ഉണ്ണി ആറിന്‍റെ 'വീട്ടുകാരനെ'ക്കുറിച്ച്.....


    ഒരു ലേഖനത്തില്‍ എം.മുകുന്ദന്‍ ആഗോളവത്കരണകാലത്തെ സാഹിത്യത്തെ സംബന്ധിച്ചു വിവരിക്കുന്നുണ്ട്.  കമ്പോളതല്പരവും പ്രതിലോമപരവും അയഥാര്‍ത്ഥ കല്പനകളിലൂന്നുന്നതുമായ ആഗോളീകരണ രചനകള്‍ സാഹിത്യത്തെ വില്പനച്ചരക്കായി മാത്രം പരിഗണിക്കുന്നു.   കേവല വിനോദത്തില്‍ മാത്രമാണ് അത് ഊന്നുന്നത്.  ഇത്തരം രചനകള്‍ക്കെതിരേയുള്ള പ്രതിരോധം പ്രാദേശികസാഹിത്യം മുഖേനയും  പ്രാദേശിക കലകളിലൂടെയും നിര്‍വഹിക്കാനുള്ള ബാദ്ധ്യത എഴുത്തുകാരനുണ്ട്, അയാള്‍ സാമൂഹികാര്‍പ്പണ ചിന്ത വെച്ചു പുലര്‍ത്തുന്നയാളാണെങ്കില്‍.   നിര്‍ഭാഗ്യവശാല്‍ മലയാളത്തിലെ കഥാസാഹിത്യം ശുഭകരമായ പ്രതീക്ഷകള്‍ സമൂഹത്തിനു നല്കുന്നുണ്ടോ ?

                  മലയാളത്തിലെ  മുന്‍നിര എഴുത്തുകാരുടെ രചനകളിലെല്ലാം അനിയന്ത്രിതമായ തോതില്‍ കേവല വാണിജ്യ താല്പര്യം  ഇഴചേരുന്നതു കാണാം. സക്കറിയ അടുത്ത കാലത്ത് എഴുതിയ 'റാണി' എന്ന കഥ മൂന്നാംകിട പോലുമല്ല.   എഴുതിയുള്ള തഴക്കം മാത്രമാണ് ആ കഥയെ ആകര്‍ഷകമാക്കുന്നത്.  പല മുന്‍നിര എഴുത്തുകാരും  ആഗോളവത്കരണ രചയിതാക്കളുടെ  വാണിജ്യമനോഭാവത്തിന് കേരളീയഭാഷ്യം നല്കുന്ന മട്ടില്‍ ലൈംഗികതയെ ഊഷരഭാവത്തില്‍ അവതരിപ്പിക്കുകയാണ്.  ഇതില്‍ അടുത്ത കാലത്തു പ്രസിദ്ധീകരിച്ച കഥകളില്‍ വേറിട്ടു നില്ക്കുന്നതും സമൂഹത്തിനു പ്രയോജകീഭവിക്കുന്നതുമായ കഥ 'ബിരിയാണി' മാത്രമാണ്.

       പഴയകാലത്തിന്‍റെ പരമ്പരാഗതമായ അന്ധചിന്തകള്‍ക്കു പുതിയ വ്യാഖ്യാനം നല്കുന്ന ഒരു കഥയാണ് ഉണ്ണി. ആര്‍ എഴുതിയ 'വീട്ടുകാരന്‍' എന്ന കഥ. 2016 ഒക്ടോബര്‍ 16 ന്‍റെ മാതൃഭൂമി ആഴ്ചപ്പതിപ്പിലാണ് കഥ പ്രസിദ്ധീകരിച്ചിരിക്കുന്നത്. പ്രശസ്തനായ എഴുത്തുകാരന്‍റെ രചന എന്ന വിശേഷമല്ലാതെ  മറെറാരു പുതുമയും പ്രസ്തുത കഥയ്ക്ക് അവകാശപ്പെടാനില്ല.    ആഗോള വത്കരണം മാത്രമല്ല,  പരമ്പരാഗത മലിന ചിന്തകളും എഴുത്തുകാരനെ എത്രത്തോളം വേട്ടയാടുന്നുണ്ടെന്ന് പ്രസ്തുത കഥ വായിച്ചാല്‍ അനുഭവിച്ചറിയാന്‍ സാധിക്കും. 

    ചെറിയ കൃഷ്ണന്‍റെയും വലിയ കൃഷ്ണന്‍റെയും കഥ പറഞ്ഞുകൊണ്ടാണ്   ഉണ്ണി.ആര്‍ കഥ മുന്നോട്ടു കൊണ്ടു പോകുന്നത്.  ചെറിയ കൃഷ്ണനും വലിയ കൃഷ്ണനും തമ്മില്‍ പരിചയമില്ലാത്തവരും, എന്നാല്‍ ഒരേ സമയം ഭൂജാതരായവരുമാണ്. കഴിഞ്ഞ വര്‍ഷം വരെ വാവു ബലി ഇട്ടിരുന്ന അച്ഛന്‍ മരിച്ചതോടെ വാവുബലി ഇടേണ്ടുന്ന ചുമതല ചെറിയ കൃഷ്ണന്‍റെ ചുമലിലായി.  അയാളുടെ അമ്മക്കാണെങ്കില്‍ അതു വലിയ നിര്‍ബന്ധവും.  ബലിയിടാന്‍ താല്പര്യം തോന്നാഞ്ഞ ചെറിയ കൃഷ്ണന്‍ ഒരിടവഴിയിലൂടെ നടന്നപ്പോഴാണ് വലിയ കൃഷ്ണനെ കാണുന്നത്.  അയാളങ്ങനെ ശ്ളോകങ്ങള്‍ ചൊല്ലി ജോലിയില്‍ വ്യാപൃതനായിരിക്കുകയാണ്.  വൈലോപ്പിള്ളിയുടെ വരികള്‍ കണ്ഠത്തില്‍ നിന്നും അനര്‍ഗ്ഗളം പ്രവഹിക്കുന്നുണ്ട്. ചെറിയ കൃഷ്ണന്‍ ആകെ അമ്പരക്കുന്നു. വലിയ കൃഷ്ണനെത്തന്നെ നോക്കി നില്ക്കുന്നു.  അയാളുടെ വരികള്‍ ശ്രദ്ധിക്കുന്നു.

      വലിയ കൃഷ്ണന്‍ ചോറു വെക്കുകയാണ്. സാവധാനത്തില്‍ അയാളത് വാങ്ങി വെക്കുന്നു. മോര് ഒഴിച്ചു കുഴയ്ക്കുന്നു. ചെറിയ കൃഷ്ണന്‍ അന്പരപ്പോടെ നോക്കി നില്ക്കെ, ചോറ് ഉരുളകളാക്കി പാത്രത്തില്‍ വെച്ചത് എന്തിനെന്ന് അമ്പരക്കെ,  ആര്‍ക്കു വേണ്ടിയാകാമിതെന്ന് ആലോചിക്കെ, തല ചെരിച്ചുള്ള നോട്ടവുമായി അപ്രതീക്ഷിത വിരുന്നുകാരനെത്തുന്നു. അതിന്‍റെ ചില ചേഷ്ടകള്‍, അതു മുമ്പൊരു മാന്യ വ്യക്തിയാണെന്ന് സൂചിപ്പിക്കും മട്ടിലാണ് എഴുത്തുകാരന്‍ ആഖ്യാനം ചെയ്യുന്നത്.  അതിഥി, അടുക്കളയില്‍ നിന്ന് അകത്തെ മുറിയിലേക്ക് ചെന്നു.  പുസ്തകങ്ങളെല്ലാം  നോക്കി.  വള്ളത്തോള്‍ കൃതികളില്‍ കൂടുതല്‍ നേരം നോക്കി. മേശയിലിരുന്ന മഷി വറ്റിപ്പോയ കുപ്പിയില്‍ തൊട്ടു.  സൈക്കിളിനു ചുറ്റും നടന്ന ശേഷം  ചോറുരുളകള്‍ക്കു മുന്നില്‍ വന്നു.  ഓരോ വറ്റും സ്വാദോടെ കൊത്തിയുണ്ണുവാന്‍ തുടങ്ങി....

         ഈ കഥ മലയാള സാഹിത്യത്തിന് ഒരു മുതല്ക്കൂട്ടാണെന്ന് ഞാന്‍ കരുതുന്നില്ല.  ഈ കഥയ്ക്ക്  ചാരുതയുളവാക്കാന്‍ എഴുത്തുകാരന്‍ സ്വീകരിച്ച മാര്‍ഗ്ഗത്തോട് യോജിപ്പും ഇല്ല. വൈലോപ്പിള്ളിയുടെ വരികളെയാണ് സമൃദ്ധമായി അദ്ദേഹം ഉപയോഗപ്പെടുത്തിയത്.  പ്രസ്തുത കവി ഒരിക്കലും അംഗീകരിക്കാനിടയില്ലാത്ത സന്ദേശമാണ്  കഥാകൃത്ത് മുന്നോട്ടു വെക്കുന്നത്. ബലിയുടെ പ്രസക്തിയും കാക്കയും വിശിഷ്ടമായ ഊണും സാന്നിദ്ധ്യവും ഒക്കെ ഇഷ്ടപ്പെടുന്ന മണ്ഡലങ്ങളുണ്ടാകാം.  പക്ഷേ, മലയാള കഥയുടെ നഭസ്സ് ഇത്തരം പിന്നോട്ടു പോക്കിനെ സ്വാഗതം ചെയ്യുന്നില്ല.  

          മാനവപ്രതിബദ്ധതയുടെ വക്താവായ ഒരു മഹാകവിയുടെ വരികളെ കടം കൊണ്ട്,  പ്രതിലോമ സന്ദേശം സമൂഹത്തിനു നല്കാന്‍ ഉണ്ണി.ആര്‍ ശ്രമിച്ചത് ഒട്ടും ഉചിതമായില്ല. വൈലോപ്പിള്ളിയോട് പൊറുക്കാനാവാത്ത തെറ്റാണ് ഉണ്ണി.ആര്‍ ചെയ്തത്. തന്‍റെ കഥയ്ക്കു സ്ഥാപിത താല്പര്യാര്‍ത്ഥമുള്ള വ്യാഖ്യാനം ചമക്കാന്‍ ബോധപൂര്‍വം അദ്ദേഹം ജീവിതത്തിന്‍റെ സൌന്ദര്യവും യാഥാര്‍ത്ഥ്യബോധവും കവിതയില്‍ വിരചിച്ച വൈലോപ്പിള്ളിയെ കൂട്ടുപിടിച്ചത് ഉചിതമായില്ല. മഹാകവിയെക്കുറിച്ചും അദ്ദേഹത്തിന്‍റെ മാനവിക   കാഴ്ചപ്പാടുകളെക്കുറിച്ചും ഇടപെടലുകളെക്കുറിച്ചും തെറ്റായ അവബോധം പരക്കാന്‍ ഇതിടയാക്കും. (അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും മൂടുതാങ്ങിയല്ല ആ മഹാകവി. എതിര്‍ പക്ഷത്താണു താനും.). ഉദരപൂരണാര്‍ത്ഥവും അധികാരസ്ഥാന മോഹത്താലും ഉള്ള  എഴുത്ത് നല്ല സാഹിത്യകാരന്മാരെ പോലും പടുകുഴിയില്‍ ചാടിക്കാറുണ്ട്.  ഉണ്ണി.ആറിന്  ആശംസകള്‍ നേരട്ടെ....നല്ല നാളേക്കായി....


                      

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഹിമവാൻ്റെ മുകൾത്തട്ടിൽ: രാജൻ കാക്കനാടൻ, ഭാഗം1

കരുണ - കുമാരനാശാൻ

സഭാപ്രവേശം - കുഞ്ചൻ നമ്പ്യാർ