പാക്കിസ്ഥാന്റെ ആക്രമണത്വര
പാകിസ്ഥാന്റെ ആക്രമണത്വര
1947 ല്‍ ഇന്ത്യയില്‍ നിന്നും വേറിട്ട് പോകുന്നതോടൊപ്പം, കടുത്ത വിദ്വേഷവും പകയും പാകിസ്ഥാനെ വിടാതെ പിടികൂടിയെന്നുള്ളത് വാസ്തവമാണ്. ഇന്ത്യയെ സ്‌നേഹിക്കാന്‍ പറ്റാത്ത ഒരു മനസ്സ് പാക് ഭരണകൂടത്തിലതിവര്‍ത്തിക്കുന്നുണ്ട്. ഒരിക്കലും ഇന്ത്യയെപ്പോലെ വ്യവസ്ഥാപിതവും ജനാധിപത്യത്തിലധിഷ്ഠിതവുമായ ഭരണകൂടമോ രാഷ്ട്രതാല്പര്യമോ പാകിസ്ഥാനില്‍ ഉണ്ടായിട്ടില്ല. സൈനിക അട്ടിമറികളുടെയും ജനകീയ കലാപങ്ങളുടെയും നാടാണത്. അതുകൊണ്ടുതന്നെ രണ്ടു രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം ദൃഢപ്പെടുത്തുന്നതിന് വിശ്വാസയോഗ്യമായ ഒരു നടപടിയും അവരില്‍ നിന്നും പ്രതീക്ഷിക്കാന്‍ കഴിയില്ല.
ലിയാഖത്ത് അലിഖാന്‍ മുതല്‍ നവാസ് ഷെരീഫ് വരെയുള്ള പ്രധാനമന്ത്രിമാരുടെ ചരിത്രം അതാണു പറയുന്നത്. പട്ടാള അട്ടിമറികളും, മന്ത്രിസഭകളെ പിരിച്ചു വിടലുകളും നിത്യസംഭവങ്ങളാണ്. അതിനാല്‍ ഐ.എസ്.ഐ പോലുള്ള ചാരസംഘടനകളുടെയും പട്ടാളത്തിന്‍രെയും താല്പര്യം എപ്പോഴും ഭരണാധികാരിക്ക് മുഖവിലക്കെടുക്‌കേണ്ടി വരുന്നു. അതോടൊപ്പം ശക്തമായ മതനിയന്ത്രണങ്ങള്‍ക്കുള്ളിലാണ് അത് നിലകൊള്ളുന്നതും. ജനാധിപത്യത്തിനായി എന്തു നിലപാടെടുത്താലും ഇതിലൊരുകൂട്ടര്‍ക്കു പൊള്ളും. അതിനാല്‍ ഏവരെയും തൃപ്തിപ്പെടുത്തുന്ന മൗലികവാദനിലപാടായിരിക്കും ഭരണാധികാരി സ്വീകരിക്കുകയെന്നതു വാസ്തവം. ആത്യന്തികമായി സമാധാനവും സ്വച്ഛതയും ആഗ്രഹിക്കുന്ന അന്നാട്ടിലെ ജനങ്ങളുടെ താല്പര്യങ്ങള്‍ക്ക് കടകവിരുദ്ധവും സമാധാനം ആഗ്രഹിച്ചുകൊണ്ടുള്ള ഭാരതീയ സമീപനങ്ങള്‍ക്ക് എതിരുമായിരിക്കും അത്. അതുകൊണ്ടുതന്നെ ഭീകരവാദികളുടെ താവളമായിരിക്കുന്നതിന് പാക്കിസ്ഥാന്‍ ഭരണാധികാരി തടസ്സമോ വിഷയമോ അല്ല.
പാക്കിസ്ഥാനെ എക്കാലത്തും പിന്തുണച്ചു കൊണ്ട് നമുക്കു ഭീഷണിയുയര്‍ത്താനുള്ള പ്രാപ്തി പ്രസ്തുതരാജ്യത്തിനു സമ്മാനിച്ച നാടാണ് അമേരിക്ക. പാക്കിസ്ഥാന്റെ ഭീഷണി ചെറുക്കാന്‍ നമ്മെ സഹായിച്ച രാജ്യമാണ് കമ്യൂണിസ്റ്റു നാടായിരുന്ന സോവിയറ്റുയൂണിയന്‍. പാക്കിസ്ഥാനെ സഹായിക്കാന്‍ അമേരിക്കയുടെ ആറാം കപ്പല്‍ വ്യൂഹം ഇറങ്ങിത്തിരിച്ചപ്പോള്‍ തങ്ങള്‍ ഇന്ത്യയുടെ പക്ഷത്താണെന്നും, തങ്ങളുടെ നാവികവ്യൂഹം ഭാരതത്തെ സഹായിക്കുമെന്നും സോവിയറ്റുയൂണിയന്‍ പ്രഖ്യാപിച്ചപ്പോഴാണ് അമേരിക്ക മാളത്തിലേക്കു പിന്‍വലിഞ്ഞത്. നെഹ്‌റുവിന്റെ കാലം തൊട്ട് നമ്മുടെ ഉറ്റ തോഴനാണ് സോവിയറ്റ് യൂണിയന്‍. നൂറുശതമാനവും നമുക്കു വിശ്വസിക്കാവുന്ന രാജ്യം. എന്നും നമുക്കു പ്രതീക്ഷ അര്‍പ്പിക്കാവുന്ന നാട്. 1988 ഓടെ സോവിയറ്റ് യൂണിയന്റെ വിയോഗം മൂന്നാം ലോകരാജ്യങ്ങള്‍ക്കേല്പിച്ച ആഘാതം ചില്ലറയല്ല. പശ്ചിമേഷ്യയിലും അഫ#്ഗാനിസ്ഥാനിലും ആഫ്രിക്കയിലും സാമ്രാജ്യത്വത്തിന്റെ മൂന്നാം കണ്ണുകള്‍ വിനാശം വിതച്ചപ്പോള്‍ സഹായത്തിന് ആ നാടില്ലല്ലോ എന്നു പരിതപിക്കാനേ സാധിച്ചുള്ളൂ.
ലോകരാജ്യങ്ങളില്‍ വികസിച്ചു വരുന്ന ചൈന അമേരിക്കക്കു കടുത്ത ഭീഷണിയാണ്. അവരെ നിലയ്ക്കു നിര്‍ത്തണമെങ്കില്‍ സുസ്ഥിരതയുള്ള, പട്ടാള അട്ടിമറികളില്ലാത്ത, ജനാധിപത്യത്തിന്റെ അടിസ്ഥാനമന്ത്രം പുലരുന്ന ഒരു ഏഷ്യന്‍ രാജ്യത്തിന്റെ സഹായം അനിവാര്യമത്രെ. അതിനവര്‍ കണ്ടെത്തിയത് ഭാരതത്തെയാണ്. നാമാണെങ്കില്‍ റഷ്യയ്ക്ക് വലിയ പ്രാധാന്യം നല്കുന്നുമില്ല. ചൈനയുമായി അല്പസ്വല്പം അതിര്‍ത്തി തര്‍ക്കങ്ങള്‍ ഉണ്ടുതാനും. അതായത് ചൈനയോടും ആഭിമുഖ്യം കുറവ് എന്നര്‍ത്ഥം. പാക്കിസ്ഥാനായിരുന്നു ഇതുവരെ പ്രിയപ്പെട്ട അമേരിക്കന്‍ താവളമെങ്കിലും ചൈനയോട് പാക്കിസ്ഥാന്‍ കാണിക്കുന്ന വിധേയത്വവും, ചൈനീസ്-പാക്ക് സാമ്പത്തിക ഇടനാഴി എന്ന പദ്ധതിയും, ഭീകരര്‍ക്ക് പാക്കിസ്ഥാനില്‍ എന്തും സാധിക്കും എന്ന അവസ്ഥയും പാക്കിസ്ഥാനെ അമേരിക്കയ്ക്ക് അപ്രിയരാജ്യമാക്കി. ഇന്ത്യന്‍ ഭരണാധികാരികളുടെ വികസനമോഹവും, അതിനായുള്ള അമേരിക്കന്‍ പിന്തുണതേടലും, ആണവകരാറും, സൈനികസഹായ ഉടമ്പടികളും കരുത്തുറ്റ ഭരണവ്യവസ്ഥയുണ്ടെന്ന ചിന്തയും അമേരിക്കയെ ഇന്ത്യന്‍ പക്ഷപാതികളാക്കുന്ന കാഴ്ചയാണ് ഇന്നുള്ളത്. പക്ഷേ, ഒന്ന് അടിവരയിട്ടു പറയാം, അമേരിക്കയെ നമുക്കു വിശ്വസിക്കാനാവില്ല. നമ്മുടെ ഭരണാധികാരികളുടെ നിഷ്‌കളങ്കത (അതു ഭാരതത്തിനാകെ ഉള്ളതാണ്), അവര്‍ ചൂഷണം ചെയ്യും.
അമേരിക്കക്ക് പാക്കിസ്ഥാന്‍ ഭീകരതാവളമാണെന്നും അത് ലോകത്തിന് അപരിഹാര്യമായ നഷ്ടമുണ്ടാക്കുമെന്നും അിറയാം. ഇന്ത്യ, അഫ്ഗാനിസ്ഥാന്‍, ബംഗ്‌ളാദേശ് മുതലായ രാജ്യങ്ങളില്‍ കൊടിയ ക്രൂരകൃത്യങ്ങള്‍ നടത്തുന്ന ഭീകരര്‍ വധാര്‍ഹരുമാണെന്നും അറിയാം. ഒസാമാ ബിന്‍ ലാദനെ പിടികൂടിയത് അവിടെനിന്നാണല്ലോ. പക്ഷേ, ഭീകരത പൂര്‍ണ്ണമായും നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിലും ആ പ്രവര്‍ത്തനത്തിന് ഐകരൂപ്യം ഉണ്ടാക്കുന്നതിലും അവര്‍ വിമുഖരാണ്. തങ്ങള്‍ക്കുള്ള വിഭവമുള്ളിടത്താണ് (എണ്ണ, പ്രകൃതിവാതകം, ധാതുക്കള്‍) അവരുടെ കണ്ണ്. ഇതു തന്നെയാണ് പഴയ സോവിയറ്റ് യൂണിയനും അമേരിക്കയും തമ്മിലുള്ള പ്രധാനവ്യത്യാസം. അതിനാല്‍, നമുക്ക് ആശ്രയിക്കാന്‍ നല്ലത്, പഴയ പ്രഭാവമില്ലെങ്കിലും റഷ്യ തന്നെ. പാക്കിസ്ഥാന്റെ ഭീകരമുഖം ലോകരാജ്യങ്ങള്‍ക്കു മുമ്പില്‍ കൊണ്ടുവരേണ്ടതുണ്ട്.
കാശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യഭാഗമാണ്. അവിടെ സുസ്ഥിരതയും സമാധാനവും കൊണ്ടുവരേണ്ടത് ഉത്തരവാദപ്പെട്ട ഭരണകൂടങ്ങളുടെ പ്രാഥമിക കര്‍ത്തവ്യമാണ്. നുഴഞ്ഞുകയറലും നശിപ്പിക്കലും പാവങ്ങളെ ബോംബുവെച്ചു തകര്‍ക്കലും ഭീകരന്മാരുടെ ഹോബിയാണ്. ഇതിലൂടെ എന്തുണ്ടാക്കാനാണ് അവര്‍ ആഗ്രഹിക്കുന്നത് ? എരിഞ്ഞമര്‍ന്ന കുടുംബങ്ങളും വ്യക്തികളും സ്ഥാപനങ്ങളും ഭീകരന്മാരുടെ കൊലച്ചിരിയുടെയും ഛിദ്രമായ ചിന്തയുടെയും സാക്ഷ്യപത്രങ്ങളാകുന്നു. ഇക്കൂട്ടരെ മുടിക്കുന്നതില്‍ വിട്ടുവീഴ്ച കാട്ടാന്‍ പാടില്ല. നമ്മുടെ തടവറയിലുള്ള ഭീകരന്മാരെ വളരെ പെട്ടെന്നു തന്നെ വിചാരണചെയ്ത് വേണ്ടുന്ന ശിക്ഷ നല്കാന്‍ അമാന്തിച്ചുകൂടാ. സ്ത്രീകളെ പിച്ചിച്ചീന്തുന്നവര്‍ക്കും രാജ്യത്തെ തീവ്രവാദത്തിന്റെ പേരില്‍ മലീമസമാക്കുന്നവര്‍ക്കും പരമാവധിയാകണം ശിക്ഷ.
പാക്കിസ്ഥാന്‍ ഇന്ത്യയെ വെല്ലുവിളിക്കുന്നു. ബോംബിട്ടും അണുബോംബിട്ടും തകര്‍ക്കുമെന്നും പറയുന്നു. എന്നാല്‍ നാം അപ്രകാരം പറയുന്നില്ല. ഉചിതമായ മറുപടികിട്ടും അന്നേ പറയുന്നുള്ളൂ. ഇതില്‍ നിന്നും പാക്കിസ്ഥാന്റെ അധികാരസ്ഥാനത്തിരിക്കുന്നവര്‍ക്ക് യുദ്ധത്തോടുള്ള ഭ്രമം വ്യക്തമാകുന്നു. യുദ്ധം / സംഘര്‍ഷം ആഗ്രഹിക്കുന്നവന്‍ ഭയത്തിന്റെ തടവറയിലാണ് എന്നര്‍ത്ഥം.
.
നമ്മുടെ ശാന്തതയാണ് നമ്മുടെ കരുത്ത്. എതിരാളി ഭീകരമായി ആക്രോശിക്കുമ്പോഴും ഉള്ളിലെ കരുത്തിനെ ശാന്തമാക്കി, അവസരം വരുമ്പോള്‍ ഉല്ലാസത്തോടെ തൊടുത്തുവിടാനുള്ള കവണ പക്ഷേ, നാം കരുതിയിരിക്കണം. ഗോലിയാത്തല്ലവന്‍. പേടിച്ചാക്രോശിക്കുന്ന കഴുതപ്പുലി മാത്രമാണ്. പിന്നില്‍ നിന്നും കുത്തുന്ന ലജ്ജയില്ലാത്തവന്‍.
ഇന്ത്യയുടെ അതിരു കാക്കുന്ന കരുത്തുറ്റ സൈനികര്‍, ഇരുട്ടിലെ നക്ഷത്രങ്ങളാണ്. അവര്‍ക്കു ഭാവുകങ്ങള്‍. ഇന്ത്യ, റഷ്യ, ചൈന എന്നീ അച്ചുതണ്ടാലാണ് ലോകത്തിലെ അവശജനതയുടെ പ്രതീക്ഷ.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ