എന്താണ് പാഠം(Text)


പാഠം(text)


ഭാഷ,സംസ്‌കാരം,സമൂഹം തുടങ്ങിയ മേഖലകളെക്കുറിച്ച്‌ പ്രസക്തമായ പഠനങ്ങള്‍ നടത്തിയ പണ്ഡിതനാണ് റെയ്‌മണ്ട്‌ വില്യംസ്‌. സംസ്‌കാരപഠനത്തില്‍ അദ്ദേഹത്തിന്റെ 

താക്കോല്‍ ആശയങ്ങളിലൊന്നാണ്‌ പാഠ(Text)മെന്നത്‌. വായിക്കാനോ പഠിക്കാനോ വിശദീകരിക്കാനോ സാധിക്കുന്ന, വ്യാഖ്യാനിക്കാനോ വിശകലനം ചെയ്യാനോ സാധിക്കുന്ന ഏതൊരു സാംസ്‌കാരിക

ഉല്‍പ്പന്നവും പാഠമാകാം. വിപുലമായ അര്‍ത്ഥസാദ്ധ്യതകളെ ഉള്‍ക്കൊള്ളുന്ന, സംസ്‌കാരവിശകലന വഴികള്‍

തുറക്കുന്ന എന്തും ഏതും സംസ്‌കാരപഠനത്തിനുള്ള പാഠമാകുന്നു. ഉദാഹരണമായി, നോവല്‍ ഒരു മാനദണ്‌ഡമായെടുത്താല്‍ 

അതിലെ ഏതു ഘടകവും പാഠമാകാം.

പ്രമേയമോ, ചുറ്റുപാടുകളോ, കഥാപാത്രങ്ങളോ, സംഭവങ്ങളോ ഒക്കെ പാഠമാകാമെന്നര്‍ത്ഥം. ഒരു

ചലച്ചിത്രത്തിലോ ഒരു ടെലിവിഷന്‍ഷോയിലോ പ്രത്യക്ഷമാകുന്നതെന്തും പാഠമാകാം. സമൂഹത്തില്‍ വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ നടപ്പുള്ളതോ നടപ്പിലുണ്ടായിരുന്നതോ ആയ ആചാരങ്ങളോ അനുഷ്ഠാനങ്ങളോ

സാമൂഹിക സമ്പ്രദായങ്ങളോ പാഠമാകാം.

സാമ്പ്രദായികവും സങ്കുചിതവുമായ ധാരണകളെയെല്ലാം ഇതിലൂടെ  വില്യംസ്‌ വെല്ലുവിളിക്കുന്നു. 

എഴുതിയതോ പ്രിന്റ്‌ ചെയ്യപ്പെട്ടതോ ആയ ഡോക്യുമെന്റ്‌ മാത്രമാണ്‌ പാഠം എന്ന പരമ്പരാഗതധാരണയെ പൊളിച്ചെഴുതുകയാണ്‌ സംസ്‌കാരപഠനം.

നിശ്ചിതമായ ചരിത്ര/സാമൂഹിക/രാഷ്‌ട്രീയ/സാംസ്‌കാരിക സന്ദര്‍ഭങ്ങളില്‍

നിര്‍മ്മിക്കപ്പെട്ടതാണ്‌ പാഠം. അത്‌ ഒന്നിനെയും മാറ്റി നിര്‍ത്തുന്നില്ല. പാരമ്പര്യഘടകങ്ങളെന്നും

ഉന്നതസംസ്‌കാരരൂപങ്ങളെന്നും വരേണ്യസാഹിത്യമെന്നും ഒക്കെ വിളിപ്പെട്ടവയെ പഠനവിധേയമാക്കുകയും അതിന്റെ യഥാര്‍ത്ഥ പൊരുള്‍ വെളിച്ചത്തു കൊണ്ടുവരികയും ചെയ്യുന്നു.  സംസ്‌കാരം നിത്യവൃത്തികളുമായി

ചേർന്നു നില്ക്കുന്നു.

പാഠമെന്നത്‌ പോരാട്ടത്തിന്റെ ഇടമാണെന്ന്‌ റെയ്‌മണ്ട്‌ വില്യംസ്‌ കരുതുന്നു. വ്യത്യസ്‌ത

ആശയങ്ങളും പ്രത്യയശാസ്‌ത്രവുമൊക്കെ അതില്‍ കാണാം. ഒരു പാഠം വിശകലനം ചെയ്യുകയെന്നാല്‍ അര്‍ത്ഥമാക്കുന്നത്‌, അധികാരത്തിന്റെ പ്രയോഗരീതികളെയും പ്രത്യയശാസ്‌ത്രപരമായ അധിനിവേശങ്ങളെയും

മറനീക്കി പുറത്തുകൊണ്ടുവരികയെന്നതാണ്‌. അധീശ പ്രത്യയശാസ്‌ത്രങ്ങളെ കൂടുതല്‍ ബലപ്പെടുത്താൻ പാഠത്തിനു സാധിക്കുമെന്നത് പാഠത്തിന്റെ പ്രതികൂലസ്വഭാവമാണ്. എന്നാൽ, അവയ്‌ക്ക്‌ പ്രതിരോധത്തിന്റെ

ഇടങ്ങള്‍ തീര്‍ക്കാനും പോരാട്ടത്തിന്റെ വേറിട്ട കാഴ്‌ചപ്പാട്‌ അവതരിപ്പിക്കാനും കഴിയുമെന്ന പുരോഗമനപരവും വിപ്ലവകരവുമായ മെച്ചമുണ്ട്‌. ഒരു പാഠത്തെ അതിന്റെ സംസ്‌കാര സാഹചര്യത്തില്‍ത്തന്നെ മനസ്സിലാക്കണമെന്നതാണ്‌

വില്യംസിന്റെ നിലപാട്‌. 

ഒരു പാഠം ഒരിക്കലും തനിയെ നില്‌ക്കുന്ന ഒന്നല്ല,

മറിച്ച്‌, നിലനില്‌ക്കുന്ന/നിലവിലുള്ള സംസ്‌കാരത്തില്‍ മുഴുകിയതും അതിനാല്‍

രൂപം/ആകൃതി നല്‌കപ്പെട്ടതുമായ ഒന്നാണ്‌. പാഠത്തിന്റെ അര്‍ത്ഥം, ആശയം തുടങ്ങിയവയുടെ വിശകലനത്തിനായി അതിന്റെ നിശ്ചിതമായ സംസ്‌കാരസന്ദര്‍ഭങ്ങള്‍ അന്വേഷിക്കേണ്ടതുണ്ട്‌. സംസ്‌കാരമെന്നത്‌ സാധാരണമാണ്‌(Culture is Ordinary).

പാഠത്തെ സംബന്ധിച്ച്‌ വില്യംസും സംസ്‌കാരപഠനത്തിന്റെ വക്താക്കളും സൃഷ്‌ടിച്ച പുതുചിന്ത സാധാരണക്കാരിലേക്ക്‌ പഠനമേഖലകളെ അടുപ്പിച്ചു. അവര്‍ക്ക്‌ തങ്ങള്‍ മനുഷ്യരാണെന്ന ചിന്തയ്‌ക്ക്‌

അസ്‌തിത്വം നല്‌കി. നിത്യജീവിതവുമായും അദ്ധ്വാനപ്രക്രിയയുമായും സാമൂഹികബന്ധങ്ങളുമായും അതിൻ്റെ അന്വേഷണ ബന്ധപ്പെട്ടു കിടക്കുന്നു. ഉന്നതം/അധമം, വരേണ്യം/നീചം എന്നിങ്ങനെയുള്ള സാംസ്‌കാരികവേര്‍തിരിവുകള്‍ സംസ്‌കാരപഠനത്തില്‍ അപ്രസക്തമാകുന്നു.

ഒരു ആശയം കൂടി: ഓരോ പാഠവും അതാതിന്റേതായ കാലഘട്ടത്തില്‍ നിലവിലിരുന്ന അനുഭൂതി ഘടനകളെ

(Structure of Feeling) ആവിഷ്‌കരിക്കുന്നു. അതാതുകാലഘട്ടത്തിലെ അനുഭവങ്ങളെയും

പ്രത്യയശാസ്‌ത്രപരവുമായ ചലനങ്ങളെയും ഉള്‍ക്കൊള്ളുകയും ചെയ്യുന്നു. Structure of Feeling എന്നത്‌ വില്യംസ്‌ അവതരിപ്പിക്കുന്ന മഹത്തായ ആശയമാണ്‌. പ്രത്യക്ഷസാംസ്‌കാരികമൂല്യം പരിഗണിക്കാതെ എല്ലാ പാഠങ്ങള്‍ക്കും പഠനയോഗ്യതയുണ്ടെന്ന്‌ വില്യംസ്‌

അടയാളപ്പെടുത്തുന്നു. ഈ ജനാധിപത്യവത്‌കരണമാണ്‌, സാംസ്‌കാരിക വിശകലനത്തിന്റെ ഈ

ജനായത്തതയാണ്‌, സംസ്‌കാരപഠനമെന്ന ശാഖയുടെ വളര്‍ച്ചയില്‍ പ്രചോദനപരമായ പങ്കുവഹിച്ചത്‌.












അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഹിമവാൻ്റെ മുകൾത്തട്ടിൽ: രാജൻ കാക്കനാടൻ, ഭാഗം1

കരുണ - കുമാരനാശാൻ

സഭാപ്രവേശം - കുഞ്ചൻ നമ്പ്യാർ