വൃത്തപഠനം ഭാഗം -3. കിളിപ്പാട്ടുവൃത്തങ്ങൾ

കിളിപ്പാട്ടുവൃത്തങ്ങൾ

കിളിപ്പാട്ടുവൃത്തങ്ങളെക്കുറിച്ചാണ് ഇവിടെ പരാമർശിക്കുന്നത്. പേരു സൂചിപ്പിക്കുന്നതു പോലെ കിളിയെ കൊണ്ടു പാടിക്കുന്ന മട്ടിൽ തന്റെ കാവ്യങ്ങളിൽ എഴുത്തച്ഛൻ പ്രയോഗിച്ചു പ്രചരിതമായ വൃത്തങ്ങളാണിവ. ഇതിൽ മുഖ്യമായത് കാകളി,കേക,അന്നനട എന്നിവയത്രെ. കാകളിക്ക് നിരവധി വകഭേദങ്ങളുണ്ട്. നിരവധിപഠനങ്ങൾ ഇതുമായി ബന്ധപ്പെട്ട് ഭാഷാവൃത്ത മേഖലയിൽ ഉണ്ടായിട്ടുണ്ട്. അദ്ധ്യാത്മരാമായണത്തിലെ അയോദ്ധ്യാകാണ്ഡവും മറ്റും രചിക്കാൻ എഴുത്തച്ഛൻ ഉപയോഗിച്ചത് കാകളി എന്ന വൃത്തമത്രെ. 

കാകളി.

'മാത്രയഞ്ചക്ഷരം മൂന്നിൽ

വരുന്നോരു ഗണങ്ങളെ

എട്ടു ചേർത്തുള്ളീരടിക്കു

ചൊല്ലാം കാകളിയെന്നു പേർ.'

കാകളിവൃത്തത്തിൽ എന്തൊക്കെ സവിശേഷതകൾ അടങ്ങിയിട്ടുണ്ട് ? 

1. അഞ്ചു മാത്ര വീതമുള്ള 4 ഗണങ്ങൾ ഒരു വരിയിൽ.

2. ഈരടിയിൽ ആകെ 8 ഗണങ്ങൾ.

3. ഒരു ഗണത്തിൽ 3 അക്ഷരങ്ങൾ മാത്രം.

4. സർവഗുരുവായ മഗണം ഇതിൽ പാടില്ല.

5. മറ്റേതു ഗണവും വരാം. പാടി നീട്ടി ലഘുക്കളെ ഗുരുക്കളാക്കാം.

6. അഞ്ചു മാത്രയുള്ള 4 ഗണങ്ങൾ ഒരു വരിയിൽ (ഒരു പാദത്തിൽ) നിർബന്ധമാകയാൽ ആകെ 20 മാത്ര വരണം.

7.എട്ടുചേർത്തുള്ളീരടി എന്നതുകൊണ്ട്, എട്ട് ഗണങ്ങൾ ഈരടിയിൽ എന്നു മനസ്സിലാക്കണം. ഗണം എട്ടു ചേർന്നുള്ള ഈരടി.

8. ഒരു വരിയിൽ 12 അക്ഷരം.[4 ഗണം, 20 മാത്ര. ]

ഇത്രയുമായാൽ കാകളിവൃത്തം.


ഉദാ:- (ലക്ഷ്യം )

ശാരിക/പ്പൈതലേ /ചാരുശീ /ലേവരി

കാരോമ /ലേ കഥാ /ശേഷവും / ചൊല്ലു നീ

(മൂന്നക്ഷരങ്ങൾ വീതമുള്ള ഗണങ്ങളാക്കുക. നാലുഗണങ്ങൾ ഒരു വരിയിലുണ്ടാകും.

5 മാത്ര ഓരോ ഗണത്തിലും വരുന്നതായി കാണാം.)

[ഗണം തിരിച്ച് മാത്ര രേഖപ്പെടുത്തുക. ]


കാകളിവൃത്തത്തിന് നിരവധി വകഭേദങ്ങളുണ്ട്. അതൊരു വലിയ മേഖലയുമാണ്. കളകാഞ്ചി, മണികാഞ്ചി, മിശ്രകാകളി, ഊനകാകളി, ദ്രുതകാകളി, എന്നിവ അതിൽപ്പെടുന്നു. ദ്രുതകാകളി പാനാവൃത്തമാണെന്നും, കിളിപ്പാട്ടിൽ അതിനു കാര്യമില്ലെന്നും ഏ.ആർ.രാജരാജവർമ്മ പറയുന്നു. പക്ഷേ, കാകളിയുടെ വകഭേദമാകയാൽ അതിനെ കിളിപ്പാട്ടുവൃത്തത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു.


കളകാഞ്ചി

കാകളിക്കാദ്യപാദാദൗ

രണ്ടോ മൂന്നോ ഗണങ്ങളെ

അയ്യഞ്ചു ലഘുവാക്കീടി -

ലുളവാം കളകാഞ്ചി കേൾ.

സവിശേഷതകൾ:

1.കാകളിവൃത്തത്തിന്റെ ഈരടിയിൽ ആദ്യവരിയിൽ മാത്രം മാറ്റമുണ്ടാകുന്നു. രണ്ടാം വരി കാകളി തന്നെ.

2. കാകളിയിൽ ഓരോ വരിയിലും 5 മാത്ര വീതമുള്ള 4 ഗണങ്ങളാണല്ലോ ഉള്ളത്. - 12 അക്ഷരം, 20 മാത്ര.

3. കളകാഞ്ചിയിൽ കാകളിയുടെ ആദ്യത്തെ വരിയിലെ രണ്ടോ മൂന്നോ ഗണങ്ങൾ അഞ്ചു ലഘുക്കൾ വീതമുള്ളവയാകുന്നു.

4. മാത്ര കാകളിയിലേതു പോലെ 20 തന്നെ.

5. എന്നാൽ അക്ഷരങ്ങൾക്ക് വർദ്ധനവുണ്ട്. ലഘുഗണങ്ങൾ രണ്ടാണെങ്കിൽ 4 ഉം മൂന്നാണെങ്കിൽ 6 ഉം വർദ്ധിക്കുന്നു.

6. ആദ്യപാദാദൗ എന്നതുകൊണ്ട് കാകളിയിലെ ആദ്യത്തെ വരിയിലെ എന്നർത്ഥം.

ഉദാ: 

സുരവരജ/ സുതനുമഥ/ നിന്നൂ വി/ ഷണ്ണനായ്

സൂക്ഷിച്ചു/ മായമ/ റിഞ്ഞിട്ടി /രാവാനും.

സുരവരജ, സുതനുമഥ എന്നീ ഗണങ്ങൾ 5 മാത്രയുള്ള, 5 അക്ഷരങ്ങളുമുള്ള ലഘുമയ ഗണങ്ങളാണ്.


മണികാഞ്ചി

കാകളിക്കുള്ള പാദങ്ങൾ

രണ്ടിലും പിന്നെയാദിമം

ഗണം മാത്രം ലഘുമയ-

മായാലോ മണികാഞ്ചിയാം.

സവിശേഷതകൾ:

1. കാകളിയുടെ രണ്ടു വരികൾക്കും - ഈരടി - നിയമം ബാധകം.

2. രണ്ടുവരികളിലും ആദ്യ ഗണം മാത്രം ലഘുമയമാകുന്നു.

3. മാത്ര ഇരുപതുതന്നെ. അക്ഷരങ്ങൾ 22 ആകും. 

ഉദാ:

പരമപുരു /ഷൻ മഹാ /മായ തൻ / വൈഭവം

പറകയുമ /നാരതം/ കേൾക്കയും/ ചെയ്കിലോ

ഇവിടെ രണ്ടുപാദങ്ങളിലും ആദ്യത്തെ ഗണം ലഘുമയമാണ്. അഞ്ചക്ഷരം -അഞ്ചു മാത്ര. മറ്റു ഗണങ്ങൾ കാകളിക്കുള്ളതു തന്നെ. മണികാഞ്ചിയെ കളകാഞ്ചിയുടെ കൂടെയാണ് പ്രയോഗിച്ചിട്ടുള്ളത്.


മിശ്രകാകളി

ഇച്ഛപോലെ ചിലേടത്തു

ലഘുപ്രായഗണങ്ങളെ

ചേർത്തും കാകളി ചെയ്തീടാ-

മതിൻ പേർ മിശ്രകാകളി.

എഴുതുന്നയാളുടെ ആഗ്രഹത്തിനനുസരിച്ച് കാകളിയുടെ ഈരടികളിൽ (രണ്ടുവരികളിലും തോന്നുമ്പോലെ) ചിലയിടങ്ങളിൽ ലഘുമയ ഗണങ്ങളോ ലഘുപ്രായഗണങ്ങളോ ചെയ്താൽ മിശ്രകാകളി. മാത്ര 20 തന്നെ.

ഉദാ: ജനിമൃതിനി/വാരണം / ജഗദുദയ / കാരണം

ചരണനത /ചാരണം / ചരിതമധു / പൂരണം.

ഒന്നാം പാദത്തിൽ ജനിമൃതിനി, ജഗദുദയ എന്നിവ 5 മാത്രയുള്ള ലഘുമയ ഗണങ്ങളാണ്. രണ്ടാം പാദത്തിൽ ചരണനത, ചരിതമധു എന്നിവയും അതുപോലെ തന്നെ. ലഘുപ്രായഗണമാകുമ്പോൾ മാത്രയ്ക്ക് വ്യത്യാസം വരാതെ (5) ഒരു ഗണത്തിൽ ഒരു ഗുരു വരാം.


ഊനകാകളി

രണ്ടാം പാദാവസാനത്തിൽ

വരുന്നോരു ഗണത്തിന്

വർണ്ണമൊന്നു കുറഞ്ഞീടിൽ

ഊനകാകളിയാമത്.

കാകളിയുടെ രണ്ടാമത്തെ വരിയിൽ അവസാനഗണത്തിൽ ഒരക്ഷരം കുറഞ്ഞാൽ ഊനകാകളി. ഊനം എന്നാൽ കുറവ് എന്നർത്ഥം. ഒരു വരിയിൽ 12 ഉം അടുത്തതിൽ 11 ഉം വരും.


ദ്രുതകാകളി

രണ്ടു പാദത്തിലും പിന്നെ

യന്ത്യമായ ഗണത്തിന്

വർണ്ണമൊന്നു കുറഞ്ഞെന്നാൽ

ദ്രുതകാകളി കീർത്തനേ.

കാകളിയുടെ രണ്ടു വരികളിലെയും അവസാനഗണത്തിൽ ഒരക്ഷരം കുറഞ്ഞാൽ ദ്രുതകാകളി. ഇത് കിളിപ്പാട്ടുവൃത്തമല്ല. ഒരു അക്ഷരം കുറയ്ക്കണമെന്നു പറഞ്ഞതിനാൽ മാത്ര മുന്നോ നാലോ ആകാം. ആകെ 5 മാത്രയാണല്ലോ ഒരു ഗണത്തിൽ വേണ്ടത്. മൂന്നു മാത്രയാണ് കൂടുതൽ കാണുന്നതെന്ന് ഏ.ആർ. പറയുന്നു.

കാകളിവകകൾ ഇത്രയുമാണ്.


കേക

മൂന്നും രണ്ടും രണ്ടും മൂന്നും

രണ്ടും രണ്ടെന്നെഴുത്തുകൾ

പതിന്നാലിന്നാറുഗണം

പാദം രണ്ടിലുമൊന്നുപോൽ

ഗുരുവെന്നെങ്കിലും വേണം

മാറാതോരോഗണത്തിലും

നടുക്കു യതി പാദാദി

പ്പൊരുത്തമിതു കേകയാം.

ഏറെ സവിശേഷതകൾ ഉള്ള വൃത്തമാണ് കേക. ഏത് ഭാവവും ആവിഷ്കരിക്കാൻ സമർത്ഥമായ വൃത്തമെന്ന കീർത്തി ഇതിനുണ്ട്.

  1. ആകെ 14 അക്ഷരങ്ങൾ ഒരു വരിയിൽ.

  2. ആറ് ഗണങ്ങൾ ഒരു വരിയിൽ. മൂന്ന്, രണ്ട്, രണ്ട്, മൂന്ന്, രണ്ട്, രണ്ട് എന്നിങ്ങനെ അക്ഷരങ്ങളെ 6 ഗണമാക്കുന്നു.

  3. ഓരോ ഗണത്തിലും ഓരോ ഗുരുവെങ്കിലും വേണം.

  4. നടുക്ക് യതി വേണം.

  5. പാദാദിപ്പൊരുത്തം ഉണ്ടായാൽ നല്ലത്. ഈരടിയിൽ ആദ്യ വരി ഗുരുവിനെക്കൊണ്ടാണ് ആരംഭിച്ചതെങ്കിൽ അടുത്തവരിയും ഗുരുവിനെക്കൊണ്ടാരംഭിക്കുന്നതാണ് പാദാദിപ്പൊരുത്തം.

  6. 20 മുതൽ 28 വരെ മാത്ര ഒരു വരിയിലാകാം.

ലക്ഷ്യം: (ഉദാഹരണം)

"ആരു നീയനുജത്തീ നിർന്നിമേഷയായെന്റെ

തേരുപോകവേ ദൂരെ നോക്കിനില്ക്കുന്നൂ നേരെ" ?

ആരുനീ /യനു /ജത്തീ / / നിർന്നിമേ / ഷയാ /യെന്റെ

തേരുപോ  / കവേ  /ദൂരെ  / / നോക്കിനി / ല്ക്കുന്നൂ / നേരെ"

ഈ ഉദാഹരണത്തിൽ ഓരോ ഗണത്തിലും ഓരോ ഗുരു വേണം. ലഘുക്കളെ പാടി നീട്ടി ഗുരുവാക്കാമെന്നതിനാൽ ഗുരുവില്ലാത്ത സാഹചര്യം തരണം ചെയ്യാം. 

മറ്റൊരു ഉദാഹരണം:

ലോകമേ തറവാടു, തനിക്കീച്ചെടികളും

പുല്കളും പുഴുക്കളും കൂടിത്തൻ കുടുംബക്കാർ.


അന്നനട

ലഘുപൂർവം ഗുരു പരം

ഈ മട്ടിൽ ദ്വ്യക്ഷരം ഗണം

ആറെണ്ണം മദ്ധ്യയതിയാ -

ലർദ്ധിതം മുറി രണ്ടിലും

ആരംഭേ നിയമം നിത്യ-

മിതന്നനടയെന്ന ശീൽ.

സവിശേഷതകൾ:

ലഘു ആദ്യം, ഗുരു ശേഷം എന്ന മട്ടിൽ രണ്ട് അക്ഷരം വീതമുള്ള ആറു ഗണങ്ങളാണ് അന്നനടയുടെ സവിശേഷത. നടുക്കു യതി വേണം. ആദ്യത്തെ ഗണത്തിലും നാലാമത്തെ ഗണത്തിലും ലഘു ആദ്യം, ഗുരു പിന്നെ എന്ന ക്രമം നിർബന്ധമായും പാലിക്കണം. മറ്റു നാലു ഗണങ്ങളിൽ നിർബന്ധമില്ല. ഇതാണ് അന്നനട. ഇത്രയും വൃത്തങ്ങൾ കിളിപ്പാട്ടിൽ പ്രയോഗിച്ചു വന്നു. അതിൽ ദ്രുതകാകളി കിളിപ്പാട്ടുവൃത്തമല്ലെന്ന് ഏ.ആർ. വ്യക്തമാക്കുന്നുണ്ട്. ഭാഷാ കവിതയ്ക്ക് ഒരു തനിമയും ഗരിമയും പ്രദാനം ചെയ്യുന്നതിൽ വലിയ പങ്കാണ് കിളിപ്പാട്ടു വൃത്തങ്ങൾ വഹിച്ചിട്ടുള്ളത്.

ഉദാ:

"നിറന്ന പീലികൾ നിരക്കവേ കുത്തി"


"ചെറിയ പപ്പടം വലിയ പപ്പടം

കുറിയ ചോറുമക്കറിയുമത്ഭുതം."


കിളിപ്പാട്ടുവൃത്തങ്ങളെക്കുറിച്ചുള്ള വിവരണം ഇവിടെ അവസാനിപ്പിക്കുന്നു. നിരവധി പഠനങ്ങൾ ഈ മേഖലയിൽ ഉണ്ടായിട്ടുണ്ട്. അവകൂടി പരിഗണിച്ച് ഭാഷാവൃത്തമേഖലയെ വിമർശനാത്മകമായി സമീപിക്കാവുന്നതാണ്.








അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഹിമവാൻ്റെ മുകൾത്തട്ടിൽ: രാജൻ കാക്കനാടൻ, ഭാഗം1

കരുണ - കുമാരനാശാൻ

സഭാപ്രവേശം - കുഞ്ചൻ നമ്പ്യാർ