താറും കുറ്റിച്ചൂലും: കടമ്മനിട്ട രാമകൃഷ്ണൻ
അധ:സ്ഥിതവിഭാഗം അഭിമുഖീകരിക്കുന്ന ജീവിതപ്രതിസന്ധികളെ തീവ്രമായി കവിതയിൽ ആവിഷ്കരിച്ച കവിയാണ് കടമ്മനിട്ട രാമകൃഷ്ണൻ. അദ്ദേഹത്തിൻ്റെ കാട്ടാളൻ, കുറത്തി, കിരാതവൃത്തം മുതലായ കവിതകൾ പാർശ്വവൽക്കരിക്കപ്പെട്ടവൻ്റെ വികാരവിക്ഷോഭങ്ങളെ സമൂഹമദ്ധ്യത്തിൽ അവതരിപ്പിച്ചു. അവർക്കായി സംസാരിക്കാനുള്ള മാദ്ധ്യമമായി കവിതയെ അദ്ദേഹം ഉപയോഗിച്ചു. കീഴാളൻ്റെ ദുഃസ്ഥിതിയ്ക്കു കാരണം മേലാള ചൂഷണമാണെന്നും, അതവസാനിച്ചാലേ കീഴാളന് ഉയർച്ചയുണ്ടാവുകയുള്ളൂ എന്നും അദ്ദേഹം വിശ്വസിച്ചു. സാംസ്കാരികമായി ഏറ്റവും ഉന്നതനിലയിലാണെന്നു ധരിക്കുമ്പോഴും അതിൻ്റെ നിൽപ്പ് അതീവ സങ്കടകരമാംവിധം പിന്നിലാണ്.
കീഴാളൻ്റെ പ്രതിഷേധം ഒരു സാംസ്കാരിക പശ്ചാത്തലത്തിനെതിരെ പ്രകടിപ്പിക്കുന്ന ശക്തമായ കവിതയാണ് 'താറും കുറ്റിച്ചൂലും'. അവഹേളിതനും നിന്ദാ കലുഷിതനുമായ ദലിതനെ ഈ കവിതയിൽ കാണാം. അവൻ്റെ കയ്യിലുള്ളത് ഒരു കുടം താറും ഒരു കുറ്റിച്ചൂലുമാണ്. പെരുവാ നിറയെ തെറിയുമായി സാമൂഹിക സാംസ്കാരിക വരേണ്യരെ വെല്ലുവിളിക്കുകയാണ് ഈ കവിതയിലെ ദലിതൻ. അവൻ്റെ ശാരീരികവും മാനസികവുമായ അവസ്ഥകൾ എല്ലാ സുഖഭോഗങ്ങളും കൈക്കലാക്കുന്ന ഉന്നതർക്കെതിരെയാണ്. തലയിൽ ചിരങ്ങും, കാലിൽ വ്രണവും ചുണലും ചൊറിയാൻ വേണ്ടുവോളമുണ്ട്. നിസ്സഹായവും പരിതാപകരവുമായ കീഴാളാവസ്ഥ. പ്രതികരണോർജ്ജം നിറഞ്ഞ മനസ്സുമായി ഈ ഉലകിൻ്റെ ഉമ്മറത്തെത്തി നില്ക്കുമ്പോൾ പോക്രികളായ വരേണ്യർ പുലയാട്ടുന്നു. തനിക്ക് പ്രവേശനം നിഷേധിക്കപ്പെട്ട ഈ ലോകത്തിൻ്റെ അവകാശം ചോദിക്കാനാണ് അവൻ വന്നിരിക്കുന്നത്. അവിടേക്കുള്ള അവൻ്റെ പ്രവേശനം സമൂഹത്തിലെ ഭേദപ്പെട്ടവർ വിലക്കിയിരിക്കുന്നു. നിങ്ങൾക്കു മാത്രം അവകാശപ്പെട്ടതാണോ ഈ പുണ്യവേദിയെന്ന് അവൻ ചോദിക്കുന്നു. സാംസ്കാരികലോകത്തെ ഭരിക്കുന്ന മേലാളന്മാർക്കെതിരെയാണ് ഈ ചോദ്യം എന്നും വായിക്കാം. സാഹിത്യ സാംസ്കാരിക ലോകത്ത് കീഴാളൻ്റെ രംഗപ്രവേശത്തെ അസഹിഷ്ണുതയോടെ നോക്കിക്കണ്ട ഒരു കാലമുണ്ടായിരുന്നു. അവൻ ചോദിക്കുന്നു:
“എന്തിനീ നാട്യങ്ങ,ളെന്തിനീ വഞ്ചന/ മുന്തിരിത്തോപ്പിലെ മുള്ളുകളേ? /-
ഈ മേലാളർ മുന്തിരിത്തോപ്പിലെ മുള്ളുകളാണ്. സൗഭാഗ്യം വേണ്ടുവോളം ആസ്വദിക്കാനുള്ള മറ്റുള്ളവരുടെ അവസരത്തെ തടയുന്നവരാണ് ഈ മുള്ളുകൾ. ഈ ഉലകിൻ്റെ ഭിത്തിയിൽ താറടിക്കാനാണ് ഞാൻ വരുന്നത്. തടയാൻ വരുന്നവർ വന്നോളൂ. നിങ്ങളെ വെറുതെ വിടില്ല. നിങ്ങളുടെ രക്തപ്രസാദമില്ലാത്ത, വിളറിയ മുഖത്ത് ഞാൻ കരിപുരട്ടും. അദ്ധ്വാനിച്ചുണ്ടാക്കുന്നത് വെറുതെയിരുന്നുണ്ണുന്നവരല്ലേ നിങ്ങളൊക്കെ? കടുത്തതും പരുക്കനുമായ ഭാഷാപ്രയോഗങ്ങളിലൂടെ സാമ്പ്രദായികതയുടെ മിനുപ്പും മൃദുലതയുമുള്ള ശൈലിയെ വെല്ലുവിളിക്കുകയാണ് കടമ്മനിട്ട. ജീവിതത്തിൻ്റെ കാഠിന്യമറിയാത്ത കൂട്ടർ. കള്ളപ്പരിഷകൾ. കാറ്റിൻ്റെ കയ്യില സുഗന്ധം പോലും മോഷ്ടിക്കുന്നവർ. മരിച്ചവൻ്റെ പേരിൽ ഓസിനു കിട്ടുന്ന ചോറ് കൊത്തിത്തിന്നാനെത്തിയ കാക്കക്കൂട്ടങ്ങൾ. പരുക്കൻ പെരുമാറ്റം കൊണ്ട് പ്രകൃതിയുടെ സൃഷ്ട്യുന്മുഖതയെത്തന്നെ കശക്കിയവരാണ് നിങ്ങൾ. മേലാളർ നടത്തിയ പീഡനപർവത്തിൻ്റെ കഥകളുടെ കെട്ടഴിക്കുകയാണവൻ. എൻ്റെ കണ്ണീരു വീണു കുതിർന്ന ഇടം. എൻ്റെ വ്രണത്തിൽ നിന്നുള്ള ചലം എൻ്റെ ഗന്ധത്തിൽ കലർന്നപ്പോൾ നിങ്ങൾ മൂക്കുപൊത്തി. ഈച്ചയെപ്പോലെ ചലവും ചോരയും കണ്ണീരുമൊഴുക്കുന്ന എന്നെ ഈർക്കിലിച്ചൂലുമായ്, ഹേ നല്ലവരേ, നിങ്ങൾ ആട്ടിയോടിച്ചില്ലേ? ആ ഈർക്കിലിച്ചൂലു തട്ടിപ്പറിച്ചു ഞാൻ. അതിൻ്റെ കുറ്റിയെതെനിക്ക് തൂലികയായ്. വെറുപ്പിൻ്റെ പാട്ടുമായി ഓടയിലൂടൊഴുകു അഴുക്കിൻ്റെ ചാലിൽ നിന്ന് നിങ്ങളുടെ ഈ മണിമേട ഞാൻ താറടിക്കും. അതിൽ നഗ്നചിത്രങ്ങൾ കരിയിലെഴുതും. നിങ്ങളുടെ മനോഹരഭാവങ്ങളെ ഞാൻ മായ്ക്കും. വർണ്ണച്ചില്ലുകളിട്ട ചില്ലുശില്പങ്ങൾ തകർക്കും. നിങ്ങളുടെ സുഖസമൃദ്ധിയുടെ മീതെ ഞെരിഞ്ഞിൽ മുള്ളുകൾ, അസ്വസ്ഥതയുടെ മുള്ളുകൾ, പാകും. വേണ്ടാതനങ്ങൾ നിങ്ങളുടെ കണ്ണിൽ തറയ്ക്കാനായി വരച്ചു വെക്കും. തെറിയാൽ നിങ്ങളുടെ നെറിയുടെ വസ്ത്രം ഞാനഴിക്കും. ചന്ദനക്കാട്ടിലെ താമരപ്പൊയ്ക മലിനമാക്കി കരികലക്കും. നിങ്ങളുടെ വെണ്ണക്കൽഭിത്തിയിൽ കരിമഷിയാൽ കളം വരക്കും ഞാൻ. ആ കളത്തിൽ പ്രവേശിച്ച്, വേദനയുടെ വേതാളനൃത്തം ചവിട്ടിയലറും ഞാൻ. നിങ്ങൾക്ക് എൻ്റെ ഭാവങ്ങളെ തടയാനാവില്ല. കാരണം, അതീ ഭൂമിയുടെ ഭാവങ്ങളാണ്.

മുഗ്ദ്ധ ഭാവങ്ങളെ മാത്രം ചില്ലിട്ടുവച്ചാസ്വദിക്കുന്ന സഹൃദയരായ മാന്യരുടെ ആത്മസംതൃപ്തിയെ ആക്രമിച്ചു അലങ്കോലപ്പെടുത്താൻ ശപഥമെടുത്തു വന്ന കവിയാണ് കടമ്മനിട്ടയെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.
ഹാസ്യത്തെ നിരാകരിച്ച നവകാൽപ്പനിക മനോഭാവത്തിനെതിരെ, അതിൻ്റേതായ ആഭിജാത്യത്തെ വെല്ലുവിളിച്ചു കൊണ്ടാണ് 1965 ൽ കടമ്മനിട്ട താറും കുറ്റിച്ചൂലും എന്ന കവിത രചിച്ചതെന്ന് നിരൂപകനായ കെ. അയ്യപ്പപ്പണിക്കർ പറയുന്നു. കവിതകളിൽ സാധാരണ കാണാത്ത തെറിപ്രയോഗങ്ങളും രോഗ പരാമർശങ്ങളും അൺപാർലമെൻ്റേറിയനായ പദപ്രയോഗങ്ങളും ഭീഷണികളും കടന്നുവരുന്നു. ഛെ! എന്നു പറഞ്ഞ് ഇന്ദ്രിയങ്ങൾ കൊട്ടിയടക്കുന്നവരുടെ ഉള്ളിലേക്ക് ഈ വാക്കുകളുടെ ദുർഗന്ധം കടന്നുചെല്ലുന്നു. അവരെ അസ്വസ്ഥരാക്കുന്നു.
“ഒരു തെരുവുതെണ്ടിയുടെ ഭ്രഷ്ടഭാവത്തോടെ നാഗരികതയുടെ നാട്യങ്ങളെ വെല്ലുവിളിക്കുന്ന അതിവാചാലവും ഗർവിഷ്ഠവുമായ ഒരാത്മഭാഷണമാണ് താറും കുറ്റിച്ചൂലുമെന്ന്” കെ.സച്ചിദാനന്ദൻ നിരീക്ഷിക്കുന്നു. കീഴാളദേശീയതയുടെ കാഴ്ചപ്പാടാണ് ഈ കവിതയിൽ അദ്ദേഹം വീക്ഷിക്കുന്നത്. കടമ്മനിട്ടയുടെ ലോകവീക്ഷണം അടിസ്ഥാനപരമായി കീഴാളരുടേതു തന്നെയാണെന്ന് ഈ കവിത സ്പഷ്ടമാക്കുന്നു.
ganeshanmalayalam@gmail.com9495900209

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ