ഓണം അന്നും ഇന്നും (കവിത)


ഓണമൊരൂണ് മാത്രമാകല്ലേ

ഗണേശൻ വി.

ഓണമൊരൂണല്ലാ

തിരുന്നകാലത്തിൻ

സമൃദ്ധി താളങ്ങൾ

പറകൊട്ടിപ്പാടി


തെളിഞ്ഞൊരാകാശ

പ്പരപ്പിനു ചോട്ടിൽ

ചിറകടിച്ചാർത്തു

മദിച്ചു പക്ഷികൾ.


മഴവില്ലിൻ നിറം

പുരളും ദേഹത്തിൽ

ഒളിമിന്നി,കളി

പറഞ്ഞു മാമല.


ഇളം കുളിരല

തലതല്ലി ചിരി -

ച്ചിളകി മോദത്തിൻ

പുതുപുളകത്താൽ


മുളയ്ക്കും പായലി -

ലൊളിക്കും മീനുകൾ:

പളുങ്കു ഗോലികൾ

തെളുതെളെ മിന്നി.


ഇടവഴി നൃത്തം

ചവിട്ടി പൂക്കളാൽ

വള പൂണ്ട കൈകൾ

ചലിച്ചു വേഗത്തിൽ


നിറഞ്ഞു കൂടകൾ

വിരിഞ്ഞു മാനസം;

വരുന്നൊരോണത്താർ

മെതിക്കും പൂക്കളം.


കതിർ മെല്ലെ തൊപ്പി

യിളക്കി നോക്കുന്നു

കൃഷകൻ്റെ കണ്ണിൽ

സുവർണ്ണ രശ്മികൾ


വിശേഷവും ചൊല്ലി

യണഞ്ഞു തുമ്പികൾ

കതിർ കൊയ്യാനായോ?

പറന്നു നോക്കുന്നു.


വിഹരിപ്പൂ ചിത്ര

ശലഭങ്ങൾ വാനി,

ലണവു നക്ഷത്ര

പ്പൊരി നിറവുമായ്


ഇളംവെയിൽ നന്മ

പറയുവാനെത്തി

മധുമഴ ചാറി

മിഴിപൊത്തി വാങ്ങി


കുളിർപ്പുഴ ജലം

മുറുകെപ്പുണർന്നു

ശിരസ്സിലുമ്മകൾ

മഴത്തുള്ളികളും


അടഞ്ഞ കണ്ണുകൾ

തുറന്നു തുമ്പകൾ

ഉമയുടെ പാദം

വിടർന്നു തൂമയായ്


മുറിച്ച നാക്കില

നിറയെ ഹൃദ്യമാം

വിഭവങ്ങളമ്മ

വിളമ്പിയുട്ടുന്നു.


കപടമില്ലാത്ത

പഴയൊരോണത്തിൻ

വിചാരമെന്നുള്ളിൽ

വസന്തം തീർക്കുന്നു.


ഉപഭോഗകാല

നരകവേദന

ഉദരവ്യാധിയായ്

പടരും കാലത്തിൽ,


വികസനഭ്രമ

മനോരോഗങ്ങളാൽ

പൊളിഞ്ഞു കുന്നുകൾ

നികന്നു തോടുകൾ


ഉയർന്നു കെട്ടിട

വലുതാം കോട്ടകൾ

വലിയോർ വാഴുന്ന

ചെറുതുരുത്തുകൾ.


വലിയ സ്ക്രീനിലെ

നിറഞ്ഞ ചിത്രങ്ങൾ

നുണയവേയെത്തും

രസികൻ പാർസലും


അടുപ്പിലൊന്നുമേ

പുകയേണ്ട മന്ദം

വിളി കൊണ്ട ഫുഡിൻ

സുഖം നുകരുക.


പുറത്തിറങ്ങേണ്ട

സുഹൃത്തുക്കൾ ചാറ്റിൽ

വരുന്നു ഫോണിലെ

മുഖപ്പിൻ മീതെയായ്!


മഴ കൊണ്ടാൽ പനി,

ചുമ, ജലദോഷം

അതിനാലില്ലല്ലോ

പുറം യാത്ര തെല്ലും!


നിറം വറ്റി ശുഷ്ക

ശരീരിയായോണം

റെഡിമേഡു പൂക്കൾ !

നിറഞ്ഞാടുമോണം !


ഗതകാലഘോഷ

മകന്നുപോകുമ്പോൾ

അണവു ചൂഷണം

മാവേലിതൻ പേരിൽ !


ഓണമൊരൂണല്ല,

നന്മ,നിറങ്ങളും

മോദവും സൗഹൃദ

മോടിയും ചേരുന്ന


വിശ്വനിലാപ്പൂക്കൾ

ശാന്തിതൻ താരകം

മേളിക്കുമാഘോഷം

ഓണമെന്നും വെൽക!


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഹിമവാൻ്റെ മുകൾത്തട്ടിൽ: രാജൻ കാക്കനാടൻ, ഭാഗം1

കരുണ - കുമാരനാശാൻ

സഭാപ്രവേശം - കുഞ്ചൻ നമ്പ്യാർ