ജീവത്തായ അനുഭവം-റെയ്‌മണ്ട്‌ വില്യംസിന്റെ നിലപാടുകള്‍

ജീവത്തായ അനുഭവം- റെയ്‌മണ്ട്‌ വില്യംസിന്റെ നിലപാടുകള്‍


സംസ്‌കാരപഠനത്തിന്റെ സ്ഥാപകനേതാക്കളിലൊരാളാണ്‌ റെയ്‌മണ്ട്‌ വില്യംസ്‌. സംസ്‌കാരപഠനമെന്ന

വിജ്ഞാനമണ്‌ഡലത്തിന്റെ ഭാഗമായി ജീവത്തായ അനുഭവ (Lived Experience) മെന്ന ആശയം

ആകൃതിപ്പെടുത്തുന്നതില്‍ അദ്ദേഹം നിര്‍ണ്ണായക പങ്കുവഹിച്ചു. തന്റെ

കൃതികളിലൂടെ സംസ്‌കാരമെന്നത്‌ ജീവത്തായ, ദൈനംദിന പ്രതിഭാസമാണെന്ന്‌ ഊന്നിപ്പറയുകയും

സാധാരണജനങ്ങളുടെ അനുഭവങ്ങള്‍ എങ്ങനെയാണ്‌ വിശാലമായ സാമൂഹിക സാംസ്‌കാരിക പ്രക്രിയകളിൽ

കേന്ദ്രസ്ഥാനത്തു വരുന്നതെന്ന്‌ വ്യക്തമാക്കുകയും ചെയ്‌തു. സംസ്‌കാരം, സമൂഹം, ഭാഷ എന്നിവയെക്കുറിച്ചുള്ള വില്യംസിൻ്റെ സിദ്ധാന്തങ്ങളിലെല്ലാം ജീവത്തായ അനുഭവങ്ങളെക്കുറിച്ചുള്ള

കാഴ്‌ചപ്പാടുകളുണ്ട്‌.

അവ അദ്ദേഹത്തെ സംസ്‌കാരപഠനത്തിൻ്റെ പ്രമുഖ വക്താവാക്കി.

ജീവത്തായ അനുഭവങ്ങളെക്കുറിച്ചുള്ള വില്യംസിന്റെ ധാരണകളിലേക്കു പ്രവേശിക്കും മുമ്പ്‌

സംസ്‌കാരത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ആശയങ്ങള്‍ വിശദമാക്കേണ്ടതുണ്ട്‌.


സംസ്‌കാരത്തെ

അദ്ദേഹം ‘സമഗ്രമായ ജീവിതശൈലി’യെന്ന്‌ നിര്‍വചിച്ചു. കലകളും ബൗദ്ധികനേട്ടങ്ങളും മാത്രമല്ല,

സാധാരണക്കാരുടെ ദിനേനയുള്ള ആചാരങ്ങളും മൂല്യങ്ങളും വിശ്വാസങ്ങളും അതുള്‍ക്കൊള്ളുന്നു. സംസ്‌കാരം

വരേണ്യരുടേതാണെന്ന്‌ അദ്ദേഹം കരുതുന്നില്ല. സംസ്‌കാരം എല്ലാവരെയും ബാധിക്കുന്ന വിഷയമാണ്‌. ഓരോ വ്യക്തിയും അവരവരുടെ ദൈനംദിനജീവിതത്തില്‍ അനുഭവിക്കുകയും ജീവിക്കുകയും ചെയ്‌ത പ്രക്രിയയാണത്‌. പരമ്പരാഗതസങ്കല്‌പങ്ങളെ വെല്ലുവിളിക്കാനാകും മട്ടില്‍ വിപ്ലവകരമായിരുന്നു

വില്യംസിന്റെ സംസ്‌കാരവീക്ഷണം. പരമ്പരാഗത സംസ്‌കാരസങ്കല്‌പങ്ങള്‍ വരേണ്യസംസ്‌കാരത്തെയും

ജനകീയ/ബഹുജന സംസ്‌കാരത്തെയും പരസ്‌പരം വേര്‍തിരിച്ചിരുന്നു.

സംസ്‌കാരം ഒരേ സമയം ഒരു ഉല്‍പ്പന്നവും പ്രക്രിയയുമാണെന്ന്‌ വില്യംസ്‌ വാദിച്ചു. ആളുകള്‍

നിര്‍മ്മിക്കുന്ന മൂര്‍ത്തമായ സംസ്‌കാരോല്‍പ്പന്നങ്ങളും

(കല,സാഹിത്യം,സാംസ്‌കാരികപ്രവര്‍ത്തനങ്ങള്‍) സമ്പ്രദായങ്ങളും പ്രയോഗങ്ങളും

ഉള്‍ക്കൊള്ളുന്നതിനാലാണ്‌ അതിനെ ഉല്‍പ്പന്നമായി കരുതുന്നത്‌.


സംസ്‌കാരം ഒരു പ്രക്രിയയാകുന്നത്‌,

ഒരു സമൂഹത്തിനുള്ളിലെ അര്‍ത്ഥങ്ങളുടെ നിരന്തരസൃഷ്‌ടിയും ചര്‍ച്ചകളും ഉള്‍ച്ചേരുന്നതിനാലാണ്‌.പ്രക്രിയകളാണ്‌ ജീവത്തായ അനുഭവങ്ങളെ വളരെ പ്രധാനപ്പെട്ടതാക്കുന്നത്‌. കാരണം,

ദൈനംദിനാനുഭവങ്ങളിലൂടെയാണ്‌ ആളുകള്‍ സാംസ്‌കാരികാര്‍ത്ഥങ്ങളെ ഉല്‍പ്പാദിപ്പിക്കുകയും

അഭിമുഖീകരിക്കുകയും വ്യാഖ്യാനിക്കുകയും ചെയ്യുന്നത്‌.

സാംസ്‌കാരികപഠനങ്ങളില്‍ ഏറെ സ്വാധീനം ചെലുത്തിയ ആശയങ്ങളിലൊന്നാണ്‌

`വൈകാരികഘടനകള്‍'

(Structure of Feeling). `അനുഭൂതിയുടെ ഘടന'യെന്നും അനുഭവഘടനയെന്നും

തര്‍ജ്ജമയുണ്ട്‌. ഈ പദം

ഒരു പ്രത്യേക സാമൂഹിക വിഭാഗത്തെയോ ചരിത്രകാലഘട്ടത്തെയോ സവിശേഷമാക്കുന്ന

മൂല്യങ്ങളുടെ പങ്കിടല്‍, വികാരങ്ങള്‍(അനുഭൂതികള്‍), അനുഭവങ്ങള്‍ എന്നിവയെ സൂചിപ്പിക്കുന്നു.

പ്രത്യയശാസ്‌ത്രങ്ങള്‍ അല്ലെങ്കില്‍ സ്ഥാപനങ്ങള്‍ തുടങ്ങിയ വളരെ ഔപചാരികമായ

സാംസ്‌കാരികഘടനകള്‍ വൈകാരികഘടനകളെ പൂര്‍ണ്ണമായി വ്യക്തമാക്കുകയോ ബോധപൂര്‍വം

തിരിച്ചറിയുകയോ ചെയ്യുന്നില്ല. എന്നാല്‍ അതില്‍ നിന്നും വ്യത്യസ്‌തമായി, ആളുകളുടെ ദൈനംദിന

ജീവിതത്തില്‍ അവ അനുഭവപ്പെടുകയും അനുഭവിക്കുകയും ചെയ്യുന്നു.

കല,സാഹിത്യം,മാദ്ധ്യമം എന്നിങ്ങനെ സംസ്‌കാരമുദ്രകളെന്നു വിളിക്കപ്പെടുന്ന ഔപചാരിക  രൂപങ്ങളും അനൗപചാരികവും പറയപ്പെടാത്തതുമായ സാധാരണക്കാരുടെ ജീവിതാനുഭവങ്ങളും തമ്മിലുള്ള അകല്‌ച്ച സംബോധനചെയ്യാനാണ്‌ `വികാരങ്ങളുടെ ഘടന' എന്ന ആശയം വില്യംസ്‌ വികസിപ്പിച്ചത്‌.


വ്യക്തിയുടെ

ജീവിതാനുഭവങ്ങളുമായി ബന്ധപ്പെട്ടവയാണ്‌ ഈ വികാരഘടനകള്‍. അവരെങ്ങനെ ലോകം കാണുന്നു,

ലോകവുമായി ഇടപഴകുന്നുവെന്നതിനെയെല്ലാം ഇത്‌ സ്വാധീനിക്കുന്നു. ഈ അനുഭവങ്ങള്‍ എല്ലായ്‌പ്പോഴും

പ്രകടിപ്പിക്കാന്‍ എളുപ്പമല്ല, കാരണം, അവ പലപ്പോഴും വാക്കുകള്‍ക്കതീതവും

ദൈനംദിനജീവിതത്തിന്റെ നിര്‍മ്മിതിയില്‍ ആഴത്തില്‍ മുഴുകിയതുമാണ്‌.

വില്യംസിനെ സംബന്ധിച്ച്‌ ജീവത്തായ അനുഭവമെന്ന ആശയം സംസ്‌കാരത്തെ മനസ്സിലാക്കുന്നതിനുള്ള

ഹൃദയഭാഗമാണ്‌. വ്യത്യസ്‌ത ചരിത്രകാലഘട്ടങ്ങളെയും സാമൂഹികവിഭാഗങ്ങളെയും നിര്‍വചിക്കുന്ന

വികാരഘടനകളെ നമുക്കു മനസ്സിലാക്കാന്‍ സാധിക്കുന്നത്‌ വ്യക്തികളുടെയും സമൂഹങ്ങളുടെയും

ജീവിതാനുഭവങ്ങളിലൂടെയാണ്‌. ഈ സമീപനം, സംസ്‌കാരത്തെ കൂടുതല്‍ സൂക്ഷ്‌മമായറിയാന്‍

ഉപകരിക്കുന്നു. സാമൂഹികജീവിതം രൂപപ്പെടുത്തുന്നതില്‍ വികാരങ്ങള്‍, സ്വാധീനത, നിത്യജീവിത

സമ്പ്രദായങ്ങള്‍ എന്നിവയുടെ പ്രാധാന്യം തിരിച്ചറിയുന്നു.

സാധാരണയിലും

നിത്യജീവിതത്തിലുമുള്ള അദ്ദേഹത്തിന്റെ താല്‍പ്പര്യങ്ങള്‍ ഇവിടെ വ്യക്തമാണ്.


സംസ്‌കാരം എങ്ങനെ

പ്രവര്‍ത്തിക്കുന്നുവെന്നു മനസ്സിലാക്കാന്‍ സാധാരണക്കാരുടെ ദൈനംദിനപ്രവര്‍ത്തനങ്ങളും അനുഭവങ്ങളും

കേന്ദ്രമാക്കാമെന്ന്‌ അദ്ദേഹം ചിന്തിച്ചു. ദൈനംദിന ജീവിതത്തിന്റെ സാംസ്‌കാരികപ്രാധാന്യത്തെ

അവഗണിച്ചുകൊണ്ട്‌ സാഹിത്യം, കല, തത്ത്വചിന്ത തുടങ്ങിയ സംസ്‌കാരത്തിന്റെ വരേണ്യരൂപങ്ങളില്‍

ശ്രദ്ധ കേന്ദ്രീകരിക്കുന്ന മുന്‍കാല സാംസ്‌കാരിക സിദ്ധാന്തങ്ങളില്‍ നിന്നുള്ള മുഖ്യമായ വ്യതിചലനമായിരുന്നു ഈ സമീപനം.

`ദി ലോംഗ്‌ റെവലൂഷന്‍', `കള്‍ച്ചര്‍ ആന്റ്‌ സൊസൈറ്റി' മുതലായ കൃതികളില്‍ സാധാരണക്കാരുടെ

ജോലി, വിശ്രമം, ഒഴിവുസമയം, ഗാര്‍ഹികജീവിതം എന്നിവയുള്‍പ്പെടെയുള്ള അനുഭവങ്ങള്‍ സമൂഹത്തെ

രൂപപ്പെടുത്തുന്നതില്‍ മറ്റ്‌ ഔപചാരികസ്ഥാപനങ്ങള്‍ പോലെ തന്നെ പ്രധാനമാണെന്ന്‌ വില്യംസ്‌

വാദിച്ചു. ഈ നിത്യജീവിതാനുഭവങ്ങള്‍ വിശാലമായ സാമൂഹികഘടനയുടെ വെറും അലസമായ

പ്രതിഫലനങ്ങള്‍ അഥവാ നിഷ്‌ക്രിയ പ്രതിഫലനങ്ങള്‍ മാത്രമല്ലെന്നും

സാംസ്‌കാരികോല്‍പ്പാദനത്തിന്റെയും ചര്‍ച്ചകളുടെയും സജീവമണ്‌ഡലങ്ങളാണെന്നും അദ്ദേഹം വാദിച്ചു.

നിത്യജീവിതാനുഭവങ്ങളെന്ന ചിന്തയില്‍ ശ്രദ്ധ പതിപ്പിക്കാനായത്‌ 

സംസ്കാരത്തിൻ്റെ ജനാധിപത്യപരമായ സമീപനത്തിലേക്കു നയിച്ചു. സാധാരണക്കാരുടെ ജീവിതാനുഭവങ്ങള്‍

ശ്രദ്ധിക്കുന്നതിലൂടെ സംസ്‌കാരപഠിതാക്കള്‍ക്ക്‌ സംസ്‌കാരത്തിന്റെയും സമൂഹത്തിന്റെയും

സങ്കീര്‍ണ്ണതകള്‍ നന്നായി മനസ്സിലാക്കാന്‍ സാധിക്കുമെന്ന്‌ അദ്ദേഹം വിശ്വസിച്ചു.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഹിമവാൻ്റെ മുകൾത്തട്ടിൽ: രാജൻ കാക്കനാടൻ, ഭാഗം1

കരുണ - കുമാരനാശാൻ

സഭാപ്രവേശം - കുഞ്ചൻ നമ്പ്യാർ