അട്ടപ്പാടിയെ സ്വപ്നം കണ്ടു ഞാനിന്നും ' - സുഗതകുമാരി (ആശയം)
സുഗതകുമാരി കവിതകളിലൂടെ സമൂഹത്തോടു പ്രതിബദ്ധത പ്രകടിപ്പിച്ച കവയിത്രിയാണ്. അവർ സാമൂഹിക പാരിസ്ഥിതിക വിഷയങ്ങളിൽ സജീവമായി ഇടപെടുകയും നിലപാടുകൾ നിർഭയം പൊതുസമൂഹത്തിനു മുന്നിൽ അവതരിപ്പിക്കുകയും ചെയ്തു. പ്രകൃതിയോടും അവശവിഭാഗങ്ങളോടുമുള്ള ആഭിമുഖ്യം എഴുത്തിലും ചിന്തയിലും എന്നും പ്രകടമായിരുന്നു. അളവറ്റ കരുതലും കരുണയും വാക്കിലും പ്രവൃത്തിയിലും ഒരുപോലെ ചാലിച്ച മാതൃഹൃദയമായിരുന്നു സുഗതകുമാരിയുടേത്.
അട്ടപ്പാടിയെ സ്വപ്നം കണ്ടു ഞാനിന്നും എന്ന കവിത കവയിത്രിയുടെ പരിസ്ഥിതി സ്നേഹത്തിന് ഉത്തമോദാഹരണമാണ്. വികസനത്തോടുള്ള ആസക്തിയാൽ മനുഷ്യൻ സ്വന്തം അസ്തിത്വം മറക്കുന്നു. അട്ടപ്പാടി പാലക്കാട് ജില്ലയിൽ സഹ്യപർവതത്തോടു ചേർന്നു കിടക്കുന്ന പ്രദേശമാണ്. പ്രസിദ്ധമായ സൈലന്റ് വാലി ഇവിടെയാണ്. കടുത്ത വനചൂഷണത്തിന് ഇരയായ ഇടം എന്ന നിലയ്ക്ക് അട്ടപ്പാടി പരിസ്ഥിതി സ്നേഹികളുടെ ശ്രദ്ധയാകർഷിച്ചു. മൊട്ടക്കുന്നുകൾ നിറഞ്ഞ അട്ടപ്പാടി മാദ്ധ്യമശ്രദ്ധ നേടി.
[1970 കളിൽ കേരളത്തിൽ നടന്ന സൈലന്റ്‌വാലിക്കായുള്ള പ്രക്ഷോഭം പരിസ്ഥിതി സന്തുലനം നിലനിർത്തുന്നതിന്നു വേണ്ടിയുള്ള ജനകീയ പ്രതിരോധമായിരുന്നു. കുന്തിപ്പുഴയിൽ നിർമ്മിക്കാൻ ഉദ്ദേശിച്ച ജലവൈദ്യുതപദ്ധതിക്കെതിരായിരുന്നു സമരം. നിരവധി ശാസ്ത്രകാരന്മാരും പരിസ്ഥിതിസ്നേഹികളും അദ്ധ്യാപകരും വിദ്യാർത്ഥികളും പ്രഫ.എം.കെ.പ്രസാദിന്റെ ആശയപരമായ നേതൃത്വത്തിൽ സൈലന്റ് വാലിയെന്ന നിത്യഹരിതവനത്തിനായി നിലകൊണ്ടു. ഇക്കൂട്ടത്തിൽ എൻ.വി.കൃഷ്ണവാരിയർ, കടമ്മനിട്ട, അയ്യപ്പപ്പണിക്കർ, സുഗതകുമാരി മുതലായ കവികളും ഉൾപ്പെടുന്നു. 1985 ഓടെ
സൈലന്റ് വാലി ദേശീയോദ്യാനമായി പ്രഖ്യാപിക്കപ്പെട്ടു. ]
മേൽപ്പറഞ്ഞ കവിതയിലൂടെ അട്ടപ്പാടിയോടുള്ള പ്രതിബദ്ധത കവയിത്രി വെളിപ്പെടുത്തുകയാണ്.
ഇന്ന് പരിസ്ഥിതി ചിന്തയ്ക്ക് വിഷയീഭവിക്കാത്തതായി യാതൊന്നുമില്ലെന്നു പറയാം. ഓരോ ജീവനും അതതു ജീവിതവും പരിസ്ഥിതിയുമായി അത്രയേറെ താദാത്‌മ്യം പ്രാപിച്ചിരിക്കുന്നു. ഭൂമിയുടെ നിലനില്പിനു വേണ്ടിയുള്ള മുറവിളികളാലും പ്രവർത്തനങ്ങളാലും ലോകം ഉണരുമ്പോൾ അതിനു ശക്തമായ പിന്തുണയേകുന്നു സാഹിത്യ സാംസ്കാരികലോകം. സുഗതകുമാരി സ്വന്തം കവിതയെക്കുറിച്ച് ഇരുൾച്ചിറകുകൾ എന്ന കാവ്യസമാഹാരത്തിൽ ഇപ്രകാരം പറയുന്നു: "ഒരു പൂവ് വിരിയുന്നു. ഒരു കവിത ജനിക്കുന്നു. ബോധപൂർവമായ ഒരുദ്ദേശ്യവും പ്രത്യേകിച്ചില്ലാതെ, ലക്ഷ്യങ്ങളൊന്നുമില്ലാതെ, അനശ്വരതയെപ്പറ്റി യാതൊരു വ്യാമോഹവുമില്ലാതെ - പൂമൊട്ടിനു വിരിഞ്ഞേ കഴിയൂ, പക്ഷിക്കു പാടിയേ കഴിയൂ. തൊട്ടാവാടിച്ചെടിക്ക് വാടിയേ കഴിയൂ, തിരമാലയ്ക്ക് ആഹ്ലാദത്തോടെ സ്വയം ഉയർന്നടിച്ചു ചിതറിയേ കഴിയൂ. അതുപോലെതന്നെ, അത്രമേൽ സ്വാഭാവികമായി, ആത്മാർത്ഥമായി 'ഞാൻ എഴുതുന്നു. നൈസർഗ്ഗികമായി ഒഴുകുന്ന വൈഖരിയാണ് സുഗതയുടെ കവിത. തന്നെ ആകുലയാക്കിയതും ആഹ്ലാദവതിയാക്കിയതും വിസ്മയിപ്പിച്ചതുമായ അനുഭവങ്ങൾ അവർ തുറന്നെഴുതുന്നു.
ഒരു കാലഘട്ടത്തിൽ, 1970 - 1980 കളിൽ കേരളത്തെ ആവേശം കൊള്ളിച്ച സാമൂഹിക സാംസ്കാരിക മുന്നേറ്റമായിരുന്നു സൈലന്റ് വാലിയെ രക്ഷിക്കാനായി നടന്നത്. 1985 ൽ ദേശീയോദ്യാനമായി അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി പ്രഖ്യാപിച്ചതോടെ പരിസ്ഥിതിക്കായുള്ള വലിയൊരു പോരാട്ടമാണ് വിജയിച്ചത്. അതിന്റെ കനവുകൾ സുഗതകുമാരിയുടെ 'അട്ടപ്പാടിയെ സ്വപ്നം കണ്ടു ഞാനിന്നും '
എന്ന കവിതയെ ശ്രദ്ധേയമാക്കുന്നു. 2001 ലാണ് ഈ കവിത രചിച്ചത്.
അട്ടപ്പാടിയെ കവയിത്രി കാണുന്നത് അവശനിലയിലാണ്. സൂര്യന്റെ കടുത്ത ചൂടേറ്റ്, ഇലകൾ നഷ്ടമായ, കരിഞ്ഞില്ലാതായ കാട്ടുപൊന്തകളെ കാർന്നുതിന്ന് വിശപ്പടക്കാൻ ശ്രമിക്കുന്ന ക്ഷീണിച്ച കാലിക്കൂട്ടം ചിതറി നടക്കുന്ന ശൂന്യവും തരിശായതുമായ മലഞ്ചെരുവിൽ, അവശേഷിച്ച കാട്ടുപുന്നയുടെ ചോട്ടിലാണ് കവയിത്രി അട്ടപ്പാടിയെന്ന ഗിരികന്യയെ - ഗോത്രകന്യകയെ - കാണുന്നത്.
ഇവിടെ സൂര്യന്റെ കടുത്ത ചൂടും ജീവജാലങ്ങളുടെ അവശതയും അതിന്റെ തീവ്രതയോടെ ആഖ്യാനം ചെയ്തിരിക്കുന്നു.
ഇതൊക്കെ പരിസ്ഥിതിയെ അവഗണിക്കുന്ന മനുഷ്യന്റെ ചെയ്തികളുടെ ഫലമാണെന്നു സിദ്ധിക്കുന്നു.
അട്ടപ്പാടിയെന്ന ഗിരികന്യയുടെ - പർവതപുത്രിയുടെ - കാഴ്ച കവയിത്രി വളരെ ഉജ്ജ്വലവും വികാരപുഷ്കലവുമായ ഭാഷയിൽ വർണ്ണിക്കുന്നു. വിടർന്ന കണ്ണുള്ള, മുഷിഞ്ഞ ചേല ചുറ്റിയവളാണവൾ. കല്ലുമാല ചാർത്തി, വെള്ളി മൂക്കുത്തിയണിഞ്ഞ് വിളറിയ ചിരിയോടെ, ഒന്നും പറയാതെ, കവയിത്രിയുടെ മുന്നിൽ നില്ക്കയാണവൾ. അവളുടെ കറുത്ത കവിളിൽ പച്ചകുത്തിയിരിക്കുന്നു. കണ്ണിൽ കരച്ചിൽ നിറഞ്ഞിരിക്കുന്നു. ആകെയിവൾ കരിഞ്ഞു പോയിരിക്കുന്നു. മിണ്ടാതായിരിക്കുന്നു. [മരങ്ങൾ മുറിച്ചു മാറ്റപ്പെട്ട് തരിശായി ജലം വറ്റിവരണ്ട് ശുഷ്കയായി നില്ക്കുന്ന അട്ടപ്പാടിയുടെ ചിത്രമാണ് കവയിത്രി വരക്കുന്നത്.]
ഇപ്രകാരം നില്ക്കുന്ന ഇവളാണ് തന്റെ മാനസപുത്രിയായ ഗിരികന്യ. ഇവളോടുള്ള തീവ്രമായ സ്നേഹം കവയിത്രിയുടെ ഹൃദയത്തെയും ജന്മത്തെത്തന്നെയും അസ്വസ്ഥമാക്കിയിരിക്കുന്നു.
അവളുടെ കയ്യിൽ ഒഴിഞ്ഞ കരിക്കലം കവയിത്രി കണ്ടു. നീര് അന്വേഷിച്ചു പോവുകയാണിവൾ. പോകും വഴി കവയിത്രിയെക്കണ്ട് സ്നേഹാർദ്രയായ അവൾ ഒന്നു നിന്നു പോയതാണ്. എന്നെ മറന്നു പോയോ? വീണ്ടും വരുമെന്ന് പറഞ്ഞല്ലേ പോയത് ? നിന്റെ ജീവിതം കടുത്ത യാഥാർത്ഥ്യങ്ങളുടെ മീതേയുള്ള യാത്രയാണെന്നറിയാം. എങ്കിലും അതിൽ ആർദ്രമായ അനുഭവങ്ങൾ സമ്മാനിച്ച ഇവളുടെ - ഈ പാവത്തിന്റെ - മധുരം നിറഞ്ഞ ആതിഥ്യം മറന്നു പോയോ ? ഗിരികന്യ ചോദിക്കുകയാണ്.
ഒരുമിച്ചല്ലേ നമ്മൾ നൂറുനൂറു സ്വപ്നങ്ങളെ വിതച്ചു വളർത്തിയത്? കണ്ണീർ തളിച്ചത്? ഉറങ്ങാതെ കാവലിരുന്നത്?
കടുത്ത വേനലിൽ കാർമേഘം വരാൻ പ്രാർത്ഥിച്ചതും നട്ട സസ്യങ്ങളെ വളർത്താൻ കൂട്ടായി നിന്നതും ഓർമ്മയില്ലേ?
[ അട്ടപ്പാടിയെ വീണ്ടെടുക്കാൻ ശ്രമിച്ചവരിലൊരാളായ വി.കെ.എബ്രഹാം എന്ന അവറാച്ചൻ ഓർമ്മയായതും കവയിത്രി പരാമർശിക്കുന്നു. ] അവസാനം എല്ലാം വളർന്ന് പൂവിട്ടപ്പോൾ വലിയ സന്തോഷമായി. പച്ചപ്പന്തലായവ ഉയർന്നു. അതിന് കവി എൻ.വി.കൃഷ്ണവാരിയരുടെ ഓർമ്മയ്ക്കായി കൃഷ്ണവനമെന്ന് പേരിട്ടു. അതിനു കൈവന്ന സൗഭാഗ്യം കവയിത്രിയെ അത്രയേറെ സന്തോഷിപ്പിച്ചു. വനത്തിനുള്ളിൽ നിന്നും ഒരു നീരുറവ പ്രത്യക്ഷമായത് മറ്റൊരു ഹൃദ്യമായ കാഴ്ചയായി. ജലത്തിൽ പ്രതിബിംബിച്ച അന്തിനക്ഷത്രത്തിന്റെ പ്രകാശവും ആകാശത്ത് വളരെ വലുപ്പത്തിൽ ശുഭ്രനക്ഷത്രങ്ങൾ വിടരുന്നതും കൊള്ളിമീനുകൾ - ഉല്ക്ക - എരിഞ്ഞമരുന്നതും ഗോത്രവാസികളുടെ ആരാധനാകേന്ദ്രമായ പർവത ശീർഷമായ, മല്ലീശ്വരൻമുടിയിൽ ചന്ദ്രൻ ഉദിച്ചുയരുന്നതും കവയിത്രി അന്ന് ആസ്വദിച്ച കാഴ്ചകളത്രെ..
രാത്തവളകളും പുള്ളുകളും രാപ്പക്ഷിയും ചീവീടും രാത്രിയും കാറ്റും ഒക്കെ ചേർന്നൊരുക്കുന്ന സ്വരോത്സവം അന്ന് മതിയാവോളം ആസ്വദിച്ചു. പുലർച്ചെ മനോഹരമായ പച്ചക്കുമ്പിൾ കാഴ്ചയുമായി നിരന്നതും കറുത്ത പാറപ്പുറത്തിരുന്ന ഒരു ഉച്ചയ്ക്ക് ഇരട്ട മഴവില്ലു കണ്ടു കവയിത്രി ആശ്ചര്യപ്പെട്ടതും ഗിരികന്യ ഓർക്കുന്നു. മഴക്കാറ്റിന്റെ കള്ളച്ചിരിയും വിസ്മയിപ്പിക്കുന്ന മറ്റു പ്രകൃതിദൃശ്യങ്ങളും പതുക്കെ ആരോ പാടുന്ന നാടൻപാട്ടും നിനക്ക് ഓർമ്മയുണ്ടോ?
അവൾ ഇതൊക്കെ ഓർമ്മിപ്പിക്കെ, പറയാൻ മറുവാക്കില്ലാതെ, വഴിതെറ്റിയുഴറിയ പോലെ,
നിസ്സഹായയെ പോലെ,
കവയിത്രി തിരികെ നടക്കുകയാണ്. ഇന്ന് രോഗത്താലും വാർദ്ധക്യത്താലും ശരീരം കൂടുതൽ ഭാരമാവുകയാണ്.
തന്നെ ദുഃഖിപ്പിക്കുകയാണ് അട്ടപ്പാടിയുടെ ഇന്നത്തെ കാഴ്ച. മരക്കുറ്റികൾ മാത്രം ബാക്കി. കൊല ചെയ്യപ്പെട്ട കാടിന്റെ പ്രേതബാധകൾ ബാക്കി. ഉറവയൊടുങ്ങിയ നൂറുനൂറരുവികളുടെ ശാപം ബാക്കി. വിശപ്പിനാൽ വയറൊട്ടിയ പെൺജന്മങ്ങൾ ബാക്കി. ഇനിയും വീട്ടാനാകാതെ, അട്ടപ്പാടി തന്ന സൗഭാഗ്യങ്ങൾക്ക് തിരിച്ചൊന്നും നല്കാനാകാതെ കവയിത്രി വിട പറയുന്നു. അട്ടപ്പാടി പകർന്ന മധുരനിമിഷങ്ങൾ ഓർമ്മയിൽ നില്ക്കുമ്പോൾ,
ഇന്നത്തെ അവളുടെ ശോച്യാവസ്ഥ, തനിക്ക് അവൾക്കായൊന്നും ചെയ്യാൻ സാധിച്ചില്ലല്ലോ എന്ന ചിന്ത സങ്കടക്കടലിൽ കവയിത്രിയെ ആഴ്ത്തുകയും ചെയ്യുന്നു.
പ്രകൃതിയെ പ്രേമിക്കാനും, അത് മനുഷ്യജന്മത്തിന്റെ വരദാനമാണെന്ന ചിന്തയുളവാക്കാനും ഈ കവിത വായനക്കാരെ പ്രേരിപ്പിക്കുന്നു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ