വീട്: സാവിത്രി രാജീവൻ


വീട് : സാവിത്രി രാജീവൻ

സാമൂഹികവിഷയങ്ങളിൽ കവിതമുഖേന സ്വന്തം അഭിപ്രായം രേഖപ്പെടുത്താറുള്ള കവയിത്രിയാണ് സാവിത്രി രാജീവൻ. ചരിവ്, ദേഹാന്തരം, ഹിമസമാധി മുതലായവ കവിതാ സമാഹാരങ്ങൾ. ‘കാലികസാമൂഹിക സമസ്യകളോട് ശക്തിയായി പ്രതികരിക്കുന്ന ബോധമനസ്സിൻ്റെ പ്രകാശനമാണ്’ സാവിത്രി രാജീവൻ്റെ കവിതകളെന്ന് മലയാള സാഹിത്യം കാലഘട്ടങ്ങളിലൂടെ എന്ന കൃതിയുടെ രചയിതാവായ എരുമേലി പരമേശ്വരൻ പിള്ള അഭിപ്രായപ്പെടുന്നു. അദ്ദേഹം കൂട്ടിച്ചേർക്കുന്നു: ‘നിത്യജീവിതത്തിലെ സൂക്ഷ്മചലനങ്ങളുടെ സ്വച്ഛന്ദമായ ആവിഷ്കരണം അവരിഷ്ടപ്പെടുന്നു. അവയിൽ കിശോര സങ്കല്പങ്ങളുടെ മധുരിമയും സ്വതന്ത്രമനസ്സിൻ്റെ വേവലാതികളും മാനുഷികമായ തിരിച്ചറിവിൻ്റെ സ്പന്ദനങ്ങളും നാം അനുഭവിച്ചറിയുന്നു.” സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പര്യവേക്ഷണമാണ്, അതിനുവേണ്ടിയുള്ള കൊതിയും ത്യാഗവുമാണ് വീട് എന്ന കവിതയുടെ പൊരുൾ. സ്ത്രീകൾ ഗൃഹ ത്തളങ്ങളിൽ കുടുങ്ങി നിഷ്ക്രിയരായും ചൈതന്യ രഹിതരുമായിപ്പോകുന്നതിനെതിരെ അവർ പ്രതികരിച്ചിട്ടുണ്ട്. അത്തരം പ്രതികരണോമുഖതയുടെ ബാക്കിപത്രമാണ് വീട്. 

എത്ര ശ്രമിച്ചിട്ടും കവയിത്രിയ്ക്ക് വീടുവിട്ടുപോകാനാകുന്നില്ല. അതിൽ തന്നെ ബന്ധിക്കപ്പെട്ട അവസ്ഥ. വീട് വ്യവസ്ഥാപിതത്വത്തിൻ്റെ പ്രതീകമാണ്. അതിൻ്റെ ചട്ടക്കൂടിൽ പെട്ടാൽ, അതിനുണ്ടെന്നു തോന്നുന്ന സുരക്ഷിതത്വമെന്ന കപടതയിൽ പെട്ടാൽ പിന്നെ പെണ്ണിനു മോചനമില്ല. അതു നിഷേധിച്ചു പുറത്തുവരികയെന്നത് ദുർഘടമായ പ്രക്രിയയാണ്. സാവിത്രി രാജീവൻ വീട് എന്ന കവിതയെ വ്യവസ്ഥാപിതമായ ആശയങ്ങൾക്കും തത്ത്വങ്ങൾക്കും എതിരായ പ്രഹരമാക്കി മാറ്റുന്നു.

കവയിത്രിക്ക് വീടു വിടാൻ സാധിക്കുന്നില്ല. വല്ലവിധേനയും വീടുവിട്ടാൽ തന്നെ, അൽപ്പദൂരം പിന്നിടുമ്പോഴേക്കും വീട് പിന്തുടർന്ന് കണ്ടെത്തും. ഒരു കുതിപ്പ്. കൈ നീട്ടൽ. അത് കവയിത്രിയെ അടുക്കളയുടെ ഉള്ളിലാക്കി, വാതിൽ ചാരി. പിന്നെ ചായയായി. കാപ്പിയും സംസാരവുമായി. അങ്ങനെ ജീവിതനൈരന്തര്യം തുടരുന്നു. 

പിന്നീട് കവയിത്രി വീടുവിട്ടത്, അതുറങ്ങുന്ന നേരം നോക്കിയാണ്. നൂറടി പിന്നിട്ട നേരം തന്നെ വീട് ഉണർന്നിരിക്കണം. ഒരു സ്ത്രീയെന്ന നിലയിൽ സാധാരണ കണ്ടുവരാറുള്ള ഇടങ്ങളിലൊക്കെയും അത് അന്വേഷിക്കുന്നു. അടുക്കള മുറി, അടുപ്പ്, കിണറ്, കുളം. വളരെയകലെയെത്തിയെന്ന് ആശ്വാസം കൊള്ളുമ്പോഴേക്കും സമീപത്തെത്തിയിരിക്കുന്നു, വീട്. കണ്ണു ചിമ്മിത്തുറക്കുമ്പോഴേക്കും അതെത്തി കൈപിടിച്ചു. നെഞ്ചോടടക്കിപ്പിടിച്ച് നീണ്ടൊരാലിംഗനം. മച്ചിനകത്താക്കി പ്രണയലീലകളോ സ്നേഹ പ്രകടനങ്ങളോ നടത്തുന്നു. കിടത്തുന്നു.

ഇത്തവണ വീടു വിട്ടപ്പോൾ, ഭൂമിയ്ക്കു സമാന്തരമായുള്ള യാത്രയല്ല കവയിത്രി നടത്തിയത്. ഭൂമി പിളർന്ന് അടിയിലേക്കായിരിക്കുമെന്ന രഹസ്യം അതിനോട് പറഞ്ഞില്ല. പറഞ്ഞാൽ ഒരു പക്ഷേ, വീട് ഭൂമി തുരന്നു വന്നാലോ? മീതെ മരമായി ഉയർന്നു നിന്നാലോ? അങ്ങനെ, എൻ്റെ സ്വാതന്ത്ര്യത്തിനു വിലങ്ങുതടിയായി, മഴയത്ത് അലിയാനും കാറ്റിൽ പറക്കാനും വിടാതെ അകത്താക്കിയാലോ? എനിക്കു മീതെ കുടയായി നിൽപ്പ് ഉറപ്പിച്ചാലോ?

സ്വാതന്ത്ര്യമോഹിയായ സ്ത്രീയെയും അവളെ ബന്ധനത്തിലിടുന്ന ഗൃഹത്തെയും പരാമർശിക്കുന്ന കവിത യഥാർത്ഥത്തിൽ പുരുഷാധിപത്യത്തിനെതിരായ ചൂണ്ടുപലകയാണ്. സ്വാഭാവികമായ സന്തോഷപ്രകടനങ്ങൾക്കും സർഗ്ഗക്രിയകൾക്കും ഗൃഹഭാരവും ഭർത്താവും തടസ്സം സൃഷ്ടിക്കുന്നു. അതിൽ നിന്നുമുള്ള മോചനത്തിനാകട്ടെ, ഉപാധികൾ കാണുന്നുമില്ല. വീട് എന്നത് ഭൗതിക നിർമ്മിതി എന്നതിലുപരി, വ്യവസ്ഥിതിയുടെ പ്രതിനിധാനമാകുന്നു. സ്വതന്ത്രമായ ഇറങ്ങിനടപ്പുകൾ സ്ത്രീക്കും സമൂഹത്തിൽ സാദ്ധ്യമാകേണ്ടതുണ്ട്. വീട് എന്ന കവിത, സ്വാതന്ത്ര്യമോഹങ്ങളുടെ തീവ്രതയെ പ്രകാശിപ്പിക്കുന്നതോടൊപ്പം, കാരാഗൃഹമായിത്തീരുന്ന ഗാർഹികബന്ധങ്ങളുടെ കാപട്യത്തെ വിമർശിക്കുകയും ചെയ്യുന്നു. 

 

 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

സഭാപ്രവേശം - കുഞ്ചൻ നമ്പ്യാർ

കരുണ - കുമാരനാശാൻ

എസ്.കെ.പൊറ്റക്കാട്: സഞ്ചാരസാഹിത്യത്തിലെ അതികായൻ