സാംസ്‌കാരികസന്ദര്‍ഭം(Cultural Context) സംസ്‌കാരപഠനത്തില്‍

സാംസ്‌കാരികസന്ദര്‍ഭം(Cultural Context) സംസ്‌കാരപഠനത്തില്‍
പ്രഗത്ഭനായ സാംസ്‌കാരികസൈദ്ധാന്തികനാണ്‌ റെയ്‌മണ്ട്‌ വില്യംസ്‌. സാംസ്‌കാരികസന്ദര്‍ഭം,
സാമൂഹികസന്ദര്‍ഭം എന്നീ ആശയങ്ങള്‍ക്ക്‌ അര്‍ത്ഥവത്തായ സംഭാവനകളാണ്‌ അദ്ദേഹം
നല്‌കിയിട്ടുള്ളത്‌. സംസ്‌കാരമെന്നത്‌ വരേണ്യ സാംസ്‌കാരികോല്‍പ്പന്നങ്ങളോ 
(Cultural Artifacts) വരേണ്യ/ ഉന്നതകലയോ അല്ല, അത്‌ സമഗ്രമായ ജീവിതരീതിയാണെന്ന്‌
വില്യംസ്‌ സിദ്ധാന്തിച്ചു. അതായത്‌, ഉന്നത(വരേണ്യ)കലയോ, വരേണ്യ ബൗദ്ധികനേട്ടങ്ങളോ മാത്രം
സംസ്‌കാരമുദ്രകളായി കല്‌പിക്കപ്പെടുന്ന അവസ്ഥയില്‍ നിന്നും സംസ്‌കാരമെന്നത്  സമഗ്രമായ ജീവിതരീതി(പാത)യാണെന്ന്‌ 
(Whole way of Life) അദ്ദേഹം സമര്‍ത്ഥിച്ചുവെന്നര്‍ത്ഥം.
ഭൗതികസാഹചര്യങ്ങളും സാമൂഹികബന്ധങ്ങളും ജീവത്തായ അനുഭവങ്ങളും (Lived Experiences)
പരുവപ്പെടുത്തിയ ഒരു പ്രക്രിയ അഥവാ ഉല്‍പ്പന്നം എന്ന നിലയ്‌ക്കാണ്‌ വില്യംസ്‌ സംസ്‌കാരത്തെ
വീക്ഷിച്ചത്‌. നിശ്ചലമായതല്ല സംസ്കാരം.  ഒറ്റക്കല്ലിൽ തീർത്തതുമല്ല. അതു ചലനാത്മകതയുള്ള, ജീവത്തായ
അനുഭവങ്ങളുള്ള, ഭൗതികവും ആത്മീയവുമായ ജീവിതപരിസരത്തില്‍ ആഴത്തില്‍ വേരുറപ്പിച്ച ഒന്നാണ്‌.
എന്താണ്‌ സാംസ്‌കാരികസന്ദര്‍ഭം?
ഒരു സാംസ്‌കാരികോല്‍പ്പന്നം (Cultural Artifact) അല്ലെങ്കില്‍ ഒരു
സാംസ്‌കാരികസമ്പ്രദായം നിലനില്‌ക്കുന്ന അന്തരീക്ഷത്തെയോ, ഘടനയെയോ സൂചിപ്പിക്കാന്‍
ഉപയോഗിക്കുന്ന പദമാണ്‌ സാംസ്‌കാരികസന്ദര്‍ഭ(Cultural Context)മെന്നത്‌. നിശ്ചിതമായ ഒരു
കാലഘട്ടത്തില്‍ ഒരു പ്രത്യേകസമുദായത്തിനകത്തു നിലവിലിരിക്കുന്ന വിശ്വാസങ്ങള്‍,
മൂല്യങ്ങള്‍,ചട്ടങ്ങള്‍, പൈതൃകം, പ്രതീകങ്ങള്‍ എന്നിങ്ങനെ നിരവധിയായ
സാംസ്‌കാരികോല്‍പ്പന്ന(Cultural Artifact)ങ്ങളെ വിശകലനം ചെയ്യാന്‍ അതു സഹായിക്കുന്നു.
ഉദാഹരണത്തിന്‌, സാഹിത്യം, കല, സംഗീതം അല്ലെങ്കില്‍ ഫാഷന്‍ മുതലായവ അവ നിര്‍മ്മിക്കപ്പെട്ട സമുദായത്തിലെ ചട്ടക്കൂടിനനുസരിച്ചാണ്‌ പ്രവര്‍ത്തിക്കുന്നത്‌. വിക്‌ടോറിയാ കാലഘട്ടത്തിലെ കര്‍ക്കശമായ സാമൂഹികാചാരങ്ങള്‍, ലിംഗപരമായ പങ്കാളിത്തം, വര്‍ഗ്ഗഘടനകള്‍
മുതലായവ പരിശോധിക്കാതെ പ്രസ്‌തുത കാലഘട്ടത്തിലെഴുതപ്പെട്ട നോവല്‍ വിശകലനം ചെയ്യുന്നത്‌ ഉപരിപ്ലവമായ ധാരണകളിലേക്ക്‌ എത്താന്‍ മാത്രമേ സഹായിക്കുകയുള്ളൂ.
ഒരു സമൂഹത്തില്‍ സാംസ്‌കാരികപ്രേഷണം നടന്നതെങ്ങനെയെന്ന്‌ മനസ്സിലാക്കാന്‍
സാംസ്‌കാരികസന്ദര്‍ഭം സഹായകമാകുന്നു. മൂല്യങ്ങളും സമ്പ്രദായങ്ങളും തലമുറകളിലൂടെ എങ്ങനെ കടന്നുപോയെന്ന്‌ ഇതു വ്യക്തമാക്കുന്നു. വ്യക്തികളുടെ ധാരണകളെയും പെരുമാറ്റങ്ങളെയും
സ്വത്വത്തെത്തന്നെയും സംസ്‌കാരം ഏതൊക്കെ രീതിയില്‍ സ്വാധീനിക്കുന്നുവെന്നതിലേക്ക്‌ വെളിച്ചം വീശാനും ഇതുവഴി സാധിക്കുന്നു.
പോസ്റ്റ്‌ കൊളോണിയല്‍- കോളനിയനന്തര-സമൂഹങ്ങളുടെ സാംസ്‌കാരിക പശ്ചാത്തലത്തില്‍ മിക്കപ്പോഴും കൊളോണിയലിസത്തിന്റെ പാരമ്പര്യം അടങ്ങിയിരിക്കുന്നു. ആ സമുദായത്തിലെ വ്യക്തികളുടെ സ്വത്വത്തിലും സാംസ്‌കാരികാവിഷ്‌കാരത്തിലും ആഴത്തില്‍ സ്വാധീനം ചെലുത്തുന്നുണ്ട്‌. ചരിത്രപരവും രാഷ്‌ട്രീയവും സാമ്പത്തികവുമായ സാഹചര്യങ്ങള്‍
സാംസ്‌കാരികോല്‍പ്പാദനത്തെയും ഉപഭോഗത്തെയും രൂപപ്പെടുത്തുന്നതെങ്ങനെ സംബന്ധിച്ച വിശകലനത്തിന്‌
സാംസ്‌കാരികപശ്ചാത്തലവിശകലനം മുന്നേറ്റമുണ്ടാക്കുന്നു.
വില്യംസിനെ സംബന്ധിച്ച്‌ സാംസ്‌കാരികസന്ദര്‍ഭമെന്നത്‌ സാമൂഹിക/രാഷ്‌ട്രീയ/സാംസ്കാരിക
സാഹചര്യങ്ങളാല്‍ വലയം ചെയ്യപ്പെട്ടിരിക്കുന്നു. ഏതൊരു സമുദായത്തിലെയും ആശയങ്ങളേയും
പ്രയോഗങ്ങളേയും അതു സ്വാധീനിക്കുന്നു. ഭൗതികസാഹചര്യങ്ങളിൽ‍ നിന്നും വേര്‍പെടുത്തി
സംസ്‌കാരത്തെ മനസ്സിലാക്കുകയെന്നത്‌ അസാദ്ധ്യമാണ്‌. ഒരു സമുദായത്തിലെ ഭൗതികസാഹചര്യങ്ങള്‍
സംസ്‌കാരത്തെ മനസ്സിലാക്കുന്നതില്‍ നിര്‍ണ്ണായകമായ സ്ഥാനം വഹിക്കുന്നു. സംസ്‌കാരമാകട്ടെ,
ഭൗതികസാഹചര്യങ്ങളുമായി ആഴത്തില്‍ കെട്ടുപിണഞ്ഞുകിടക്കുന്നു. സാംസ്‌കാരികസന്ദര്‍ഭമെന്നത്‌
അധികാരത്തിന്റെ ബലതന്ത്രങ്ങളാലും സമുദായത്തിന്റെ ഭൗതികസാഹചര്യങ്ങളാലും രൂപപ്പെടുന്നതുമാണ്‌.
അദ്ധ്വാനിക്കുന്ന വര്‍ഗ്ഗത്തിന്റെ സാംസ്‌കാരികരീതികള്‍/പ്രയോഗങ്ങള്‍ അവരുടെ
സാമ്പത്തികസാഹചര്യങ്ങളാലും സാമൂഹികബന്ധങ്ങളാലും അവരുടെ ജീവിതത്തെ കീഴ്‌പ്പെടുത്തിയ
അധികാരഘടനകളാലും ചുറ്റപ്പെട്ടിരിക്കുന്നു. സംസ്‌കാരം എങ്ങനെയാണ്‌ സാമൂഹികക്രമത്തെ/ശ്രേണിയെ
(Social Order) നിര്‍മ്മിക്കുകയും പ്രതിഫലിപ്പിക്കുകയും ചെയ്യുന്നതെന്നറിയാന്‍
സാംസ്‌കാരികസന്ദര്‍ഭം പഠനവിധേയമാക്കുന്നത്‌ നല്ലതാണ്‌.
അധീശപ്രത്യയശാസ്‌ത്രങ്ങളുടെ സൃഷ്‌ടിയും സ്ഥിതിയും മനസ്സിലാക്കാനും, എങ്ങനെയാണ്‌
സാംസ്‌കാരികപ്രയോഗങ്ങള്‍ക്ക്‌ സമുദായത്തിലെ അധികാരഘടനകളെ വെല്ലുവിളിക്കാനും
പ്രതിഫലിപ്പിക്കാനും സാധിക്കുന്നതെന്നറിയാനും, അധികാരത്തിന്റെ പ്രയോഗതന്ത്രങ്ങളെ മനസ്സിലാക്കാനും
പ്രതിരോധിക്കാനുള്ള വഴി തുറക്കാനും സംസ്‌കാരസന്ദര്‍ഭത്തെക്കുറിച്ചുള്ള പഠനം സഹായകരമാകും.
അതിലൂടെ സമുദായത്തില്‍ അഭിലഷണീയമായ മാറ്റമുണ്ടാക്കാനാകുന്നു.


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഹിമവാൻ്റെ മുകൾത്തട്ടിൽ: രാജൻ കാക്കനാടൻ, ഭാഗം1

കരുണ - കുമാരനാശാൻ

സഭാപ്രവേശം - കുഞ്ചൻ നമ്പ്യാർ