മുണ്ടശ്ശേരിയും കൊഴിഞ്ഞ ഇലകളും

ലയാളസാഹിത്യത്തിലും മലയാളികളുടെ രാഷ്ട്രീയ സാംസ്കാരിക ജീവിതത്തിലും എടുത്തു പറയാവുന്ന ഉജ്ജ്വല വ്യക്തിത്വമാണ് ജോസഫ് മുണ്ടശ്ശേരിയുടേത്. പ്രഗത്ഭനിരൂപകനും പ്രഭാഷകനും വിദ്യാഭ്യാസ വിചക്ഷണനും നോവലിസ്റ്റും ആത്മകഥാകാരനും കവിയും രാഷ്ട്രീയപ്രവർത്തകനും ഒക്കെയാണ് മുണ്ടശ്ശേരി. 1903 ജൂലൈ 17നാണ് ജനനം. തൃശ്ശൂരിൽ കണ്ടശ്ശാങ്കടവിലാണ് ജനിച്ചത്. കണ്ടശ്ശാങ്കടവ് ഹൈസ്കൂൾ, തൃശ്ശൂർ സെന്റ് തോമസ് കോളേജ്, തൃശ്ശിനാപ്പള്ളി സെന്റ് ജോസഫ് കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. ഫിസിക്സിൽ ബിരുദം നേടി. തൃശ്ശൂർ സെന്റ് തോമസ് കോളേജിൽ ഫിസിക്സ് ഡെമോൺസ്ട്രേറ്ററായി ജോലി നോക്കുമ്പോൾ തന്നെ സംസ്കൃതം - മലയാളം എം.എ പരീക്ഷ പാസ്സാവുകയും കോളേജിൽ പൗരസ്ത്യഭാഷാ വിഭാഗം തലവനാകുകയും ചെയ്തു. 1928-1952 കാലം സെന്റ് തോമസ് കോളേജിൽ ജോലി. അക്കാലത്തു തന്നെ മികച്ച പ്രഭാഷകനെന്ന നിലയിൽ പ്രശസ്തനായി. കൊച്ചി മഹാരാജാവിൽ നിന്ന് സാഹിത്യനിപുണൻ പട്ടം നേടിയത് സാഹിത്യാഭിരുചികൾക്ക് വലിയ പ്രോത്സാഹനമായി. 1949 ൽ കൊച്ചി നിയമസഭാംഗം. ഇതോടെ രാഷ്ട്രീയരംഗത്തും സജീവമായി. തിരു-കൊച്ചി സ്റ്റേറ്റ് അസംബ്ലിയിലും അംഗമായിരുന്നു. 1957 ൽ രൂപീകരിച്ച ആദ്യത്തെ കമ്യൂണിസ്റ്റ് മന്ത്രിസഭയിൽ വിദ്യാഭ്യാസമന്ത്രി. അദ്ദേഹം അവതരിപ്പിച്ച വിദ്യാഭ്യാസപരിഷ്കരണ ബിൽ മതശക്തികളുടെ പ്രതിഷേധത്തിന് കാരണമാവുകയും ചെയ്തു. കേരളസർക്കാരിനെ പിരിച്ചുവിടാൻ കേന്ദ്രസർക്കാർ രാഷ്ട്രപതിയോട് ശുപാർശ ചെയ്തതിന്റെ അടിസ്ഥാനത്തിൽ 1959 ൽ ആദ്യത്തെ കമ്യൂണിസ്റ്റ് മന്ത്രിസഭ അധികാരത്തിൽ നിന്നും പുറത്താക്കപ്പെട്ടു. ഇപ്രകാരം സാഹിത്യ സാംസ്കാരിക രാഷ്ട്രീയമണ്ഡലങ്ങളിൽ ബഹുവിധ അനുഭവങ്ങൾ ആർജ്ജിച്ച മുണ്ടശ്ശേരിയുടെ ആത്മകഥ അന്നത്തെ കേരളത്തിന്റെ പരിച്ഛേദമാകണമല്ലോ. അദ്ദേഹത്തിന്റെ 'കൊഴിഞ്ഞ ഇലകൾ' ഈ വിധം മികച്ച ഒരു ആത്മകഥയാണ്.

മുണ്ടശ്ശേരി മലയാള സാഹിത്യത്തിൽ കാലൂന്നിയത് 1928 ൽ ചിന്താമാധുരി എന്ന കവിതാ സമാഹാരത്തോടെയാണ്. 17 കവിതകൾ അടങ്ങിയ ആ സമാഹാരത്തിന് അവതാരിക എഴുതിയത് മഹാകവി വള്ളത്തോളാണ്. മറ്റൊരു കവിതാ സമാഹാരം ഇതിനു ശേഷം മുണ്ടശ്ശേരി പ്രസിദ്ധീകരിച്ചിട്ടില്ല.

1943 ൽ സമ്മാനം എന്ന ചെറു കഥാ സമാഹാരം പുറത്തുവന്നു. കടാക്ഷം, ഇല്ലാപ്പോലീസ് എന്നീ ചെറുകഥാസമാഹാരങ്ങളും തുടർന്ന് പ്രസിദ്ധീകരിച്ചു. 1948 ൽ പ്രഫസർ എന്ന നോവൽ എഴുതി. കൊന്തയിൽ നിന്നു കുരിശിലേയ്ക്ക് -1954, പാറപ്പുറത്തു വിതച്ച വിത്ത് - 1966 -  എന്നീ നോവലുകളും പ്രസിദ്ധപ്പെടുത്തി. നിരവധി ഉപന്യാസങ്ങൾ എഴുതിയിട്ടുണ്ട്. കരിന്തിരി (1951) മുണ്ടശ്ശേരിയുടെ ഉപന്യാസസമാഹാരമാണ്. സ്റ്റണ്ടുകൾ, പുതിയ കാഴ്ചപ്പാടിൽ, ശാസ്ത്രം ജീവിതത്തിൽ, ഉപന്യാസദീപിക എന്നിവയും ഉപന്യാസസമാഹാരത്തിൽ പെടുന്നു. നിരൂപണ - പഠന മേഖലകളിൽ ധാരാളം കൃതികൾ എഴുതിയിട്ടുണ്ട്. മുണ്ടശ്ശേരിയെ സമൂഹം അറിഞ്ഞതും അനുഭവിച്ചതും ഇവയിലൂടെയാണ്. അന്തരീക്ഷം, പ്രയാണം, മനുഷ്യകഥാനുഗായികൾ, കാവ്യപീഠിക, മാനദണ്ഡം, മാറ്റൊലി, കാലത്തിന്റെ കണ്ണാടി, രൂപഭദ്രത, രാജരാജന്റെ മാറ്റൊലി, നാടകാന്തം കവിത്വം, പാശ്ചാത്യസാഹിത്യ സമീക്ഷ, നനയാതെ മീൻപിടിക്കാമോ, മുതലായ കൃതികൾ ശ്രദ്ധേയങ്ങളായി. ഇവ കൂടാതെ, വായനശാലയിൽ എന്ന പേരിൽ നാലുഭാഗങ്ങൾ വിവിധ കൃതികളുടെ നിരൂപണങ്ങളായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഒറ്റനോട്ടത്തിൽ എന്ന യാത്രാക്കുറിപ്പുകളും, ചൈന മുന്നോട്ട് എന്ന യാത്രാവിവരണവും മാക്സിംഗോർക്കിയുടെ ജീവചരിത്രവും മുണ്ടശ്ശേരി പ്രസിദ്ധീകരിച്ചു. ചില കൃതികൾ പരിഭാഷപ്പെടുത്തിയിട്ടുമുണ്ട്. ഇങ്ങനെ സാഹിത്യത്തിന്റെ എല്ലാ മേഖലകളെയും സ്പർശിക്കുന്നതാണ് മുണ്ടശ്ശേരിയുടെ ഇടപെടൽ.


[കണ്ണൂർ സർവകലാശാല മൂന്നാം സെമസ്റ്റർ കോമൺ മലയാളം ഗദ്യസാഹിത്യമെന്ന സിലബസ്സ് പ്രകാരം ആദ്യത്തെ 5 അദ്ധ്യായങ്ങളാണ് വായിക്കാനുള്ളത്. അതിന്റെ രത്നച്ചുരുക്കം ചുവടെ നല്കുന്നു.]


കൊഴിഞ്ഞ ഇലകൾ.

'കൊഴിഞ്ഞ ഇലകൾ' മൂന്ന് ഭാഗങ്ങളായാണ് ആദ്യഘട്ടത്തിൽ പ്രസിദ്ധീകരിച്ചത്. 1960 ൽ ഒന്നാം ഭാഗം, 1965 ൽ രണ്ടാം ഭാഗം, 1976 ൽ മൂന്നാം ഭാഗം എന്നിങ്ങനെയാണ് ആത്മകഥാഭാഗങ്ങൾ പുറത്തുവന്നത്. 1978 ൽ മൂന്നു ഭാഗങ്ങളും ഒരുമിച്ച് പ്രസിദ്ധീകരിച്ചു. ജീവിതത്തെ പരിവർത്തിപ്പിക്കാൻ സാഹിത്യത്തിന് കരുത്തുണ്ടെന്ന വിശ്വാസമാണ് പ്രതിഭാശാലിയായ ഈ എഴുത്തുകാരന് ഉത്സാഹം പകർന്നത്.


ഒന്നാം ഭാഗത്തിന് മുഖവുരയായി എഴുതിയ കുറിപ്പിൽ മുണ്ടശ്ശേരി ഇപ്രകാരം പറയുന്നു: "കൊഴിഞ്ഞ ഇലകൾ മുഴുവൻ കാറ്റത്തു പറന്നുപോകുമോ? ഇല്ല. നല്ലൊരു ഭാഗം കടയ്ക്കൽത്തന്നെ കിടന്നു പാകപ്പെട്ടു പുതിയ ഇലകൾ നാമ്പെടുക്കുന്നതിനു വളമായിത്തീരും. അത്തരം ഇലകളെ മാത്രമേ ഞാനിതിൽ അടിച്ചുകൂട്ടിയിട്ടുള്ളൂ."

ഓർമ്മയിൽ തങ്ങിനില്ക്കുന്ന കുറേ അനുഭവങ്ങളുടെ അനുസ്മരണം മാത്രമാണ് തന്റെ ആത്മകഥയെന്നാണ് മുണ്ടശ്ശേരിയുടെ പക്ഷം. എന്നാൽ, സാമൂഹികമാറ്റത്തിനും അവശജനോന്നമനത്തിനുമുള്ള പ്രചോദനം തന്നിലെങ്ങനെ രൂപപ്പെട്ടിരിക്കുന്നുവെന്നതിന്റെ ഉത്തരം കൂടിയാണ് ഈ ആത്മകഥ.


അധ്യായം ഒന്നിൽ തന്റെ തറവാട്ടവസ്ഥ, മുണ്ടശ്ശേരി എന്ന പേരു വരാനുള്ള കാരണം, സ്കൂൾ ജീവിതം, ഫോർത്തു ഫോമിൽ പഠിക്കുമ്പോൾ നേരിട്ട വെല്ലുവിളികൾ എന്നിവ പ്രതിപാദിക്കുന്നു. പേരെടുത്തു പരാമർശിക്കുന്നത് സി.പി.ഗോവിന്ദമേനോൻ, എൻ.വി.മഹാദേവയ്യർ എന്നീ അദ്ധ്യാപകരെയാണ്.


അദ്ധ്യായം രണ്ടിൽ ഒന്നാം ലോകയുദ്ധകാലം, സാഹചര്യം, കണ്ടശ്ശാങ്കടവിലെ പത്രങ്ങൾ, യുദ്ധകാല പത്രവായന, സാഹിത്യക്കമ്പം വളർന്നത്, അന്നത്തെ ചില കവികൾ, സാഹിത്യമാസികകൾ, കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ കവിത്വം, കവികളുടെ പ്രാസഭ്രമം, യമകപ്രയോഗം, സാഹിത്യവായനാ താൽപ്പര്യം വളർന്നത് മുതലായവ പ്രതിപാദിക്കുന്നു.


മൂന്നാം അദ്ധ്യായത്തിൽ തനിക്കു പിടിപെട്ട സന്നിപാതജ്വരം, അമ്മയുടെ ദൃഢനിശ്ചയം, ഡോ. ശങ്കുണ്ണി മേനോന്റെ മഹത്വം, അപ്പന്റെ സാഹിത്യവിരോധം, വികാരിയച്ചന്റെ അസംബന്ധ പരാമർശങ്ങൾ, യുക്തിവിചാരം വളർന്ന വഴികൾ, ക്രിസ്ത്യാനികളുടെ ബ്രിട്ടീഷുചായ് വ് മുതലായവ വിവരിക്കുന്നു. 


അദ്ധ്യായം നാലിൽ, ജാതിയും സമുദായവും സമൂഹത്തെ വിഭജിക്കുന്ന ശക്തികളായ തെങ്ങനെയെന്ന് വിശദമാക്കുന്നു. കൂട്ടുകാരനുഭവിച്ച വിഷമങ്ങൾ, സാഹിത്യരംഗത്ത് പിന്നോക്കവിഭാഗം നേരിട്ട സമ്മർദ്ദങ്ങൾ, അതു പരിഹരിക്കാൻ അവരിൽ ചിലർ നടത്തിയ വിപ്ലവകരമായ നടപടികൾ, വണക്കമാസം, തൃശ്ശുരിൽ നടന്ന നായർ- ക്രിസ്ത്യൻ ലഹള എന്നിവ വിവരിക്കുന്നു.


അദ്ധ്യായം അഞ്ചിൽ കവിതക്കമ്പവും കേരളീയ കത്തോലിക്കൻ മാസികയും മേരിജോൺ തോട്ടം, ഫാദർ സി.കെ.മറ്റം, പ്രാസഭ്രമത്തിന്റെ അർത്ഥശൂന്യത, പി.സി. പോളിന്റെ പ്രവർത്തനങ്ങൾ മുതലായവ വിവരിക്കുന്നു.


തന്നിൽ പരിവർത്തനോന്മുഖതയും യുക്തിവിചാരശീലവും കുട്ടിക്കാലത്തു തന്നെ വളർന്ന് വികസിച്ചതെങ്ങനെയെന്ന് വായനക്കാരെ ബോദ്ധ്യപ്പെടുത്താനുള്ള പരിശ്രമമാണ് ആദ്യത്തെ അഞ്ച് അദ്ധ്യായങ്ങളിൽ പ്രത്യക്ഷമാകുന്നത്.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഹിമവാൻ്റെ മുകൾത്തട്ടിൽ: രാജൻ കാക്കനാടൻ, ഭാഗം1

കരുണ - കുമാരനാശാൻ

സഭാപ്രവേശം - കുഞ്ചൻ നമ്പ്യാർ