സുഭദ്രാർജുന നിരൂപണം

 സി.പി. അച്യുതമേനോൻ

മലയാളനിരൂപണത്തിന്റെ പ്രാരംഭദശയിൽ നിരൂപണസാഹിത്യത്തിന്റെ വളർച്ചയ്ക്ക് മാതൃകാപരമായ സംഭാവനകൾ നിർവഹിച്ച വ്യക്തിയാണ് സി.പി. അച്യുതമേനോൻ. 1862 മുതൽ 1937 വരെയാണ് സി.പി.യുടെ ജീവിതകാലയളവ്. ഇംഗ്ലീഷ്,സംസ്കൃതഭാഷകളിൽ കൂടി നിപുണനായിരുന്നു അദ്ദേഹം. ജന്മദേശം തൃശ്ശൂരാണ്. മദിരാശി പ്രസിസൻസി കോളേജിൽ നിന്നും ബി.എ. പാസ്സായി. പഠനം കഴിഞ്ഞതോടെ നല്ല നിലയിലുള്ള ഉദ്യോഗങ്ങളിൽ പ്രവേശിക്കാൻ അവസരം ലഭിച്ചു. കൊച്ചിയിൽ പ്രാഥമിക വിദ്യാഭ്യാസം പ്രചരിപ്പിക്കുന്നതിനു വേണ്ടി രൂപീകരിച്ച പുതിയ വകുപ്പിന്റെ സൂപ്രണ്ടായി. പ്രസ്തുത വകുപ്പിനെ മികച്ച രീതിയിൽ അദ്ദേഹം വികസിപ്പിച്ചു. തുടർന്ന് 1891 ലെ സെൻസസ് റിപ്പോർട്ടു തയ്യാറാക്കുന്ന ചുമതലയും ലഭിച്ചു. പിന്നീട് കൊച്ചിയിലെ പഴയ ശിലാലിഖിതങ്ങൾ പകർത്തിയെഴുതി അവയെക്കുറിച്ച് റിപ്പോർട്ടു ചെയ്യേണ്ട ചുമതലയും കിട്ടി. 1890 മുതൽ 1896 വരെ തൃശ്ശൂരിൽ താമസിച്ചു ഗൗരവമാർന്ന ഔദ്യോഗിക ജോലികളിൽ മുഴുകിയ സന്ദർഭത്തിലാണ് സാഹിത്യസേവനത്തിനും സമയം കണ്ടെത്തിയത്. തന്റെ സുഹൃത്തായിരുന്ന വിശ്വനാഥയ്യരുടെ പിന്തുണയോടെ 1889 ഒക്ടോബർ - നവംബർ മാസത്തിൽ വിദ്യാവിനോദിനിയുടെ ഒന്നാം ലക്കം പ്രസിദ്ധീകരിച്ചു. 1896 വരെ സി.പി.യും പിന്നീട് മറ്റു ചിലരും അതിന്റെ പത്രാധിപരായി. 1902 വരെ തുടർന്നു. ഒരു വ്യാഴവട്ടക്കാലം (12 വർഷത്തോളം) ഭാഷയ്ക്ക് പല പ്രകാരത്തിൽ അഭ്യുദയം വർദ്ധിപ്പിക്കാൻ സാധിച്ച ഒരു മാസികയുടെ ജനയിതാവും പ്രഥമപ്രവർത്തകനെന്നുമുള്ള നിലയിലാണ് സി.പി. ആദരണീയനാകുന്നതെന്ന് ഉള്ളൂർ സ്പഷ്ടമാക്കുന്നു.


വിദ്യാവിനോദിനി

ഭാഷയിലെ ഒന്നാമത്തെ മാസിക തിരുവനന്തപുരത്തുനിന്നും പ്രസിദ്ധീകരിച്ച വിദ്യാവിലാസിനി (1881)ആയിരുന്നു. എന്നാൽ വിദ്യാവിലാസിനി മാസികയ്ക്ക് ചില പരിമിതികൾ ഉണ്ടായിരുന്നു. അതിൽ വിഷയവൈവിദ്ധ്യം കുറവായിരുന്നുവെന്ന് ഉള്ളൂർ നിരീക്ഷിക്കുന്നു. അതോടൊപ്പം, അതിൽ പുസ്തകനിരൂപണം ഉണ്ടായിരുന്നില്ല. വിദ്യാവിനോദിനിയിൽ ഇങ്ങനെയുള്ള കുറവുകൾ ഉണ്ടാകാൻ പാടില്ലെന്ന് അച്യുതമേനോൻ നിശ്ചയിച്ചു. എല്ലാ വിഷയങ്ങളെപ്പറ്റിയും ഉപന്യാസം വേണം. ഗ്രന്ഥവിമർശനത്തിനു പ്രാധാന്യം നല്കണം. കേരളവർമ വലിയകോയിത്തമ്പുരാൻ, കുഞ്ഞിക്കുട്ടൻ  തമ്പുരാൻ, കുണ്ടൂർ നാരായണ മേനോൻ, കെ.പി.പത്മനാഭമേനോൻ മുതലായവർ സാഹിത്യസംഭാവനകൾ നല്കി. സംസ്കൃതഭാഷ പരിചയമില്ലാത്ത സാധാരണക്കാർക്ക് സാഹിത്യശാസ്ത്രജ്ഞാനം ഉണ്ടാക്കുന്നതിനായി പത്രാധിപരായ സി.പി. അച്യുതമേനോൻ തന്നെ വിശിഷ്ടങ്ങളായ ഉപന്യാസങ്ങൾ രചിച്ചു. പാശ്ചാത്യസാഹിത്യത്തെയും ധനശാസ്ത്രകൃതികളെയും ഉപജീവിച്ചെന്ന് ഉള്ളൂർ വ്യക്തമാക്കുന്നു. പുതിയ പുസ്തകങ്ങളെ നിരൂപണം ചെയ്യുന്ന പതിവ് രീതിയും സി.പി. കൈക്കൊണ്ടു. പുതിയ നിരവധി നാടകങ്ങൾ വിദ്യാവിനോദിനി വഴി വെളിച്ചത്തുവന്നു. ഏതാനും വർഷം വേങ്ങയിൽ കുഞ്ഞിരാമൻ നായനാരുടെ സഹപത്രാധിപത്യവും വിദ്യാവിനോദിനിക്കു ലഭിച്ചെന്ന് ഉള്ളൂർ രേഖപ്പെടുത്തുന്നു. 


തോട്ടയ്ക്കാട്ട് ഇക്കാവമ്മ

എറണാകുളത്തെ വളരെ പ്രശസ്തമായ പടിഞ്ഞാറേ തോട്ടയ്ക്കാട്ടുവീട്ടിൽ 1864 ൽ ജനിച്ചു. 1916 വരെ അവർ ജീവിച്ചു. പിതാവ് നന്ദിക്കര വീട്ടിൽ ചാത്തുപ്പണിക്കരും മാതാവ് തോട്ടയ്ക്കാട്ടു വീട്ടിൽ കുട്ടിപ്പാറുവമ്മയുമാണ്. സുഭദ്രാർജ്ജുനം നാടകം ഇക്കാവമ്മ സമർപ്പിച്ചിരിക്കുന്നത് അമ്മയ്ക്കാണ്. വളരെയേറെ പ്രതിഭയുള്ള സ്ത്രീയായിരുന്നു ഇക്കാവമ്മ. സംസ്കൃതത്തിൽ നല്ല നൈപുണ്യം അവർക്കുണ്ടായിരുന്നു. ഗുരുക്കന്മാരിൽ നിന്നു മാത്രമല്ല, സ്വന്തം  കഠിനാധ്വാനത്തിലൂടെയും അതിനാവശ്യമായ പ്രാഗത്ഭ്യം അവർ നേടി. യൗവനാരംഭത്തിൽത്തന്നെ കാവ്യരചന തുടങ്ങി. അവരുടെ പ്രധാന കൃതികൾ: സന്മാർഗ്ഗോപദേശം ഓട്ടൻ തുള്ളൽ, രാസക്രീഡ കുറത്തിപ്പാട്ട്, പുരാണശ്രവണ മാഹാത്മ്യം കിളിപ്പാട്ട് (തർജ്ജമ), സുഭദ്രാർജ്ജുനം നാടകം, കല്ക്കിപുരാണം കിളിപ്പാട്ട്, നളചരിതം നാടകം മുതലായവയാണ്. കല്ക്കിപുരാണം അച്ചടിച്ചിട്ടില്ല. നളചരിതം പൂർത്തിയായിട്ടില്ല. "പുരുഷന്മാരെപ്പോലെ തന്നെ സ്ത്രീകൾക്കും സാഹിത്യ പോഷണത്തിൽ ഭാഗഭാക്കുകളാക്കുവാൻ അവകാശമുണ്ടെന്നും ആ വഴിക്കു സഹൃദയന്മാരെ സമഗ്രമായി ആഹ്ലാദിപ്പിക്കുവാൻ സാധിക്കുമെന്നും നമ്മുടെ കവയിത്രി ദൃഢമായി വിശ്വസിച്ചിരുന്നു " വെന്ന് കേരളസാഹിത്യ ചരിത്രത്തിൽ ഉള്ളൂർ അഭിപ്രായപ്പെടുന്നു. സാരള്യവും സാമഞ്ജസ്യവും തുള്ളിത്തുളുമ്പുന്നവയാണ് ഇക്കാവമ്മയുടെ കൃതികൾ എന്ന് ഉള്ളൂർ പ്രശംസിക്കുന്നു. സ്ത്രീകളുടെ അഭിമാനം സംരക്ഷിക്കാൻ ബദ്ധശ്രദ്ധയായ ഇക്കാവമ്മയുടെ സുഭദ്രാർജ്ജുനം നാടകം സി.പി.അച്യുതമേനോൻ വിലയിരുത്തിയിട്ടുണ്ട്.


സുഭദ്രാർജ്ജുനം നിരൂപണം

സാമ്പ്രദായികമായ, അഥവാ കാലാകാലങ്ങളായി നടപ്പിലുള്ള നിരൂപണരീതികളെ വിമർശിച്ചു കൊണ്ടാണ് സുഭദ്രാർജുനനിരൂപണം  ആരംഭിക്കുന്നത്. സ്ത്രീകളുടെയും രാജാക്കന്മാരുടെയും വിദ്യ നിലവാരം കുറഞ്ഞതായാൽപ്പോലും വളരെ ഗംഭീരമാണെന്നു വാഴ്ത്തുന്ന പതിവുരീതികളെ അദ്ദേഹം വിമർശിക്കുന്നു. ഇത്തരം പക്ഷപാതത്തോട് ഞങ്ങൾക്ക് യോജിപ്പില്ലെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. ഇവിടെ സാഹിത്യമാണ് മുഖ്യവിഷയം, ആരെഴുതിയെന്നതല്ല. 

പല കഴിവുകൾകൊണ്ടും ശ്രദ്ധേയരായ സ്ത്രീകൾക്ക് അതിനനുസരിച്ച പരിഗണന ലഭിക്കുന്നുണ്ട്. അതേസമയം സാഹിത്യരംഗത്തുകൂടി സാമർത്ഥ്യം കാണിക്കണമെന്ന് ചിന്തിച്ച് ഇറങ്ങിത്തിരിക്കുന്ന സ്ത്രീകൾ വിശേഷിച്ച് ഇളവ് അർഹിക്കുന്നില്ല.

കവിത നന്നായോ ചീത്തയായോ എന്ന് നിരൂപിക്കുമ്പോൾ അതിന്റെ കർത്താവിനെക്കുറിച്ചു ചിന്തിക്കേണ്ടതില്ല. സി.പി. വ്യക്തമാക്കുന്നു: " അയാൾ വെളുത്തായാലും കറുത്തായാലും തടിച്ചായാലും മെലിഞ്ഞായാലും പുരുഷനായാലും സ്ത്രീയായാലും ആ കവിതയുടെ ഗുണദോഷങ്ങൾക്ക് ഏറ്റക്കുറച്ചിലുണ്ടാവാൻ പാടുള്ളതല്ല." ഈ തത്വം അറിയാത്തവരോ മറന്നവരോ ആയ കൂട്ടർ സ്ത്രീകളുണ്ടാക്കിയ പൊട്ടക്കവിതകളെ വല്ലാതെ പ്രശംസിക്കുന്നു. ഇത്തരം പ്രശംസ കാവ്യത്തിന്റെ ഗൗരവത്തിനു യോജിച്ചതല്ല. 

ഇപ്രകാരമുള്ള പക്ഷപാതങ്ങൾ കൂടാതെ അഭിനന്ദിക്കാൻ പറ്റുന്ന ഒരു ഗ്രന്ഥമുണ്ടെന്ന് സി.പി. പരിചയപ്പെടുത്തുന്നു. ഒരു സ്ത്രീ രചിച്ച കൃതി. അത് കേരളകല്പദ്രുമമെന്ന അച്ചടിശാലയിൽ അച്ചടിച്ചിറങ്ങിയ സുഭദ്രാർജുനം എന്ന കൃതിയാണ്. തോട്ടയ്ക്കാട്ട് ഇക്കാവമ്മയാണ് രചയിതാവ്. അത് വളരെ നന്നായിട്ടുണ്ടെന്ന് അദ്ദേഹം പ്രശംസിക്കുന്നു. സ്ത്രീ ഉണ്ടാക്കിയത് എന്ന വിശേഷണമൊന്നും ആവശ്യമില്ല. കുറച്ചു കാലമായി മലയാളഭാഷയിൽ ഉണ്ടാക്കപ്പെട്ടിട്ടുള്ള കവിതകളിൽ ഇതിനേക്കാൾ മേലെ വല്ല കൃതിയുമുണ്ടായിട്ടുണ്ടോ എന്നതു സംശയകരമാണ്. 


സുഭദ്രാർജുനം ഭാഷാ മേഖലയിൽ നിസ്തുലനേട്ടമാണെന്ന് സി.പി. വ്യക്തമാക്കുന്നു. അതിന്റെ ഗുണങ്ങൾ അദ്ദേഹം വിവരിക്കുന്നു. നിർദോഷതയും [ദോഷങ്ങളില്ലെന്നത് ] രസികതയും വേണ്ടുവോളമുണ്ട്. അതിമനോഹരമെന്നു പറയാൻ പറ്റുന്ന ഘട്ടങ്ങൾ കുറവായിരിക്കാം. പക്ഷേ, മനസ്സിനും മറ്റും അസ്വസ്ഥതയുളവാക്കുന്ന യാതൊന്നുമില്ല. മനോരമാവിജയമെന്ന നാടകത്തിന്റെ രചയിതാവായ വയക്കര മൂസ്സതിനെയും മറ്റും സി.പി. വിമർശിക്കുന്നു. ശബ്ദഭംഗി ധാരാളമുണ്ടെങ്കിൽ എല്ലാമായി എന്നാണ് അവർ കരുതുന്നത്. അർത്ഥത്തിന് പ്രാധാന്യം നല്കുന്നില്ല. ഇത്തരം പ്രമാദം[അബദ്ധം] ഇക്കാവമ്മയ്ക്കു സംഭവിച്ചിട്ടില്ല.

ചിലർ വളരെ ബലമായി സ്വന്തം കൃതികൾക്ക് ആകർഷണം സൃഷ്ടിക്കുന്നു. അതിന് ശബ്ദഭംഗി പോലുള്ള [ പ്രാസം, അലങ്കാരം മുതലായവയെ കൂട്ടുപിടിച്ച് കാവ്യമുണ്ടാക്കുന്നു. അർത്ഥവും ആശയവും പരിഗണിക്കപ്പെടുന്നില്ല. ഇക്കൂട്ടർ നൈസർഗ്ഗിക പ്രതിഭയാലല്ല കൃതികളെ ആകർഷകമാക്കുന്നതെന്നർത്ഥം.]


ഇക്കാവമ്മ സ്വന്തം കൃതിയിൽ സന്ദർഭത്തിന് യോജിച്ച രസങ്ങളെ അവതരിപ്പിക്കുന്നു. ഉദാഹരണത്തിന് സുഭദ്രാ വിലാപത്തിലെ കരുണരസവും ബലരാമന്റെ വാക്കുകളിലെ വീരരസവും പ്രതിഫലിപ്പിക്കുന്ന വരികൾ സി.പി. എടുത്ത് ഉദ്ധരിക്കുന്നു. ഒന്നിലധികം അർത്ഥമുളവാക്കുന്ന ധ്വനികളുമുണ്ട്, ഈ കൃതിയിൽ. 


ചില ഘടകങ്ങൾ കുറേക്കൂടി നന്നാക്കാമായിരുന്നു. സുഭദ്രാർജുനസംവാദം ഒരുദാഹരണം. 


എങ്കിലും, സി.പി. വ്യക്തമാക്കുന്നു: "എല്ലാംകൂടി നോക്കിയാൽ സുഭദ്രാർജുനം വളരെ ശ്ലാഘനീയവും മലയാള സ്ത്രീകളുടെ അവസ്ഥയ്ക്ക് അതിശയനീയവും ആണെന്നു പറയുന്നതിൽ ഞങ്ങൾ ഒട്ടും തന്നെ സംശയിക്കുന്നില്ല. "


ഇക്കാവമ്മയുടെ ഒരു ശ്ലോകം സി.പി. പരാമർശിക്കുന്നു. കൃഷ്ണന്റെ പ്രിയതമയായ സത്യഭാമ യുദ്ധം ചെയ്തില്ലേ? സുഭദ്ര അർജുനനോടൊപ്പം ദ്വാരകയിൽ നിന്നും പലായനം ചെയ്യുമ്പോൾ എതിർത്ത ശത്രുക്കളെ നേരിടാൻ അർജുനനു സഹായിയായി തേരു തെളിച്ചില്ലേ? വിക്ടോറിയാ രാജ്ഞിയല്ലേ ലോകം ഭരിക്കുന്നത്? ഇവരൊക്കെ സ്ത്രീകളാണല്ലോ. ഇവർക്ക് ഇപ്രകാരം സാമർത്ഥ്യമുണ്ടെങ്കിൽ, കവിതയെഴുതാൻ മാത്രം ഇവർക്കാവില്ലെന്നു വരുമോ? - ഇക്കാവമ്മ ചോദിക്കുന്നു. സ്ത്രീ വിദ്യാഭ്യാസത്തെ പോഷിപ്പിക്കുന്നതിന് ഏറ്റവും ഫലവത്തായ പ്രവൃത്തിയാണ് ഇക്കാവമ്മ നിർവഹിച്ചതെന്ന് സി.പി. പ്രശംസിക്കുന്നു. ഞങ്ങൾക്കിതൊന്നും പറ്റില്ലെന്നു . പറയുന്ന സ്ത്രീകളുടെ കണ്ണ് തുറപ്പിക്കുന്ന നടപടിയാണിത്. ഇതൊക്കെ നോക്കുമ്പോൾ, തുഞ്ചത്തെഴുത്തച്ഛനെന്ന പേരിന് ഈ ഗ്രന്ഥകാരി അർഹയാണെന്ന് സി.പി. വാഴ്ത്തുന്നു. കൂടാതെ, ഈ പറഞ്ഞ മെച്ചം കിട്ടാൻ എല്ലാ ബാലികാപാഠശാലകളിലെ കുട്ടികൾക്കും ഇതിന്റെ കോപ്പി വാങ്ങി നല്കുന്നത് ഉചിതമാണെന്ന് അഭിപ്രായപ്പെടുകയും ചെയ്യുന്നു.


1891 ലാണ് വിദ്യാവിനോദിനിയിൽ ഈ ലേഖനം പ്രസിദ്ധീകരിക്കുന്നത്. സാഹിത്യമേഖലയിൽ, എഴുതപ്പെടുന്നതെല്ലാം ഗംഭീരം ഗംഭീരം എന്നു വാഴ്ത്തുന്ന പോഷകവിമർശനത്തിന്റെ പതിവു രീതികളെ തകർത്ത്, മൂല്യാധിഷ്ഠിതവും ഗുണ കേന്ദ്രീകൃതവുമായ ഒരു വിമർശനരീതിക്ക് വിത്തുപാവുകയാണ് സി.പി. അച്യുതമേനോൻ ചെയ്തത്.







അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഹിമവാൻ്റെ മുകൾത്തട്ടിൽ: രാജൻ കാക്കനാടൻ, ഭാഗം1

കരുണ - കുമാരനാശാൻ

സഭാപ്രവേശം - കുഞ്ചൻ നമ്പ്യാർ