അധീശസംസ്‌കാരത്തിനെതിരായ വിമര്‍ശനവും റെയ്‌മണ്ട്‌ വില്യംസും

അധീശസംസ്‌കാരത്തിനെതിരായ വിമര്‍ശനവും റെയ്‌മണ്ട്‌ വില്യംസും


ജീവത്തായ അനുഭവങ്ങളിലെന്നതുപോലെ വില്യംസിന്റെ ശ്രദ്ധ അധീശസംസ്‌കാരവിമര്‍ശനത്തിലുമുണ്ട്‌. അധീശസാംസ്‌കാര രൂപങ്ങള്‍ പലപ്പോഴും സാധാരണജനങ്ങളുടെ, [വിശേഷിച്ച്‌

അദ്ധ്വാനിക്കുന്ന വര്‍ഗ്ഗത്തിലോ, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമുദായങ്ങളിലോ ഉള്ളവരുടെ] ജീവത്തായ അനുഭവങ്ങളെ, 

മറയ്‌ക്കുകയോ പാര്‍ശ്വവല്‍ക്കരിക്കുകയോ ചെയ്യുന്നുവെന്ന്‌ അദ്ദേഹം അഭിപ്രായപ്പെട്ടു.

സംസ്‌കാരത്തിന്റെ ജനാധിപത്യവല്‍ക്കരണത്തെ മുന്‍നിര്‍ത്തി അസമത്വം നിലനിര്‍ത്തുന്ന

അധികാരഘടനകളെ വെല്ലുവിളിക്കുന്ന വിശാലമായ രാഷ്‌ട്രീയപദ്ധതിയുടെ മർമ്മമായി ഈ വിമര്‍ശനം

പരിണമിച്ചു.

വില്യംസിനെ സംബന്ധിച്ചിടത്തോളം അധീശസംസ്‌കാര രൂപങ്ങള്‍ക്കെതിരായ ചെറുത്തുനില്‌പിന്റെ

ഇടമാണ്‌ ജീവത്തായ അനുഭവം. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെയോ പുറന്തള്ളപ്പെട്ടവരുടെയോ

അനുഭവങ്ങളില്‍ നിന്നും, അധീശസംസ്‌കാരാധിപത്യത്തെ വെല്ലുവിളിക്കാനും ബദല്‍ശബ്‌ദങ്ങള്‍ക്കും

കാഴ്‌ചപ്പാടുകള്‍ക്കുമുള്ള ഇടം സൃഷ്‌ടിക്കാനും സാധിക്കുമെന്ന്‌ അദ്ദേഹം വിശ്വസിച്ചു.

ജീവത്തായ അനുഭവങ്ങളെ സംബന്ധിച്ച ഈ സമീപനം സാംസ്‌കാരിക ഭൗതികവാദത്തോടുള്ള വില്യംസിന്റെ

പ്രതിബദ്ധതയോടു യോജിക്കുന്നു. സംസ്‌കാരത്തെ രൂപപ്പെടുത്തുന്ന, ഭൗതികസാഹചര്യങ്ങളിലും

അധികാരബന്ധങ്ങളിലും ഇത്‌ ഊന്നുന്നു. ജീവത്തായ അനുഭവങ്ങളില്‍ ശ്രദ്ധയൂന്നി സംസ്‌കാരത്തെ

രൂപപ്പെടുത്തുകയോ സംസ്‌കാരത്താല്‍ രൂപപ്പെടുകയോ ചെയ്യുന്ന ഭൗതികസാഹചര്യങ്ങളെ വര്‍ഗ്ഗസമര

പശ്ചാത്തലത്തില്‍ വിശകലനം ചെയ്യാനുള്ള മാര്‍ഗ്ഗം വില്യംസ്‌ ആരാഞ്ഞു.

റെയ്‌മണ്ട്‌ വില്യംസിന്റെ ജീവത്തായ അനുഭവത്തെ സംബന്ധിക്കുന്ന സിദ്ധാന്തം സംസ്‌കാരപഠനത്തില്‍

ഒരു നാഴികക്കല്ലാണ്‌. നിത്യജീവിതാനുഭവങ്ങള്‍, വൈകാരികഘടന, സാധാരണക്കാരുടെ ശബ്‌ദം മുതലായവയുടെ പ്രാധാന്യത്തില്‍ ഊന്നിയതോടെ, എങ്ങനെ സംസ്‌കാരം പഠിക്കുകയും മനസ്സിലാക്കുകയും

ചെയ്യാമെന്ന രീതികള്‍ അദ്ദേഹം മാറ്റിമറിച്ചു. അതോടൊപ്പം,

അധീശസംസ്‌കാരരൂപങ്ങളെ

വെല്ലുവിളിക്കുകയും സംസ്‌കാരത്തിന്റെ ജനാധിപത്യമുഖത്തിന്‌ മിഴിവേകുകയും ചെയ്‌തു.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഹിമവാൻ്റെ മുകൾത്തട്ടിൽ: രാജൻ കാക്കനാടൻ, ഭാഗം1

കരുണ - കുമാരനാശാൻ

സഭാപ്രവേശം - കുഞ്ചൻ നമ്പ്യാർ