പരിഗണനയുടെ രാഷ്ട്രീയത്തിന്റെ പൊരുൾ

ഇന്ന് നമ്മൾ ഏറെ ഉപയോഗിച്ചു വരുന്ന വാക്കാണ് പരിഗണന / അവഗണന എന്നത്.  തങ്ങളെ അവഗണിച്ചു എന്നു പറയുമ്പോൾ മറ്റുള്ളവരെ പരിഗണിച്ചു എന്ന ആവലാതി അതിൽ നിറഞ്ഞു നില്ക്കുന്നുണ്ട്.  പരിഗണിക്കുക എന്ന വാക്കിന്റെ അർത്ഥം ബഹുമാനിക്കുക, ചേർക്കുക, കണക്കാക്കുക മുതലായവയാണ്. ഇതിൽ ബഹുമാനിക്കുക, വിചാരിക്കുക മുതലായ പദങ്ങൾക്ക് കൂടുതൽ ജൈവികത ഉണ്ട്. അവ നമ്മുടെ വിചാരവികാര ലോകങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്നു.  

ഇനി ഒരു സംഭവം പറയാം.  അത് പരിഗണനയുടെ പേരിൽ ത്യക്തമായ ഒരു ജീവിതത്തെ സംബന്ധിച്ചാണ്. ഈ ആഴ്ചയിലെ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ വിശദാംശങ്ങളുണ്ട്. നെഹ്റുവിന്റെ വിധവ എന്ന് ആക്ഷേപിക്കപ്പെട്ടവളാണ് ബുധിനി.  മാദ്ധ്യമങ്ങൾ പോലും കുന്ന് നെഹ്റുവിന്റെ ഗോത്ര വധു എന്ന് വിളിച്ചു. (The tribal wife of Nehru ). മുഴുവൻ പേര് ബുധിനി മെജാൻ. ബീഹാറിൽ ദാമോദർ നദിക്കു കുറുകെ പണിത അണക്കെട്ടാണ് രാഷ്ട്രത്തിന്ന് സമർപ്പികാനായി നെഹ്റു എത്തിയത്. പദ്ധതിയിലെ ഒരു ജോലിക്കാരിയാണ് ഇത് രാഷ്ട്രത്തിനായി സമർപ്പിച്ചത്. 1959 ഡിസംബർ 7 ന് പാഞ്ചത്ത് എന്ന സ്ഥലത്തായിരുന്നു ആവേശകരമായ ഈ സംഭവം അരങ്ങേറിയത്.  എന്നാൽ നെഹ്റുവിനെ പൂമാലയിട്ടു സ്വീകരിച്ചു എന്നതിന്റെ പേരിൽ ഗോത്രം ബുധിനിയെ ആക്ഷേപിക്കുകയും പുറത്താക്കുകയുമാണ് ചെയ്തത്. തുടർന്ന് അവൾ നാടുവിട്ടു.

ഇതിൽ പരിഗണനയുടെ രാഷ്ട്രീയമുണ്ട്.  ശില്പികളെ - പുരോഗതിയുടെ നിർമാതാക്കളെ - അഭിനന്ദിക്കുകയും ആശംസിക്കുകയുമാണ് നെഹ്‌റു ചെയ്തത്.  ഇത് ഇന്ത്യയിലെ തൊഴിലാളി വർഗ്ഗത്തിനാകെ രാജ്യത്തിന്റെ ഭരണാധികാരിയിൽ നിന്നുള്ള പ്രോത്സാഹനമായി.  തൊഴിലാളികളെ രാഷ്ട്ര വികസന നിർമ്മാതാക്കളായി കാണുന്ന രാഷ്ട്രീയം ഇതിലുണ്ട്. തൊഴിലാളികളെ പരിഗണിക്കുന്ന സർക്കാർ തീർച്ചയായും നൂതന ലോക നിർമിതിയിൽ മർമ സ്ഥാനത്തു നില്ക്കുന്നു.  അതോടൊപ്പം പഞ്ചവത്സര പദ്ധതിയിലൂടെ നിർമ്മിക്കപ്പെടുന്ന നൂതനേന്ത്യയെ ജന കോടികൾക്കായി സമർപ്പിക്കാനുള്ള വെമ്പൽ ഇതിലുണ്ട്. അതോടൊപ്പം ഒരു ജനാധിപത്യ സർക്കാരിനെ പിരിച്ചു വിട്ടതിന്റെ ക്ഷീണം തീർക്കാനുള്ള ശ്രമവും ജനാധിപത്യം ജനകോടികളുടേതാണെന്ന് സ്ഥാപിക്കാനുള്ള വ്യാമോഹത്തിന്റെ പ്രത്യയ ശാസ്ത്രവും ഇതിൽ ഉണ്ട്.

എന്നാൽ നെഹ്റുവിന് പോലും വിഭാവനം ചെയ്യാൻ കഴിയാത്ത അവഗണനയുടെ രാഷ്ട്രീയവും ഇവിടെ അതിവർത്തിക്കുന്നു.  അത് ഗോത്ര ആചാരങ്ങളുമായി ബന്ധപ്പെട്ടതാണ്. ഗോത്രം ബുധിനിയെ അവഗണിച്ചു. പ്രധാനമന്ത്രിയിൽ നിന്നും ലഭിച്ച സ്വപ്നസമാനമായ ഈ അംഗീകാരം ബുധിനിയുടെ ജീവിതത്തിൽ ഒറ്റപ്പെടലായി കലാശിക്കുകയാണുണ്ടായത്.  ഗോത്രാചാരങ്ങളെയും വിശ്വാസങ്ങളെയും രാഷ്ട്ര മര്യാദകളുമായും വികസന സങ്കല്പവുമായും ബന്ധിപ്പിക്കാൻ അവർ ആഗ്രഹിച്ചില്ലെന്ന് അർത്ഥം. രാഷ്ട്ര വികസനമല്ല അവർക്ക് മുഖ്യമായത് ഗോത്രാചാരമര്യാദകളത്രെ.

പരിഗണനയുടെ രാഷ്ട്രീയത്തിന്റെ ഭിന്നതലങ്ങൾ . ഇവിടെ കാണാം.  അതേ സന്ദർഭത്തിൽ തന്നെ അവഗണനയുടെ പ്രത്യയ ശാസ്ത്രവും അതിൽ നിഹിതമാകന്നു.  ലോക കപ്പ് ക്രിക്കറ്റ് മത്സരത്തിൽ ഇന്ത്യ ഇംഗ്ലണ്ടിനെതിരെ കളിച്ച രീതി ഓർക്കുക.  വിക്കറ്റ് കയ്യിലുണ്ടായിട്ടും മെല്ലെപ്പോക്ക് നയം തുടർന്ന ഇന്ത്യ പാകിസ്ഥാനെ പുറത്താക്കുന്നതിനു വേണ്ടി തോറ്റുകൊടുക്കുകയാണ് ചെയ്തത് എന്ന വിമർശനം പിറ്റേന്ന് മാദ്ധ്യമങ്ങളിലുയർന്നു.  പാക്കിസ്ഥാന്റെ സാമീപ്യം ഇന്ത്യ ആഗ്രഹിക്കുന്നില്ല എന്നർത്ഥം. ഇനിയും അവരുമായി കളിക്കേണ്ടി വന്നാൽ തോറ്റുപോയാൽ നാടിന് നാണക്കേടാകുമോ എന്ന ഉൾഭയം. ഇതു രണ്ടുമാണ് തോറ്റുകൊടുത്തുവെന്ന ആരോപണത്തെ ബലപെടുത്തുന്നത്.  ഇവിടെ കളിയെന്ന ആരോഗ്യകരവും ഉല്ലാസപ്രദവുമായ മത്സരമെന്ന തലം രാഷ്ടങ്ങൾ തമ്മിലുള്ള പോരാകുന്നു. ഒരു പോരിന്റെ രാഷ്ട്രീയം സംജാതമാകുമ്പോളാണ് അവഗണനയും പരിഗണനയും പ്രത്യക്ഷമാകുന്നത്.

അതായത് പരിഗണനയുടെ രാഷ്ട്രീയത്തിൽ ഒരു പോരുണ്ട്.  ഇത് ഇക്കാലഘട്ടത്തിന്റെ മാത്രം പ്രവണതയല്ല. അധികാരം മേൽത്തട്ട് വരേണ്യത കുലീനത ജാതി മഹത്വം മുതലായവ അള്ളിപ്പിടിച്ചിട്ടുള്ളത് പരിഗണനയുടെ രാഷ്ട്രീയത്തിനു മീതെയാണ്. അധീശത്വത്തിന്റെ പ്രയോഗവത്കരണം സാധിക്കുന്നത് പരിഗണന / അവഗണന എന്നീ പ്രത്യയങ്ങളിലൂടെയാണ്.  ജാതിമേധാവിത്വം സ്വാഭാവികമായും ബഹുഭൂരിപക്ഷം ജനത്തെയും പാർശ്വവത്കരിച്ചു. പാർശ്വവത്കരണം - മാർജിനലൈസേഷൻ - അവഗണനയുടെ കടുത്ത പ്രയോഗമാണ്. അതിനാൽ അത് സ്വത്യവാദങ്ങളിലേക്കും സ്വത്വ രാഷ്ട്രീയത്തിലേക്കും പ്രക്ഷോഭങ്ങളിലേക്കും അടുക്കുന്നു.

പരിഗണനയെന്ന വാക്ക് രാഷ്ട്രീയമായിത്തീരുന്നതിനുള്ള പ്രധാന കാരണം അതിന് രാഷ്ടീയ, സാമൂഹിക, സാംസ്കാരിക പ്രത്യയമായി തീരാൻ സാധിക്കുന്നുവെന്നതാണ്. അത് പ്രത്യയ ശാസ്ത്രത്തിന്റെ വകഭേദമാകുന്നു.  പരിഗണന ആർക്ക് എന്തിന് എന്ന ചോദ്യം പ്രധാനമാകുന്നു. പരിഗണിക്കുന്നവർ ആര്? പരിഗണിക്കപ്പെടേണ്ടവർ ആര് എന്ന ചോദ്യവും പ്രസക്തമാണ്. പരിഗണിക്കുന്നവർക്ക് ഒരു സമാന സ്വഭാവമുണ്ട്. അധികാരത്തിന്റെയും മേധാവിത്തത്തിന്റെയും നിലപാടിൽ നിന്ന് കീഴോട്ടുള വ്യാപനം അവർ ആഗ്രഹിക്കുന്നു.  സമവായത്തിന്റെ ഇടങ്ങൾ അവർക്ക് പ്രിയപ്പെട്ടതാകുന്നു. ആർദ്രമായ ജീവതടങ്ങളിലേക്ക് അവരുടെ മിഴിയും മനവും നീളുന്നു. ഈ വിശാലത സഹിഷ്ണുതയാകുന്ന കമ്പളത്താൽ ചുറ്റിവരിഞ്ഞതുമാണ്. ജനാധിപത്യവും സാഹോദര്യവും പുലരാൻ പരിഗണനയെന്ന മന്ത്രം മുഴങ്ങേണ്ടതുണ്ട്.

പരിഗണന കൊതിക്കുന്നവർ തങ്ങളുടെ വൈഭവങ്ങൾ മുകളിലേക്കു കൂടി വ്യാപിപ്പിക്കാൻ ആഗ്രഹിക്കുന്നവരാണ്.  ലോകത്തിലെ സകലമാന ചരങ്ങളും കൊതിക്കുന്ന സ്വാതന്ത്ര്യം ഉൾവഹിക്കാൻ ആഗ്രഹിക്കുന്നവരാണ്. അതേ സമയം പരിഗണിക്കേണ്ടവരുടെ അശ്രദ്ധയിൽ അമർഷം നീറിപ്പുകയുന്നവരാണ്.  ഇതാണ് മേൽപ്പറഞ്ഞ സ്വത്വവാദങ്ങളിലേക്ക് നയിക്കുന്നത്. അവഗണനയിൽ നിന്ന് രക്ഷപ്പെടാനുള്ള മാർഗ്ഗമായി സംഘടിതശേഷിയെ ഉപയോഗപ്പെടുത്താൻ അവർ ശ്രമിക്കുന്നു. ഇത് സാമൂഹിക സന്തുലനത്തെ ബാധിക്കുന്നു.  പരിഗണിക്കേണ്ടവരുടെ സ്വാർത്ഥപൂർണ്ണമായ വൈമനസ്യമാണ് ഈ ദൃഷ്കൃതി സൃഷ്ടിക്കുന്നത്.

പൗരന്മാർ ഉത്തരവാദിത്തങ്ങൾ തിരിച്ചറിയുകയും ഭംഗിയായി നിറവേറ്റുകയും ചെയ്യുന്ന ഒരു സമൂഹത്തിൽ പരിഗണന / അവഗണന എന്നിവ വിഷയമാകുന്നില്ല.  എന്നാൽ നിക്ഷിപ്ത താൽപര്യങ്ങളുടേതായ രാഷട്രീയം അതിവർത്തിക്കുന്നതിനാൽ ജാതി/മതാധിഷ്ഠിത പരിഗണനകളും അവഗണനകളും നിർബാധം തുടരുന്നു. ഒരു വിഷയത്തെ പരിഗണിക്കേണ്ടതെങ്ങനെ എന്ന അറിവ് ഏറ്റവും വലിയ തിരിച്ചറിവാകുന്നു.  

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഹിമവാൻ്റെ മുകൾത്തട്ടിൽ: രാജൻ കാക്കനാടൻ, ഭാഗം1

കരുണ - കുമാരനാശാൻ

സഭാപ്രവേശം - കുഞ്ചൻ നമ്പ്യാർ