എന്റെ ആദ്യയാത്ര(കഥ): ഇ.വി.കൃഷ്ണപിള്ള

 ഇ.വി.കൃഷ്ണപിള്ളയുടെ രസകരമായ ഒരു കഥയാണ് എന്റെ ആദ്യയാത്ര. ചെറുകഥാകൃത്ത്, ഉപന്യാസകാരൻ, നോവലിസ്റ്റ്, ഹാസ്യസാഹിത്യകാരൻ എന്നീ നിലകളിലൊക്കെ ശ്രദ്ധേയനാണ് ഇ.വി.കൃഷ്ണപിള്ള. ആദ്യകാല ചെറുകഥാകൃത്തുക്കൾ വായനക്കാരനെ രസിപ്പിക്കുക എന്ന ലക്ഷ്യം സ്വീകരിച്ചവരാണ്. അതിനായാണ് തങ്ങളുടെ ഭാവന അവർ ഉപയോഗപ്പെടുത്തിയത്. കണ്ടതും കേട്ടതും അനുഭവിച്ചതുമൊക്കെ ലളിതമായ ഭാഷയിൽ വായനക്കാരിലെത്തുകയായിരുന്നു. സാമുദായികവും സാമൂഹികവുമായ വിഷയങ്ങൾ അതിന്റെ ഗാഢതയോടെ ആവിഷ്കരിക്കുന്നതിനു പകരം ചിരിക്കും ഉല്ലാസത്തിനുമാണ് പ്രാമുഖ്യം കല്പിച്ചത്. ഇ.വി.യും അതിലൊരു പങ്കു വഹിക്കുന്നു.

എന്റെ ആദ്യയാത്ര എന്ന കഥ ഉത്തമപുരുഷ സർവനാമമായ 'ഞാൻ' ഉപയോഗിച്ചാണ് ആഖ്യാനം ചെയ്തിട്ടുള്ളത്. കഥ പറയുന്നത് കഥാകൃത്താണെന്ന് കരുതാം. കഥാനായകൻ കൊളംബോ വിലേക്ക് ഒരു യാത്ര നടത്തുകയാണ്. അവിടത്തെ അഹമ്മദ് കമ്പനിയുമായുള്ള ഇടപാട് സാധിക്കുക എന്നതാണ് ലക്ഷ്യം. ഇതുവരെ ഇത്രയും ദൂരം യാത്ര ചെയ്തിട്ടില്ല. ആ പരിഭ്രമമുണ്ട്. എങ്കിലും എല്ലാം നന്നായി സജ്‌ജമാക്കിയതിനാൽ പരിഭ്രമിക്കാനൊന്നുമില്ലെന്നാണ് പക്ഷം. കയ്യിലെ പെട്ടിയിൽ ഇടപാടു നടത്താനുള്ള പത്തായിരം രൂപായുമുണ്ട്. 


യാത്രയും ഗൺസാൽവസും

കൊല്ലത്തുനിന്നും മധുരവരെയും മധുരയിൽ നിന്നും ധനുഷ്കോടി വരെയും തീവണ്ടിയെ ആശ്രയിക്കുന്നു. തലേമന്നാർ പാലം വരെ കപ്പൽ. അവിടെ നിന്നും വീണ്ടും തീവണ്ടി എന്ന രീതിയിലാണ് യാത്ര ക്രമപ്പെടുത്തിയിട്ടുള്ളത്. സംഭ്രമമുണ്ടായിരുന്നെങ്കിലും കഥാനായകന് മധുരയിൽ സുഖകരമായി എത്തിച്ചേരാനായി. തുടർന്ന് ധനുഷ്കോടി വണ്ടിയിൽ കയറി. അപ്പോഴാണ് മുറിയുടെ വാതിൽക്കൽ ഒരു കത്തു കണ്ടത്. അതിൽ എഫ്.ജെ. ഗൺസാൽവസ് എന്ന പേരു കണ്ടു. അല്പം കഴിഞ്ഞപ്പോൾ അയാൾ മുറിയിലേക്കു വന്ന് കത്ത് ക്ഷമാപൂർവം മേടിക്കുകയും പരിചയപ്പെടുകയും ചെയ്തു. സിലോൺ യാത്രക്കാരെ മെഡിക്കൽ ആഫീസർമാർ പരിശോധിക്കുന്നത് കണ്ടു. ഇവിടെ ഗൺസാൽവസ് കഥാനായകന് തുണയാവുകയും അയാളുടെ വിശ്വാസം നേടുകയും ചെയ്തു. അമെക്സ്‌കോ കമ്പനിയുടെ ഏജന്റായ ഗൺസാൽവസ് താൻ അനുഭവിക്കുന്ന പ്രയാസങ്ങൾ വിവരിച്ചു. കൃത്യസമയത്ത് കമ്പനിയിലെത്താത്തതിനാൽ പിരിച്ചുവിടുമെന്ന ഭീഷണി നേരിടുകയാണയാൾ. 


മിസ്റ്റർ പേതോ

രാമേശ്വരത്തുനിന്നും അയാളുടെ യജമാനനായ മിസ്റ്റർ പേതോ വണ്ടിയിൽ കയറി. ഗൺസാൽവസ് അയാളെ ഭയക്കുന്നു. അയാളുമായി സംസാരിച്ച് ഗൺസാൽവസിന്റെ പ്രയാസങ്ങൾ അറിയിക്കണമെന്ന് കഥാനായകനു തോന്നി. വണ്ടിയിറങ്ങി കപ്പലിലേക്കു നടക്കുമ്പോൾ അവിചാരിതമായി പേതോയുമായി ബന്ധപ്പെടാൻ അവസരം കിട്ടി. പരിചയപ്പെട്ടതിനു ശേഷം കഥാനായകന്റെ കമ്പനി വിവരങ്ങൾ പേതോയെ സന്തോഷിപ്പിച്ചു. ഇടയിൽ ഗൺസാൽവസ് കാണാനാഗ്രഹിക്കുന്നുവെന്ന് ശിപായി കഥാനായകനെ അറിയിച്ചു. തന്റെ കാര്യം കൂടി ഒന്നു പറയണമെന്നായി ഗൺസാൽവസ്. വീണ്ടും പേതോയുമായി സംസാരിച്ചപ്പോൾ ഗൺസാൽവസിന്റെ പേരു കേട്ടതും പേതോ കുപിതനായി. എന്നാൽ തലേമന്നാർപാലത്തിൽ കപ്പലടുക്കുന്നതിനു മുമ്പേ ഗൺസാൽവസിനനുകൂലമായി പേതോയെ മാറ്റി. കപ്പലിൽ നിന്നിറങ്ങിയ ശേഷം പേതോവിന്റെ സൗഹൃദത്തിൽ ഒരു ഒന്നാം ക്ലാസ്സ് വണ്ടിയിൽ കയറി. അതിനു മുന്നേ ഗൺസാൽവസിനെ കണ്ടപ്പോൾ പ്രഭുവുമായുണ്ടായ തീവ്രബന്ധത്തിൽ അയാൾ കഥാനായകനെ അഭിനന്ദിച്ചു. തന്റെ കാര്യത്തിൽ ഇടപെടാനപേക്ഷിച്ചു. പ്രഭുവായ പേതോവിന് ഗൺസൽവസിനെ സംബന്ധിച്ചുണ്ടായ പിണക്കം പരിഹരിക്കാൻ സാധിച്ചു. വണ്ടി അനുരാജപുരത്ത് എത്തി. പേതോ കഥാനായകനോട് ഇവിടെ ഇറങ്ങാമെന്നു പറഞ്ഞു. അഹമ്മദ് കമ്പനിയുടെ മാനേജിങ് ഡയരക്ടർ ഇപ്പോൾ ഇവിടെയുണ്ട്. അതിനായി കൊളമ്പു വരെ പോകേണ്ടതില്ല. കഥാനായകനു വളരെ സന്തോഷമായി. പുറത്ത് അഹമ്മദ് കമ്പനി വക കാർ നില്ക്കുന്നു. പേതോയും കഥാനായകനും ഗൺസാൽവസും ശിപായിമാരും കാറിൽ കയറി. ഏകദേശം രാത്രി രണ്ടുമണി.

യാത്രയ്ക്കിടെ പേതോയും ഗൺസാൽവസും സിംഹള ഭാഷയിൽ സംസാരിക്കുന്നതു കേട്ട് കഥാനായകന് ചിരി വന്നു. 


പറ്റിക്കപ്പെടുന്നു

വണ്ടി എവിടെയോ നിന്നു. യന്ത്രം കേടാണെന്ന് ഡ്രൈവർ. ശിപായിമാരൊക്കെച്ചേർന്ന് വണ്ടി നന്നാക്കാൻ ശ്രമമാരംഭിച്ചു. ദൂരെ കണ്ട കെട്ടിടത്തിൽ പോയിരിക്കാമെന്ന് ഗൺസാൽവെസ് പറഞ്ഞു. മൂവരും-പേതോ, കഥാനായകൻ, ഗൺസാൽവസ് - കെട്ടിടത്തിലേക്ക് നടന്നു. അങ്ങനെ വിശ്രമിക്കെ, വണ്ടി ശരിയാകാത്തതിൽ ദേഷ്യപ്പെട്ട് പേതോ വണ്ടിക്കരികിലേക്ക് ചെന്നു. ഗൺസാൽവസ് എന്നുവിളിച്ചു. അയാൾ ഓടിച്ചെല്ലുമ്പോഴേക്കും വണ്ടി സ്റ്റാർട്ടാക്കുകയും നീങ്ങുകയും ചെയ്തു.

കൂരിരുട്ടിൽ ഒന്നും കാണാൻ സാധിച്ചില്ല. കാറിൽ നിന്നിറങ്ങുമ്പോൾ എടുത്തിരുന്ന പണപ്പെട്ടിയും കാണാനില്ല. പരിഭ്രമിച്ച് റോഡിലേക്കോടി. അവിടെ ആരുമുണ്ടായിരുന്നില്ല.

ഒരു വൻകാട്ടിൽ, വിജനമായ റോഡിൽ തന്നിച്ച് ! കഥാനായകൻ ഭയന്നു. ഉച്ചത്തിൽ വിളിച്ചു. അവർ മറന്നതായിരിക്കുമോ?


അപകടം പതിയിരിക്കുന്നു.

കൊഴുത്ത ഇരുട്ട്. ശ്വാസം തന്നെ വിലങ്ങുന്നതായി അനുഭവപ്പെട്ടു. ഇരുട്ടിലേക്ക് നോക്കെ, രണ്ടു മഞ്ഞത്തീക്കട്ടകൾ തന്നെ തുറിച്ചു നോക്കുന്നതായി തോന്നി. ആ ഗോളങ്ങൾ പ്രകാശിച്ചു. അടുത്ത നിമിഷം അടുത്തു വരുന്നതായി അനുഭവപ്പെട്ടു. പേടിച്ച കഥാനായകൻ ഓടി. കാറു വന്ന വഴിയേ. എത്ര ഓടിയെന്ന് നിശ്ചയമില്ല. ഒരു ഭയങ്കരജന്തുവിന്റെ ശ്വാസം തലയിൽ തട്ടുന്നതായി തോന്നി. അയ്യോ എന്ന് നിലവിളിച്ച് ഓട്ടം തുടർന്നു. എങ്കിലും അത് വിടാതെ തൊട്ടുപിന്നിലുണ്ടായിരുന്നു. പെട്ടെന്ന് ഒരു വെടിശബ്ദം കേട്ടു. ജന്തുവിന്റെ വായിൽപ്പെട്ടുവെന്നാണ് കരുതിയത്. കഥാനായകൻ കമിഴ്ന്നു വീണു.


രക്ഷപ്പെടുന്നു

പിന്നെ കണ്ണു തുറന്നത് കുറേ സിംഹളരുടെ ഇടയിൽ വെച്ചാണ്. അവരൊക്കെ യമകിങ്കരരാണെന്നാണ് നായകൻ കരുതിയത്. തമിഴിൽ ആരോ എന്തോ ചോദിച്ചു. ശരീരം ചലിപ്പിക്കാനും സംസാരിക്കാനും ബുദ്ധിമുട്ടനുഭവപ്പെട്ടു. 

ഒരു കമ്പിത്തപാൽ വകുപ്പിൽ ട്രാവലിങ് ഇൻസ്പെക്ടറായ രാമചന്ദ്രൻ അങ്ങനെ ജോലി സംബന്ധമായി സഞ്ചരിക്കെയാണ് ആപത്തിൽ പെട്ട കഥാനായകനെ കണ്ടുമുട്ടിയത്. ആ ഭയങ്കര മൃഗത്തിൽ നിന്നു രക്ഷിച്ചത്. രാമചന്ദ്രന്റെ അനുരാജപുരത്തുള്ള ഓഫീസിൽ ഒരാഴ്ച അതിഥിയായി കഴിഞ്ഞു. പണമൊക്കെ നഷ്ടപ്പെട്ടിരിക്കയല്ലേ? നാട്ടിൽ നിന്നും വരുത്താൻ സുഹൃത്ത് സമ്മതിച്ചില്ല. പത്തു ദിവസമായപ്പോൾ ഒരു യാത്ര പോകാമെന്ന് ഇൻസ്പെക്ടർ പറഞ്ഞു.


പേതോയെ വീണ്ടും കാണുന്നു.

മറ്റാറായിലേക്കാണ് അവർ പോയത്. രാമചന്ദ്രനുള്ളതിനാൽ കഥാനായകന് ഉത്സാഹം നശിച്ചില്ല. അവിടെ നിന്ന് പോലീസ് സ്റ്റേഷനിലേക്ക് പോയി. അവിടെയതാ പ്രഭു പേതോയും പ്രൈവറ്റ് സെക്രട്ടറി ഗൺസാൽവസും പ്രാകൃതവേഷത്തിൽ കിടക്കുന്നു. 


ശുഭാന്ത്യം

പണമൊക്കെ കിട്ടിയതിനാൽ അഹമദ് കമ്പനിയിൽ അതു നിക്ഷേപിച്ച് കഥാനായകൻ മടങ്ങുന്നു. കഥാനായകൻ പറയുന്നു: പത്മനാഭരാജ്യക്കാർക്ക് -തിരുവിതാംകൂറുകാർക്ക് - വിദേശങ്ങളിൽ വലിയ അപകടമൊന്നും വരില്ലെന്നാണ് ഇപ്പോഴും എന്റെ വിശ്വാസം.


ഇപ്രകാരം ദൈവഭക്തിയിലാണ് സമാപിക്കുന്നതെങ്കിലും വായനക്കാർക്ക് കഥ രസകരമായ അനുഭവമായി കലാശിക്കുന്നു. സാമൂഹികവും രാഷ്ട്രീയവുമായ നിഗമനങ്ങളോ നിലപാടുകളോ ഇ.വി പ്രകടിപ്പിക്കുന്നില്ല. വായനക്കാരന് മുട്ടില്ലാതെ വായിച്ചുപോകാനുതകും വിധത്തിലുള്ള പരിണാമഗുപ്തി വളരെ നന്നായി ഈ കഥയിൽ കൊണ്ടുവന്നിട്ടുണ്ട്. കഥയുടെ പ്രാരംഭത്തിൽ ഗൺസാൽവസിനെക്കുറിച്ച് നല്ല അഭിപ്രായമാണു വായനക്കാരനുണ്ടാവുക. പേതോയെക്കുറിച്ചും അപ്രകാരം തന്നെ. എന്നാൽ ഇവർ കാപട്യക്കാരാണ്, വളരെ ആസൂത്രിതമായി പദ്ധതി തയ്യാറാക്കി കവർച്ച നടത്തുന്നവരാണെന്ന ബോദ്ധ്യം വായനക്കാരന് കഥയുടെ അവസാന ഭാഗത്തേ കൈവരൂ. ഇതിവൃത്തം സുഘടിതമാക്കാൻ ഇ.വി. പരമാവധി യത്നിച്ചിട്ടുണ്ടെന്നു കാണാം. 

ആദ്യകാല മികച്ച കഥകളിലൊന്നായി എന്റെ ആദ്യയാത്രയെ പരിഗണിക്കാം.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഹിമവാൻ്റെ മുകൾത്തട്ടിൽ: രാജൻ കാക്കനാടൻ, ഭാഗം1

സഭാപ്രവേശം - കുഞ്ചൻ നമ്പ്യാർ

കരുണ - കുമാരനാശാൻ