വൃത്തപഠനം ഭാഗം 1

 എന്താണ് വൃത്തം എന്നതും അതിന് മലയാളകാവ്യലോകത്തിലുള്ള പ്രാധാന്യമെന്തെന്നതും ചർച്ചചെയ്യുകയെന്നുള്ളതാണ് ഇവിടെ ഉദ്ദേശിക്കുന്നത്.

വൃത്തശാസ്ത്രം പഠിക്കുന്നത് എന്തിനാണ്?

1. ഏതൊരു കാവ്യലോകത്തിന്റെയും വികാസ പരിണാമ ദശയെക്കുറിച്ചറിയാൻ.

2. കവിതയുടെ വളർച്ചയിൽ വൃത്തങ്ങൾ വഹിച്ച പങ്ക് മനസ്സിലാക്കാൻ.

3. വൃത്തങ്ങൾ ഭാവനാസൃഷ്ടിയിലും ആശയപ്രദാനത്തിലും വലിയ സംഭാവനകൾ നല്കിയിട്ടുണ്ട്.

4. വളരെ പുരാതനകാലം [വേദങ്ങൾ - ഉപനിഷത്തുകൾ - പുരാണങ്ങൾ - ഇതിഹാസങ്ങൾ] മുതൽ തന്നെ ആശയങ്ങളെയും കാവ്യഭാവനയെയും വിവിധവൃത്തങ്ങളിൽ ചിട്ടപ്പെടുത്തി അവതരിപ്പിക്കാൻ കവികൾ ശ്രമിച്ചിട്ടുണ്ട്. അതു മനസ്സിലാക്കാൻ വൃത്തപഠനം ഉപകരിക്കും.

5. വൃത്തങ്ങളിൽ എഴുതപ്പെട്ടവയെ മാത്രമേ കവിതയായി പണ്ട് അംഗീകരിച്ചിട്ടുള്ളു.

6. വൃത്തങ്ങൾ പ്രധാനമായും രണ്ടു വിധം - സംസ്കൃതവൃത്തങ്ങളും ഭാഷാവൃത്തങ്ങളും.

എന്താണ് വൃത്തം ?

വൃത്തമെന്നത് ആശയങ്ങളെ ഒരു പ്രത്യേക ചട്ടക്കൂടിൽ അവതരിപ്പിക്കലാണ്. അതിനായി അക്ഷരങ്ങൾ, മാത്ര, ഗണം മുതലായവയിൽ നിഷ്ഠ വെച്ചുപുലർത്തുന്നു. 

(ഇവ പിന്നീട് വിശദീകരിക്കാം.)

വൃത്തമഞ്ജരീകാരനായ ഏ.ആർ.രാജരാജവർമ്മ വൃത്തത്തെ ഇപ്രകാരം നിർവചിക്കുന്നു: 

"പദ്യം വാർക്കുന്ന തോതല്ലോ വൃത്തമെന്നിഹ ചൊൽവത് "

വൃത്തമെന്നത് ഒരു മാനദണ്ഡമാണെന്നും അവ ഉപയോഗപ്പെടുത്തി പദ്യം നിർമ്മിക്കപ്പെടുന്നുവെന്നുമാണ് എ.ആർ. ഉദ്ദേശിക്കുന്നത്. കവിക്ക് ആവശ്യമുള്ള വ്യത്യസ്ത ഭാവങ്ങളെയും ആശയങ്ങളെയും പകരാവുന്ന വൈവിദ്ധ്യമുള്ള നിരവധിവൃത്തങ്ങൾ ഉണ്ട്.

വൃത്തങ്ങൾ മുഖ്യമായും രണ്ടുവിധം.

സംസ്കൃതവൃത്തങ്ങളും ഭാഷാവൃത്തങ്ങളും.

സംസ്കൃതവൃത്തങ്ങളെ താഴെപ്പറഞ്ഞ പ്രകാരം തരംതിരിക്കാവുന്നതാണ്.

അവ വർണ്ണവൃത്തം, മാത്രാവൃത്തം എന്നു രണ്ടുവിധം.

വർണ്ണവൃത്തം - വർണ്ണത്തിന്, അഥവാ അക്ഷരത്തിന് പ്രാധാന്യമുള്ള വൃത്തം. അതായത്, ഒരു പാദത്തിന് (വരിക്ക് ) ഇത്ര വർണ്ണം (അക്ഷരം) എന്ന് നിയമം ഉള്ള വൃത്തം. അത് മൂന്നു വിധം:

1.സമവൃത്തം                2.അർദ്ധസമവൃത്തം                                    3. വിഷമവൃത്തം

ഇത് അല്പം വിശദീകരിക്കാം:

സംസ്കൃതവൃത്തങ്ങൾ ശ്ലോകരൂപത്തിലാണ് എഴുതപ്പെടുന്നത്. ശ്ലോകത്തിൽ നാലുവരികളുണ്ടാകും.1,2,3,4 വരികൾ.

ഉദാ:

വരി 1.ക്ഷിതിയിലഹഹ മർത്ത്യ ജീവിതം വരി 2.പ്രതിജനഭിന്ന വിചിത്ര മാർഗ്ഗമാം വരി3.പ്രതിനവരസമാമതോർക്കുകിൽ വരി 4.കൃതികൾ മനുഷ്യകഥാനുഗായികൾ

ഇത് ഒരു ശ്ലോകമാണ്. ഈ ശ്ലോകത്തിലെ ഓരോ വരിയിലെയും അക്ഷരങ്ങൾ പരിശോധിച്ചാൽ ഒന്ന്, മൂന്ന് വരികൾക്ക് ഒരേ ലക്ഷണമായിരിക്കും; അക്ഷരങ്ങളും (11 അക്ഷരം)തുല്യമായിരിക്കും. രണ്ട്, നാല് വരികൾക്ക് ലക്ഷണവും അക്ഷരങ്ങളും (12 അക്ഷരം) തുല്യമായിരിക്കും. എന്നാലത് ഒന്ന്, മൂന്ന് വരികളിൽ നിന്ന് വ്യത്യസ്തമായിരിക്കുകയും ചെയ്യും. ഇത്തരം വൃത്തം അർദ്ധസമവൃത്തത്തിന് ഉദാഹരണമാണ്. 

വീണപൂവ് എന്ന കാവ്യം പഠിച്ചിട്ടുണ്ടാകും. അതിൽ നാലു വരികൾക്കും ഒരേ ലക്ഷണമാണ്. അതായത്, തുല്യസംഖ്യയായിരിക്കും അക്ഷരങ്ങളുടെ എണ്ണം. ഇത് സമവൃത്തം എന്ന് അറിയപ്പെടുന്നു.

ഓരോ വരിക്കും വ്യത്യസ്ത ലക്ഷണം വന്നാൽ അത് വിഷമവൃത്തമാകും.

ഒരു വരിക്ക് ഇത്ര മാത്രയെന്ന് നിയമമുള്ളത് മാത്രാവൃത്തം.

ഒരു ശ്ലോകത്തിലെ ഒന്നാമത്തെയും മൂന്നാമത്തെയും പാദം വിഷമം, അസമം, അയുഗ്‌മം, ഒറ്റ എന്നിങ്ങനെ അറിയപ്പെടുന്നു.

രണ്ടാമത്തെയും നാലാമത്തെയും പാദങ്ങൾ സമം, ഇരട്ട, യുഗ്മം എന്നിങ്ങനെ അറിയുന്നു. പാദം എന്നാൽ വൃത്തശാസ്ത്രത്തിൽ വരി എന്നാണ് അർത്ഥം.

ഛന്ദസ്സും വൃത്തവും

ഛന്ദസ്സ് സംസ്കൃതത്തിലെ സമവൃത്തങ്ങളെയാണ് സംബന്ധിക്കുന്നത്. ഛന്ദസ്സ് എന്നാൽ ഒരു പാദത്തിൽ - വരിയിൽ - അക്ഷരങ്ങൾ ഇത്ര എന്ന കണക്കാണ്. ഓരോ ഛന്ദസ്സിലും നിരവധി വൃത്തങ്ങളുണ്ടാകും. എന്തുകൊണ്ടാണ് ഇങ്ങനെ? ഛന്ദസ്സ് ഒരു തായ്ത്തടിയാണെങ്കിൽ വൃത്തങ്ങൾ അതിലെ ശാഖകളാണ്. ഉദാ: പതിനൊന്ന് അക്ഷരമുള്ള ഛന്ദസ്സിൽ (ത്രിഷ്ടുപ്പ്) വൃത്തങ്ങൾ പത്തറുപതെണ്ണമുണ്ടാകും.

'ഛന്ദസ്സെന്നാലക്ഷരങ്ങളിത്രയെന്നുള്ള ക്നുപ്തിയാം' എന്ന് ഏ.ആർ. വ്യക്തമാക്കുന്നു. 

അക്ഷരമെണ്ണുമ്പോൾ ശ്രദ്ധിക്കേണ്ടത്:

സ്വരങ്ങൾ, വ്യഞ്ജനങ്ങൾ എന്നിവ അക്ഷരങ്ങളിൽ പെടുന്നു. വൃത്തശാസ്ത്രം സ്വരം ചേർന്നവയെ മാത്രമേ അക്ഷരങ്ങളായി പരിഗണിക്കുന്നുള്ളൂ.  

ചില്ലക്ഷരങ്ങളെ അക്ഷരമായി എണ്ണാൻ പാടില്ല. കൂട്ടക്ഷരം ഒരക്ഷരമായി എണ്ണുക.

യ്, വ് എന്നിങ്ങനെ സംവൃതോകാരത്തിലവസാനിക്കുന്നവയെയും അക്ഷരമായി ഗണിക്കാറില്ല.

വൃത്തം നിർണ്ണയിക്കാൻ എന്തൊക്കെ മനസ്സിലാക്കണം?

1.ഗുരു ലഘു വ്യവസ്ഥ                                  2. ഗണങ്ങൾ

ഗുരു ലഘു വ്യവസ്ഥ

ഗുരു ലഘു തിരിക്കാൻ വളരെ എളുപ്പമാണ്. അതിന് ആദ്യം അക്ഷരങ്ങളുടെ പ്രകൃതം അറിയണം.

അക്ഷരമാലയിൽ അക്ഷരങ്ങൾ രണ്ടുവിധം. സ്വരാക്ഷരങ്ങളും വ്യഞ്ജനാക്ഷരങ്ങളും. സ്വരാക്ഷരങ്ങളിൽ ഹ്രസ്വസ്വരങ്ങളും ദീർഘസ്വരങ്ങളുമുണ്ട്. 

നീട്ടി ഉച്ചരിക്കാത്ത സ്വരങ്ങൾ, അതായത് അ, ഇ, ഉ, എ, ഋ, ഒ എന്നിവ ഹ്രസ്വസ്വരങ്ങളാണ്. 

ആ, ഈ, ഊ, ഓ, ഔ, ഐ എന്നിവ ദീർഘസ്വരങ്ങളാണ്. 

ദീർഘസ്വരം ചേർന്ന വ്യഞ്ജനാക്ഷരങ്ങളും ദീർഘങ്ങളാണ്.

ദീർഘസ്വരം ചേരാതെ തനിച്ചു നില്ക്കുന്ന വ്യഞ്ജനാക്ഷരങ്ങളൊക്കെ ഹ്രസ്വാക്ഷരങ്ങളാണ്.  

ഹ്രസ്വാക്ഷരങ്ങൾ തന്നെയാണ് ലഘുക്കൾ. ദീർഘാക്ഷരങ്ങളെ ഗുരുക്കൾ എന്നും വിളിക്കും.

'ഹ്രസ്വാക്ഷരം ലഘുവതാം ഗുരുവാം ദീർഘമായത് ' എന്ന് വൃത്തമഞ്ജരീകാരനായ ഏ.ആർ.രാജരാജവർമ്മ പറയുന്നു.

വൃത്തശാസ്ത്രത്തിൽ സ്വരങ്ങളെ മാത്രമേ അക്ഷരമായി പരിഗണിക്കുന്നുള്ളൂ. എല്ലാ വ്യഞ്ജനാക്ഷരങ്ങളും സ്വരം ചേർന്നാണ് നില കൊള്ളുന്നത്.

ഉദാ: ക - ക് + അ.                                          മി- മ് + ഇ                                                        ചു- ച് + ഉ

മേല്പറഞ്ഞ വ്യഞ്ജനങ്ങൾ ഏതെങ്കിലുമൊരു സ്വരത്തിന്റെ പിന്തുണയോടെയാണ് നില്ക്കുന്നത് എന്ന് വ്യക്തമാണല്ലോ. ചില്ലക്ഷരങ്ങൾ സ്വരം ചേരാതെ വ്യഞ്ജനമാത്രങ്ങളാകയാൽ അവയെ അക്ഷരമായി പരിഗണിക്കാറില്ല.

ഉച്ചരിക്കാൻ ഒരു മാത്ര ശ്വാസം ആവശ്യമുള്ള അക്ഷരങ്ങളാണ് ഹ്രസ്വാക്ഷരങ്ങൾ. (ലഘുക്കൾ) .

രണ്ടു മാത്ര ആവശ്യമുള്ളത് ദീർഘാക്ഷരങ്ങൾ.(ഗുരുക്കൾ).

മാത്രയെന്നത് ഒരക്ഷരം ഉച്ചരിക്കാനെടുക്കുന്ന കാലയളവാണ്, അതായത് സമയം.

ഹ്രസ്വാക്ഷരങ്ങൾക്ക് ഒരു മാത്രയും ദീർഘാക്ഷരങ്ങൾക്ക് രണ്ടു മാത്രയുമാണ് വേണ്ടത്.

ഉദാ: ഒരു മാത്ര - അ, ഇ, ഉ, ഋ, എ, ക, മ, ചി,സു … 

രണ്ടു മാത്ര - കാ, സാ, മൂ, ചോ, ചൗ, കൈ……

ഗുരുവിനെ ഗ എന്ന അക്ഷരത്താലും ലഘുവിനെ ല എന്ന അക്ഷരത്താലും കുറിക്കാറുണ്ട്.

ലഘുക്കൾ ചന്ദ്രക്കല എന്ന ചിഹ്നത്താലും ഗുരുക്കൾ ചെറിയൊരു വരയാലും കുറിക്കപ്പെടുന്നു.

സാധാരണ ഗതിയിൽ അക്ഷരങ്ങളുടെ മീതേയാണ് ഗുരു ലഘു അടയാളപ്പെടുത്തുന്നത്.

ചില വിശേഷസന്ദർഭങ്ങളിൽ ലഘുക്കൾ ഗുരുക്കളാകാറുണ്ട്. 

അവ ഏതൊക്കെ?                                    ഏ. ആർ. എഴുതുന്നു:

' അനുസ്വാരം വിസർഗ്ഗം താൻ തീവ്രയത്നമുരച്ചിടും                                ചില്ലു കൂട്ടക്ഷരം താനോ                         പിൻ വന്നാൽ ഹ്രസ്വവും ഗുരു.'

അനുസ്വാരം, കൂട്ടക്ഷരം, തീവ്രയത്നമുരച്ചിടും ചില്ല്, (അതിൽ വിശേഷിച്ച് ൻ, ൺ) വിസർഗ്ഗം എന്നിവ പിന്നിൽ വന്നാൽ തൊട്ടുമുന്നിലുള്ള അക്ഷരം ഗുരുവാകും. 

ഉദാ:  പക്ഷി എന്ന വാക്കിൽ, 'പ' എന്ന അക്ഷരത്തിനു ശേഷമാണ് ക്ഷ എന്ന കൂട്ടക്ഷരം വരുന്നത്. അതിനാൽ, 'പ ' ഗുരുവാണ്.

വംശം - വ, ശ എന്നിവ ഗുരു.[കാരണം അനുസ്വാരം]

ദു:ഖം - ദു എന്ന അക്ഷരം ഗുരുവാകുന്നതിന് വിസർഗ്ഗം കാരണമാകുന്നു. 

ലഘു ഗുരു തിരിക്കുമ്പോൾ ചില്ലക്ഷരങ്ങളെ പരിഗണിക്കാറില്ല.

യ്, വ് എന്നിവയെയും കൂട്ടാറില്ല.

ഗണങ്ങൾ

വൃത്തശാസ്ത്രത്തിൽ ഗണങ്ങളെക്കുറിച്ച് അറിഞ്ഞാലേ വൃത്തം ചമയ്ക്കാനും തിരിച്ചറിയാനും സാധിക്കൂ.

സാധാരണ രീതിയിൽ മൂന്നക്ഷരമുള്ള കൂട്ടത്തെ ഗണം എന്നു പറയുന്നു. ലക്ഷണം ചെയ്യുന്നതിനുള്ള സൗകര്യത്തിനു വേണ്ടിയാണ് ഗണം എന്ന ഒന്നിനെ കൽപ്പിക്കുന്നത്.

'മൂന്നക്ഷരം ചേർന്നതിന് ഗണമെന്നിഹ സംജ്ഞയാം' എന്ന് ഏ.ആർ രാജരാജവർമ്മ.

"ആദിമദ്ധ്യാന്ത വർണ്ണങ്ങൾ ലഘുക്കൾ യരതങ്ങളിൽ

ഗുരുക്കൾ ഭജസങ്ങൾക്കു മനങ്ങൾ ഗല മാത്രമാം"

എട്ടുഗണങ്ങളെയാണ് ഏ .ആർ. അവതരിപ്പിക്കുന്നത്. ഒരു ഗണത്തിൽ ലഘുവോ ഗുരുവോ ആദ്യമോ നടുക്കോ അവസാനമോ വരുന്നതിനെ അടിസ്ഥാനമാക്കിയാണിത് ഗണിക്കുന്നത്. 

[ചിഹ്നങ്ങൾ എഴുതാനുള്ള വിഷമം കാരണം ഗ,ല എന്നിവ ഉപയോഗിച്ചിരിക്കുന്നു ]

ആദ്യ ലഘു,  ല ഗ ഗ ,  യഗണം   v - -

മദ്ധ്യ ലഘു , ഗ ല ഗ ,   രഗണം     - v -

അന്ത്യ ലഘു , ഗ ഗ ല , തഗണം   - - v

ആദ്യ ഗുരു, ഗ ല ല, ഭ ഗണം     - v v മദ്ധ്യ ഗുരു, ല ഗ ല , ജഗണം     v - v

അന്ത്യ ഗുരു , ല ല ഗ , സ ഗണം v v -

സർവ ഗുരു, ഗ ഗ ഗ ,  മഗണം    - - - സർവ ലഘു, ല ല ല , ന ഗണം v v v

ഇത് ശരിക്കും ഉൾകൊണ്ടാലേ അങ്ങോട്ടുള്ള ഭാഗങ്ങൾ മനസ്സിലാകൂ. ഏ.ആറിന്റെ സൂത്രങ്ങളും പഠിക്കണം.

മാത്രാവൃത്തങ്ങളെ സംബന്ധിച്ച് നാലു മാത്ര ഒരു ഗണം എന്നാകുന്നു നിയമം.

വൃത്തമഞ്ജരിയുടെ ഒരു പ്രത്യേകത, ഏതു വൃത്തത്തിനാണോ ലക്ഷണം പറയുന്നത്, ആ വൃത്തത്തിന്റെ ലക്ഷണപാദം തന്നെയാണ് ലക്ഷ്യം. അഥവാ ഉദാഹരണം. ലക്ഷണവാക്യം തന്നെയാണ് ലക്ഷ്യം.

സമവൃത്തങ്ങൾ

വർണ്ണവൃത്തങ്ങളിലൊരു വിഭാഗമാണിത്. 

'പാദം നാലും തുല്യമെങ്കിലപ്പദ്യം സമവൃത്തമാം',

എന്ന് ലക്ഷണം. 

നമുക്ക് ഇന്ദ്രവജ്ര, വസന്തതിലകം, മന്ദാക്രാന്ത എന്നിവയാണ് പഠിക്കാനുള്ളത്.

ഇന്ദ്രവജ്ര

ഇന്ദ്രവജ്രയുടെ ലക്ഷണം:

[പതിനൊന്ന് അക്ഷരം ഒരു പാദത്തിൽ വരുന്ന ത്രിഷ്ടുപ്പ് എന്ന ഛന്ദസ്സിലാണ് ഇന്ദ്രവജ്ര ഉൾപ്പെടുന്നത്.]

'കേളിന്ദ്രവജ്രയ്ക്കു തതംജഗംഗം' (11 അക്ഷരം) ഗണം തിരിച്ചാൽ കേളിന്ദ്ര /വജ്രയ്ക്കു / തതംജ /ഗംഗം' എന്നു കിട്ടും. 

അന്ത്യ ലഘു - തഗണം, അന്ത്യ ലഘു-ത ഗണം, മദ്ധ്യഗുരു - ജഗണം, ഇപ്രകാരം 9 അക്ഷരങ്ങൾ; മൂന്നു ഗണം. കൂടാതെ രണ്ടു ഗുരുക്കളും. ആകെ പതിനൊന്നക്ഷരം. ഇപ്രകാരം വന്നാൽ ഇന്ദ്രവജ്ര. 

ഒരക്ഷരത്തിലുണ്ടാകുന്ന മാറ്റങ്ങൾ പോലും വൃത്തവ്യതിയാനത്തിന് കാരണമാകുമെന്ന് ഓർക്കുക.

വസന്തതിലകം.

[പതിനാലക്ഷരം ഒരു പാദത്തിൽ വരുന്ന ശക്വരി എന്ന ഛന്ദസ്സിലാണ് വസന്തതിലകം ഉൾപ്പെടുന്നത്. ]

ലക്ഷണം:

"ചൊല്ലാം വസന്തതിലകം തഭജംജഗംഗം" (14 അക്ഷരം)

ഈ വൃത്തത്തിന് സിംഹോന്നത മുതലായ പേരുകളുണ്ട്. 

ചൊല്ലാംവ/ സന്തതി /ലകം ത/ ഭജംജ / ഗംഗം

നാല് ഗണങ്ങളിൽ 12 അക്ഷരങ്ങളും കൂടാതെ 2 ഗുരുക്കളും. ആകെ 14 അക്ഷരങ്ങൾ.

അന്ത്യ ലഘു - തഗണം, ആദ്യഗുരു - ഭഗണം, മദ്ധ്യഗുരു- ജഗണം, മദ്ധ്യ ഗുരു - ജഗണം, പിന്നെ 2 ഗുരുക്കളും.

കുമാരനാശാന്റെ വീണപൂവ് വസന്തതിലകത്തിലാണ് രചിച്ചിട്ടുള്ളത്.

മന്ദാക്രാന്ത

[ പതിനേഴക്ഷരം -17 - ഒരു പാദത്തിൽ വരുന്ന അത്യഷ്ടി എന്ന ഛന്ദസ്സിലാണ് മന്ദാക്രാന്താ പെടുന്നത്. ]

ലക്ഷണം:

"മന്ദാക്രാന്താ മഭനതതഗം നാലുമാറേഴുമായ് ഗം" (17 അക്ഷരം)

അഞ്ചു ഗണങ്ങൾ, രണ്ടു ഗുരുക്കൾ. - ആകെ 17 അക്ഷരം.

ഏതൊക്കെയാണ് ആ ഗണങ്ങൾ?

മന്ദാക്രാ /ന്താ മഭ/ നതത/ ഗംനാലു / മാറേഴു / മായ് ഗം

[യ് എന്നതിനെ അക്ഷരമായി ഗണിക്കരുത് ]

സർവഗുരു മഗണമാണ് ആദ്യത്തെ ഗണം. തുടർന്ന് ആദ്യ ഗുരു- ഭഗണം, സർവ ലഘു- നഗണം, അന്ത്യലഘു- തഗണം, വീണ്ടും അന്ത്യ ലഘു തഗണം എന്നിവ ലഭിക്കുന്നു. കൂടാതെ രണ്ടു ഗുരുക്കളും. യ് എന്ന സ്വരീകരിക്കാത്ത വ്യഞ്ജനം വൃത്തശാസ്ത്രത്തിൽ അക്ഷരമല്ല.

അതിനാൽ അവസാനത്തെ രണ്ട് അക്ഷരങ്ങളും രണ്ടു ഗുരുക്കൾ മാത്രമാണ്.


അർദ്ധസമവൃത്തങ്ങൾ

അർദ്ധസമവൃത്തങ്ങളെന്തെന്ന് മുമ്പ് വിശദീകരിച്ചിട്ടുണ്ട്. വിഷമ പാദങ്ങൾക്ക് [1,3 വരികൾ ] ഒരു ലക്ഷണവും സമപാദങ്ങൾക്ക് [ 2, 4 വരികൾ] വേറൊരു ലക്ഷണവും ഒരുപോലെ വരുന്നവയാണ് അർദ്ധസമവൃത്തങ്ങൾ. അർദ്ധസമവൃത്തങ്ങളിൽ പഠിക്കാനുള്ളവ വിയോഗിനി, പുഷ്പിതാഗ്ര എന്നിവയാണ്.


വിയോഗിനി

വിഷമേ സസജംഗവും സമേ

സഭരം ലം ഗുരുവും വിയോഗിനീ,

എന്നാകുന്നു ലക്ഷണം. എന്താണ് ഉദ്ദേശിക്കുന്നത്? വിഷമേ എന്നു വെച്ചാൽ വിഷമപാദങ്ങളിൽ. അതായത് ഒന്നും മൂന്നും വരികളിൽ സഗണം (അന്ത്യഗുരു), സഗണം, ജഗണം, പിന്നെ ഗുരു. ഇങ്ങനെ 10 അക്ഷരം വരണം.

വിഷമേ / സസജം /ഗവുംസ/ മേ (10 അക്ഷരം)

സഭരം / ലംഗുരു / വുംവിയോ/ ഗിനീ, (11 അക്ഷരം)

സമേ എന്നാൽ സമപാദങ്ങളിൽ. 2,4 വരികളിൽ. സഗണം, ഭഗണം, രഗണം, പിന്നെ 1 ലഘു, 1 ഗുരു. ഇങ്ങനെ 11 അക്ഷരം ഈ ഗണപ്രകാരം നിബന്ധിച്ചാൽ വിയോഗിനി.

1,3 വരികളിൽ 10 അക്ഷരവും മേൽപ്പറഞ്ഞ ഗണരീതിയും ഉണ്ടാകണം. 2, 4 വരികളിൽ 11 അക്ഷരവും നിർദേശിക്കപ്പെട്ട ഗണ വ്യവസ്ഥയും വേണം. ഇങ്ങനെ ഒത്താൽ വിയോഗിനി. കുമാരനാശാന്റെ ചിന്താവിഷ്ടയായ സീതയിൽ ഇത് ഉപയോഗിച്ചിട്ടുണ്ട്.

പുഷ്പിതാഗ്ര.

നനരയ വിഷമത്തിലും സമത്തിൽ

പുനരിഹ നം ജജരംഗ പുഷ്പിതാഗ്രാ.

വിഷമപാദത്തിൽ നഗണം, നഗണം, രഗണം, യഗണം എന്നിങ്ങനെ നാലുഗണത്തിൽ 12 അക്ഷരങ്ങൾ വേണം.  സമപാദത്തിൽ നഗണം, ജഗണം, ജഗണം, രഗണം, പിന്നെ 1 ഗുരു. ഇപ്രകാരം 13 അക്ഷരം വരണം. 

നനര/യവിഷ/മത്തിലും / സമത്തിൽ / …

(12 അക്ഷരം)

പുനരി /ഹനംജ /ജരംഗ/ പുഷ്പിതാ /ഗ്രാ.( 13 അക്ഷരം).


സംസ്കൃതവൃത്തങ്ങളിലെ വർണ്ണവൃത്തങ്ങളെ മാത്രമേ സിലബസ്സിൽ ഉൾപ്പെടുത്തിയിട്ടുള്ളൂ. സമവൃത്തങ്ങൾ, അർദ്ധസമവൃത്തങ്ങൾ എന്നിവയിൽ ഏതാനും ചില ഉദാഹരണങ്ങൾ മാത്രം. ഇനി ഭാഷാവൃത്തങ്ങളെക്കുറിച്ചാണ് പറയാനുള്ളത്.

























അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഹിമവാൻ്റെ മുകൾത്തട്ടിൽ: രാജൻ കാക്കനാടൻ, ഭാഗം1

കരുണ - കുമാരനാശാൻ

സഭാപ്രവേശം - കുഞ്ചൻ നമ്പ്യാർ