യാത്രാവസാനം - കഥാസംഗ്രഹം
മാനവികതയെ ഉദ്ഘോഷിക്കുന്ന കഥകളുടെ രചയിതാവാണ് ലളിതാംബിക അന്തർജ്ജനം. കരുണയും സ്നേഹവും പ്രതിബദ്ധതയും അവരുടെ രചനകളിൽ നിറഞ്ഞു നില്ക്കുന്നു. അഗ്നിസാക്ഷിയെന്ന പ്രശസ്ത നോവൽ ദേശീയപ്രസ്ഥാനത്തിന്റെ ആവേശഭരിതമായ ഒരു കാലഘട്ടത്തെ ആവിഷ്കരിക്കുന്നു. സ്ത്രീയുടെ സാമൂഹിക പദവിയും ചർച്ചാവിഷയമാകുന്നു. ലളിതാംബിക അന്തർജ്ജനത്തിന്റെ കഥകളിൽ സ്ത്രീസ്വാതന്ത്ര്യം മുഖ്യ ചർച്ചാ വിഷയമാണ്.
യാത്രാവസാനം എന്ന കഥയിൽ നമ്പൂതിരിസമുദായത്തിന്റെ ശോച്യാവസ്ഥ അവതരിപ്പിക്കുന്നു. വിധവാവിവാഹമെന്ന പരിഷ്കൃതമനസ്സുകളുടെ ചിന്തയ്ക്ക് പിന്തുണ നല്കുന്നതോടൊപ്പം സാമൂഹിക ഉച്ചനീചത്വങ്ങൾക്കെതിരെയും അന്ധവിശ്വാസങ്ങൾക്കെതിരെയും വായനക്കാരെ ബോധവാന്മാരാക്കുന്നു. വിധവകൾ പാപം ചെയ്തവരും നരകത്തിൽ കഴിയേണ്ടവരുമാണെന്ന പ്രാകൃത ചിന്തയെ, അന്ധവിശ്വാസത്തെ പൊളിച്ചെഴുതുകയാണ് ഈ കഥയിൽ.
വിധവകൾ നമ്പൂതിരി സമുദായത്തിലനുഭവിക്കുന്ന കഷ്ടതകൾ ചോദ്യം ചെയ്യുകയാണ് യാത്രാവസാനം. ഇതിലെ മുഖ്യകഥാപാത്രം ശൈശവവിവാഹത്തിനിരയായ, അച്ഛനമ്മമാരുടെ സ്നേഹം അനുഭവിക്കാൻ വിധി ഉണ്ടായിട്ടില്ലാത്ത ശ്രീദേവി അന്തർജനമാണ്. ജ്യേഷ്ഠത്തിയടക്കമുള്ള
മറ്റു അന്തർജ്ജനങ്ങൾക്കൊപ്പം ഗുരുവായൂർ ഏകാദശി തൊഴാൻ യാത്രതിരിക്കുകയാണ് ലോക പരിചയമില്ലാത്ത ശ്രീദേവി. പനിയും ക്ഷീണവും അവളെ അലട്ടുന്നു. തീവണ്ടിയിൽ പാരവശ്യത്തിൽ അവൾ ഉറങ്ങിപ്പോകുന്നു. ഉണർന്നപ്പോഴാണ് മനസ്സിലാക്കുന്നത്, കൂട്ടാളികൾ തന്നെ ഉപേക്ഷിച്ചെന്ന്.
പനിയാൽ തളർന്ന ശ്രീദേവി മദ്രാസ് പട്ടണത്തിൽ അലയുന്നു. ചിലർ അവളെ അവഹേളിക്കുന്നു.
ക്ഷീണിച്ച് വയ്യാതായ അവൾ ഒരു വീട്ടിൽ അഭയം തേടുന്നു. എന്നാൽ അവിടത്തെ അമ്മായിയമ്മ അവളെ ആക്ഷേപിച്ച് ഇറക്കിവിടുന്നു. ഈ കാഴ്ച ഒരു യുവാവ് കാണുകയും അവളെ സഹായിക്കുകയും ചെയ്യുന്നു. അയാൾ അവളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജ്വരത്തിന്റെ കാഠിന്യം പല ചാപല്യങ്ങളും ശ്രീദേവിയെക്കൊണ്ട് ചെയ്യിച്ചു. എങ്കിലും സാവധാനം ജ്വരം കുറഞ്ഞു. പ്രഭാകരനെന്ന യുവാവിനോട് അവൾ അടുത്തു പെരുമാറി. അയാൾ അവൾക്കു സുഖമായെന്ന ബോദ്ധ്യത്താൽ തന്റെ അനുരാഗം വിധവയായ ശ്രീദേവിയെ ബോദ്ധ്യപ്പെടുത്തി. ആശുപത്രി മുറിയിൽ വെച്ച് അയാൾ ആർഭാടവും ബന്ധുക്കളുമൊന്നുമില്ലാതെ അവളെ വരിച്ചു. തുടർന്ന് അവർ നാട്ടിലേക്കു തിരിക്കുന്നു. അവർ വരുന്ന വാർത്തയറിഞ്ഞ് അവരോട് അനുഭാവമറിയിക്കാനും സഹായിക്കാനും താൽപ്പര്യത്തോടെ നിരവധി യുവാക്കൾ കാത്തുനിന്നിരുന്നു.
പ്രത്യാശാഭരിതമായ കഥയാണ് ഇത്. സമൂഹത്തിലുളവാകുന്ന മാറ്റം ഇതിൽ ഭംഗിയായി ചിത്രീകരിച്ചിരിക്കുന്നു. വിധവയായാൽ ജീവിതം അവസാനിച്ചുവെന്ന ചിന്ത ഇവിടെ തിരുത്തിക്കുറിക്കപ്പെടുകയാണ്.
സമുദായപരിഷ്കരണ മുന്നേറ്റങ്ങൾക്കും നവോത്ഥാന ആശയങ്ങൾക്കും വലിയ പരിഗണന നല്കിയിരിക്കുന്നതായി കാണാവുന്നതാണ്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ