ഒരു കാലമുണ്ടായിരുന്നു: അയ്യപ്പപ്പണിക്കർ - കുറിപ്പ്

മലയാളിയുടെ കാവ്യഭാവുകത്വത്തിൽ വലിയ പരിവർത്തനം ഉളവാക്കിയ സാഹിത്യകാരനാണ് അയ്യപ്പപ്പണിക്കർ. കുരുക്ഷേത്രം എന്ന അദ്ദേഹത്തിൻ്റെ കവിതയാണ് പുതിയൊരു സാഹിത്യദർശനം അവതരിപ്പിച്ചത്. ആധുനികത എന്ന സാഹിത്യ പ്രസ്ഥാനം മുഖേന പുതിയ കാവ്യ വീക്ഷണങ്ങൾക്ക് വഴി തെളിഞ്ഞു. ജീവിത പ്രശ്നങ്ങളെ മനുഷ്യൻ്റെ അസ്തിത്വവുമായി ബന്ധപ്പെടുത്തിയുള്ള നൂതന ചിന്തയാണ് അദ്ദേഹം ആവിഷ്കരിച്ചത്. ചങ്ങമ്പുഴയുടെ ചുവടുപിടിച്ചുള്ള കാവ്യസരണിയിൽ നിന്നും അസ്തിത്വവ്യഥയുടെ കാല്പനികേതരമായ പാതയിലേക്കുള്ള ചുവടുമാറ്റമായിരുന്നു അത്. ആധുനികതയിൽ നിന്നും ഉത്തരാധുനികതയിലേക്കുള്ള പരിവർത്തനവും അയ്യപ്പപ്പണിക്കർ കാലേക്കൂട്ടി മനസ്സിലാക്കി. ധനാസക്തിയിലും ഛിദ്രവാസനകളിലും കുടുങ്ങിയ സമൂഹത്തെ സാമൂഹികമൂല്യങ്ങളുടെ വക്താവാക്കാൻ അദ്ദേഹം കിണഞ്ഞു പരിശ്രമിച്ചു. അതിനായി പാരഡിക്കവിതകളും ഗദ്യകവിതകളും നിരവധിയെഴുതി. കവി, നിരൂപകൻ, വിമർശകൻ, അക്കാദമിക പണ്ഡിതൻ എന്നീ നിലകളിലൊക്കെ ശ്രദ്ധേയനായിരുന്നു അദ്ദേഹം. സാമൂഹ്യ വിമർശനമടങ്ങുന്ന അദ്ദേഹത്തിൻ്റെ കവിതയാണ് ,'ഒരു കാലമുണ്ടായിരുന്നു, ' പുതിയ കാലം വളരെ ധന്യമാണെന്നും പഴയ കാലഘട്ടത്തിൽ നിരവധി മട്ടിലുള്ള ഹിംസകൾ അരങ്ങേറിയിരുന്ന...