പൂവമ്പഴം: കാരൂർ നീലകണ്ഠപ്പിള്ള
കാരൂർ നീലകണ്ഠപ്പിള്ളയുടെ ഭാവസുന്ദരവും ശില്പഭദ്രവുമായ കഥയാണ് പൂവമ്പഴം. മൃദുലവികാരങ്ങളുടെ കളിത്തൊട്ടിലാകുന്നു കാരൂരിൻ്റെ കഥകൾ. സാധാരണക്കാരൻ്റെ ഇല്ലായ്മകളേയും വല്ലായ്മകളേയും യഥാതഥം കഥകളിൽ ആവിഷ്കരിക്കാൻ അദ്ദേഹം പരിശ്രമിച്ചു. “കാരൂർക്കഥകളിലേറെയും നാട്ടിൻപുറത്തിലേയും നഗരത്തിലേയും ജീവിതത്തിൽ അദ്ദേഹം കണ്ടറിഞ്ഞിട്ടുള്ള ദാരിദ്ര്യത്തിൻ്റേയും പട്ടിണിയുടേയും ഹൃദയമാഥികളായ (ഹൃദയം കടയുന്ന എന്നർത്ഥം) ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നവയാണെന്ന്” നിരൂപകനായ പ്രൊഫ.എം.അച്യുതൻ അഭിപ്രായപ്പെടുന്നു. നർമ്മപ്രകാശനത്തിലും അഗ്രഗണ്യനാണ് കാരൂർ. ദാരിദ്ര്യദു:ഖം അദ്ദേഹത്തിൻ്റെ പ്രമേയങ്ങളിൽ പ്രധാനമാണ്. വാദ്ധ്യാർക്കഥകളുടെ (അദ്ധ്യാപക ദൈന്യം വിവരിക്കുന്ന കഥകൾ - അദ്ധ്യാപകകഥകൾ) രചനയിലും ദാരിദ്ര്യദു:ഖവും നിസ്സഹായതയും തന്നെയാണ് മുഖ്യവിഷയമാകുന്നത്.
‘കാരൂരിൻ്റെ മനുഷ്യഹൃദയ മർമ്മജ്ഞതയും പാത്രസ്വഭാവസൃഷ്ടി വൈദഗ്ദ്യവും വിളിച്ചോതുന്ന പ്രശസ്ത കഥയെന്ന” വിശേഷണം അർഹിക്കുന്ന കഥയാണ് പൂവമ്പഴം. സുന്ദരിയും വിധവയുമായ ഒരു അന്തർജ്ജനവും അവരുടെ ആശ്രിത കുടുംബത്തിലെ ഒരു കൗമാരക്കാരനുമാണ് ഇതിലെ പ്രധാന കഥാപാത്രങ്ങൾ. അപ്പു എന്നാണ് അവൻ്റെ പേര്. അന്തർജ്ജനത്തെ പൂവമ്പഴം എന്നാണ് വിളിക്കാറ്. അവരുടെ അമ്മവീട് പൂവമ്പുഴ എന്ന സ്ഥലത്താണത്രെ. കൂടാതെ, പൂവമ്പഴത്തിനു സമാനം ചുവന്നു മെഴുത്തിട്ടാണവർ എന്നതും ഒരു കാരണമായി. കൗമാരക്കാരനായ അപ്പുവിൻ്റെ കാഴ്ചകളിലൂടെയും അനുഭവങ്ങളിലൂടെയുമാണ് കഥ പുരോഗമിക്കുന്നത്. വലിയൊരു ജന്മിയുടെ മനയെ ആശ്രയിച്ചുകഴിയുന്നവരാണ് അപ്പുവിൻ്റെ വീട്ടുകാർ. മനയോട് അപ്പുവിൻ്റെ വീട്ടുകാർക്ക് വലിയ കടപ്പാടാണുള്ളത്. അപ്പുവിൻ്റെ പ്രായമുള്ള ഒരു കുട്ടി മനയ്ക്കലുണ്ടായിരുന്നു. ചങ്ങാതിയായിരുന്നു. പക്ഷേ മരിച്ചു പോയി. ആ ബാലൻ്റെ അമ്മയാകട്ടെ, അവർ വിധവ കൂടിയാണ്, ആകെ ആശ നശിച്ച അവസ്ഥയിലുമായി.
അന്തർജ്ജനത്തിൻ്റെ അവസ്ഥ സങ്കടമുളവാക്കുന്നതാണ്. അവരുടെ മകൻ മരിച്ചതിൽ പിന്നെ ഒരു പ്രാവശ്യമേ അപ്പു അവരെ കണ്ടിട്ടുള്ളൂ. അമ്മ ഒരു ദിവസം, പൂവമ്പഴം വിളിക്കുന്നുവെന്ന് അപ്പുവിനോട് പറഞ്ഞു. വല്ല സഹായത്തിനുമായിരിക്കും. തൻ്റെ വീട്ടുകാരൊക്കെ മനയ്ക്കൽ വേലക്കാരാണ്. എന്നാൽ ദാരിദ്ര്യത്തിന് കുറവുമില്ല. താൻ അവരുടെ വേലക്കാരനാകാൻ ഉദ്ദേശിക്കുന്നില്ല. പഠിച്ച് ജോലി നേടണം. തൻ്റെ പഠനം മുടക്കൽ, അങ്ങനെ തന്നെ വേലക്കാരനാക്കൽ അവരുടെ ലക്ഷ്യമാകാം. തൊട്ടതിനും പിടിച്ചതിനുമെല്ലാം സഹായിക്കാൻ വേറെയാരുണ്ട്? അപ്പുവിന് അസ്വസ്ഥത തോന്നി. ചെറിയ പ്രതിഷേധത്തോടെ ചെന്ന അപ്പുവിനോട് പൂവമ്പഴം പലതും സംസാരിച്ചു. മകൻ്റെ കാര്യം പറഞ്ഞ് സങ്കടപ്പെട്ടു. സൂചിയും നൂലുമാണ് അവർക്കു വേണ്ടത്. അതിനിടെയാണ് ഈ ‘കിണ്ണാണ’ മെല്ലാം. എങ്കിലും അപ്പു സഹിച്ചു. തൻ്റെ ചങ്ങാതിയുടെ അമ്മയല്ലേ?
പിന്നീട് മറ്റൊരു സന്ദർഭത്തിൽ തലയണച്ചീട്ടി മേടിക്കാൻ അപ്പുവിനെ ഏൽപ്പിച്ചു. തിരികെപ്പോകാൻ ധൃതികാട്ടിയപ്പോൾ, ‘ഈ അപ്പുവിനെപ്പഴും ധൃതിയാ’ എന്നു പറഞ്ഞു. ചോദ്യങ്ങൾക്കു കൃത്യമായി മറുപടി പറയുമ്പോൾ, തൻ്റെ മകനുണ്ടായിരുന്നെങ്കിൽ ഇതൊക്കെ അറിയാമായിരുന്നേനെയെന്ന് വിഷാദിക്കുകയാകും ആ അമ്മയെന്ന് അപ്പു ചിന്തിച്ചു.
പിന്നീട് പത്തുപതിനഞ്ചു ദിനം കഴിഞ്ഞ് വീണ്ടും വിളിച്ചു. മകനില്ലാത്തതിനാലാണല്ലോ എന്ന് കരുതി ചെന്ന അപ്പുവിന് രണ്ടു നെയ്യപ്പം അവർ സമ്മാനിച്ചു. പതിവിനു വിരുദ്ധമായി കൈകളിലവർ വെക്കുകയാണുണ്ടായത്. (മേൽജാതിക്കാർ കീഴ്ജാതിക്കാരെ തൊടാറില്ലല്ലോ) അപ്പു നെയ്യപ്പം തിന്നു. വെറ്റില നുള്ളി നല്കാനാവശ്യപ്പെട്ടു. അപ്പുറത്തേ വരാമെന്നു പറഞ്ഞപ്പോൾ, കയ്യാലകേറി വരാൻ അവർ ആവശ്യപ്പെട്ടു. അത് മര്യാദയല്ലെന്നായി അപ്പു. അപ്പുവിന് മര്യാദയൊന്നും നോക്കേണ്ട. ഇഷ്ടമുള്ളതിലേ കേറാം എന്നായി അവർ. തളിരു വെറ്റില കണ്ടപ്പോൾ ഒന്നു മുറുക്കാൻ തോന്നുന്നുവെന്നായി. പിന്നെ, പല തരം നാട്ടുവിശേഷങ്ങൾ ചോദിച്ചു. അപ്പു മൂളിയതേയുള്ളൂ. കേശവൻ്റെ കല്യാണത്തെക്കുറിച്ചും പെണ്ണിനെക്കുറിച്ചും ചോദിച്ചു. ചെറുക്കൻ്റെ പ്രായം പെണ്ണിൻ്റേതിനേക്കൾ കൂടുതലാണെന്ന് പറഞ്ഞപ്പോൾ, വെള്ളക്കാർക്കങ്ങനെയല്ലെന്നായി പൂവമ്പഴം. മകനും ഭർത്താവുമില്ലാത്ത സാധുവല്ലേ - അപ്പു ക്ഷമിച്ചു. അന്തർജ്ജനം വേളികഴിച്ചത് പതിമൂന്നാം വയസ്സിലാണെന്നുമൊക്കെ അവർ പറഞ്ഞു. അപ്പുവിൻ്റെ വീട്ടിലെ ചക്കിപ്പൂച്ച അവരുടെ വർത്തമാനം ആസ്വദിക്കുന്നതിനെന്നപോലെ ഇരുന്നു. അപ്പോൾ അന്തർജ്ജനം പറഞ്ഞു: ‘ഇത് വല്ലാത്തതാണ്. രാത്രി എൻ്റെ കൂടെയാ കിടപ്പ്. ഞാനറിയാതെ വന്ന് എൻ്റെ കൈക്കൂട്ടിൽ പറ്റിപ്പിടിച്ചു ചൂടുപറ്റി സുഖത്തിനങ്ങു കിടക്കും.” തുളച്ചു കയറുന്ന ഒരു നോട്ടം അവർ അപ്പുവിന് സമ്മാനിച്ചു. പിന്നെ അപ്പു അവരെ കാണാൻ പോയില്ല. പിന്നെയൊരിക്കൽ, പൂവമ്പഴത്തിനെന്തോ സുഖക്കേടാണെന്നു പറയുന്നതു കേട്ടു. അവിടത്തെ നമ്പൂതിരിയുടെ മൂന്നാം വേളിയ്ക്ക്, കുടിവയ്പിന് സദ്യ കഴിക്കാനായി ചെന്നപ്പോൾ പൂവമ്പഴം വിളിപ്പിച്ചു. വല്ല മരുന്നും വാങ്ങാനാകും. അവർക്കു മക്കളില്ലല്ലോ. മുറിക്കകത്ത് വാതിൽക്കൽ പൂവമ്പഴം ഇരുന്നു. വളരെ ദയനീയമായ, പരീക്ഷീണമായ അവസ്ഥയിൽ. കവിളെല്ലുകൾ ഉന്തി നിന്നു. കണ്ണിൻ്റെ പ്രകാശം കെട്ടിരിക്കുന്നു. ഇനി ഇവിടെ ഉണ്ടാകുന്ന സദ്യ ഒരു പിണ്ഡമായിരിക്കും എന്ന് അവർ പറഞ്ഞു. അപ്പു പരിഭ്രമിച്ചു. അമിതമായ സമ്പത്തും നല്ല പ്രായവും വേണ്ടത്ര സൗന്ദര്യവും ഉണ്ടായിട്ടും, ജീവിതം സുഖകരമാക്കാൻ അവർക്കായില്ല. താനും തൻ്റെ വീതത്തിന് അവരെ വേദനിപ്പിച്ചു കാണുമോ? അവർ കതകടച്ചു. അതുവരെ അപ്പുവായിരുന്നു തിരികെപോകാൻ ധൃതി കാണിച്ചിരുന്നത്. എന്നാൽ, ഇപ്പോൾ, വേദനയാലും വികാരത്തള്ളിച്ചയാലും ഭാഷണം നിർത്തി കതകടയ്ക്കുകയാണ് ആത്തേരമ്മ ചെയ്തത്.
ഒരു അമ്മയുടെ ദുഃഖം, ചങ്ങാതിയോടുള്ള സ്നേഹം മുതലായവയായിരുന്നു അന്തർജ്ജനത്തിൻ്റെ മുന്നിലെത്താനും അവരെ കാണാനും അപ്പുവിനെ പ്രേരിപ്പിച്ചത്. ആ മാനദണ്ഡത്തിലാണ് സഹായിക്കുന്നത്. മകൻ മരിച്ച, മകൻ്റെ സ്നേഹത്തിനു കൊതിക്കുന്ന ഒരമ്മ എന്നുള്ളതോടൊപ്പം, നഷ്ടമായ ഭർത്താവിൻ്റെ പരിലാളന കൊതിക്കുന്ന ഒരു സ്ത്രീയെയും അന്തർജനത്തിൽ കാരൂർ ഹൃദയഹാരിയായി വരച്ചിരിക്കുന്നു. തനിക്ക് ലഭ്യമല്ലാത്ത വൈകാരിക തൃപ്തി അപ്പുവിൽ നിന്നും ലഭിക്കുമെന്ന് അവർ കാംക്ഷിച്ചിരിക്കാം. പല സന്ദർഭങ്ങളിലായി, വാക്കുകളിലൂടെയും പ്രവൃത്തികളിലൂടെയും (പൂച്ച, വെറ്റില) വരുന്ന അവരുടെ പരാമർശങ്ങൾ അടിച്ചമർത്തപ്പെട്ട രതിമോഹത്തെ പ്രകാശിപ്പിക്കുന്നു. അപ്പുവിനാകട്ടെ, അവരുടെ ഹൃദയം മനസ്സിലാക്കാൻ സാധിക്കുന്നില്ല. ആചാരങ്ങളുടെയും വ്യവസ്ഥയുടെയും ബന്ധനത്തിലാണ് അന്തർജ്ജനം കഴിയുന്നതെന്നതിനാൽ തൻ്റെ മോഹങ്ങൾ സാധിക്കുന്നതിനായ് ഒരു ഉപാധിയും അവർക്ക് കണ്ടെത്താനാകുന്നില്ല. അവിടെയാണ് അപ്പുവിൻ്റെ സാന്നിദ്ധ്യം അവർക്ക് ആശ്വാസമേകുന്നത്. അതൃപ്തവും അശാന്തവുമായ മനുഷ്യഹൃദയങ്ങളുടെ ഫലവത്തായ ആവിഷ്കാരമായി പൂവമ്പഴം മാറുന്നു.

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ