദുഃഖം. അജിതിന് ബന്ധുക്കളൊന്നും സഹായത്തിനില്ല. അവൻ വെറും വേസ്റ്റാണ്. അങ്ങനെയെങ്കിൽ ഇവനെ അമ്മത്തൊട്ടിലിൽ ഉപേക്ഷിച്ചാലോ എന്ന് ഉമ ഫലിതം പറഞ്ഞു. രണ്ടുപേരെയും ആശുപത്രിയിലെത്തിച്ചു മടങ്ങിക്കോളാൻ കൃഷ്ണ ഗോപാലിനോട് അവൾ പറഞ്ഞു. തനിക്കിതൊക്കെ നല്ല ശീലമാണ്. ഇന്നലെ പാലസ്സിൽ എല്ലാവരും ഒത്തുകൂടിയിരുന്നു. ഉമയ്ക്ക് പാക്കേജ് താങ്ങാനാകാത്തതിനാലാണ് ഒഴിവാക്കിയത്. ഉമ ശക്തമായി പ്രതികരിച്ചു. അവൾ തൻ്റെ സഹപാഠികളെ കേൾപ്പിക്കാനായി ഒരു വോയസ് മെസ്സേജ് അയച്ചു. “ നിങ്ങളൊക്കെ എന്തു മനുഷ്യരാണെടോ? വെങ്കിടി സാർ ഉൾപ്പെടെ… നിങ്ങളൊക്കെ എന്നേ മരിച്ചു കഴിഞ്ഞിരിക്കുന്നു. സ്നേഹവും സന്തോഷവും സന്മനസ്സുമാണ് ജീവിതത്തിൻ്റെ മാനദണ്ഡമെങ്കിൽ നിങ്ങളൊക്കെ എത്ര ഭീകരമായ പരാജയമാണ്!”... കൃഷ്ണപ്രസാദിൻ്റെ വാഹനം ഉമയുടെ മനുഷ്യത്വത്താൽ, അശരണർക്ക് അഭയമരുളുന്ന വില്ലുവണ്ടിയായി പരിണമിക്കുന്നതു കാണാം.
ജീവിതത്തിൽ മറ്റുള്ളവർക്ക് ഉപകാരപ്പെട്ടു ജീവിക്കുമ്പോളാണ് അതിന് അർത്ഥവും ലാവണ്യവും ഉണ്ടാകുന്നത്. പൊങ്ങച്ചവും ധനമഹിമയും ആഡംബരക്കാറുകളും സ്വന്തം സുഖവും മാത്രം കാണുന്ന ആധുനിക സുഖാന്വേഷികൾ അന്യൻ്റെ ദുഃഖമെന്തെന്ന് അറിയാത്തവരാണ്. പഴയ കാലത്തെ സവർണ്ണസമാന മനസ്സുള്ളവരാണവർ. അവരോട് ഏറ്റുമുട്ടാൻ ഒരു വില്ലുവണ്ടി അനിവാര്യമാണെന്ന് കഥാകൃത്ത് കരുതുന്നു. ജാതിയുടെയും ധനമഹിമയുടെയും മേൽക്കോയ്മകൾ ഇന്നും നമ്മുടെ നാട്ടിൽ നിന്നും അസ്തമിച്ചിട്ടില്ലെന്നും വില്ലുവണ്ടി യാത്രകൾക്കിനിയും സാദ്ധ്യതകളുണ്ടെന്നും കെ.രേഖയുടെ കഥ സമൂഹത്തോടു വിളംബരം ചെയ്യുന്നു. നവോത്ഥാനത്തിൻ്റെ ഉണർവ് ഉമയുടെ ഊർജ്ജമായി മാറുന്നു.


അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ