കടൽക്കാക്കകൾ : വൈലോപ്പിള്ളി (ആസ്വാദനം)

കടൽക്കാക്കകൾ- വൈലോപ്പിള്ളി



വൈലോപ്പിള്ളിയുടെ,  ജീവിത സുഗന്ധം പ്രസരിക്കുന്ന മനോഹരമായ കവിതയാണ് കടൽക്കാക്കകൾ. 1958 ൽ അതേ പേരിലുള്ള സമാഹാരത്തിൽ പ്രസ്തുത കവിത ഉൾപ്പെടുത്തിയിട്ടുണ്ട്. കടൽ കവിക്ക് എന്നും പ്രിയപ്പെട്ട വിഷയമായിരുന്നു.
"തുടുവെള്ളാമ്പൽ പൊയ്കയല്ല ജീവിതത്തിന്റെ
കടലേ കവിതയ്ക്കു ഞങ്ങൾക്കു മഷിപ്പാത്രം"
എന്നെഴുതിയ കവിയാണ് വൈലോപ്പിള്ളി. മതിയെ വ്യാമോഹിപ്പിക്കുന്ന സൗന്ദര്യത്തിലുപരി ജീവിതത്തിന്റെ പരുക്കൻ വർത്തമാനത്തിലാണ് കവിതയുടെ ഭാവി എന്ന് തിരിച്ചറിഞ്ഞ കവിയാണ് വൈലോപ്പിള്ളി. കടലിനെ, അതിന്റെ അനിർവചനീയമായ അപാരതയെ ജീവിതത്തോടാണ് കവി സദ്യശപ്പെടുത്തുന്നത്.  കോടാനുകോടി മനുഷ്യർ. കോടാനു കോടി മോഹങ്ങൾ. പ്രതീക്ഷകൾ. ചിലയിടങ്ങളിൽ ഒന്നു ചേർന്നുള്ള ആഹ്ലാദം. ചിലപ്പോൾ ഘോരമായ തകർച്ച. ഏതു തകർച്ചക്കിടയിലും ജീവിതം കെട്ടിപ്പടുക്കാനുള്ള വെമ്പലുകൾ. ചുറ്റിലും ജനസഞ്ചയത്തിന്റെ ആരവം. മരണമല്ല, ജീവിതം എല്ലാത്തിലും വിജയക്കൊടി നാട്ടിയിരിക്കുന്നു. മരണത്തിന് ഒരന്ത്യമുണ്ടെങ്കിലും ജീവിതത്തുടിപ്പുകളെ അവസാനിപ്പിക്കാൻ ഒരിക്കലും അതിനു സാധിക്കില്ല.   പുതിയ പ്രതീക്ഷകളിലൂടെയും പുതുജന്മങ്ങളിലൂടെയും അത് അഭംഗുരം മുന്നോട്ടു പോകുന്നു. "ഹാ വിജിഗീഷു മൃത്യുവിന്നാമോ, ജീവിതത്തിൻ കൊടിപ്പടം താഴ്ത്താൻ" ?(കന്നിക്കൊയ്ത്ത്)

കടൽക്കാക്കകൾ സർവതന്ത്ര സ്വതന്ത്രതയുടെ പ്രതീകങ്ങളാണ്. സ്വച്ഛതയുടെയും സൗമ്യതയുടെയും പ്രകട രൂപങ്ങൾ.  കടൽവിഭവങ്ങൾക്കൊപ്പം കടൽ മാലിന്യവും ആഹരിച്ച് കടലിനെ വിശുദ്ധമാക്കുന്ന ജന്മങ്ങൾ. അതിന്റെ ശുഭ്രത കവിയെ അത്യധികം ആകർഷിക്കുന്നു. കവിയാകട്ടെ, പല സന്ദർഭങ്ങളിലും കാക്കകളോട് പ്രത്യേക പ്രതിപത്തി വെച്ചു പുലർത്തുന്നുമുണ്ട്.
കാക്കകൾ, കൂരിരുട്ടിന്റെ കിടാത്തികളാണെങ്കിലും, സൂര്യപ്രകാശത്തിന്റെ ഉറ്റ സഖികളാണെന്നും ചീത്ത കൊത്തിവലിക്കുന്നവയെങ്കിലും വൃത്തിവെടുപ്പുള്ളവരാണെന്നും കവി ഒരിടത്ത്പ്ര (കാക്ക എന്ന കവിതയിൽ)കീർത്തിക്കുന്നുണ്ട്.  കാക്കകൾക്കു സമാനരായ പക്ഷി വൃന്ദമാണ് കടൽക്കാക്കകൾ. വല്ലാത്ത കറുപ്പും പരുപരുത്ത ശബ്ദവും അന്യമെന്നു മാത്രം. നിറത്തിലും സ്വരത്തിലും ഭേദമുണ്ട്. 


ഇപ്രകാരം സാമൂഹിക ജീവിതത്തിന്റെ പ്രതീകമായ തരഭേദങ്ങളില്ലാത്ത പക്ഷിക്കൂട്ടത്തെയാണ് കടൽക്കാക്കകൾ എന്ന കവിതയിൽ ശീർഷകമാക്കിയിരിക്കുന്നത്.  ഇത് അന്വർത്ഥമാണ്. അർത്ഥശങ്കകളില്ലാതെ വ്യാപരിക്കുന്നവർ. ആശയക്കുഴപ്പം അഭിമുഖീകരിക്കാത്തവർ. ശുദ്ധാശുദ്ധ വിവേചനം ബാധിക്കാത്തവർ. രണ്ടു വ്യക്തികളുടെ അഥവാ ഒരു സമൂഹത്തിന്റെ കഥ പറയുമ്പോൾ പക്ഷികൾക്കെന്താണ് സ്ഥാനം?  അഥവാ നമ്മുടെ ചുറ്റിലുമുള്ള പൂക്കളും ശലഭങ്ങളും പക്ഷികളും നമ്മെ ഉപദേശിക്കുന്നതെന്ത്? നമുക്ക് കാട്ടിത്തരുന്നതെന്ത്? സ്നേഹത്തിൻ്റെയും ഉത്തരവാദത്തിൻ്റെയും ഈ പൊരുളറിഞ്ഞാൽ നമ്മുടെ സമുദായത്തിലെ അനൈക്യവും അനാരോഗ്യ മത്സരങ്ങളും അവസാനിക്കും. പ്രകൃതിയുടെ നിർമ്മലതയെയത്രെ അവ ആഖ്യാനം ചെയ്യുന്നത്.

കടൽക്കാക്കകൾ എന്ന കവിതയിൽ ബാല്യകാലാനുഭവമാണ് ആവിഷ്കരിച്ചിട്ടുള്ളത്. ജ്യേഷ്ഠനും അനുജനും മുന്തിയ ജാതിക്കാരാണ്.  സവർണ്ണർ. ആഢ്യത്വത്തിന്റെ പ്രതീകമായ കുടുമ വളർത്തിയവർ. എന്നാൽ സവർണ്ണതയുടെ മാഹാത്മ്യത്തിന് ഇടിവ് സംഭവിച്ചു തുടങ്ങിയിരിക്കുന്നു.  ഉച്ചഭക്ഷണ സമയത്ത് മറ്റു കുട്ടികളൊക്കെ ഭഷണം കഴിച്ച് വിനോദങ്ങളിൽ ഏർപ്പെടുമ്പോൾ, ഭക്ഷണം കഴിക്കാതെ വിശപ്പടക്കി പ്രകൃതിനിരീക്ഷണം നടത്തിക്കഴിയാനാണ് ഇരുവരുടെയും ദുർവിധി.  ഇത് ഊണിന് വകയില്ലാത്തതിനാലല്ലെന്ന് കവി വ്യക്തമാക്കുന്നുണ്ട്. വീട്ടിൽ പോയി ഊണു കഴിച്ചു വരാനുള്ള നേരമില്ലാത്തതാണ് ഇവിടെ പ്രതിസന്ധി ഉളവാക്കിയത്. അതോടൊപ്പം, ചായക്കടകളിലോ ഊൺ ശാലകളിലോ പ്രവേശിക്കാനുമാകില്ല. കാരണം, ശുദ്ധാശുദ്ധ ഫ്യൂഡൽ പ്രശ്നം തന്നെ. അശുദ്ധിയാൽ ഉണ്ടാകുന്ന മാനക്ഷതിയാണ് അസ്വസ്ഥത ഉളവാക്കുന്ന ഒരു പ്രധാന ഘടകം. ജാത്യാചാരമാകുന്ന വിഴുപ്പേന്തി നടക്കാത്തവരോട് ആഭിമുഖ്യമില്ലാത്ത സമൂഹം. ശുദ്ധാശുദ്ധം തെറ്റിച്ചാൽ ഘോരമായ ശിക്ഷയും അനുഭവിക്കേണ്ടിവരും.  


കാര്യങ്ങൾ ഇപ്രകാരമാകയാൽ ജ്യേഷ്ഠാനുജന്മാർ സ്കൂൾ ചുവരുകളിൽ പാർപ്പുറപ്പിച്ചിരിക്കുന്ന പ്രാവിന്റെ കുറുകൽ കേട്ടും ഉറുമ്പുകൾ വരിയിടുന്ന കാഴ്ച കണ്ടും വിശപ്പിന്റെ അസഹ്യത പരിഹരിക്കാൻ ശ്രമിക്കുകയാണ്.  കുട്ടികൾ കളിത്തട്ടു കളിക്കുന്ന കാഴ്ച കാണാൻ പോയാൽ ഒരു ദോഷമുണ്ട്. അവർ കുസൃതി കാരണം ഓടി വന്ന് ഊണു കഴിച്ച കൈ മുഖത്ത് മണപ്പിക്കും. ഇതിൽ നിന്നും രക്ഷനേടാനായാണ് കടൽത്തീരത്തെ കാറ്റ് ആസ്വദിക്കാൻ പോകാമെന്ന് ജ്യേഷ്ഠൻ  പറഞ്ഞത്. അതുപ്രകാരം രണ്ടു പേരും കടൽത്തീരത്തെത്തുന്നു. കടൽക്കാറ്റിന്റെ തന്നുപ്പും സുഖവും കവി എടുത്തു പറയുന്നു. കടൽ പ്രപഞ്ചജീവിതത്തെ ആഖ്യാനം ചെയ്യുന്ന മഹാ സത്യമാകുന്നു. അതിനാൽ അതിന്റെ പാണികളുടെ സ്പർശം അനുപമമായതിൽ അത്ഭുതമില്ല. കാറ്റും തിരയും ജീവിത സാഗരത്തിന്റെ പാണികളാകുന്നു. സാന്ത്വനമാകുന്നു ലക്ഷ്യം.

അങ്ങനെ കാറ്റേറ്റിരിക്കെ ദൂരെ കപ്പൽ പോകുന്ന, വഞ്ചികൾ നീങ്ങുന്ന കാഴ്ച.  കായലും കടലും ചേരുന്നിടത്തു നിന്ന് കടൽകാക്കകൾ കടലിന്റെ അനന്തതയെ ലക്ഷ്യമാക്കി ഉയരുന്നു. കടൽക്കാക്കകളുടെ സ്വതന്ത്ര വിഹാരം കവിയെ - കവിതയിൽ അനുജനെ - അത്ഭുതപരതന്ത്രനാക്കുന്നു.  ഇവിടെ അനന്തതയെ വരിക്കുന്ന കടൽക്കാക്കകളും കവിതയും സമാനമാണ്. ഈ സുഖവും സ്വാതന്ത്ര്യവും ഊഷ്മളതയും സ്വന്തം ജീവിതത്തിൽ അന്യമാണല്ലോ എന്ന് ചിന്തിക്കാൻ അനുജന് സാധിക്കുന്നില്ല. എന്നാൽ അവന്റെ വിസ്മയം ആ അർത്ഥതലങ്ങൾ ഉൾക്കൊള്ളുന്നു.

കടൽക്കാക്കകളും കവിതയും തമ്മിലുള്ള സാധർമ്യം എന്താണ്?  സ്വാതന്ത്ര്യവും സൗന്ദര്യവും എന്നു പറയാം. സമൂഹത്തിലെ മലിനതകളെ കൊത്തിയെടുക്കുന്ന കാക്കകളാകുന്നു കവികൾ. പുരോഗമന സാഹിത്യകാരന്മാരെ സമൂഹത്തിലെ വിഷം തീനികൾ എന്ന് പ്രശസ്ത നിരൂപകനായ കേസരി എ.ബാലകൃഷ്ണപിള്ള വിശേഷിപ്പിച്ചിട്ടുണ്ട്. സമൂഹത്തിൽ തിന്മകളും അരാജകത്വവും പെരുകുമ്പോൾ ഇത്തരം വിഷം തീനികളുടെ ആവശ്യകത നാം നേരിടുന്നു. തന്റെ കവിതയ്ക്കു തന്നെ മാനദണ്ഡം തീർക്കുന്ന കവിതയാണ് വൈലോപ്പിള്ളിയുടെ കടൽക്കാക്കകൾ. 

കായൽക്കരയിൽ വെച്ച് ജ്യേഷ്ഠൻ അനുജനോട് ഒരു കഥ പറഞ്ഞു. അത് തറവാട്ടിലെ കാരണവരുടെ കഥയായിരുന്നു. കാരണവർ വഞ്ചിയിൽ ഒരു രാത്രിയിൽ യാത്ര ചെയ്കെ വിശപ്പു കൊണ്ട് പൊറുതി മുട്ടി തുഴക്കാർ കൊണ്ടു വെച്ച കടുമണക്കുന്ന മീൻ കറിയും ചോറും അയാൾ കട്ടുതിന്നു.  അനുജൻ ആജാന ബാഹുവായ കാരണവരെ ഓർത്തു. അദ്ദേഹത്തിന്റെ ചിത്രം മനസ്സിൽ തെളിഞ്ഞു. കഴുത്തിലണിഞ്ഞ രുദ്രാക്ഷവും നെറ്റിത്തടത്തിലും ശരീരത്തിലും പൂശിയ ഭസ്മവും തൊട്ട കുറിയും പ്രത്യക്ഷമായി. ആജ്ഞാശക്തിയുള്ളവനായിരുന്നു അദ്ദേഹം. നാട്ടിൽ ആദരിക്കപ്പെട്ടവൻ.  വലിയൊരു കിങ്കരവൃന്ദം കൂടെയുള്ളവൻ. ശുദ്ധാശുദ്ധങ്ങളിൽ കണിശത പാലിക്കുന്നവൻ. ആ കാരണവർക്കു പോലും വിശപ്പിന്റെ വിളിയെ , ഭക്ഷണത്തിന്റെ പ്രലോഭനത്തെ തടുക്കാനായില്ല. എന്നാൽ ഇത്തരം കാരണവന്മാരുടെ ശുദ്ധാശുദ്ധ ചിന്തകളാണ് ഭാവിതലമുറയെ ബന്ധനസ്ഥമാക്കിയത്. അവർക്കും ശുദ്ധാശുദ്ധങ്ങളിൽ നിന്ന് മോചനമില്ലാതാക്കിയത്.  ഉണ്ടായിട്ടും വിശന്നിരിക്കാനുള്ള സാഹചര്യം സൃഷ്ടിച്ചത്. സഹജീവികളെ സ്നേഹിക്കാനുള്ള സ്വാതന്ത്ര്യം നഷ്ടമാക്കിയത്. ഇപ്രകാരമുള്ള പാരതന്ത്ര്യമാണ് കാരണവരുടെ സമ്മാനം.  


സ്കൂൾ കവാടത്തിലെത്തെ മധുര പലഹാരങ്ങൾ വില്ക്കുന്ന പാണ്ടിപ്പിള്ള അനുജന്റെ ശ്രദ്ധയാകർഷിച്ചു.  കുട്ടികൾക്ക് പല നിറത്തിലുള്ള മധുരം അയാൾ നല്കുന്നു. അനുജൻ മതിമറന്ന് നിന്നു . ക്ലാസ്സിൽ കയറാനുള്ള മൂന്നാം ബെല്ലും അടിച്ചു.  പാണ്ടിപ്പിള്ള അരുമയായ ഈ കുട്ടിക്ക് മിഠായി നല്കി. നിന്റെ മനസ്സ് ഇതുകൊണ്ട് കുതിരട്ടെ എന്ന് ആശീർവദിച്ചു. അനുജൻ ആ മധുരം കൊതിയാർന്ന് ആസ്വദിച്ചു.  എന്നാൽ ഇതു വീട്ടിൽ അറിഞ്ഞു. ശകാരവും അടിയും കിട്ടി. അതോടെ ശുദ്ധി പാലിക്കാത്തവൻ എന്ന മുദ്ര, ആക്ഷേപം പതിഞ്ഞു. മാനക്ഷതിയുടെ തിക്തവുതുപോലെ എന്നാണ് അനുജൻ ഓർക്കുന്നത്.  

കാലം മാറി.  സാഹചര്യങ്ങൾ വ്യത്യസ്തമായി. പല ജാതി മതങ്ങൾക്ക്  കേരളം അഭയമായി. പരസ്പരം തീണ്ടി അശുദ്ധമാകാതെ അവയിവിടെ പുലർന്നു.  
നെല്ലും മോരും കല്ലും കൊണ്ടേ
നെയ്തു നീ പൊതു സംസ്കാരം - എന്നാണ് കവി പറയുന്നത്.  പരസ്പര വിരുദ്ധങ്ങളായ ഘടകങ്ങളെ സമന്വയിച്ചാണ് പൊതു സംസ്കാരം കേരളം രൂപപ്പെടുത്തിയിട്ടുള്ളത്.

ഇന്ന് അതേ കായൽക്കരയിൽ കവി  നില്ക്കുന്നു. തുറമുഖത്തേക്ക് പല ദിക്കുകളിൽ നിന്നും ദേശങ്ങളിൽ നിന്നും അടുക്കുന്ന കപ്പലുകൾ. 
പരസ്പരം ബന്ധമില്ലാതിരുന്ന ഒരു കാലഘട്ടത്തിൽ നിന്നും തീർത്തും മാനവികവും സ്വതന്ത്രവുമായ അടയാളങ്ങൾ അവ വഹിച്ചു. ഇന്ന് പഴയ ആ പശിയില്ല.  ഇവിടെ പശിയില്ലായ്മ മനുഷ്യ ബന്ധങ്ങളുടെ സുതാര്യതയെയും പ്രകാശന ഭംഗിയെയും പ്രതിനിധാനം ചെയ്യുന്നു. എന്നാൽ പുതിയൊരു പൈദാഹം ഉള്ളിലുണ്ട്.  പഴയതിൽ നിന്നും തീർത്തും ഭിന്നമാണത്. ഉൾക്കൊള്ളാനുള്ള മോദമാണത്. ഇന്ന് പല നാട്ടുകാരോടൊപ്പം ജാതി മത ഭേദമില്ലാതെ സഹവർത്തിക്കാൻ കഴിയുന്നു.  ആ പഴയ കാല കഥകൾ പറയാൻ മനസ്സു കൊതിക്കുന്നു. ശുദ്ധാശുദ്ധങ്ങൾ അസ്ഥാനത്തായിരികുന്നു.

ആത്യന്തികമായി ജീവിതം ചില പാഠങ്ങൾ പകരുന്നു. സൂര്യന്റെ ഉദയ രശ്മികളെ ചുംബിക്കുന്ന മനുഷ്യ ഹൃദയമാകുന്ന പൂന്തോപ്പിൽ ഏതു മുൾച്ചെടിക്കും അതിന്റേതായ ധർമമുണ്ട്.  കൊള്ളാതെയും കൊടുക്കാതെയും ഒന്നും നിലനില്ക്കുന്നില്ല. ഏതു മുൾച്ചെടിക്കും ധനാത്മകമായ ഊർജ്ജമുണ്ട്. കൊള്ളലും കൊടുക്കലുമാണ് മനുഷ്യ ജീവിതം. ഇവിടെ അനാവശ്യമായി ഒരു വസ്തു പോലുമില്ല. ഉപകാരമില്ലാത്ത ഒന്നും ഈ പ്രപഞ്ചത്തിലില്ല. നീചൻ, അധമൻ, മുതലായ പദങ്ങൾ വേർതിരിവിന്റെയും മനുഷ്യത്വരാഹിത്യത്തിന്റെയും ശബ്ദങ്ങളാണ്. ശ്വാസവും വിയർപ്പും കണ്ണീരും മനസ്സിലെ ജലകണങ്ങളും പുണർന്ന്, തെളിനീർ പൊഴിച്ചു കൊണ്ട് മഴക്കാറ്റ് വീശെ, കാറ്റാടി മരങ്ങളിൽ നിന്നുയരുന്ന ചൂളം വിളി പോലെ തന്റെ കവിതകൾ മൂളിയുയരുന്നതായി കവി ദർശിക്കുന്നു.  ആ കവിതകളിൽ എഴുസമുദ്രങ്ങൾക്കും സമാനമായ ആഹ്ലാദം അലതല്ലുന്നു.

വൈലോപ്പിള്ളിയുടെ കാവ്യജീവിതദർശനം ഈ കവിതയിൽ പ്രത്യക്ഷമാണ്. ജീവിതത്തിന്റെ പൊരുളുകൾ വ്യർത്ഥമല്ലെന്ന അവബോധമാണ് വൈലോപ്പിള്ളി സമൂഹത്തിൽ ഉളവാക്കുന്നത്. ജീവിതം വൈചിത്ര്യമാർന്നതാണ്.  ആ വൈചിത്ര്യങ്ങൾക്കൊപ്പം അതിന്റെ മുദുലതയെയും മാനവികതയെയും സ്വീകരിക്കാനാണ് കവി കൊതിക്കുന്നത്. മാനുഷികമല്ലാത്ത ഒരു സമീപനത്തിനും കവിഹൃദയത്തിൽ പ്രവേശനമില്ല. വിശുദ്ധിയും സമാധാനവും ഒരുമയുമാണ് മനുഷ്യ ജീവിതത്തിൽ അനിവാര്യം.  അതിനുള്ള സാക്ഷ്യപത്രമാണ് കടൽകാക്കകൾ എന്ന ഈ കാവ്യം.

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഹിമവാൻ്റെ മുകൾത്തട്ടിൽ: രാജൻ കാക്കനാടൻ, ഭാഗം1

കരുണ - കുമാരനാശാൻ

സഭാപ്രവേശം - കുഞ്ചൻ നമ്പ്യാർ