ബിരിയാണിയെക്കുറിച്ചു തന്നെ



           ബിരിയാണിയെക്കുറിച്ചു തന്നെ


      മലയാള ചെറുകഥ നിരവധി വിമര്‍ശന നിരൂപണങ്ങള്‍ക്കു വിധേയമായിട്ടുണ്ട്. എന്നാല്‍ ആഗസ്ത് 21 ന്റെ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച ബിരിയാണി എന്ന ചെറുകഥ ഏററു വാങ്ങിയ വിമര്‍ശനങ്ങള്‍ അതര്‍ഹിക്കാത്തതും ഗൂഢമായ ലക്ഷ്യങ്ങള്‍ മുന്‍ നിര്‍ത്തിയുള്ളതുമാണ് എന്നു പറയാതെ വയ്യ. കഥയെഴുത്തുകാരന്റെ സ്വാതന്ത്ര്യം വകവെച്ചു കൊടുക്കുമ്പോള്‍, കഥാസ്വാദകനും സ്വാതന്ത്ര്യമുണ്ട് എന്നു പറയാതെ വയ്യ. എന്നിരുന്നാലും കഥയെ വര്‍ഗ്ഗീയതളത്തില്‍ കൊണ്ടു കെട്ടേണ്ട കാര്യം എഴുത്തുകാരനില്ലാത്തതു പോലെ എഴുത്തുകാരന്‍ ഉദ്ദേശിക്കാത്ത ലാവണത്തില്‍ കഥയെ കൊണ്ടു പോയി തളക്കേണ്ട കാര്യം വായനക്കാരനുമില്ല.  എഴുത്തുകാരന്‍ പക്ഷപാതിയല്ല എന്ന് വായനക്കാരന്‍ സ്ഥാപിക്കുന്നത് അയാളുടെ മുന്‍രചനകളെ വായിച്ചതിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ്.



       ഇവിടെ കഥാകൃത്ത് സന്തോഷ് ഏച്ചിക്കാനം ആണ്.  അദ്ദേഹത്തിന്റെ മുന്‍കാലരചനകളിലൊന്നും വര്‍ഗ്ഗീയാക്ഷേപം ക???ണ്ടിട്ടില്ല, ആരും അതുണ്ടെന്ന് ആക്ഷേപിച്ചിട്ടുമില്ല. എന്നാല്‍ ബിരിയാണി എന്ന കഥയെ ഒരു മാന്യവായനക്കാരന്‍ വര്‍ഗ്ഗീയവായനയ്ക്കു വിധേയമാക്കിയിരിക്കുകയാണ്. ബിരിയാണി എന്ന രചന, ഒരെഴുത്തുകാരന്റ ആദ്യകാല രചനയാണെങ്കില്‍ പോലും മേല്പറഞ്ഞ വായന അനുവദിക്കാവുന്നതാണോ ? അല്ലെന്നാണ് എന്റെ പക്ഷം. എഴുത്തുകാരന് പറയാനുള്ളതു കൂടി വകവെച്ചുകൊടുത്ത പാരമ്പര്യം മലയാളസാഹിത്യത്തിനുണ്ട്.  ഒരു കഥയെഴുത്തുകാരന്‍ എന്ന നിലക്ക് സാമൂഹികാര്‍പ്പണം വെച്ചു പുലര്‍ത്തുന്ന എഴുത്തുകാരനാണ് സന്തോഷ് ഏച്ചിക്കാനം.  ആഗോളീകരണത്തിന്റെ തിന്മകള്‍ (പ്രാദേശികതാ നിരാസവും, അരാഷ്ട്രീയ ചിന്തയും) സാഹിത്യത്തെ ഗ്രസിക്കുന്ന വേളയില്‍ സമൂഹത്തെ ബലപ്പെടുത്താനുള്ള ഉത്തരവാദിത്വം ഏററെടുത്തു നടപ്പിലാക്കുന്ന സാഹിത്യകാരനാണ് ഏച്ചിക്കാനം.  വിവിധങ്ങളായ തന്റെകഥകളില്‍ അതിന്റെ സൂചനകള്‍ അദ്ദേഹം നല്കുന്നുണ്ട്. എന്നാല്‍,  ഏച്ചിക്കാനത്തിന്റെ ബിരിയാണി എന്ന കഥ രൂക്ഷമായ വര്‍ഗ്ഗീയവായനയ്ക്കു വിധേയമായിരിക്കുകയാണ്.  മുന്‍ കാലങ്ങളിലുള്ളതുപോലെ എഴുത്തുകാരനെ സംരക്ഷിക്കുവാനുള്ള ആഹ്വാനമൊന്നും എവിടെയും ഉയര്‍ന്നു വരുന്നതായി കാണുന്നില്ല.  അവനവനെ അവനവന്‍ സംരക്ഷിക്കണമെന്ന ആഗോളീകരണ സിദ്ധാന്തം പുരോഗമനക്കാരെ പോലും വേട്ടയാടുന്നതിനാലാവാം. അതു കൊണ്ട തന്നെയാകാം ടി.ജെ.ജോസഫ് എന്ന അദ്ധ്യാപകന്‍, കൈപ്പത്തി വെട്ടി മാററിയ വര്‍ഗ്ഗീയശക്തികള്‍ക്കെതിരായ പോ?ാട്ടത്തില്‍ ഒററപ്പെട്ടു പോയത്.  വര്‍ഗ്ഗീയതയ്‌ക്കെതിരേ തനിച്ചു പോരാടുക എന്നതിനര്‍ത്ഥം, കയ്യും കാലും ജീവനും ഹോമിക്കുക എന്നതു തന്നെ. ഒരു കൂട്ടം വിഷസര്‍പ്പങ്ങളുടെ മാളത്തില്‍ നിരായുധനായി പ്രവേശിക്കുന്ന ഹതഭാഗ്യനാകുന്നു ഇന്നത്തെ എഴുത്തുകാരന്‍/കലാകാരന്‍.



     പഴയ കാലഘട്ടത്തില്‍ ഒരെഴുത്തുകാരന് സാമൂഹിക അനീതികളെ ശക്തമായി എതിര്‍ക്കാമായിരുന്നു.  എഴുത്തുകാരന് പുരോഗമന സമൂഹത്തിന്റെ സുരക്ഷിത കവചം ലഭ്യമായിരുന്നു. അതിനാല്‍ വിഗ്രഹങ്ങളുടെ മീതേ കാര്‍ക്കിച്ചു തുപ്പാമായിരുന്നു. അതിലൂടെ ജീവിതത്തിന്റെ മിന്നലാട്ടം അവതരിപ്പിക്കാമായിരുന്നു. എന്നാലത് ഇന്ന് തകര്‍ച്ചയിലാണ്.  തുളവീണ ഓസോണ്‍പാളിക്ക് സമാനമാണ് ഇന്നത്തെ പുരോഗമന പക്ഷം.



     നിര്‍മ്മാല്യം എന്ന സിനിമ ഇന്നാണ് പ്രത്യക്ഷപ്പെടുന്നതെങ്കില്‍ എന്താകുമായിരുന്നു ? ഈശ്വരനെയും വിഗ്രഹങ്ങളേയും ആരൊക്കെയോ സ്വാര്‍ത്ഥതാല്പര്യാര്‍ത്ഥം പാട്ടത്തിനെടുത്തിരിക്കുകയാണ്. പി.കെ. എന്ന ഹിന്ദി സിനിമ ആള്‍ദൈവങ്ങളും ഈശ്വവിശ്വാസവും റോങ്ങ് നമ്പറാണ് എന്ന ആശയം മുന്നോട്ടു വെച്ചപ്പോള്‍ ഉണ്ടായ പുകില്‍ എന്തൊക്കെയാണ്? അന്യഗ്രഹത്തില്‍ നിന്നും വന്ന ജീവി ഭൂമിയില്‍/ഭാരതത്തില്‍ കണ്ട വികസിച്ച മനുഷ്യന്റെ വൈചിത്ര്യങ്ങള്‍ തുറന്നാവിഷ്‌കരിച്ചു. ഭിന്നമായ ഒരു ചിന്താഗതിയും സമൂഹത്തില്‍ വെച്ചു പൊറുപ്പിക്കില്ലെന്നു വന്നിരിക്കുന്നു.  ഈശ്വരനെയും മതങ്ങളെയും തങ്ങള്‍ കല്പിക്കുന്ന വിധത്തില്‍ പറയണം/ആവിഷ്‌കരിക്കണം എന്ന നിര്‍ബന്ധബുദ്ധി ആരാണു മുന്നോട്ടു വെക്കുന്നത്? മാതോരു ഭഗന്‍ എന്ന കൃതിയിലൂടെ പെരുമാള്‍ മുരുകന്‍ ഒരു ക്ഷേത്രത്തിലെ അന്ധവിശ്വാസത്തെ, അബദ്ധജടിലമായ അന്ധകാരത്തെ മറനീക്കി പുറത്തു കൊണ്ടു വന്നപ്പോള്‍ എന്തിനാണ് പേ ഇളകിയത് ? പടച്ചോനെക്കുറിച്ചും ക്രിസ്തുവിനെക്കുറിച്ചും കൃഷ്ണനെക്കുറിച്ചും എഴുതാന്‍/പറയാന്‍/വിമര്‍ശിക്കാന്‍ ഇവിടെ ഇടമില്ല എന്ന തിട്ടൂരം ആരാണ് നമ്മുടെ സമൂഹത്തില്‍ വിക്ഷേപിക്കുന്നത് ? അത്തരക്കാര്‍ക്കു വേണ്ടി എന്തിനാണ് ഇത്തരം സാഹിത്യ നിരൂപകര്‍ മര്‍മ്മം പിടിച്ചു വിമര്‍ശിക്കുന്നത്? സന്തോഷ് ഏച്ചിക്കാനത്തിനെതിരായ വിമര്‍ശനത്തെ ആ പട്ടികയില്‍ പെടുത്താനാണ് ഞാന്‍ ആഗ്രഹിക്കുന്നത്.  വര്‍ഗ്ഗീയ ശക്തികളെ പ്രോത്സാഹിപ്പിക്കുന്ന , അവര്‍ക്കനുകൂലമായ കഥാവായന/വിമര്‍ശം/യാണ് പ്രസ്തുത നിരൂപകന്‍ നടത്തിയിട്ടുള്ളത്.  ഇനി ഹിന്ദു എന്ന് മററുള്ളവരാല്‍ മുദ്ര കുത്തപ്പെട്ടവന് മുസ്‌ളീങ്ങളെക്കുറിച്ചും, മററു മതങ്ങളെ കുറിച്ചും, മുസ്‌ളീമിന് ഹിന്ദുവിനെക്കുറിച്ചും മററു മതങ്ങളെക്കുറിച്ചും സംസ്‌കാരത്തെക്കുറിച്ചും എഴുതാന്‍ പററാത്ത സാംസ്‌കാരികാന്തരീക്ഷമാണോ മേല്പറഞ്ഞ നിരൂപകന്‍ ആഗ്രഹിക്കുന്നത് എന്ന് സംശയമുണ്ട്.



     വായന സാമൂഹികമായ സംയമനം സൃഷ്ടിക്കാനുതകണം. ഇല്ലെങ്കില്‍ അത്തരം വായന പരസ്യപ്പെടുത്താതിരിക്കാനുള്ള മാന്യത കാട്ടണം.  സാംസ്‌കാരികതയെയും അതിന്റെ ഇഴയടുപ്പത്തെയും തകര്‍ക്കാന്‍ ഇതു കാരണമാകരുത്.  ഈ നിലപാട് എല്ലാ എഴുതുന്ന വായനക്കാരും സ്വീകരിക്കണം എന്നു വിനീതമായി അഭ്യര്‍ത്ഥിക്കട്ടെ.  എന്താണ് ബിരിയാണി എന്ന കഥയുടെ ഇതിവൃത്തം ?



       ഇത് വിശപ്പിന്റെ കഥയാണ്. ഗോപാല്‍ യാദവ് എന്ന ബീഹാറി. ലാല്‍ മാത്തിയ എന്ന ഗ്രാമക്കാരന്‍.  ഇന്ന് പ്രസ്തുത ഗ്രാമം ഝാര്‍ഖണ്ഡിലാണ്.  സംസ്ഥാന വിഭജനത്തില്‍ സംഭവിച്ചതാണ്.  അതു പോലും ഗോപാല്‍ യാദവിനറിയില്ല.  കുറേക്കാലമായി ഉളിയത്തടുക്കയിലായിരുന്നു ഗോപാലിന് ജോലി.  അവിടെ ജോലി കുറഞ്ഞപ്പോള്‍ പട്ടിണി ആരംഭിച്ചു.  അങ്ങനെ, ചെര്‍ക്കളയിലേക്കു പോന്നു.  അവിടെ നിന്നും പൊയിനാച്ചിയിലേക്കു വരികയാണ് ഗോപാല്‍ യാദവ്.



      മറെറാരു മുഖ്യകഥാപാത്രം കലന്തന്‍ ഹാജിയാണ്. പണ്ടത്തെ സാഹസികനാണദ്ദേഹം.  മകളുടെ മകന്‍ റിസ്വാന്‍ എന്ന കാര്‍ഡിയാക് സര്‍ജന്റെ വിവാഹം ബാംഗ്‌ളൂരില്‍ വെച്ചു കഴിഞ്ഞു.  ഇവിടെ റിസപ്ഷന്‍ നല്കണമെന്ന് ആഗ്രഹം.  അതിന്ന് വേണ്ടി പഞ്ചാബില്‍ നിന്ന് ഒരു ലോഡ് ബസുമതി അരി കൊണ്ടുവന്നു എന്ന് വിശ്വസ്തനായ ഹസൈനാര്‍ച്ച പറയുന്നുണ്ട്.  ഭക്ഷണമുണ്ടാക്കാന്‍ പുറം നാട്ടില്‍ നിന്നു വരെ ആളെ കൊണ്ടുവന്നിട്ടുണ്ട്.  അപ്പോള്‍, ഈ കഥയില്‍ ഗോപാല്‍ യാദവിന്റെ ഭാഗം എന്താണ് ? അവശിഷ്ടങ്ങള്‍ മറവു ചെയ്യാനുള്ള കുഴിയെടുക്കണം. അതിനാണ് ഗോപാലിനെ കൊണ്ടു വന്നിട്ടുള്ളത്.  ഗോപാലിനെ എത്തിക്കാനുള്ള സഹായം ചെയ്യുന്നത് രാമചന്ദ്രന്‍ പെരുമ്പളയാണ്.



        കച്ചവടം പറഞ്ഞുറപ്പിച്ച് ഹസൈനാര്‍ച്ച ഗോപാലിനെ കൂട്ടുകയാണ്. 250 രൂപ.  അതിനിടെ, ബീഹാറിലെ കൂലിയും നിലവാരവും അന്വേഷിക്കുന്നു.  കല്ക്കരി വാരി ബഹുദൂരം സൈക്കിളില്‍ ഉന്തിത്തള്ളി എത്തിച്ചാല്‍ 150 രൂപാ കിട്ടും.  പക്ഷേ, പോലീസ്, ഗുണ്ടാ മുതലായവര്‍ക്കൊക്കെ കൊടുത്ത് ബാക്കി കയ്യിലേക്കു വരുന്നത് 10 രൂപായാണ്. അതിനാല്‍ 350 ചോദിച്ച ഗോപാലിനോട് പുലഭ്യം പറയുന്നു.  തന്റെ വേദന ഇദ്ദേഹത്തോടു പറഞ്ഞിട്ടു കാര്യമില്ലെന്ന് ഗോപാല്‍ തിരിച്ചറിയുന്നു. 15 വര്‍ഷമായി അയാള്‍ കേരളത്തില്‍ തന്നെയാണ്.  അതിനാല്‍ അത്യാവശ്യം ഭാഷയൊക്കെ അറിയാം.



        കലന്തന്‍ഹാജിയുടെ വീട്ടില്‍ നിന്നും ബസുമതി അരിയുടെ ഗന്ധം ഗോപാലിന്റെ മൂക്കിലെത്തി.  അപ്പോള്‍ അയാള്‍ മാതംഗിയെ ഓര്‍ത്തു. അവള്‍ക്ക് ആറാം മാസമായിരുന്ന സന്ദര്‍ഭത്തിലാണ് ഈ അരി ആദ്യമായ് കാണുന്നത്. തങ്ങളെ പോലുള്ളവര്‍ക്ക് അതു വിലകൊടുത്തു വാങ്ങി ഉണ്ണാന്‍ പററില്ലെന്ന് നന്നായറിയുന്ന ഗോപാല്‍ 50 ഗ്രാം അരി തൂക്കി വാങ്ങി അവള്‍ക്കു നല്കുന്നു. അതു വായിലിട്ട് ചവച്ച് അവള്‍ തൃപ്തിയടയുന്നു.  ഈ അരിയാണ് കലന്തന്‍ഹാജി ഒരു ലോഡിറക്കിയിരിക്കുന്നത്. ബസുമതി അരി ഗോപാലിനെ സംബന്ധിച്ച് സ്വപ്നമാണ്. അവന്‍ മകള്‍ക്കിടുന്ന പേര് ബസുമതി എന്നാണ്.  വിശന്നു വിശന്ന് മണ്ണു തിന്നു കിടക്കുന്ന മകള്‍.  അവള്‍ ഗോപാലിന്റെ നെടുവീര്‍പ്പാണ്.  അവള്‍ വിശന്നു തന്നെ മരിക്കുന്നു. കുഴിയില്‍ ചവിട്ടിയമര്‍ത്താന്‍ പറയുന്ന ബിരിയാണി കൂനകള്‍ അവനെ ഞെട്ടിക്കുന്നു. സ്വന്തം അസ്തിത്വത്തെ സംബന്ധിച്ച തീവ്രവിചാരങ്ങളിലേക്ക് അവനെ തള്ളിയിടുന്നു.



      ഈ കഥയെ, ഇതിലെ പ്രധാന കഥാപാത്രങ്ങള്‍ മുസ്‌ളിം പശ്ചാത്തലമുള്ളവരായതിനാല്‍ അവരെ താറടിച്ചു കാണിക്കുകയാണ് ഉദ്ദേശം എന്ന മട്ടിലുള്ള വിമര്‍ശനം അരുതാത്തതാണ്.  ആര്‍ക്കും വകവെച്ചു നല്കാന്‍ പററാത്തതുമാണ്. കലന്തന്‍ഹാജിയുടെ ഭാര്യമാരുടെ കണക്കും, ഹുസൈനാര്‍ച്ചയുടെ ടിപ്പിക്കലായ സ്വഭാവവും, സിനാന്റെ (ഗോപാലിനെക്കൊണ്ട് കുഴിവെട്ടിക്കുന്ന പയ്യന്‍) വാട്‌സ് ആപ് സന്ദേശവും  എടുത്ത് ഒരു സമുദായത്തെ ആക്ഷേപിക്കലാണ് കഥാകൃത്തിന്റെ ലക്ഷ്യം എന്നു പറയുന്നത് കഥയുടെ യഥാര്‍ത്ഥ സാമൂഹികോദ്ദേശത്തെ മറച്ചു വെക്കലാണ്.  ഒരു കാര്യം എടുത്തു പറയട്ടെ, മലബാറില്‍, വിശേഷിച്ച് വടക്കേ മലബാറില്‍ ഹിന്ദുക്കളും മുസ്‌ളീങ്ങളും തമ്മില്‍ വളരെയടുത്ത സൗഹൃദവും പരസ്പര വിശ്വാസവുമാണ് നിലവിലുള്ളത്. അമ്മയേപ്പോലെ ഞങ്ങളെ സ്‌നേഹിച്ച പാത്തുമ്മയെ എനിക്കോര്‍മ്മയുണ്ട്.  ഹിന്ദുക്കളുടെയും മുസ്‌ളീങ്ങളുടെയും സാമൂഹിക ജീവിതം രണ്ടല്ല, ഒന്നു തന്നെയാണ്. എല്ലാ ആചാരങ്ങളിലും വിശേഷങ്ങളിലും ഗ്രാമവാസികളായ ഞങ്ങള്‍ പരസ്പരം സംബന്ധിക്കാറുണ്ട്. ഈ വാസ്തവം മനസ്സിലാക്കാതെയാണ് വര്‍ഗ്ഗീയവായനകള്‍ വിഷം വിതറി, കഥാകൃത്തിന്റെ ലക്ഷ്യത്തെ തകര്‍ക്കുന്നത്.  എഴുത്തുകാരന്റെ മനസ്സിനും കഴിവിനും ചെടിപ്പുണ്ടാക്കുന്ന ഇത്തരം വായനകളെ തള്ളിക്കളയേണ്ടതുണ്ട്.



         ആവശ്യത്തിലേറെ ചിലവഴിച്ച് ആഡംബരപ്രിയംകാട്ടുന്ന മലയാളി സമൂഹത്തെ മാത്രമാണ് കലന്തന്‍ഹാജി പ്രതിനിധാനം ചെയ്യുന്നത്. ഒരു മുസ്‌ളീം എന്ന നിലക്കല്ല ഒരു വായനക്കാരന്‍ അദ്ദേഹത്തെ സമീപിക്കുന്നത്.  ഒരു മലയാളി എന്ന നിലക്കു തന്നെയായിരിക്കും.  വായനകള്‍ വേറിട്ടു പേയെങ്കില്‍, അത്തരം വായനകള്‍ക്ക് എന്തെങ്കിലും ദുരുദ്ദേശം ഉണ്ടായിരിക്കണം.  ഇത് ഒരു സംഘര്‍ഷമാണ്. ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള സംഘര്‍ഷം.  ദാരിദ്ര്യവും സമ്പന്നതയും തമ്മിലുള്ള സംഘര്‍ഷം. അതൊക്കെ നടക്കുന്നത് മനസ്സിലാണ് എന്നു മാത്രം.  നാല്പതു വര്‍ഷം മുമ്പാണെങ്കില്‍ അതു വര്‍ഗ്ഗസമരത്തിനു കാഹളം കുറിച്ചേനെ.  അതിനുള്ള ഇടം കഥാകൃത്ത് ഒരുക്കിയില്ലല്ലോ എന്നതില്‍ മാത്രമേ എനിക്കു ചെറിയ പരാതിയുള്ളൂ.



       എന്തായാലും മലയാളി വായനക്കാര്‍ക്ക് ആസ്വദിക്കാനും ആശ്വസിക്കാനും പററിയ കഥയാണ് ബിരിയാണി. ലൈംഗികതയുടെയും രതി വിഭ്രമങ്ങളുടെയും കഥകള്‍, വെറും കമ്പോളക്കഥകള്‍, മാത്രം വായിച്ചു മനസ്സിടിഞ്ഞിരിക്കേയാണ് ഏച്ചിക്കാനത്തിന്റെ ബിരിയാണി വരുന്നത്. മലയാളത്തിലെ വിശപ്പിന്റെ കഥകളില്‍ ശക്തമായ പ്രാതിനിധ്യവുമേന്തി.  ജീവിതത്തിന്റെ നിശ്വാസമേന്തുന്ന ഇത്തരം കഥകള്‍ ഒരിക്കലും അവസാനിക്കരുത്. കാരണം, വിശപ്പ് തീവ്ര സത്യമാണ്. 

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഹിമവാൻ്റെ മുകൾത്തട്ടിൽ: രാജൻ കാക്കനാടൻ, ഭാഗം1

സഭാപ്രവേശം - കുഞ്ചൻ നമ്പ്യാർ

കരുണ - കുമാരനാശാൻ