മോഡൽ - കഥാസംഗ്രഹം

 മലയാളസാഹിത്യത്തിലെ കലാപകാരിയായ എഴുത്തുകാരൻ ആര് എന്നു ചോദിച്ചാൽ അതിനൊരുത്തരമേ ഉള്ളൂ - പൊൻകുന്നം വർക്കി. സാമൂഹിക അനീതികൾക്കെതിരെ, അധീശത്വത്തിനെതിരെ, ചൂഷണത്തിനെതിരെയൊക്കെ തന്റെ തൂലിക അദ്ദേഹം ആയുധമാക്കി. വാക്കിലും പ്രവൃത്തിയിലും രചനയിലും തികഞ്ഞ പോരാളിയായിരുന്നു അദ്ദേഹം. അന്യായങ്ങളോടും സ്വേച്ഛാധിപത്യത്തോടും കലഹിക്കാനുള്ള വർക്കിയുടെ തന്റേടം പ്രകടമാക്കുന്ന മികച്ചൊരു കഥയാണ് മോഡൽ. തീർത്തും രാഷ്ട്രീയമാനങ്ങൾ ഉള്ള കഥയാണിത്.

കഥയിൽ പ്രധാനമായും രണ്ടു കഥാപാത്രങ്ങളാണുള്ളത്. സാധാരണക്കാരിൽ സാധാരണക്കാരനായ പാപ്പനും തയ്യൽക്കടക്കാരനായ സി.പി.ഫ്രാൻസിസും. ഫ്രാൻസിസ് തയ്യൽവേല വിദേശത്തു നിന്നും പഠിച്ചു വന്ന ആളാണ്. നാട്ടിലെ പ്രശസ്തമായ ആ കടയിൽ പാപ്പൻ ഏറെ മോഹിച്ച്, വളരെ കഷ്ടപ്പെട്ട് മേടിച്ച തുണി ഷർട്ട് തയ്ക്കാനായി നല്കുന്നു. അല്പദിവസങ്ങൾക്കു ശേഷം ഷർട്ട് മേടിക്കാൻ ചെന്ന പാപ്പൻ ഞെട്ടുന്നു. തനിക്ക് ചേരാത്ത ഒരു ഷർട്ടാണ് തയ്ച്ചിട്ടുള്ളത്. പാപ്പൻ പ്രതിഷേധിക്കുന്നു. താനാഗ്രഹിക്കുന്ന വിധം തയ്ക്കണമെന്ന് ആവശ്യപ്പെടുന്നു. 

നിങ്ങൾ പറയുന്ന മോഡൽ നിങ്ങളുടെ ശരീരത്തിനു കൊള്ളില്ലെന്നും നിങ്ങൾക്കു ചേരുക അമേരിക്കൻ മോഡലാണെന്നും ഫ്രാൻസിസ് പറയുന്നു. പാപ്പൻ ചോദിക്കുന്നു: എന്റെ മോഡൽ നിശ്ചയിക്കുന്നത് നിങ്ങളോ ഞാനോ? ഈ ചോദ്യത്തിനു മുന്നിൽ ഫ്രാൻസിസ് നടുങ്ങി. 

പിറ്റേ ദിവസം പാപ്പൻ ആ തയ്യൽ കടയിലെത്തി, തനിക്കു വേണ്ടത് താൻ തിരഞ്ഞെടുക്കുമെന്ന് പ്രഖ്യാപിച്ചു കൊണ്ട് തനിക്കിഷ്ടപ്പെട്ട ഷർട്ട് തിരഞ്ഞെടുത്തു. ആളുകൾ കയ്യടിച്ചു.

ഈ കഥയിൽ പ്രത്യക്ഷത്തിൽ തന്നെ വിമർശവിധേയമാക്കുന്നത് ദിവാൻ സി.പി.രാമസ്വാമി അയ്യരുടെ സ്വേച്ഛാധിപത്യപരമായ നടപടികളെയാണ്. തിരുവിതാംകൂറിൽ നടപ്പാക്കുമെന്ന് ജനം ഭയന്ന അമേരിക്കൻമോഡൽ ഭരണത്തെയാണ് പരാമർശിക്കുന്നത്. പുന്നപ്ര വയലാർ പ്രക്ഷോഭത്തിന്റെ കാരണം ദിവാന്റെ ജനവിരുദ്ധനയങ്ങളാണ് എന്നു നമുക്കറിയാമല്ലോ. അതിനാൽ രാഷ്ട്രീയപ്രസക്തിയുള്ള കഥയാണിത്.

മതപൗരോഹിത്യം, അഴിമതി, അനീതി, ഭരണകൂട ഭീകരത മുതലായ ജനവിരുദ്ധ ഘടകങ്ങൾക്കെതിരായൊക്കെ ശബ്ദിച്ച പൊൻകുന്നം വർക്കിയുടെ മികച്ച കഥയായി മോഡലിനെ കാണാം.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഹിമവാൻ്റെ മുകൾത്തട്ടിൽ: രാജൻ കാക്കനാടൻ, ഭാഗം1

സഭാപ്രവേശം - കുഞ്ചൻ നമ്പ്യാർ

കരുണ - കുമാരനാശാൻ