കാളിദാസൻ കാലദാസൻ
കാളിദാസൻ്റെ രഹസ്യം “ തൻ്റെ ജീവിതമന്യന്നധീനമാ - യെൻ്റെ മാതിരിയില്ല മറ്റാരുമേ " . കാളിദാസമഹാകവിയുടെ മേഘസന്ദേശമെന്ന കാവ്യത്തിലേതാണ് ഈ വരികൾ. ഈ വരികൾ തർജ്ജമ ചെയ്തത് മലയാളത്തിലെ പ്രശസ്ത കവിയായ തിരുനെല്ലൂർ കരുണാകരനാണ്. സാമ്പ്രദായിക സംസ്കൃത രീതിയായ ശ്ലോകരൂപത്തിലുള്ള കാവ്യത്തിന് തനതു മലയാളരീതിയെന്നു വിളികൊണ്ട പാട്ടുരീതിയിൽ തർജ്ജമ നിർവഹിച്ചുവെന്നതാണ് ശ്രദ്ധേയമായ കാര്യം. മേഘസന്ദേശം വളരെയേറെ കീർത്തികേട്ട സന്ദേശകാവ്യമാണല്ലോ. ‘കശ്ചിൽ കാന്താവിരഹഗുരുണാ സ്വാധികാരാൽ പ്രമത്ത:’ എന്നാണ് കാവ്യാരംഭം. ഒരു യക്ഷൻ. തൻ്റെ കാര്യഭാരത്തിൽ, തൻ്റെ പ്രവൃത്തിയിൽ പിഴവു വരുത്തി. രാജാവായ വൈശ്രവണൻ വളരെ കഠിനമായ ശിക്ഷയാണ് വിധിച്ചത്. ഒരു വർഷത്തേക്ക് കാന്തയുമായി പിരിഞ്ഞിരിക്കാൻ അയാൾ നിർബന്ധിതനാകുന്ന കടുത്ത ശിക്ഷയാണ് ലഭിച്ചത്. അളകാനഗരിയിൽ എല്ലാവിധ സൗകര്യങ്ങളും അനുഭവിച്ചു പ്രിയതമയോടൊത്തു രസിച്ചുകഴിഞ്ഞ യക്ഷൻ്റെ മഹിമാവുകളൊക്കെ ഇല്ലാതാക്കിയാണ് രാമഗിരിയിലേക്ക് അയാളെ നാടുകടത്തിയത്. ഇതിൻ്റെ വിശദാംശങ്ങൾ പറയാതെ, യക്ഷൻ്റെ വൈകാരികാവസ്...