Lived Experience എന്ന ആശയം(സംസ്കാരപഠനം)

ജീവത്തായ അനുഭവം (Lived Experience) എന്ന ആശയം (സംസ്‌കാരപഠനം)


സംസ്‌കാരപഠനത്തിലെ സുപ്രധാന ആശയമാണ്‌ ജീവത്തായ അനുഭവം (Lived Experience).

വ്യക്തികളുടെയും സമുദായങ്ങളുടെയും ദൈനംദിന (നിത്യജീവിത/ദിനേനയുളള) യാഥാര്‍ത്ഥ്യങ്ങള്‍

പരിശോധിക്കാനുള്ള സൂക്ഷ്‌മദര്‍ശിനിയാണത്‌. സാംസ്‌കാരികസ്വത്വ നിര്‍മ്മിതി,

സാമൂഹികബന്ധങ്ങള്‍, അധികാര പ്രയോഗതന്ത്രങ്ങള്‍ മുതലായവ രൂപപ്പെടുത്തുന്നതില്‍ വൈയക്തികവും കൂട്ടായതുമായ

അനുഭവങ്ങള്‍ക്കുള്ള പ്രാധാന്യം പ്രസ്‌തുത ആശയം ഊന്നിപ്പറയുന്നു. ജീവത്തായ അനുഭവങ്ങളില്‍ തല്‍പ്പരരാകുന്നതോടെ അമൂര്‍ത്തമായ (രൂപമില്ലാത്ത,

Abstract) ആശയങ്ങള്‍ക്കപ്പുറം കടന്നുചെന്ന്‌ ആളുകളുടെ മൂര്‍ത്തമായ (Concrete) ദൈനംദിന ജീവിതവുമായി ഇടപഴകാന്‍ 

സംസ്‌കാരപഠിതാക്കള്‍ക്കു സാധിക്കുന്നു. യഥാര്‍ത്ഥ ലോകസാഹചര്യങ്ങളില്‍ സംസ്‌കാരം എങ്ങനെ

ജീവിച്ചു, അനുഭവപ്പെട്ടു, പ്രയോഗിച്ചുവെന്നുള്ള തലങ്ങള്‍ അതു വെളിപ്പെടുത്തുന്നു.

ജീവത്തായ അനുഭവം വ്യക്തികളുടെ നേരനുഭവങ്ങളാണ്‌. അത്‌ ജീവിതത്തിന്റെ വ്യക്തിപരവുംവൈകാരികവും ആത്മനിഷ്‌ഠവുമായ മാനങ്ങളെ സൂചിപ്പിക്കുന്നു.

ആളുകളുടെ ദൈനംദിന ഇടപെടലുകള്‍ ചുറ്റുപാടുകള്‍, സ്വത്വങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ ഗ്രഹിക്കാനും വ്യാഖ്യാനിക്കാനുംബോദ്ധ്യമുളവാക്കാനുമുള്ള രീതികള്‍ ഇത്‌ ഉള്‍ക്കൊള്ളുന്നു.

ജീവത്തായ അനുഭവം സാമൂഹികപ്രതിഭാസമാണ്‌. സാമൂഹികവും സാംസ്‌കാരികവുമായ ലോകങ്ങളില്‍ ഇടപഴകുന്നവരുടെവ്യക്തിപരമായ ആഖ്യാനങ്ങളും വിവരണങ്ങളും ഉള്‍ക്കാഴ്‌ചകളും ജീവത്തായ അനുഭവമെന്ന ആശയത്തെ പ്രബലമാക്കുന്നു.

സംസ്‌കാരപഠനത്തില്‍ `ജീവത്തായ അനുഭവം' നിര്‍ണ്ണായകമാകാൻ കാരണം,

മുഖ്യധാരാവ്യവഹാരങ്ങളില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെടുകയോ നിശ്ശബ്‌ദരാക്കപ്പെടുകയോ ചെയ്യുന്നവരുടെ

ശബ്‌ദങ്ങളിലും വീക്ഷണങ്ങളിലും അതു ശ്രദ്ധയൂന്നുന്നു എന്നുള്ളതാണ്.


സംസ്‌കാരമെന്നത്‌ ആളുകള്‍ക്ക്‌

വെറുതെ സംഭവിക്കുന്ന മാറ്റമല്ല. പ്രത്യുത, ആളുകള്‍ വളരെ സജീവമായി പങ്കെടുക്കുകയും

സൃഷ്‌ടിക്കുകയും ചെറുത്തുനില്‌ക്കുകയും ചെയ്‌തുകൊണ്ട്‌ കെട്ടിപ്പടുക്കുന്ന ഒന്നാണെന്ന്‌ തിരിച്ചറിഞ്ഞ്‌,

സംസ്‌കാരത്തെ അതിന്റെ അടിത്തറയില്‍ നിന്നുകൊണ്ടു തന്നെ മനസ്സിലാക്കേണ്ടതിന്റെ

ആവശ്യകതയിലേക്ക്‌ ഇതു വിരല്‍ ചൂണ്ടുന്നു.

ജീവത്തായ അനുഭവവും സ്വത്വരൂപീകരണവും

സ്വത്വരൂപീകരണത്തില്‍ ജീവത്തായ അനുഭവങ്ങള്‍ക്ക്‌ വലിയ പങ്കുണ്ട്‌. വംശം, ലിംഗം, വര്‍ഗ്ഗം,

വര്‍ണം, ദേശീയത മുതലായവയെ അടിസ്ഥാനമാക്കി രൂപം കൊള്ളുന്നതാണ്‌ സ്വത്വം. ഇപ്രകാരം രൂപംകൊള്ളുന്ന സ്വത്വത്തെ ജീവത്തായ അനുഭവങ്ങള്‍ തുടര്‍ച്ചയായി രൂപപ്പെടുത്തുകയും വീണ്ടും വീണ്ടും

ആകൃതിപ്പെടുത്തുകയും ചെയ്യുന്നു. വെള്ളക്കാര്‍ക്ക്‌ ആധിപത്യമുള്ള ഒരു സമൂഹത്തില്‍ ഒരു കറുത്ത

സ്‌ത്രീയുടെ ജീവിതാനുഭവങ്ങള്‍ അവളുടെ സ്വത്വത്തെ കറുപ്പ്‌, സ്‌ത്രീ എന്നിങ്ങനെ

രൂപപ്പെടുത്തുന്നതില്‍ മുഖ്യപങ്കുവഹിക്കുന്നു. വംശീയവും ലിംഗപരവുമായി അവര്‍ക്കുണ്ടായ ജീവത്തായ

അനുഭവങ്ങള്‍ തന്നെക്കുറിച്ചും സമൂഹത്തില്‍ അവളുടെ നിലയെ/സ്ഥാനത്തെക്കുറിച്ചുമുള്ള ധാരണകള്‍

സൃഷ്‌ടിക്കുന്നു.

ലിംഗഭേദത്തെ സംബന്ധിച്ച പരമ്പരാഗതസിദ്ധാന്തങ്ങളെ വിമര്‍ശിക്കാനും ഒപ്പം അവയെ

വിപുലീകരിക്കാനും ഫെമിനിസ്റ്റു സൈദ്ധാന്തികര്‍ ജീവത്തായ അനുഭവം എന്ന ആശയം വ്യാപകമായി

ഉപയോഗിച്ചു. സ്‌ത്രീകളുടെ, വിശേഷിച്ച്‌ പാര്‍ശ്വവത്‌കരിക്കപ്പെട്ട വിഭാഗങ്ങളില്‍

നിന്നുള്ളവരുടെ ദൈനംദിനാനുഭവങ്ങള്‍ കേന്ദ്രീകരിച്ചു കൊണ്ട്‌ ലിംഗപരമായ സ്വത്വങ്ങള്‍ എങ്ങനെ

നിര്‍മ്മിക്കപ്പെടുന്നുവെന്നും മത്സരിക്കുന്നുവെന്നും അവര്‍ സിദ്ധാന്തിച്ചു.

സാര്‍വലൗകികാടിസ്ഥാനത്തില്‍ തന്നെ ഈ സമീപനം പുരുഷാധിപത്യാഖ്യാനങ്ങളെ വെല്ലുവിളിക്കുന്നു.

ലിംഗവിവേചനം അനുഭവിക്കുന്നവരുടെ വൈവിദ്ധ്യമാര്‍ന്ന ജീവിതയാഥാര്‍ത്ഥ്യങ്ങള്‍ പരിഗണിക്കാതെ

ലിംഗവിവേചനം മനസ്സിലാക്കാന്‍ കഴിയില്ലെന്ന്‌ ഇതിലൂടെ തെളിയിക്കുകയാണവര്‍.

അതുപോലെ കുടിയേറ്റക്കാരും പ്രവാസി സമുദായങ്ങളും സംഘങ്ങളും സാംസ്‌കാരികമായ സ്ഥാനഭ്രംശം,

പരിതഃസ്ഥിതികളോടിണങ്ങല്‍, സങ്കരത്വം മുതലായ സങ്കീര്‍ണ്ണതകള്‍ അനുഭവിക്കുന്നു. ഒന്നിലധികം

സാംസ്‌കാരികസ്വത്വങ്ങളുമായും ഭാഷകളുമായും ഇടങ്ങളുമായും പെരുമാറേണ്ടിവരുന്ന ഈ കൂട്ടരുടെ

ജീവത്തായ അനുഭവങ്ങള്‍ സ്വത്വത്തെയും സ്വന്തബന്ധങ്ങളെയും സംബന്ധിച്ച ലളിതമായ സങ്കല്‌പനങ്ങളെ

വെല്ലുവിളിക്കുകയും സാംസ്‌കാരികസ്വത്വങ്ങളുടെ ചലനാത്മകവും അയവുള്ളതുമായ സ്വഭാവം

ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യുന്നു. ഈ സന്ദര്‍ഭത്തിലും ജീവത്തായ അനുഭവങ്ങള്‍ മുഖ്യമാകുന്നു.

സംസ്‌കാരപഠനത്തില്‍ അധികാരബന്ധങ്ങള്‍ വിശകലനം ചെയ്യുന്നതിന്‌ ജീവത്തായ അനുഭവങ്ങള്‍

സംബന്ധിച്ച ആശയം പ്രധാനമായും ഉപയോഗിക്കുന്നു. മിഷേല്‍ ഫൂക്കോയുടെ അധികാരത്തെയും

വിജ്ഞാനത്തെയും സംബന്ധിച്ച സങ്കല്‌പനങ്ങള്‍ അടിവരയിടുന്നത്‌ അധികാരം മുകളില്‍ നിന്നും

അടിച്ചേല്‌പിക്കുന്നതു മാത്രമല്ല, ദൈനംദിനജീവിതത്തില്‍ ചര്‍ച്ചാവിഷയമാവുകയും ചെറുക്കപ്പെടുകയും

ചെയ്യുന്ന ഒന്നുകൂടിയാണെന്നതാണ്‌. വ്യക്തികളുടെ നിത്യജീവിതയാഥാര്‍ത്ഥ്യങ്ങളെ സ്വാധീനിക്കുകയും

രൂപപ്പെടുത്തുകയും ചെയ്യുന്ന ജീവത്തായ അനുഭവങ്ങള്‍ അധികാരം എങ്ങനെയാണ്‌ സൂക്ഷ്‌മതലത്തില്‍

പ്രവര്‍ത്തിക്കുന്നതെന്ന്‌ മനസ്സിലാക്കികത്തരുന്ന ഉപാധികൂടിയാണ്‌.

ഉദാഹരണത്തിന്‌, ഉപസംസ്‌കാരങ്ങളെക്കുറിച്ചുള്ള പഠനങ്ങളിലും ജീവത്തായ അനുഭവങ്ങള്‍

നിര്‍ണ്ണായകമാണ്‌. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട(marginalized groups) വിഭാഗങ്ങള്‍ അധീശ

നിയമങ്ങളെ പ്രതിരോധിക്കുകയും ബദല്‍ സ്വത്വങ്ങളും ഇടങ്ങളും സൃഷ്‌ടിക്കുകയും ചെയ്യുന്നു. ഫാഷന്‍, സംഗീതം, ഭാഷ മുതലായവ മുഖ്യധാരാസംസ്‌കാരത്തെ ചെറുക്കാനും സ്വന്തം സ്വത്വം സ്ഥാപിക്കാനുമായി

LGBTQ മുതലായ സമൂഹങ്ങള്‍ ഉപയോഗിക്കുന്നത്‌ ഉദാഹരണം. വെറും ശൈലിമാത്രമായോ

സൗന്ദര്യശാസ്‌ത്രമോ ആയി ഇതിനെ വിലയിരുത്താനാകില്ല. പ്രസ്‌തുത വിഭാഗങ്ങളെ എപ്പോഴും

പാര്‍ശ്വവല്‍ക്കരിക്കുകയോ കുറ്റപ്പെടുത്തുകയോ ചെയ്യുന്ന ഒരു ലോകത്ത്‌ അവ ആഴത്തില്‍

ചെറുത്തുനില്‌പിന്റെയും അതിജീവനത്തിന്റെയും ജീവത്തായ അനുഭവങ്ങളില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്നു.

വംശീയത,ലിംഗവിവേചനം, വര്‍ഗ്ഗീയത, വര്‍ഗ്ഗപരത എന്നിങ്ങനെ വ്യക്തികളെയോ സമുദായങ്ങളെയോ

ബാധിക്കുന്ന ഘടനാപരമായ അസമത്വങ്ങള്‍ മനസ്സിലാക്കുന്നതിന്‌ ജീവത്തായ അനുഭവം ഉപകരിക്കുന്നു.

സ്‌ത്രീകള്‍, അദ്ധ്വാനിക്കുന്ന വര്‍ഗ്ഗം, പാര്‍ശ്വവത്‌കൃതവിഭാഗം, വ്യത്യസ്‌ത തൊലിനിറമുള്ളവര്‍

മുതലായവരുടെ ജീവത്തായ അനുഭവങ്ങള്‍ വ്യവസ്ഥാപിതമായ അടിച്ചമര്‍ത്തല്‍ എങ്ങനെ അനുദിനം

അനുഭവിക്കുകയും അനുഭവപ്പെടുകയും ചെയ്യുന്നുവെന്നതിന്റെ ഉള്‍ക്കാഴ്‌ചകള്‍ പകരുന്നു.

എല്ലാവിധത്തിലുമുള്ള അടിച്ചമര്‍ത്തലുകള്‍ക്കുമെതിരായ പ്രതികരണങ്ങളെയും ചെറുത്തുനില്‌പുകളെയും അത്‌ രേഖപ്പെടുത്തുന്നു.

ഒരു രീതിശാസ്‌ത്ര (Methodology)മെന്ന നിലയിലും സംസ്‌കാരപഠനം ജീവത്തായ അനുഭവങ്ങളെ

പ്രയോജനപ്പെടുത്തിയിട്ടുണ്ട്‌. ജീവിതാനുഭവങ്ങളുടെ സമ്പന്നതയും സങ്കീര്‍ണ്ണതയും പ്രതിപാദിക്കാന്‍

വാമൊഴിചരിത്രം, വംശപഠനം, ആഖ്യാനവിശകലനം തുടങ്ങിയരീതികള്‍ ഉപയോഗിക്കാറുണ്ട്‌.

പങ്കാളികളുടെ കഥകള്‍, ഓര്‍മ്മകള്‍, കാഴ്‌ചപ്പാടുകള്‍ എന്നിവയിലൂടെ അവര്‍ ജീവിച്ചകാലഘട്ടത്തിലെ യാഥാര്‍ത്ഥ്യങ്ങളെ പ്രതിഫലിപ്പിക്കാന്‍ അനുവദിക്കുന്നു. വാമൊഴിചരിത്രം

വ്യക്തിപരമായ സാക്ഷ്യങ്ങള്‍ നല്‌കുന്നതിനും വിശകലനം ചെയ്യുന്നതിനും ജീവത്തായ അനുഭവങ്ങളെ

പ്രമുഖസ്ഥാനത്തു പ്രതിഷ്‌ഠിക്കുന്നു. വിശേഷിച്ച്‌, ഔദ്യോഗികചരിത്രങ്ങളില്‍ പലപ്പോഴും അവഗണിക്കപ്പെടുന്നവയ്‌ക്ക്‌ ശബ്‌ദം നല്‌കുന്നതില്‍ അതു പ്രധാനമാണ്‌.

ജീവത്തായ അനുഭവങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതിലൂടെ സംസ്‌കാരപഠിതാക്കള്‍ക്ക്‌

സ്വത്വരൂപീകരണത്തെക്കുറിച്ചും അധികാരപ്രയോഗങ്ങളെക്കുറിച്ചും ചെറുത്തുനില്‌പുകളെക്കുറിച്ചും

യഥാര്‍ത്ഥലോകസാഹചര്യങ്ങളില്‍ സംസ്‌കാരം പ്രയോഗിക്കുന്നതിനെക്കുറിച്ചും അറിയാനാകുന്നു.

സംസ്‌കാരത്തെക്കുറിച്ചുള്ള നമ്മുടെ ബോദ്ധ്യങ്ങളെ സമ്പന്നമാക്കുകയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട

വിഭാഗങ്ങളുടെ ശബ്‌ദവും അനുഭവങ്ങളും അക്കാദമികമേഖലയിലും സമൂഹത്തിലും അംഗീകരിക്കപ്പെടുകയും

വിലമതിക്കുകയും ചെയ്യുന്നു. അങ്ങനെ ജീവത്തായ അനുഭവങ്ങള്‍ ശക്തിയുള്ള ഉപകരണമായി,

സംസ്‌കാരപഠനമേഖലകളില്‍ കര്‍മ്മസന്നദ്ധതയ്‌ക്കും വിശകലനത്തിനും സഹായകമാകുന്നു.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഹിമവാൻ്റെ മുകൾത്തട്ടിൽ: രാജൻ കാക്കനാടൻ, ഭാഗം1

കരുണ - കുമാരനാശാൻ

സഭാപ്രവേശം - കുഞ്ചൻ നമ്പ്യാർ