കൊഴിഞ്ഞ ഇലകൾ (സംഗ്രഹം)

[കണ്ണൂർ സർവകലാശാല മൂന്നാം സെമസ്റ്റർ കോമൺ മലയാളം ഗദ്യസാഹിത്യമെന്ന സിലബസ്സ് പ്രകാരം ആദ്യത്തെ 5 അദ്ധ്യായങ്ങളാണ് വായിക്കാനുള്ളത്. അതിന്റെ രത്നച്ചുരുക്കം ചുവടെ നല്കുന്നു.]

കൊഴിഞ്ഞ ഇലകൾ.

'കൊഴിഞ്ഞ ഇലകൾ' മൂന്ന് ഭാഗങ്ങളായാണ് ആദ്യഘട്ടത്തിൽ പ്രസിദ്ധീകരിച്ചത്. 1960 ൽ ഒന്നാം ഭാഗം, 1965 ൽ രണ്ടാം ഭാഗം, 1976 ൽ മൂന്നാം ഭാഗം എന്നിങ്ങനെയാണ് ആത്മകഥാഭാഗങ്ങൾ പുറത്തുവന്നത്. 1978 ൽ മൂന്നു ഭാഗങ്ങളും ഒരുമിച്ച് പ്രസിദ്ധീകരിച്ചു. ജീവിതത്തെ പരിവർത്തിപ്പിക്കാൻ സാഹിത്യത്തിന് കരുത്തുണ്ടെന്ന വിശ്വാസമാണ് പ്രതിഭാശാലിയായ ഈ എഴുത്തുകാരന് ഉത്സാഹം പകർന്നത്.


ഒന്നാം ഭാഗത്തിന് മുഖവുരയായി എഴുതിയ കുറിപ്പിൽ മുണ്ടശ്ശേരി ഇപ്രകാരം പറയുന്നു: "കൊഴിഞ്ഞ ഇലകൾ മുഴുവൻ കാറ്റത്തു പറന്നുപോകുമോ? ഇല്ല. നല്ലൊരു ഭാഗം കടയ്ക്കൽത്തന്നെ കിടന്നു പാകപ്പെട്ടു പുതിയ ഇലകൾ നാമ്പെടുക്കുന്നതിനു വളമായിത്തീരും. അത്തരം ഇലകളെ മാത്രമേ ഞാനിതിൽ അടിച്ചുകൂട്ടിയിട്ടുള്ളൂ."

ഓർമ്മയിൽ തങ്ങിനില്ക്കുന്ന കുറേ അനുഭവങ്ങളുടെ അനുസ്മരണം മാത്രമാണ് തന്റെ ആത്മകഥയെന്നാണ് മുണ്ടശ്ശേരിയുടെ പക്ഷം. എന്നാൽ, സാമൂഹികമാറ്റത്തിനും അവശജനോന്നമനത്തിനുമുള്ള പ്രചോദനം തന്നിലെങ്ങനെ രൂപപ്പെട്ടിരിക്കുന്നുവെന്നതിന്റെ ഉത്തരം കൂടിയാണ് ഈ ആത്മകഥ.


അധ്യായം ഒന്നിൽ തന്റെ തറവാട്ടവസ്ഥ, മുണ്ടശ്ശേരി എന്ന പേരു വരാനുള്ള കാരണം, സ്കൂൾ ജീവിതം, ഫോർത്തു ഫോമിൽ പഠിക്കുമ്പോൾ നേരിട്ട വെല്ലുവിളികൾ എന്നിവ പ്രതിപാദിക്കുന്നു. പേരെടുത്തു പരാമർശിക്കുന്നത് സി.പി.ഗോവിന്ദമേനോൻ, എൻ.വി.മഹാദേവയ്യർ എന്നീ അദ്ധ്യാപകരെയാണ്.


അദ്ധ്യായം രണ്ടിൽ ഒന്നാം ലോകയുദ്ധകാലം, സാഹചര്യം, കണ്ടശ്ശാങ്കടവിലെ പത്രങ്ങൾ, യുദ്ധകാല പത്രവായന, സാഹിത്യക്കമ്പം വളർന്നത്, അന്നത്തെ ചില കവികൾ, സാഹിത്യമാസികകൾ, കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ കവിത്വം, കവികളുടെ പ്രാസഭ്രമം, യമകപ്രയോഗം, സാഹിത്യവായനാ താൽപ്പര്യം വളർന്നത് മുതലായവ പ്രതിപാദിക്കുന്നു.


മൂന്നാം അദ്ധ്യായത്തിൽ തനിക്കു പിടിപെട്ട സന്നിപാതജ്വരം, അമ്മയുടെ ദൃഢനിശ്ചയം, ഡോ. ശങ്കുണ്ണി മേനോന്റെ മഹത്വം, അപ്പന്റെ സാഹിത്യവിരോധം, വികാരിയച്ചന്റെ അസംബന്ധ പരാമർശങ്ങൾ, യുക്തിവിചാരം വളർന്ന വഴികൾ, ക്രിസ്ത്യാനികളുടെ ബ്രിട്ടീഷുചായ് വ് മുതലായവ വിവരിക്കുന്നു. 


അദ്ധ്യായം നാലിൽ, ജാതിയും സമുദായവും സമൂഹത്തെ വിഭജിക്കുന്ന ശക്തികളായ തെങ്ങനെയെന്ന് വിശദമാക്കുന്നു. കൂട്ടുകാരനുഭവിച്ച വിഷമങ്ങൾ, സാഹിത്യരംഗത്ത് പിന്നോക്കവിഭാഗം നേരിട്ട സമ്മർദ്ദങ്ങൾ, അതു പരിഹരിക്കാൻ അവരിൽ ചിലർ നടത്തിയ വിപ്ലവകരമായ നടപടികൾ, വണക്കമാസം, തൃശ്ശുരിൽ നടന്ന നായർ- ക്രിസ്ത്യൻ ലഹള എന്നിവ വിവരിക്കുന്നു.


അദ്ധ്യായം അഞ്ചിൽ കവിതക്കമ്പവും കേരളീയ കത്തോലിക്കൻ മാസികയും മേരിജോൺ തോട്ടം, ഫാദർ സി.കെ.മറ്റം, പ്രാസഭ്രമത്തിന്റെ അർത്ഥശൂന്യത, പി.സി. പോളിന്റെ പ്രവർത്തനങ്ങൾ മുതലായവ വിവരിക്കുന്നു.


തന്നിൽ പരിവർത്തനോന്മുഖതയും യുക്തിവിചാരശീലവും കുട്ടിക്കാലത്തു തന്നെ വളർന്ന് വികസിച്ചതെങ്ങനെയെന്ന് വായനക്കാരെ ബോദ്ധ്യപ്പെടുത്താനുള്ള പരിശ്രമമാണ് ആദ്യത്തെ അഞ്ച് അദ്ധ്യായങ്ങളിൽ പ്രത്യക്ഷമാകുന്നത്.


അധ്യായം ഒന്ന്.

കൊഴിഞ്ഞ ഇലകളിലെ ഒന്നാം അദ്ധ്യായം ആരംഭിക്കുന്നത് ബാല്യകാലത്തുള്ള തന്റെ ജീവിതാവസ്ഥ വിവരിച്ചുകൊണ്ടാണ്. അന്ന് ദാരിദ്ര്യം സർവ്വസാധാരണമായ ഒരനുഭവമായിരുന്നു. കണ്ടശ്ശാംകടവ് അങ്ങാടിയിൽ ഒരു വാടകവീട്ടിൽ മാതാപിതാക്കന്മാരൊന്നിച്ചു കഴിയുന്ന കാലം മുണ്ടശ്ശേരി ഓർക്കുന്നു. തറവാട്ടിന്റെ വകയായ സ്വത്തും പണവുമൊക്കെ ധൂർത്തും പിടിപ്പുകേടുമുള്ള മുൻതലമുറക്കാർ തീർത്തുകഴിഞ്ഞിരുന്നു. മുണ്ടശ്ശേരിയുടെ മൂലകുടുംബം ടിപ്പുവിന്റെ പടയോട്ടക്കാലത്ത് കണ്ടശ്ശാങ്കടവിൽ കുടിയേറിയവരാണ്. അതിന്റെ ഒരു ശാഖ തോട്ടരികത്തെ വളപ്പിൽ (തോട്ടുങ്ങൽ കുടുംബം) താമസമായി. ആ കുടുംബത്തിൽ നിന്ന് ഭാഗം വാങ്ങിപ്പിരിഞ്ഞ മൂത്തമകന്റെ മക്കളാണ് മുണ്ടശ്ശേരിയുടെ കുടുംബക്കാർ. മാറിത്താമസിച്ചത് മുണ്ടശ്ശേരി എന്ന ഇല്ലപ്പറമ്പിലായതിനാൽ തങ്ങളെല്ലാവരും മുണ്ടശ്ശേരികളായെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.


തുടർന്ന് മുണ്ടശ്ശേരി തന്റെ സ്കൂൾ ജീവിതം ഓർക്കുകയാണ്. അവിടെ, തീരക്കടലിൽ തുരുത്തുകൾ എന്ന പോലെ ചില അദ്ധ്യാപകരെ ഓർക്കുന്നു. മുണ്ടശ്ശേരി എഴുതുന്നു: "പല ഏങ്കോണിപ്പുകളോടു കൂടി അവരങ്ങനെ നിരന്നു നില്ക്കുകയാണ് ഇപ്പോഴും കൺമുമ്പിൽ." പഠിപ്പിച്ചതൊന്നും ഓർമ്മയില്ലെങ്കിലും, ഡിക്റ്റേഷൻ തന്ന് പൂർണ്ണവിരാമം എന്ന് ഓരോ വാക്കിനു ശേഷവും പറയുന്ന ഒരു ആഢ്യൻ നമ്പൂതിരി, നാലാം ക്ലാസ്സിൽ പഠിപ്പിച്ചിരുന്ന സി.പി.ഗോവിന്ദമേനോൻ, മേനോന് വിരോധമുണ്ടായിരുന്ന, ടൈഗർ എന്ന് വിളിച്ച് മേനോൻ ആക്ഷേപിക്കാറുണ്ടായിരുന്ന ബ്രാഹ്മണാദ്ധ്യാപകൻ, ഹെഡ്മാസ്റ്ററും ദയാനിധിയുമായ എൻ.വി. മഹാദേവയ്യർ എന്നിവരെക്കുറിച്ചെല്ലാം പ്രതിപാദിക്കുന്നു. സി.പി.ഗോവിന്ദമേനോന് മുണ്ടശ്ശേരിയോട് പ്രത്യേക വാത്സല്യം ഉണ്ടായിരുന്നു. ക്ലാസ്സിലെ മോണിറ്ററാക്കിയത് മുണ്ടശ്ശേരിയെയായിരുന്നു. വിദ്യാലയത്തിൽ അന്നു നിലനിന്നിരുന്ന ശിക്ഷാരീതികളും ഓർക്കുന്നു. വളരെ രസകരമായി സ്കൂൾ ജീവിതാനുഭവങ്ങൾ മുണ്ടശ്ശേരി വിവരിക്കുന്നു. അധ്യാപകർ തമ്മിലുള്ള സൗന്ദര്യപ്പിണക്കങ്ങളും വിദ്യാർത്ഥികളുടെ  കുസൃതിയും ഒക്കെ വിവരിക്കുമ്പോൾ തന്നെ, ശിഷ്യവാത്സല്യവും കരുണയും ഉള്ളവരാണവർ എന്നുകൂടി അദ്ദേഹം അനുഭവ വിവരണത്തിലൂടെ ബോദ്ധ്യപ്പെടുത്തുന്നു. 

ഏഴാം ക്ലാസ്സിൽ പഠനം നിർത്തുന്ന സാഹചര്യമായിരുന്നു നാട്ടിലുണ്ടായിരുന്നത്. എന്നാൽ, മുണ്ടശ്ശേരി ഏഴിലെത്തിയപ്പോൾ പൂട്ടിത്തുറന്നാൽ സ്കൂളിൽ ഫോർത്തു ഫോം ഉണ്ടാകുമെന്ന് പറയുന്നതായി കേട്ടു. പഠിക്കാൻ പണവും വേണം. അതെങ്ങനെ സ്വരൂപിക്കുമെന്ന് ചിന്തിച്ചു വിഷമിച്ചു. ഈ സന്ദർഭത്തിൽ സ്ഥലംമാറ്റം കിട്ടി പുറപ്പെടുവാൻ തയ്യാറായിരുന്ന ഹെഡ്മാസ്റ്റർ എൻ.വി. മഹാദേവയ്യർ തുടർപഠനത്തിനാവശ്യമായ പണം മുണ്ടശ്ശേരിക്കു നല്കി. മുണ്ടശ്ശേരിയുടെ കണ്ണു നിറഞ്ഞ അനുഭവമായിരുന്നു അത്.


ഒരേ തറവാട്ടിൽ നിന്നും ഭാഗം പിരിഞ്ഞവരാണെങ്കിലും അവരിൽ തന്നെ ദരിദ്രരും സമ്പന്നരും ഉണ്ടായിരുന്നു. അങ്ങനെയിരിക്കെയാണ് താരതമ്യേന ദരിദ്രനായ മുണ്ടശ്ശേരി എട്ടാം ക്ലാസ്സിൽ ചേർന്നത്. ഇത് തറവാട്ടിൽത്തന്നെയുള്ള സമ്പന്നനായ പ്രമാണിക്ക് തീരെ പിടിച്ചില്ല. തന്റെ മാളികയുടെ വരാന്തയിലിരുന്ന് അയാൾ ബാലനായ മുണ്ടശ്ശേരിയെ അധിക്ഷേപിച്ചു കൊണ്ട് ഉറക്കെ, ഈ ചെക്കനും മറ്റും ഹൈസ്കൂളിൽ പഠിക്കാൻ എന്തു കാര്യമെന്ന് ചോദിച്ചു. മുണ്ടശ്ശേരി തിരിഞ്ഞുനോക്കിയപ്പോൾ, നിന്നെപ്പറ്റിത്തന്ന്യാ പറഞ്ഞത് എന്ന് പരിഹസിച്ചു. തർക്കിച്ചാലോ എന്നു തോന്നിയെങ്കിലും ബെല്ലടിച്ചതിനാൽ മുണ്ടശ്ശേരി പ്രതികരിച്ചില്ല. എന്നാൽ ആ സംഭവം തനിക്കൊരു ഇടിവെട്ടായിരുന്നുവെന്ന് മുണ്ടശ്ശേരി എഴുതുന്നു. പണമില്ലാത്തവന് ഉയർന്ന ക്ലാസ്സിൽ ചേർന്നു പഠിക്കാൻ ബുദ്ധിയുണ്ടെങ്കിൽപ്പോലും സാധിക്കില്ലേ - മുണ്ടശ്ശേരി ചോദിച്ചു. ഇത്തരം സാമൂഹിക ദുരവസ്ഥയ്ക്കെതിരെ കലഹിക്കണമെന്ന ചിന്ത അദ്ദേഹത്തിനുണ്ടായി. ബുദ്ധിയുള്ളവന് അവനേതായാലും, പഠിക്കാനും ഉയരാനും സാധിക്കണം. അതിന്നു വേണ്ടത് ചെയ്യണം എന്ന ദൃഢനിശ്ചയം മുണ്ടശ്ശേരി എടുത്തു.


ഭാഗം 2


രണ്ടാം ഭാഗം ഒന്നാം ലോകയുദ്ധ സാഹചര്യങ്ങളെക്കുറിച്ചുള്ള വിശദീകരണവും സാഹിത്യലോകത്തെക്കുറിച്ചുള്ള വിശദീകരണവും തന്നിൽ സാഹിത്യാഭിരുചി വളർന്നുവന്നതിനെപ്പറ്റിയുള്ള സൂചനകളും ഉൾക്കൊള്ളുന്നു.


യുദ്ധം (1914-18) മുണ്ടശ്ശേരിയും കൂട്ടരും ഫോർത്തു ഫോമിലേയ്ക്ക് കടക്കുമ്പോഴാണ് അവസാനിച്ചത്. യുദ്ധത്തെക്കുറിച്ച് നാട്ടുകാർക്ക് വലിയ അറിവുണ്ടായിരുന്നില്ല. യുദ്ധത്തിൽ പങ്കെടുക്കാൻ പട്ടാളക്കാർ ചെറുപ്പക്കാരെ പിടിച്ചുകൊണ്ടു .പോകുമെന്ന ഭീതി പരന്നിരുന്നു. ഗാന്ധിജി പോലും റിക്രൂട്ടു ചെയ്യാൻ ഒരുങ്ങിയിരിക്കുന്നുവെന്ന വാർത്ത പരന്നു. സാധനങ്ങൾക്ക് വില വളരെ കൂടി. നാട്ടിലെ പ്രമാണികൾ കച്ചവടക്കാരായിരുന്നു. യുദ്ധം അവർക്കൊക്കെ നല്ലകാലമുണ്ടാക്കി. 


അന്ന് മലയാളത്തിൽ ചുരുക്കം ചില പത്രങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. മനോരമയും ദീപികയും കണ്ടശ്ശാംകടവിലെത്തിയിരുന്നു. പത്രം പൊളിച്ചുവായിക്കുമ്പോൾ ആൾക്കാർ ചുറ്റും കൂടും. യുദ്ധകാര്യങ്ങളിൽ തർക്കിക്കും. പരസ്യമായി ജർമനിയെ പിന്തുണയ്ക്കാൻ ആർക്കും ധൈര്യമുണ്ടായില്ല. യുദ്ധകാലപത്രവായന മുണ്ടശ്ശേരിയിൽ സാഹിത്യക്കമ്പം വർദ്ധിപ്പിച്ചു. അന്നത്തെ പത്രങ്ങളിൽ കവിതകൾ വരാറുണ്ടായിരുന്നു. നടുവം, ഒറവങ്കര, വെണ്മണി, കട്ടക്കയം, മൂലൂർ മുതലായവരെ മുണ്ടശ്ശേരി ഓർക്കുന്നു. കവനകൗമുദി, ഭാഷാപോഷിണി, വിദ്യാവിനോദിനി, മംഗളോദയം, കർമ്മലകുസുമം മുതലായ മാസികകളും മുണ്ടശ്ശേരി തേടിപ്പിടിച്ചു. കവനകൗമുദി സകലതും കവിതയിൽ മാത്രം പ്രസിദ്ധീകരിക്കുന്ന മാസികയായിരുന്നു. കുഞ്ഞിക്കുട്ടൻ തമ്പുരാനാകട്ടെ, ദ്രുതകവനത്തിന് സമർത്ഥനായിരുന്നു. തന്റെ മകൾക്ക് ബാലശിക്ഷയ്ക്കായി അദ്ധ്യാപകനയച്ച ശ്ലോകക്കത്തും ശിഷ്യരിലൊരാൾക്ക് ജോലിക്കായി നല്കിയ ശുപാർശക്കത്തിലെ അവതാരികാപദ്യവും തമ്പുരാന്റെ ദ്രുതകവനസാമർത്ഥ്യത്തിനു തെളിവായി മുണ്ടശ്ശേരി അവതരിപ്പിക്കുന്നു. അതിലടങ്ങിയ പ്രാസത്തിന്റെ ഭംഗി പലർക്കും ഇഷ്ടമായി. കേരളവർമ്മ വലിയകോയിത്തമ്പുരാനും പ്രാസപ്രിയനായിരുന്നു. ഫോർത്തു ഫോമിൽ എത്തിയപ്പോഴേയ്ക്കും അതുവരെ പ്രസിദ്ധീകരിച്ച മഹാകാവ്യങ്ങളൊക്കെ മുണ്ടശ്ശേരിയും കൂട്ടരും വായിച്ചു ഹൃദിസ്ഥമാക്കി. അക്ഷരശ്ലോക മത്സരത്തിന് ഉപകരിച്ചുവെന്നല്ലാതെ മറ്റു ഗുണമൊന്നും ഉണ്ടായില്ല.


പ്രാസം ദീക്ഷിച്ചും പദരചനാവൈദഗ്ദ്യം പ്രകടിപ്പിച്ചും

ധാരാളം കവിതകളെഴുതി, മുണ്ടശ്ശേരിയും കൂട്ടുകാരും. മുണ്ടശ്ശേരി തന്നെ പത്തായിരത്തിൽപ്പരം ശ്ലോകമെഴുതിയിട്ടുണ്ടാകും. യമകമൊക്കെ ദീക്ഷിച്ചെഴുതാൻ സാധിച്ചപ്പോൾ മുണ്ടശ്ശേരി ആളാകെ മാറി. സംസ്കൃതത്തിനോട് വല്ലാത്ത ഭക്തിയും രൂപപ്പെട്ടു. വള്ളത്തോളിന്റെയും കുമാരനാശാന്റെയും കൃതികൾ പ്രിയപ്പെട്ടവയായി. ചില മുൻഷിമാർക്ക് ഈ കവികളുടെ കാവ്യസമീപനത്തോട് എതിർപ്പുണ്ടായിരുന്നു. എങ്കിലും മഹാകാവ്യവായനയിൽ നിന്നുമുള്ള മോചനത്തിന് അവ ഉപകരിച്ചു.


ഭാഗം മൂന്ന് 

ചില ജീവിതസംഭവങ്ങളാണ് ഭാഗം മൂന്നിൽ ആഖ്യാനം ചെയ്യുന്നത്. ഫിഫ്ത്തുഫോമിൽ വെച്ച് മുണ്ടശ്ശേരിക്ക് സന്നിപാതജ്വരം പിടിച്ചു. മരിച്ചുപോകുമെന്ന അവസ്ഥയുണ്ടായി. എന്നാൽ അമ്മ മുണ്ടശ്ശേരിയെ രക്ഷിക്കുമെന്ന് ദൃഢനിശ്ചയം ചെയ്തു. ഈ സന്ദർഭത്തിൽ അന്യമതക്കാരായ  സഹപാഠികൾ കാട്ടിയ സ്നേഹം മുണ്ടശ്ശേരി വിലമതിക്കുന്നു. സ്വന്തക്കാരിൽ നിന്നു പോലും അത്രയും സ്നേഹം ലഭിച്ചിട്ടില്ല. സ്വന്തക്കാരുടെ സ്നേഹം പലപ്പോഴും ഔപചാരികമാണെന്ന് മുണ്ടശ്ശേരി കരുതുന്നു. തറവാട്ട് കാരണവരായിത്തീർന്ന ഒരു മാന്യൻ വീട്ടിൽ വന്ന് അവസാനമായി ഒരു ലാടവൈദ്യനെക്കൂടി കാട്ടി പ്രതീക്ഷ അവസാനിപ്പിക്കാമെന്ന് പറഞ്ഞു. എന്നാൽ കോപിച്ച അമ്മ പലതും അയാളോടു പറഞ്ഞു. കയ്യിലുള്ള സകലതും വിറ്റിട്ടായാലും ഡോക്ടറെ കൊണ്ട്‌ ചികിത്സിക്കുമെന്ന് പ്രഖ്യാപിച്ചു. മുണ്ടശ്ശേരിയുടെ അമ്മാവനെ തൃശ്ശൂർക്കയച്ച് ഡോ.ശങ്കുണ്ണിമേനോനെ വരുത്തി. ഡോക്ടറുടെ സ്നേഹ പൂർണ്ണമായ ചികിത്സാവൈദഗ്ദ്യത്താൽ മുണ്ടശ്ശേരി ജീവിതത്തിലേക്കു തിരികെ വന്നു. മൂന്നുമാസം കഴിഞ്ഞുമാത്രമേ സ്കൂളിൽ പോകാനായുള്ളൂ. ആ കാലത്തെ സ്കോളർഷിപ്പ് ഹെഡ്മാസ്റ്റർ തടഞ്ഞുവെച്ചു. സർക്കാർ ഡോക്ടറല്ലാത്തതിനാൽ അനുവദിക്കാനാകില്ലെന്നായിരുന്നു പക്ഷം. എന്നാൽ ഡോ. ശങ്കുണ്ണി മേനോൻ ഇടപെട്ട് അതു മേടിച്ചു കൊടുത്തു. പനി കഴിഞ്ഞുള്ള ജീവിതം മറ്റൊരു ജീവിതമായി മുണ്ടശ്ശേരിക്കനുഭവപ്പെട്ടു.


കണക്കും ശാസ്ത്രവും മുണ്ടശ്ശേരിക്ക് പ്രിയപ്പെട്ട വിഷയങ്ങളായിരുന്നു. സാഹിത്യപ്രേമം വർദ്ധിച്ചത് സ്കൂൾപഠിപ്പിനെ ബാധിച്ചു. അതോടൊപ്പം, ചില വികാരിയച്ചന്മാരുടെ വാക്കുകൾ സാധാരണക്കാരായ കൃസ്ത്യാനികളെ എപ്രകാരം വഴിപിഴപ്പിക്കുന്നുവെന്നും മുണ്ടശ്ശേരി സോദാഹരണം വിവരിക്കുന്നു. കവിതാപാരായണം മുഖ്യതൊഴിലായി. അയൽവാസിയായ ഒരു മാന്യനുമൊത്ത് കുണ്ടുരിന്റെ [കുണ്ടൂർ നാരായണമേനോൻ] നാലു ഭാഷാകാവ്യങ്ങൾ വായിക്കെ, അപ്പൻ ഒന്നും പറഞ്ഞില്ല. അദ്ദേഹം പോയിക്കഴിഞ്ഞപ്പോൾ അപ്പൻ ആ പുസ്തകം ചുട്ടുകളഞ്ഞു. മുണ്ടശ്ശേരിയെ അടിക്കാൻ ഒരുങ്ങി അദ്ദേഹം. എന്തായിരുന്നു കാരണം? അജ്ഞാനികളുടെ കാവ്യങ്ങളും കൊണ്ട് നടന്നാൽ നരകത്തിൽപ്പോകുമെന്ന വികാരിയച്ചന്റെ വാക്കുകൾ തീവ്രമായി ഉൾക്കൊണ്ടതാണ് പ്രശ്നം സൃഷ്ടിച്ചത്. പ്രതിഷേധത്താൽ മുണ്ടശ്ശേരി ഇരുട്ടിൽ, മഴയത്ത് ഇറങ്ങിപ്പോയി. അമ്മയുടെ നിർബന്ധത്താൽ അച്ഛൻ തേടിയിറങ്ങി. പിന്നീട് ഒത്തുതീർപ്പിലെത്തി. പള്ളിയിലെ അച്ചന്റെ വാക്കിൽ കവിഞ്ഞ് ഒരു സാധാരണ ക്രിസ്ത്യാനിക്ക്  ഒന്നുമില്ലെന്ന് മുണ്ടശ്ശേരി എഴുതുന്നു. പക്ഷേ, ഇതു കൊണ്ടൊന്നും മുണ്ടശ്ശേരി സാഹിത്യക്കളരിയിൽ നിന്നും പിന്മാറിയില്ല.


മുണ്ടശ്ശേരി എഴുതുന്ന മറ്റൊരനുഭവം ബൈബിൾ വായനയുമായി ബന്ധപ്പെട്ടാണ്. തനിക്ക് കിട്ടിയ പ്രോട്ടസ്റ്റന്റ് ബൈബിൾ വായിക്കാനൊരുങ്ങെ, അതിനെക്കുറിച്ച് വികാരിയച്ചൻ അറിഞ്ഞു. മുണ്ടശ്ശേരിയെ വിളിച്ചു വരുത്തി താക്കീതു ചെയ്തു. ബൈബിൾ വായിക്കാൻ അധികാരമില്ലെന്നു പറഞ്ഞു. പ്രോട്ടസ്റ്റന്റ് ബൈബിളായതിനാൽ വല്ലാത്ത പാപം ചെയ്തു പോയി എന്നും പറഞ്ഞു. തുടങ്ങിയില്ലേ, മുഴുവൻ വായിച്ചു തിരികെകൊടുക്കാമെന്ന് പറഞ്ഞപ്പോൾ, വികാരിയച്ചനു ശുണ്ഠി കയറി. തന്റെ പില്ക്കാല യുക്തിവിചാരത്തിന് പ്രാരംഭം കുറിച്ചത് കണ്ടശ്ശാങ്കടവിലെ ഈ വികാരിയച്ചന്റെ നിരോധനാജ്ഞയാണെന്ന് മുണ്ടശ്ശേരി സ്പഷ്ടമാക്കുന്നു. 


ആ കാലഘട്ടത്തിൽ ഇന്ത്യൻ സ്വയംഭരണ പ്രക്ഷോഭണം ആരംഭിച്ചിരുന്നു. ക്രിസ്ത്യാനികൾക്ക് അതിനോട് യാതൊരു താൽപ്പര്യവുമില്ലായിരുന്നു. അന്നവർ ബ്രിട്ടീഷ്ഭരണത്തിന്റെ സ്തുതിപാഠകരായിരുന്നു. ആ മനോഭാവം സൃഷ്ടിച്ചതും പുരോഹിതരാണെന്ന് മുണ്ടശ്ശേരി കുറ്റപ്പെടുത്തുന്നു. ഗാന്ധിജിയെയും ആക്ഷേപിക്കാൻ ശ്രമിച്ചു. മുൻകാലത്തുണ്ടായ നല്ല പുരോഹിതരുടെ ചിതാഭസ്മങ്ങൾക്കു പോലും കിടക്കപ്പൊറുതിയില്ലാതാക്കുന്നതാണ് പില്കാല വൈദികകോയ്മയുടെ ചെയ്തികൾ. 

ഭാഗം 4

അന്നത്തെ സാമൂഹ്യജീവിതത്തിൽ ജാതിമതാദികൾ വലിയ വേർതിരിവ് ഉണ്ടാക്കുന്നവയായിരുന്നു. വിദ്യാഭ്യാസ കാലത്തുതന്നെ മുണ്ടശ്ശേരിക്ക് അത് തിരിച്ചറിയാനായി. ഉന്നതജാതിക്കാരുമായി ക്രിസ്ത്യാനിക്കും മുസ്ലീമിനും അടുക്കാൻ സാധിച്ചപ്പോൾ, അവരുടെ കോലായയിൽ പ്രവേശിക്കാൻ സാധിച്ചപ്പോൾ പിന്നോക്കജാതിക്കാരെ പടിപ്പുരയ്ക്കു പുറമേ നിർത്തുകയാണ് ചെയ്തത്. ഇത് മുണ്ടശ്ശേരിക്ക് അസഹനീയമായിത്തോന്നി. ഒരേ ക്ലാസ്സിൽ പഠിക്കുകയും പരസ്പരം സഹകരിക്കുകയും ചെയ്യുന്നവരാണ് ഇപ്രകാരം പെരുമാറിയത് എന്നതാണതിലെ വൈരുദ്ധ്യം. ഇതിനെതിരെ കലഹിച്ചതിനു ശേഷം ചിലർ വിട്ടുവീഴ്ചകൾക്കു തയ്യാറായെന്നും മുണ്ടശ്ശേരി വ്യക്തമാക്കുന്നു.


സാംസ്കാരികരംഗത്തും ഈ വേർതിരിവ് പ്രത്യക്ഷമായിരുന്നു. സാഹിത്യത്തിൽ ക്രിസ്ത്യാനികളും ഈഴവരും പൊതുരംഗത്തു വരാൻ മടിച്ചു. ക്രിസ്ത്യാനികളിൽ എഴുതിയിരുന്നവർ സാമുദായികപ്രസിദ്ധീകരണങ്ങളിൽ മാത്രമാണ് പ്രസിദ്ധീകരിച്ചത്. എന്നാൽ ഇത്തരം സാമുദായിക പരിമിതികളെ മറികടന്ന് ചിലർ സാഹിത്യരചന നടത്താൻ രംഗത്തുവന്നത് സ്ഥിതിഗതികളെ മാറ്റിമറിച്ചു. ഈഴവരിൽ നിന്നും അപ്രകാരം രംഗത്തുവന്നവരാണ് മൂർക്കോത്തു കുമാരനും സഹോദരൻ അയ്യപ്പനും സി.വി.കുഞ്ഞുരാമനും ഒക്കെ. സാംസ്കാരികകുത്തകകളോട് അവർ യുദ്ധം ചെയ്തു. വീണപൂവ് (കുമാരനാശാൻ) ആദ്യം പ്രസിദ്ധീകരിച്ചത് ഈഴവ പത്രമായ മിതവാദിയിലാണ്. ശേഷം ഭാഷാപോഷിണിയിൽ വീണപൂവ് വന്നതിനു ശേഷമാണ് സാഹിത്യത്തിൽ ആശാന് ഒരു വിലാസമുണ്ടായത്.


കൊച്ചീപ്പൻ തരകന്റെ മറിയാമ്മാ നാടകം പോലെയുള്ള പല കൃതികളും നിലനില്ക്കാതെ പോയത് വരേണ്യസാഹിത്യകാരന്മാർ പരിഗണിക്കാഞ്ഞതിനാലാണ്. ഇതിനെതിരെ നടന്ന വീരസമരം മലയാള സാഹിത്യത്തിലെ രാജവീഥികളെ സർവസമുദായത്തിനും പ്രവേശിക്കത്തക്കതാക്കി മാറ്റി. സെക്കണ്ടറി ക്ലാസ്സുകളിൽ വെച്ചു തന്നെ പൗരോഹിത്യത്തിന്റെ സംഭാവനയായ സെക്ടേറിയനിസം - വിഭാഗീയപ്രവണത - താൻ പൊട്ടിച്ചെറിഞ്ഞെന്ന് മുണ്ടശ്ശേരി എഴുതുന്നു.

വണക്കമാസം: കത്തോലിക്കരുടെ ഒരേർപ്പാടാണ് വണക്കമാസം. സിദ്ധന്മാരെ മുൻനിർത്തി ദിവസം തോറും പൂജ നടത്തുന്നു. മാസാവസാനം ഉത്സവത്തിന്റെ മട്ടിൽ ആഘോഷിക്കുന്നു. ഈ ആഘോഷം പകൽ പള്ളിയിലും രാത്രി വീടുകളിലും നടക്കുന്നു. മറ്റുവീടുകളിൽ വളരെ ഗംഭീരമായി നടക്കുന്ന ഈ പൂജാപരിപാടി സ്വന്തം വീട്ടിലും വേണമെന്ന് മുണ്ടശ്ശേരിക്കുേ തോന്നി. അതിനുള്ള ഏർപ്പാടുകൾ ചെയ്തു. അതിനായുള്ള പുസ്തകം സംഘടിപ്പിച്ചു. ഒന്നുരണ്ടു വർഷം ആവേശത്തോടെ വണക്കമാസം ആചരിച്ചു. പിന്നീടാണ് അതിന്റെ പിന്നിലുള്ള കെട്ടുകഥകളിലേക്ക് മുണ്ടശ്ശേരി ശ്രദ്ധ പതിപ്പിച്ചത്. ഭക്തിയും വിശ്വാസവും ജനിപ്പിക്കാൻ മാത്രമല്ല, അന്യ മതദ്വേഷം ജനിപ്പിക്കാൻ കൂടി ഇത്തരം കെട്ടുകഥകൾ ഉപയോഗിക്കുന്നു. യുക്തിക്ക് നിരക്കാത്ത കഥകളാണ് മിക്കതും. ഇത്തരം കഥകൾ വായിച്ച് മുണ്ടശേരി മടുത്തു. അവസാനം അദ്ദേഹം തന്നെ ഇത്തരം കഥകൾ വായിക്കില്ലെന്ന് തീരുമാനിച്ചു. എന്നിട്ടും വീട്ടുകാർ വിട്ടില്ല. മനുഷ്യനെ മനുഷ്യനിൽ വിശ്വാസമില്ലാത്തവനാക്കിത്തീർക്കുകയാണ് ദേവീദേവന്മാരെ അടിസ്ഥാനമാക്കിയുള്ള സങ്കല്പങ്ങളും കെട്ടുകഥകളും. ഇവിടെ തന്റെ നിലപാട് മുണ്ടശ്ശേരി വ്യക്തമാക്കുന്നു: "മതം യഥാർത്ഥത്തിൽ മനുഷ്യനെ നന്നാക്കാനുള്ളതാണെങ്കിൽ അതിന്റെ വീരസേനാനികളായ എല്ലാ സിദ്ധന്മാരും സ്നേഹത്തിന്റെയും നീതിയുടെയും നെറിവിന്റെയും പ്രതീകങ്ങൾ മാത്രമായി മനുഷ്യന്റെ നിലവാരത്തിലേയ്ക്കിറങ്ങി നില്ക്കുന്നവരാകണം."

ഹൈസ്കൂളിൽ പഠിക്കുമ്പോൾ തൃശ്ശൂർ പട്ടണത്തിൽ കത്തിപ്പടർന്ന ക്രിസ്ത്യാനികളും നായന്മാരും തമ്മിൽ നടന്ന വർഗ്ഗീയലഹളയെക്കുറിച്ചും മുണ്ടശ്ശേരി സ്മരിക്കുന്നു. രാജ്യഭരണത്തിൽ ഹിന്ദുക്കൾക്കായിരുന്നു മേധാവിത്വം. വ്യാപാരതലത്തിൽ ക്രിസ്ത്യാനികൾക്കും. എന്നാൽ മുണ്ടശ്ശേരി വളരെ കൃത്യമായി നിരൂപിക്കുന്നു. തളരാൻ തുടങ്ങിയ ഫ്യൂഡലിസവും വളരാൻ തുടങ്ങിയ ക്യാപ്പിറ്റലിസവും തമ്മിലായിരുന്നു ഈ ഏറ്റുമുട്ടൽ. സാമുദായികസ്പർദ്ധയെന്നതിനെ ഇപ്രകാരം നൂതനരീതിയിൽ അദ്ദേഹം വ്യാഖ്യാനിക്കുന്നു. പക്ഷേ, ലഹളയ്ക്കു ശേഷം തൃശ്ശൂരിലെ നായന്മാരും ക്രിസ്ത്യാനികളും കൂടുതൽ അടുക്കുകയാണുണ്ടായത്. നായന്മാരും ക്യാപ്പിറ്റലിസത്തിലേക്കു കടക്കാൻ നോക്കുകയാണ്. 


അദ്ധ്യായം 5

തന്റെ യുക്തിചിന്തയ്ക്കു മൂർച്ച കൂട്ടുന്ന അനുഭവങ്ങളാണ് വിദ്യാർത്ഥി ജീവിതകാലത്തു തനിക്കുണ്ടായിട്ടുള്ളതെന്ന് മുണ്ടശ്ശേരി സ്മരിക്കുന്നു. അക്കാലത്ത് കവിതാഭിമുഖ്യം വർദ്ധിച്ചു. ക്രിസ്ത്യൻമാസികകളിൽ പ്രസിദ്ധീകരിക്കുകയായിരുന്നു അന്ന് എളുപ്പ മാർഗ്ഗം. കേരളീയ കത്തോലിക്കനിലാണ് അന്നെഴുതിയ ശ്ലോകങ്ങൾ ഏറെയും പ്രസിദ്ധീകരിച്ചത്. കേരളീയ കത്തോലിക്കൻ വെറുമൊരു മതമാസികയായിരുന്നില്ല. ക്രിസ്ത്യൻ എഴുത്തുകാരുടെ സാഹിത്യനിലവാരമുയർത്താൻ ഉദ്ദേശിച്ചുള്ളതായിരുന്നു. ഒരുപാടെഴുത്തുകാർ. അതിൽ ഭൂരിഭാഗവും ശ്ലോകക്കാർ. അനത്തെ കവികളിൽ മിടുക്കു കാണിച്ചത് മേരി ജോൺ തോട്ടമായിരുന്നു. കവയിത്രി. നല്ല കവിതകൾ. എന്നാൽ അവർ കന്യാസ്ത്രീ പട്ടം സ്വീകരിച്ചതോടെ എഴുത്തു മുഴുവൻ ദൈവസംബന്ധമായി.


ഫാദർ സി.കെ. മറ്റം വാഗ്വിലാസമുള്ള എഴുത്തുകാരനായിരുന്നു. വള്ളത്തോളിന്റെ മഗ്ദലനമറിയം അദ്ദേഹത്തിന് നല്ലവണ്ണം രുചിച്ചു. എന്നാൽ 'ക്രിസ്തുവാം കൃഷ്ണന്റെ ധർമ്മോപദേശമാം …. എന്ന വരികളോട് യോജിക്കാൻ അദ്ദേഹത്തിനു സാധിച്ചില്ല. ക്രിസ്ത്യൻ ദൈവത്തെ തരംതാഴ്ത്തലായി അദ്ദേഹത്തിനനുഭവപ്പെട്ടു. അതേ കൃതിയിലെ യേശുവിനെക്കുറിച്ചുള്ള പരാമർശങ്ങളിലും വിയോജിപ്പ് അദ്ദേഹം പ്രകടിപ്പിച്ചു. കൂടുതൽ ക്രിസ്ത്യാനികൾ ആ കൃതി വായിച്ചുവെന്നതാണ് നേട്ടം.


വെറും പദങ്ങൾ മാത്രം കൂട്ടിയെഴുതി ശ്ലോകങ്ങൾ രൂപപ്പെടുത്തുന്ന പ്രവണത വളരാൻ കാരണം പറയാൻ കാര്യമായിട്ടൊന്നുമില്ലാത്തതാണ്. ഈ രോഗത്തിൽ നിന്നു രക്ഷപ്പെട്ടാണ് വള്ളത്തോൾ പ്രശസ്ത കവിയായിത്തീർന്നത്. കുമാരനാശാന്റെയും മറ്റും കൃതികൾ വായിച്ചതോടെ വെറും വാക്കുകളല്ല സാഹിത്യം എന്നു ബോദ്ധ്യപ്പെട്ടു. കരുതിക്കൂട്ടി പ്രാസം ദീക്ഷിക്കുന്നതും വലിയ അബദ്ധമാണെന്ന് മനസ്സിലായി. അതിന് വഴിവെച്ചത് കുന്നത്ത് ജനാർദ്ദനമേനോനായിരുന്നു. വി.സി. ബാലകൃഷ്ണപ്പണിക്കർ പ്രാസം നോക്കാതെയെഴുതിയ വിശ്വരൂപം മേനോൻ പ്രാസം ചിട്ടപ്പെടുത്തി മാറ്റിയെഴുതി. രണ്ടും ചേർത്തു വായിച്ചപ്പോഴാണ്, പ്രാസം ദീക്ഷിച്ചെഴുതുന്നതിലെ അസംബന്ധം പിടികിട്ടിയത്.


പി.സി. പോൾ എന്ന സാഹസികനായ പുസ്തകപ്രേമിയെയും മുണ്ടശ്ശേരി ഓർക്കുന്നു. കണ്ടശ്ശാങ്കടവിൽ പോളിന്റെ ഉദ്യമത്തിന്റെ ഫലമായി നിലവിൽ വന്ന ഗ്രന്ഥാലയം അറിവിന്റെ കുത്തകകളെ വെല്ലുവിളിക്കുന്നതായിത്തീർന്നു. കണ്ടശ്ശാങ്കടവിലെ പൊതുസമൂഹത്തിൽ വിപ്ലവവിത്ത് വിതറിയതിൽ ആ ലൈബ്രറിയും പി.സി.പോളും വഹിച്ച പങ്ക് നിസ്തുലമാണ്. 


പാഠപുസ്തകങ്ങൾ വായിച്ച് കൂട്ടുകാർക്കു വിശദീകരിച്ചുകൊടുക്കുന്നതിലൂടെ തന്നിലെ പ്രഭാഷകനെ തിരിച്ചറിയാൻ മുണ്ടശ്ശേരിക്കു സാധിച്ചു.


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഹിമവാൻ്റെ മുകൾത്തട്ടിൽ: രാജൻ കാക്കനാടൻ, ഭാഗം1

കരുണ - കുമാരനാശാൻ

സഭാപ്രവേശം - കുഞ്ചൻ നമ്പ്യാർ