ഒരു മരണപത്രം (കഥ): മൂർക്കോത്തു കുമാരൻ
ആദ്യകാല ചെറുകഥാകൃത്തുക്കളിൽ കഥയുടെ മർമ്മമറിഞ്ഞെഴുതിയ എഴുത്തുകാരിൽ മുമ്പനാണ് മൂർക്കോത്തു കുമാരൻ. കാലത്തിന്റെ ആവശ്യകതയെക്കൂടി പരിഗണിച്ചുകൊണ്ടുള്ള രചനാസമീപനമായിരുന്നു അദ്ദേഹത്തിന്റേത്. ചെറുകഥാകൃത്ത്, ലേഖകൻ, സാംസ്കാരിക നായകൻ, പത്രപ്രവർത്തകൻ, പത്രാധിപർ എന്നീ നിലകളിലെല്ലാം അദ്ദേഹം വൈഭവം പ്രകടിപ്പിച്ചു. ആദ്യകാല ചെറുകഥകളുടെ രസികതയും ലാളിത്യവും ഒക്കെ മൂർക്കോത്തിന്റെ കഥകളിലുമുണ്ട്. ചില കഥകളിൽ സാമുദായിക വിഷയങ്ങളും അദ്ദേഹം ചർച്ച ചെയ്യുന്നു. കുറ്റാന്വേഷണകഥകൾ മലയാളത്തിൽ വികസിപ്പിച്ചതിൽ മൂർക്കോത്തിനും ഒരു പങ്കുണ്ട്. പ്രസ്തുതസ്വഭാവം നിഴലിക്കുന്ന ഒരു കഥയാണ് ഒരു മരണപത്രം. ഇതിലെ കഥാപാത്രങ്ങൾ അച്ചാരത്ത് ഈച്ചരമേനോനെന്ന പ്രഗത്ഭനും പെൻഷൻ പറ്റിയവനുമായ മാന്യദേഹം, സ്വത്തുക്കൾ നിരവധിയുള്ള പരിഷ്കാരിയായ വെള്ളാട്ടിൽ അപ്പുനമ്പ്യാർ, അയാളുടെ സഹോദരിയുടെ പുത്രൻ നാരായണൻ നമ്പ്യാർ, അപ്പു നമ്പ്യാരുടെ പുത്രനും തെമ്മാടിയായിക്കഴിയുന്നവനുമായ ശേഖരക്കുറുപ്പ്, വക്കീൽ ശങ്കരമേനോൻ മുതലായവരാണ്.
യഥാർത്ഥ കുറ്റവാളിയെ കണ്ടെത്തി നിയമപ്രകാരമുള്ള ശിക്ഷ നല്കുന്നതിൽ ഇവിടത്തെ നീതിസംവിധാനം പരാജയപ്പെടുന്നതിലുള്ള ആശങ്കയാണ് ഈ കഥ അവതരിപ്പിക്കുന്നത്.
പ്രഗത്ഭനായ ഈച്ചരമേനോന്റെ സമീപത്തേക്ക് ഒരു മരണപത്രക്കേസിന്റെ വിവരങ്ങളറിയാനായി കഥാനായകൻ സമീപിക്കാൻ ആലോചിക്കുന്നിടത്താണ് ഒരു മരണപത്രം ആരംഭിക്കുന്നത്. ആ കേസിന്റെ വിവരങ്ങൾ ഒന്നുകൂടി ചിന്തിക്കുന്നു.
വെള്ളാട്ടിൽ അപ്പുനമ്പ്യാർക്ക് പണവും സ്വത്തുക്കളും വേണ്ടുവോളമുണ്ട്. കഷ്ടത നിറഞ്ഞ ജീവിതത്തോടു മല്ലിട്ട് എല്ലാം സ്വന്തമായുണ്ടാക്കിയതാണ്. അതിനിടെ സാഹചര്യവശാൽ ഇംഗ്ലീഷുപഠിച്ച് പരിഷ്കാരിയായി. ഒരു മകനേ ഉള്ളൂ - ശേഖരക്കുറുപ്പ്. ഒരു മരുമകനുമുണ്ട് - നാരായണൻനമ്പ്യാർ. മകൻ വികൃതിയായതിനാൽ അപ്പു നമ്പ്യാർക്ക് അവനെ ഇഷ്ടമല്ല. എന്നാൽ മരുമകന് അമ്മാവനെ വലിയ കാര്യവും ഭക്തിയുമാണ്. അപ്പുനമ്പ്യാർ മരിച്ചാൽ സ്വത്തുക്കളൊക്കെ അവകാശവഴിക്ക് ലഭിക്കുന്നത് നാരായണൻ നമ്പ്യാർക്കായിരിക്കും. മകന്റെ കാര്യത്തിൽ വലിയ സങ്കടവും അദ്ദേഹത്തിനുണ്ട്.
അപ്പുനമ്പ്യാരുടെ മരണം
അപ്പു നമ്പ്യാരുടെ മരണം അപ്രതീക്ഷിതമായിരുന്നു. പെട്ടെന്നുള്ള മരണമാണ്. തലേന്ന് അദ്ദേഹത്തെ വെളിയിൽ കണ്ടവരുണ്ട്. ഇതു സംഭവിച്ച് അധികം കഴിയുന്നതിനു മുമ്പേ അദ്ദേഹത്തിന്റെ വക്കീലായിരുന്ന ശങ്കരമേനോൻ കൊല്ലപ്പെട്ടതായി അറിഞ്ഞ് ജനം നടുങ്ങി. പിന്നിൽ നിന്നുള്ള പ്രഹരമേറ്റാണ് മരണം. ഒരേ ദിവസമുള്ള ഇവരുടെ മരണം ദുരൂഹത വർദ്ധിപ്പിച്ചു.
അപ്പുനമ്പ്യാരുടെ മരണശേഷം അദ്ദേഹത്തിന്റെ സ്വത്തുക്കൾ നാരായണൻ നമ്പ്യാർക്കു കിട്ടുമെന്നാണ് കരുതിയത്. എന്നാൽ എല്ലാം മകന് ചേരും വിധമാണ് മരണപത്രത്തിലുള്ളത്. മരുമകന് കൊല്ലത്തിൽ നൂറു ഉറുപ്പിക വരവുള്ള വസ്തുക്കൾ മാത്രമേ നല്കിയിട്ടുള്ളൂ. ഈ മരണപത്രം സംശയത്തിനിടവരുത്തി. നാട്ടിലാകെ സംസാരം അതു മാത്രമായി. വക്കീലിനെ കൊന്നതാരെന്ന് തുമ്പുണ്ടായില്ല. നാരായണൻ നമ്പ്യാർ സ്വത്തുക്കളുടെ അവകാശി താനാണെന്ന് വാദിച്ചു.
കേസ് വിചാരണയ്ക്ക്
നമ്പ്യാർക്കും കുറുപ്പിനും വേണ്ടി വക്കീലന്മാർ ഹാജരായി. പ്രധാനസാക്ഷി അപ്പു നമ്പ്യാരുടെ കാര്യസ്ഥൻ വേലപ്പക്കിടാവായിരുന്നു.
അപ്പു നമ്പ്യാർ, മരിക്കുന്നതിന് തലേന്ന് രാത്രി മാളികയിൽ നിന്നും ദേഷ്യപ്പെട്ട് സംസാരിക്കുന്നതും ശകാരിക്കുന്നതും കേട്ടുവെന്നും കുറച്ച് കഴിഞ്ഞ് ശേഖരക്കുറുപ്പ് ഡോക്ടറെ വിളിക്കാൻ ആവശ്യപ്പെട്ടുവെന്നും കിടാവ് മൊഴി നല്കി. നിലത്ത് ബോധം കെട്ട് കിടക്കുകയായിരുന്നു. കുറുപ്പും കിടാവും ചേർന്ന് കട്ടിലിൽ കിടത്തി. ഡോക്ടർ വന്നു. അതിനു ശേഷം വക്കീൽ ശങ്കരമേനോനെ വരുത്താൻ പറഞ്ഞു. തുടർന്ന് ഒരു കടലാസിൽ കിടാവിനെയും രാമൻ നായരെയും വിളിച്ച് ഒപ്പിടുവിച്ചു. പിന്നീടത് തലയണച്ചോട്ടിൽ നിന്നും കിട്ടി. അത് കുറുപ്പ് വായിച്ച് ആശ്ചര്യപ്പെട്ടു. എന്നാൽ നാരായണൻ നമ്പ്യാരുടെ വക്കീൽ കാണിച്ച കടലാസ് സമാനതയുള്ളതാണെങ്കിലും ഒപ്പ് തന്റേതല്ലെന്ന് കിടാവ് പറഞ്ഞു. രാമൻ നായരും ഒപ്പ് നിഷേധിച്ചു. വികൃതിയെങ്കിലും അപ്പു നമ്പ്യാരുടെ ഗുണങ്ങളിൽ ചിലതുണ്ടായിരുന്ന കുറുപ്പ് താൻ ഒസ്യത്ത് കളവായി നിർമിച്ചിട്ടില്ലെന്നു പറഞ്ഞു. കുറുപ്പിന്റെ വിശദീകരണം വിശ്വാസയോഗ്യമായി പലർക്കും തോന്നി. പക്ഷേ, കള്ളാധാരക്കുറ്റത്തിന് കുറുപ്പിന്റെ പേരിൽ അന്യായം നടത്താൻ അനുവാദം നല്കിയതോടെ ഗവർമെണ്ട് കേസായി. ഒസ്യത്തുണ്ടാക്കിയത് കുറുപ്പാണെന്ന് പ്രഥമദൃഷ്ടിയിൽ തോന്നുകയാൽ അയാളുടെ പേരിൽ കുറ്റപത്രം തയ്യാറാക്കി. നമ്പ്യാർ മരണപ്പെട്ട് ഒരു മണിക്കൂറിനുള്ളിൽ കള്ള ഒസ്യത്തുണ്ടാക്കാൻ സാധിക്കില്ലെന്ന് കുറുപ്പിന്റെ വക്കീലന്മാർ വാദിച്ചു. അപ്പുനമ്പ്യാരുടെ കുട്ടിപ്പട്ടരായ വെങ്കിടേശ്വരയ്യരെ വിസ്തരിച്ചു. വെള്ളം കൊടുക്കാർ പോകെ ശങ്കരമേനോൻ മുറിയിൽ നിന്നും പോകാൻ ഭാവിക്കുന്നതു കണ്ടു. ശങ്കരമേനോൻ നിങ്ങളുടെ ഒസ്യത്ത് എന്റെ കീശയിലുണ്ടെന്ന് പറയുന്നത് കുട്ടിപ്പട്ടർ കേട്ടിരുന്നു. ഡോക്ടർ മേനോനെ വിസ്തരിച്ചപ്പോൾ താനെഴുതിയ മരണപത്രം ശങ്കരമേനോനെഴുതിയെന്നും മേനോന്റെ കയ്യിലുണ്ടെന്നും അപ്പു നമ്പ്യാർ പറഞ്ഞതായി അറിയിച്ചു. ഇതോടെ പ്രതി കുറ്റക്കാരനല്ലെന്ന് ജഡ്ജി വിധിയെഴുതി. ആരാണ് ശങ്കരമേനോനെ കൊന്നത്? കള്ള ഒസ്യത്തുണ്ടാക്കിയതാര്?
യഥാർത്ഥ ഒസ്യത്തെവിടെ ?
ഈ സംശയപരിഹാരത്തിനായാണ് ഈച്ചരമേനോനെ കണ്ടത്. ശങ്കരമേനോൻ കീശയിലിട്ട ഒസ്യത്ത് കൊന്നവൻ കൈക്കലാക്കിയിരിക്കണമെന്ന് മേനോൻ പറഞ്ഞു. അത് കൈക്കലാക്കാനായിട്ടാണ് വധം. അപ്പു നമ്പ്യാർ അന്ന് ദേഷ്യപ്പെട്ടത് കുറുപ്പിനെയല്ല, നാരായണൻ നമ്പ്യാരെയായിരുന്നു. അവന് ഒരു വേശ്യയുടെ സേവയുള്ളത് അപ്പു നമ്പ്യാർ തിരിച്ചറിഞ്ഞു. അപ്പു നമ്പ്യാരുടെ അത്യാസന്നാ വസ്ഥയിൽ നമ്പ്യാർ എവിടെയായിരുന്നു ? കുറുപ്പല്ലേ പരിചരിച്ചത്? മരണപത്രം തയ്യാറാക്കാൻ നിശ്ചയിച്ചത് നമ്പ്യാരറിഞ്ഞിരുന്നു. അതിനാൽ വക്കീൽ പോകുന്നവഴിയിൽ കാത്തു നിന്ന് അദ്ദേഹത്തെ കൊന്നു. അതോടൊപ്പം ഒരു ഒസ്യത്ത് കൃത്രിമമായി ഉണ്ടാക്കാൻ തീരുമാനിച്ചു. അതിൽ കുറുപ്പിന് ഗുണമുണ്ടാകണം. എന്നാലല്ലേ അത് കുറുപ്പ് നിർമിച്ചതെന്ന് പറയാനാകൂ.
അപ്പുനമ്പ്യാരുടെ വിവാഹം രജിസ്റ്റർ ചെയ്തതിനാൽ കുറുപ്പിന് മൂന്നിൽ ഒരോഹരി കിട്ടും. എങ്കിലും നാരായണൻ നമ്പ്യാരെപ്പോലുള്ള കള്ളന്മാരെ കണ്ടെത്തി ശിക്ഷിക്കാനാകാത്തത് വലിയ കഷ്ടം തന്നെയെന്ന് ഈച്ചര മേനോൻ കൂട്ടിച്ചേർത്തു.
ഈ കഥ കൊല്ലവർഷം 1081 ൽ (1906) രസികരഞ്ജിനിയിലാണ് പ്രസിദ്ധീകരിക്കുന്നത്. നാരായണൻ നമ്പ്യാർ നടത്തിയ കൊലയ്ക്ക് അനുസരിച്ച ശിക്ഷ നല്കുന്നതായൊന്നും ഇതിൽ കാണുന്നില്ല. വസ്തുതർക്കത്തിലും ഒസ്യത്തിലും ഒതുങ്ങുകയാണ് ആഖ്യാനം. എല്ലാ കഥാപ്രശ്നങ്ങളും പരിഹരിക്കാൻ കഥാകൃത്ത് ശ്രമിക്കുന്നില്ല. പരിമിതികൾ ഉണ്ടെങ്കിലും സംഭവങ്ങളും കഥാപാത്രങ്ങളും കോർത്തിണക്കി കഥയെ ചലിപ്പിക്കാൻ കഥാകൃത്തിന് സാധിച്ചിട്ടുണ്ട്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ