വൃത്തപഠനം ഭാഗം 4.

ശ്രദ്ധേയങ്ങളായ ഇതര ഭാഷാവൃത്തങ്ങൾ

തുള്ളൽപ്പാട്ടിന് സാർവത്രികമായി ഉപയോഗപ്പെടുത്തിയ തരംഗിണി എന്ന വൃത്തത്തെയാണ് ഇനി പരിചയപ്പെടാനുള്ളത്. തുള്ളൽപ്പാട്ടിന് ഓട്ടൻ, ശീതങ്കൻ, പറയൻ എന്നിങ്ങനെ മൂന്നു വകഭേദങ്ങളുണ്ട്. ഓട്ടൻ തുള്ളലിൽ വളര പ്രധാനപ്പെട്ട വൃത്തമാണ് തരംഗിന്നി. 

തരംഗിണി

ലക്ഷണം: ദ്വിമാത്രം ഗണമെട്ടെണ്ണം

                  യതി മദ്ധ്യം തരംഗിണി.

രണ്ടു മാത്രയുള്ള 8 ഗണങ്ങൾ ചേർത്ത് ഒരു പാദം നിർമിക്കുന്ന വൃത്തമാണ് തരംഗിണി. പാദത്തിന്റെ മദ്ധ്യത്തിൽ യതി വേണം. 

വളരെ വിപുലമായ വൃത്തമാണിത്. ഇത്ര അക്ഷരം ഒരു പാദത്തിൽ വേണമെന്ന നിബന്ധനയില്ല. ആകെ 16 മാത്രയാകയാൽ, 16 അക്ഷരം വരെയാകാം. 

ഉദാ: (1)

മതി/മാ/നാ/കിയ/കാ/ശ്യപ/ ന/പ്പോൾ

മതി/മുഖി/യാ/മവ / ളോ/ടുര / ചെ/യ്തു

രണ്ടു മാത്ര വീതമുള്ള 8 ഗണങ്ങൾ ഇവിടെ കാണാം. മറ്റൊരു ഉദാഹരണം:

നി/ത്യം/ നി/ത്യം /പൂ/ ജി/ക്കേ/ ണം

ചി/ത്താ/ന/ന്ദം/സേ/ വി / ക്കേ /ണം

ഇവിടെയും 8 ഗണം കിട്ടുന്നു. 2 മാത്രയാണ് ഓരോ ഗണത്തിലും വേണ്ടത്. രണ്ടു മാത്ര ലഭിക്കാൻ എന്തൊക്കെ വേണമെന്നറിയാമല്ലോ. ഒരു ഗുരു അല്ലെങ്കിൽ രണ്ടു ലഘു. ചിലപ്പോൾ ഒരക്ഷരം മാത്രം ഒരു ഗണമാകും തരംഗിണിയിൽ. മറ്റു ചിലപ്പോൾ രണ്ടക്ഷരം മതി ഒരു ഗണമാകാൻ. മേൽകൊടുത്ത ഉദാഹരണം സൂക്ഷ്മമായി വിലയിരുത്തുക. മനസ്സിലാകും.


ഊനതരംഗിണി

രണ്ടാം പാദേ ഗണം രണ്ടു കുറഞ്ഞൂനതരംഗിണി.

തരംഗിണിയുടെ രണ്ടാം പാദത്തിൽ രണ്ടു ഗണം കുറഞ്ഞാൽ ഊനതരംഗിണി.

ഇത് ഒരു ഗണം കുറഞ്ഞും കാണുന്നു.

ഉദാ: മ |ഞ്ഞ /ത്തെ /ച്ചി /പ്പൂ /ങ്കുല /പോ / ലേ

മ/ഞ്ജിമ / വിട /രും / പുലർ /കാ/ലേ /

ഒന്നാം പാദത്തിൽ രണ്ടു മാത്രവീതമുള്ള എട്ടു ഗണങ്ങൾ കാണാം. രണ്ടാം വരിയിൽ ഏഴു ഗണങ്ങൾ മാത്രമേയുള്ളൂ.

നാലുമാത്ര - രണ്ടു ഗണം- കുറഞ്ഞതിന് ഉദാ:

ഇ/ച്ചുമ / ടൊരു / കിഴി / യീ / ട്ടം / കൂ/ ടിയ

ദുഃ /ഖ സ/മു /ദ്രം / ഭഗ / വൻ

ഒന്നാം പാദത്തിൽ 8 ഗണങ്ങൾ. 16 മാത്ര. 

രണ്ടാം വരിയിൽ 2 ഗണങ്ങൾ കുറവ്. അതായത് നാലുമാത്ര കുറവ് എന്നർത്ഥം. രണ്ടുപാദത്തിലും ഈരണ്ടു മാത്ര കുറവും വരാം. 

ഉദാ: കാ/ക്കേ / കാ/ക്കേ/ കൂ/ടെ വി/ ടേ

കൂ /ട്ടി ന /ക / ത്തൊരു / കു/ ഞ്ഞു /ണ്ടോ

രണ്ടു വരികളിലും 7 ഗണങ്ങൾ കാണാം. ഒരു ഗണം കുറവാണ്, തരംഗിണിയുടേതിൽ നിന്നും. ഇപ്രകാരവും ഊനതരംഗിണി വരാമെന്ന് പി.നാരായണക്കുറുപ്പ് വ്യക്തമാക്കുന്നു.


മഞ്ജരി

കൃഷ്ണഗാഥയിലൂടെ വളരെ പ്രസിദ്ധമായ വൃത്തമാണ് മഞ്ജരി. മധുരകാവ്യമെന്ന സത്പേര് കൃഷ്ണഗാഥയ്ക്കു ലഭിക്കാൻ ഒരു കാരണം ഈ വൃത്തത്തിന്റെ പ്രയോഗമാണ്. ഗാഥാവൃത്തമെന്ന പേരു കൂടി മഞ്ജരിക്കുണ്ട്.

ലക്ഷണം: 

ശ്ലഥകാകളി വൃത്തത്തിൽ

രണ്ടാം പാദത്തിലന്ത്യമാം

രണ്ടക്ഷരം കുറച്ചീടി -

ലതു മഞ്ജരിയായിടും.

ഇവിടെ ശ്ലഥകാകളിയെന്ന ഒരു പ്രയോഗമുണ്ടല്ലോ. എന്താണത്? ഓർക്കുക - കാകളിക്ക് ഒരു ഗണത്തിൽ 5 മാത്രയാണല്ലോ വ്യവസ്ഥ ചെയ്തിട്ടുള്ളത്. അതായത്, കാകളിയിൽ ഒരിക്കലും സർവഗുരുവായ മഗണം വരില്ല. കാരണമെന്താ? സർവഗുരു മഗണം ആറ് മാത്രയാണ്. [മൂന്ന് ഗുരുക്കൾ. രണ്ടുമാത്ര വീതം എന്നർത്ഥം.] കാകളിയുടെ ഈ വ്യവസ്ഥ അഥവാ നിയമം മഞ്ജരിയിൽ ബാധകമല്ല. എന്നു വെച്ചാൽ, മഞ്ജരിയിൽ മഗണമാകാം എന്നർത്ഥം. 

കാകളിയുടെ രണ്ടാം വരിയിൽ അവസാനത്തെ രണ്ടക്ഷരം കുറച്ചാൽ മഞ്ജരിയാകും. കാകളിക്ക് ഓരോ പാദത്തിലും 12 അക്ഷരം വീതമാണല്ലോ ഉള്ളത്. മഞ്ജരിയാകുമ്പോൾ ആദ്യപാദത്തിൽ 12 ഉം രണ്ടാം പാദത്തിൽ 10 ഉം അക്ഷരം വരും. 

ഉദാ:

"പാലാഴിമാതു താൻ പാലിച്ചു പോരുന്ന (12 അക്ഷരം)

കോലാധിനാഥനുദയവർമ്മൻ " (10 അക്ഷരം)


" ആനായർകോൻ തന്റെ ഗാനത്തെ കേട്ടപ്പോൾ

ആനന്ദം പൂണ്ടങ്ങു മീനങ്ങളും"


" താഴത്തേയ്ക്കെന്തിത്ര സൂക്ഷിച്ചുനോക്കുന്നൂ

താരകളേ നിങ്ങൾ നിശ്ചലരായ് "


"ആറ്റിലേക്കച്യുതാ, ചാടൊല്ലേ ചാടൊല്ലേ,

കാട്ടിലെപ്പൊയ്കയിൽ പോയി നീന്താം "


നതോന്നതാ

നതോന്നതാ വൃത്തത്തിന് വഞ്ചിപ്പാട്ടു വൃത്തമെന്ന വിശേഷണം കൂടിയുണ്ട്. രാമപുരത്തു വാരിയരുടെ കുചേലവൃത്തം വഞ്ചിപ്പാട്ടാണ് നതോന്നതയെ പ്രശസ്തമാക്കിയത്. 

ലക്ഷണം:

ഗണം ദ്വ്യക്ഷരമെട്ടെണ്ണ-

മൊന്നാം പാദത്തിൽ, മറ്റതിൽ

ഗണമാറര; നില്ക്കേണം

രണ്ടുമെട്ടാവതക്ഷരേ,

ഗുരുതന്നെയെഴുത്തെല്ലാ-

മിശ്ശീലിൻ പേർ നതോന്നതാ.

ഉയർച്ചതാഴ്ച്ചകളോടെ ഗാനം ചൊല്ലാൻ ഉചിതമാണ് ഈ ശീൽ. രണ്ട് അക്ഷരം വീതമുള്ള എട്ട് ഗണങ്ങൾ ഒന്നാം വരിയിൽ വരണം. എന്നുവെച്ചാൽ ഒന്നാം പാദത്തിൽ 16 അക്ഷരം വേണം. രണ്ടാം പാദത്തിൽ ആറര ഗണം. [രണ്ടക്ഷരം വീതമുള്ളവ]. രണ്ടാം വരിയിൽ 13 അക്ഷരം വേണമെന്നർത്ഥം. എല്ലാ അക്ഷരങ്ങളും ഈ വൃത്തത്തിൽ ഗുരുക്കളാണ്. ഇപ്രകാരമുള്ള വൃത്തമാണ് നതോന്നത. നതോന്നതയിൽ ഒന്നാം വരിയിൽ (ഒരു ഈരടി മാനദണ്ഡമാക്കിയാൽ) 16 ഉം രണ്ടാം വരിയിൽ 13 ഉം അക്ഷരങ്ങൾ വേണമെന്നത് മറക്കാതിരിക്കുക. 

ഉദാ:

"പട്ടിണികൊണ്ടു മെലിഞ്ഞ പണ്ഡിതനു കുശസ്ഥലീ ( 16 )

പട്ടണം കണ്ടപ്പോഴേ വിശപ്പും ദാഹവും" (13)


"എന്തുകൊണ്ടോ ശൗരി കണ്ണുനീരണിഞ്ഞു ധീരനായ (16)

ചെന്താമരക്കണ്ണനുണ്ടോ കരഞ്ഞിട്ടുള്ളൂ "(13)


[കണ്ണൂർ സർവകലാശാലാ മൂന്നാം സെമസ്റ്റർ മലയാളം മെയിൻ വിദ്യാർത്ഥികളുടെ 2019 ലെ സിലബസ്സു പ്രകാരമാണ് ഇപ്രകാരം കുറിപ്പു തയ്യാറാക്കിയിട്ടുള്ളത്. ] 





അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഹിമവാൻ്റെ മുകൾത്തട്ടിൽ: രാജൻ കാക്കനാടൻ, ഭാഗം1

കരുണ - കുമാരനാശാൻ

സഭാപ്രവേശം - കുഞ്ചൻ നമ്പ്യാർ