ഗോപാലൻ നായരുടെ താടി - കഥാസംഗ്രഹം

പ്രസിദ്ധ കഥാകൃത്തും നോവലിസ്റ്റുമായ പി.സി. കുട്ടികൃഷ്ണൻ എന്ന ഉറൂബിന്റെ നർമ്മം ചാലിച്ചതും മാനവികതയെന്ന ആശയത്തിൽ ഊന്നി നില്ക്കുന്നതുമായ മികച്ച കഥയാണ് 'ഗോപാലൻ നായരുടെ താടി. ഉറൂബിനെ മനുഷ്യത്വത്തിന്റെ പ്രചാരകനെന്ന് വിശേഷിപ്പിക്കാം. [ഉറൂബെന്ന പദത്തിന് യൗവനം നശിക്കാത്തവനെന്നർത്ഥം] നവോത്ഥാനകാലഘട്ടത്തിൽ ഉയർന്നുവന്ന ആശയങ്ങളാണ് മാനവികത, ജനാധിപത്യം, മതേതരത്വം, സോഷ്യലിസം, യുക്തിവാദം എന്നിവ. ഈ ആശയങ്ങളുടെ പ്രസരിപ്പ് നിറഞ്ഞു നില്ക്കുന്ന കഥയാണ് ഗോപാലൻ നായരുടെ താടി.

കഥാശീർഷകം സൂചിപ്പിക്കുന്നതു പോലെ മുഖ്യവിഷയം മുഖ്യകഥാപാത്രമായ ഗോപാലൻ നായരുടെ താടി തന്നെയാണ്. തന്റെ താടി കരുണയുടെ പ്രതീകമായി മാറിയതെങ്ങനെയെന്നാണ് അദ്ദേഹം വിവരിക്കുന്നത്. അദ്ദേഹത്തിന്റെ ശ്രോതാക്കൾ അച്യുതൻ നമ്പൂതിരിയും പിന്നെ കഥാകൃത്തുമാണ്. അച്യുതൻ നമ്പൂതിരി സമുദായ പരിഷ്കരണത്തിന് ഉതകുന്ന പ്രവർത്തനങ്ങൾ നടത്തുന്നയാളാണ്. മനുഷ്യരൊക്കെ ദുഷ്ടരായിത്തീർന്നിരിക്കുന്നുവെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. വളരെയേറെ ഹൃദയവിശാലതയുള്ള കഥാപാത്രമാണ് അച്യുതൻ നമ്പൂതിരി. ഗോപാലൻ നായരുമായി സംസാരിക്കുന്നത് ആത്മാവ് അലക്കിയെടുക്കുന്നതിന് സമാനമാണെന്ന് അദ്ദേഹം കരുതുന്നു. ഗോപാലൻ നായർ ആലപ്പുഴയിൽ കഴിയവെ കുഞ്ചു എന്ന ക്ഷുരകനെ പരിചയപ്പെടുന്നു. കുഞ്ചുവിന് രണ്ടു ഭാര്യമാരും അതിൽ ഏഴു മക്കളുമുണ്ട്. പട്ടിണിയും പരിവട്ടവുമാണ്. കുഞ്ചുവിന്റെ ജോലിയാണ് ആകെയുള്ള ഉപജീവനമാർഗ്ഗം. ആ സന്ദർഭത്തിൽ കുഞ്ചുവിന് ഭ്രാന്തുപിടിപെടുന്നു. എന്തൊക്കെയോ കാട്ടിക്കൂട്ടി. നാട്ടുകാർ ആസ്പത്രിയിലാക്കി. ഭ്രാന്തു മാറി കുഞ്ചു തിരിച്ചു വന്നെങ്കിലും അയാളെക്കൊണ്ട് ക്ഷൗരം ചെയ്യിക്കാൻ ആരും തയ്യാറായില്ല. പരരിൽ അനുകമ്പയും കുഞ്ചുവിന്റെ കുടുംബാവസ്ഥ നന്നായറിയുന്ന വ്യക്തിയുമായ ഗോപാലൻ നായർ അല്പം ഭീതിയോടെ താടി നീട്ടിക്കൊടുക്കുന്നു. കുഞ്ചുവിന്റെ കുടുംബം പുലരുന്നു. എന്നാൽ ഗോവിന്ദക്കുറുപ്പിന്റെ വരവ് സ്ഥിതിഗതികളെ കുഴച്ചുമറിക്കുന്നു. മുതലാളിയുടെ ഉപദേശം കൂടിയായപ്പോൾ പളനിക്കെന്നമട്ടിൽ താടി നീട്ടി വളർത്തി, പിന്നീട് അവിടെ നിന്നും മാറിപ്പോവുകയാണ് ഗോപാലൻ നായർ. 

വളരെ രസികത നിറഞ്ഞ ആഖ്യാനമാണ് ഉറൂബിന്റേത്. അതിനിടയിൽ ഗോപാലൻ നായരുടെ പ്രണയഭാജനത്തിന്റെ തേപ്പുകഥയും കൂട്ടിച്ചേർത്തിരിക്കുന്നു. തന്റെ കഥാപാത്രങ്ങളിൽ നന്മ മാത്രമേ ഉറൂബ് ദർശിക്കുന്നുള്ളൂ. ലോകം വളരെ ക്രൂരമാകുമ്പോഴും മറ്റുള്ളവർക്കായി വേദനിച്ചു ജീവിക്കുന്ന, ദയ കൊണ്ട് കഷ്ടപ്പെടുന്ന നല്ല മനുഷ്യരും ഈ ലോകത്തിലുണ്ടെന്ന് ഉറൂബ് വ്യക്തമാക്കുന്നു.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഹിമവാൻ്റെ മുകൾത്തട്ടിൽ: രാജൻ കാക്കനാടൻ, ഭാഗം1

സഭാപ്രവേശം - കുഞ്ചൻ നമ്പ്യാർ

കരുണ - കുമാരനാശാൻ