വൃത്തപഠനം- ഭാഗം 2

ഭാഷാവൃത്തങ്ങളുടെ സവിശേഷതകൾ

സംസ്കൃതത്തിൽ അനവധി വൃത്തങ്ങളുണ്ടെന്ന് നാം മനസ്സിലാക്കി. അവയിൽ പലതും മലയാളകാവ്യങ്ങളിൽ ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ അവ കൂടാതെ മലയാളത്തിനു തനതായ വൃത്തങ്ങളും ഉണ്ട്. ഇവയെയാണ് ഭാഷാവൃത്തങ്ങൾ എന്നതിലൂടെ ഉദ്ദേശിക്കുന്നത്. പ്രധാനപ്പെട്ട ചില അംശങ്ങളിൽ സംസ്കൃതവൃത്തങ്ങളിൽ നിന്നും ഇവ വ്യത്യാസപ്പെട്ടിരിക്കുന്നു.

ഭാഷാവൃത്തങ്ങളുടെ സവിശേഷതകൾ എന്ന നിലയ്ക്ക് അവയെ കാണാം.


'പ്രായേണ ഭാഷാവൃത്തങ്ങൾ

തമിഴിന്റെ വഴിക്കുതാൻ

അതിനാൽ ഗാനരീതിക്കു ചേരുമീരടിയാണിഹ.'


മലയാളം ദ്രാവിഡഭാഷയാണ്. ഇക്കാരണത്താൽ അതിന് തമിഴിനോടാണ് അടുപ്പം. അതുകൊണ്ടുതന്നെ മലയാളത്തിന്റെ സ്വന്തമായ കവിതാരീതിക്ക് തമിഴുരീതിയുമായാണ് കൂടുതൽ ബന്ധമുള്ളത്. വൃത്തശാസ്ത്രത്തിൽ തമിഴിനും സംസ്കൃതത്തിനും തമ്മിൽ വ്യത്യാസങ്ങളേറെയുണ്ട്. 

എന്താണ് പ്രധാനവ്യത്യാസങ്ങൾ?


വിശദീകരണം:

സംസ്കൃതത്തിൽ ശ്ലോകങ്ങളായാണ് കവിതകൾ എഴുതാറുള്ളത്. എന്നാൽ തമിഴിൽ ഈരടികളാണ് ഉപയോഗിക്കുന്നത്.


സംസ്കൃതത്തിൽ ഒരു ശ്ലോകമെന്നാൽ രണ്ട് അർദ്ധങ്ങളുള്ള നാലുവരികളാണ്. ഒരു ശ്ലോകത്തിൽ അർത്ഥമോ ആശയമോ പൂർത്തീകരിക്കപ്പെടണമെന്നുണ്ട്. ഗദ്യത്തിൽ ഒരു വാക്യം ഒരു ആശയത്തെ മുഴുവനാക്കുന്നുണ്ടല്ലോ. അതുപോലെയാണ് ഒരു കാവ്യത്തിൽ ഓരോ ശ്ലോകവും അർത്ഥപൂർത്തി വരുത്തുന്നത്. 

തമിഴിലാകട്ടെ ശ്ലോകത്തിനു പകരം രണ്ടു വരികൾ ചേർന്ന ഈരടിയാണ് ഉപയോഗിക്കുന്നത്. രണ്ടു വരികളിൽ അന്വയം/ ആശയം / അർത്ഥം പൂർത്തിയാകണമെന്ന് യാതൊരു നിർബന്ധവുമില്ല. ഈരടി ശ്ലോകം പോലെ ഒന്ന് എന്നെണ്ണാവുന്ന ഒരൊറ്റ പരിപൂർണ്ണവസ്തുവല്ലെന്ന് ഏ.ആർ. അഭിപ്രായപ്പെടുന്നു. ചിലപ്പോൾ നിരവധി ഈരടികൾ അർത്ഥപൂർണ്ണതയ്ക്കു വേണ്ടിവരാം. 


തമിഴിൽ, സംസ്കൃതത്തിൽ കാണുന്ന പോലെ ഗുരുലഘു നിയമമോ അക്ഷരനിയമമോ മാത്രാ നിയമമോ ഇല്ല. സംസ്കൃതത്തിലെ മാത്രയുടെ സ്ഥാനത്ത് ''അശ' എന്നൊന്നുണ്ട്. അശകളെ കൊണ്ട് തമിഴർ ഗണം ഉണ്ടാക്കുന്നു. 

ഇവിടെ ശ്രദ്ധിക്കേണ്ടത് ഭാഷയിൽ വർണ്ണനിയമമോ മാത്രാനിയമമോ രണ്ടിലൊന്ന് കാണുന്നു എന്നുള്ളതാണ്. ഈ വിഷയത്തിൽ തമിഴിൽ നിന്നും വ്യത്യസ്തത പ്രകടിപ്പിക്കുന്നു, മലയാളം. അതിനാൽ അത്യാവശ്യം ഗുരുലഘു നിയമവും മാത്രാനിയമവും മലയാളത്തിൽ ഉണ്ടെന്നതിനാൽ വളരെ സൂക്ഷ്മതയോടെയാണ് ഏ.ആർ."പ്രായേണ ഭാഷാവൃത്തങ്ങൾ തമിഴിന്റെ വഴിക്കുതാൻ" എന്നു പറഞ്ഞിട്ടുള്ളത്. പ്രായേണ എന്നാൽ മിക്കവാറും എന്നർത്ഥം. ഗാനരീതി, ഈരടി മുതലായവയിൽ തമിഴിന്റെ വഴിയിൽ. എന്നാൽ ഉദാരീകരിച്ച സംസ്കൃത വൃത്തമാനദണ്ഡങ്ങളും ഭാഷയിൽ സ്വീകരിച്ചിട്ടുണ്ട്. 


" അടികൾക്കും കണക്കില്ല 

നില്ക്കയും വേണ്ടൊരേടവും"

വിശദീകരണം:

ഭാഷാവൃത്തങ്ങൾക്ക് ഇത്ര അടി ഒരു വൃത്തത്തിന് അനിവാര്യമാണ് എന്ന നിബന്ധനയില്ല. അന്വയം എവിടെ വേണമെങ്കിലും അവസാനിപ്പിക്കാം. ശ്ലോകങ്ങൾ പോലെ ഒറ്റയൊറ്റ തിരിഞ്ഞല്ല, ധാര മുറിയാതെ ഒഴുകുകയാണ് ഗാനങ്ങളിൽ. എന്നാൽ കീർത്തനങ്ങളും മറ്റും എഴുതുമ്പോൾ വരികളുടെ സംഖ്യ നോക്കാറുണ്ടെന്ന് എ.ആർ. പറയുന്നു. സംഖ്യാനിയമം ചെയ്താൽ നാലുപാദം ഒരു ശീൽ എന്നു തന്നെയാകാം നിയമം.


" വ്യവസ്ഥയെല്ലാം ശിഥിലം

പ്രധാനം ഗാനരീതി താൻ"

പാടുക എന്നതിനാണ് പ്രാധാന്യം. അതിനാൽ സംസ്കൃതത്തിലെ ഗുരു ലഘു നിയമങ്ങളെ അധികം കണക്കാക്കാറില്ല.


"മാത്രയ്ക്കു നിയമം കാണും

ഗാനം താളത്തിനൊക്കുകിൽ

ഇല്ലെങ്കിൽ വർണ്ണസംഖ്യയ്ക്കു

നിയമം മിക്കദിക്കിലും"

കിളിപ്പാട്ടിൽ അക്ഷരനിയമം കാണുന്നു. തുള്ളൽപ്പാട്ടിൽ മാത്രാ നിയമവുമുണ്ട്.


ഗുരുവാക്കാമിച്ഛപോലെ         

പാടി നീട്ടി ലഘുക്കളെ ;

അതുപോലിഹ ദീർഘത്തെ - ക്കുറുക്കുന്നതപൂർവമാം"

ലഘുവിനെ പാടി നീട്ടി ഗുരുവാക്കാം. അതുപോലെ ദീർഘത്തെ പാടിക്കുറുക്കാമെങ്കിലും അത് സാധാരണമല്ല.


ഇങ്ങനെയുള്ള സവിശേഷതകളാണ് ഭാഷാവൃത്തങ്ങൾക്കുള്ളത്. രചനാപരമായും ഗാനരൂപേണയും തമിഴിനോട് ബന്ധം കൂടുതൽ പ്രകടിപ്പിക്കുമ്പോൾ തന്നെ, സംസ്കൃതകാവ്യരീതിയെ ഉൾക്കൊണ്ടുകൂടിയാണ് ഇതു വളർന്നിട്ടുള്ളത്. ഒന്നിനെയും പൂർണ്ണമായും തിരസ്കരിക്കാതെ വേണ്ടുന്നത് സ്വാംശീകരിച്ചെടുത്താണ് മലയാള കവിത സ്വന്തം സ്വത്വം രൂപപ്പെടുത്തിയത്.


ഇനി, ഭാഷാവൃത്തങ്ങളിൽ പ്രാമുഖ്യമുള്ള കിളിപ്പാട്ടുവൃത്തങ്ങളെ പരിചയപ്പെടുത്തുന്നു.





അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഹിമവാൻ്റെ മുകൾത്തട്ടിൽ: രാജൻ കാക്കനാടൻ, ഭാഗം1

കരുണ - കുമാരനാശാൻ

സഭാപ്രവേശം - കുഞ്ചൻ നമ്പ്യാർ