വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ (കേസരി )

"മദിരാശിപ്പിത്തലാട്ടം'


വടക്കേ മലബാറിന്റെ മഹാനായ സാഹിത്യ നായകനാണ് വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ . (1861 - 1914). വടക്കേ മലബാറിന്റെ മഹാനായ സാഹിത്യ നായകൻ എന്നു പറയാൻ കാരണമെന്താണ്? അദ്ദേഹത്തിന്റെ രചനകൾ വടക്കെ മലബാറിന്റെ തനതു ശൈലിയെ പുരസ്കരിക്കുന്നു എന്നതാണ് പ്രഥമമായ സംഗതി. മറ്റൊന്ന് എഴുത്തിന്റെ സാദ്ധ്യതകളെ അന്നു തന്നെ തിരിച്ചറിഞ്ഞ വടക്കേ മലബാറുകാരൻ ആണ് അദ്ദേഹം. അദ്ദേഹത്തിന്റെ ഭാഷ ലളിതവും സരസവുമാണ്. അവതരണം ഹൃദ്യവും. ഭാഷയുടെ സുതാര്യതയെ ജീവനാഡിയാക്കുന്നവയാണ് വേങ്ങയിൽ കുഞ്ഞിരാമൻ നായനാരുടെ സൃഷ്ടികൾ.

പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാന ദശകവും ഇരുപതാം നൂറ്റാണ്ടിന്റെ പ്രാരംഭ ദശകവുമാണ് നായനാരുടെ സാഹിത്യരചനകളുടെ കാലം.  അന്ന് ഭരണകൂടം ആധുനിക യന്ത്രവൽക്കരണത്തിനുള്ള പ്രയത്നങ്ങൾ ആരംഭിച്ചിരുന്നു. അച്ചുകൂടങ്ങൾ, ആനുകാലികങ്ങൾ, ചുരുക്കം ചില വ്യവസായ ശാലകൾ, ചെറിയ തോതിലെങ്കിലും ഗതാഗത സംരംഭങ്ങൾ എന്നിവ വികസനത്തിന്റെ ഘടകങ്ങളായി നാട്ടിൽ വ്യാപിക്കാനാരംഭിച്ച കാലം. കൊളോണിയൽ ആധുനികതയ്ക്ക് അടിത്തറയിട്ട്  ഇംഗ്ലീഷ് വിദ്യാഭ്യാസം പുരോഗതിയുടെ പ്രതീകമായ കാലം. പുരോഗതിയുടെ മണ്ഡലം വികസ്വരമാവുകയും മുതലാളിത്ത താൽപര്യങ്ങൾ സജീവമാവുകയും ചെയ്ത സന്ദർഭത്തിലാണ് നൂതന സാഹിത്യ പ്രസ്ഥാനമായ ചെറുകഥ പിറവിയെടുത്തത്.

കഥയോടുള്ള അഭിനിവേശം പുതിയതല്ല.  കഥ കേൾക്കാനും പറയാനുമുള്ള വെമ്പൽ പുരാതനമാണ്.  ഭാവനയും അതിശയോക്തിയുടെ പൂരവും ഭ്രമാത്മകതയും ഒത്തുചേർന്നവയാണ് പുരാതന കഥകൾ.  നടക്കാനിടയില്ലാത്ത കാര്യങ്ങൾ സങ്കല്പിച്ച് മനുഷ്യന്റെ വ്യക്തിപരമായ പരിമിതികളെ ഉല്ലംഘിച്ചുകൊണ്ട് മനുഷ്യന്റെ അജയ്യതയെ അവ സ്ഥാപിക്കുന്നു.  ഇത്തരം അതിഭാവുകത്വമുള്ള കഥകൾക്ക് മനസ്സിനെ ചലിപ്പിക്കാനും രസിപ്പിക്കാനും സാധിക്കും. എന്നാൽ നൂതന വ്യവസായ പുരോഗതിയുടെ സൃഷ്ടികളായ ആധുനിക ചെറുകഥകൾ സംക്ഷിപ്തത, മാനുഷികതയുടെ ആവിഷ്കാരം, ജീവിതയാഥാർത്ഥ്യ ബോധം എന്നീ ഗുണങ്ങൾ ഉള്ളതും സമൂഹത്തിന്റെ അടിസ്ഥാന പ്രശ്നങ്ങളിലേക്ക് വിരൽ ചൂണ്ടുന്നവയുമാണ്.

പത്തൊമ്പതാം നൂറ്റാണ്ടിന്റെ പ്രാരംഭത്തിൽ തന്നെ കഥയുടെ പുതിയ മുഖം അവതരിപ്പിക്കാനുള്ള ശ്രമങ്ങളുണ്ടായി.  വിദ്യാർത്ഥികൾക്ക് പാഠപുസ്തകം എന്ന നിലക്ക് ചില ഇംഗ്ലീഷ് കഥകൾ പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. തിരുവിതാംകൂർ പാഠപുസ്തക കമ്മിറ്റിയുടെ ആവശ്യാർത്ഥം കേരളവർമ വലിയകോയിത്തമ്പുരാൻ ചില കഥകൾ സാരോപദേശമുള്ളവ, ഉൾച്ചേർത്തിരുന്നു. കഥയുടെ സാദ്ധ്യതകളെക്കുറിച്ചുള്ള അവബോധം പൂർവികർക്ക് ഉണ്ടായിരുന്നുവെന്ന് ഇതിലൂടെ മനസ്സിലാക്കാം.

വികസ്വരമായ വികസന സാഹചര്യത്തിൽ, സാമൂഹിക പരിഷ്കരണത്തിന്റെ പ്രഭാവം അലയടിക്കാനാരംഭിച്ച വേളയിൽ, കൊളോണിയൽ ആധുനികതയെ നിരസിച്ചു കൊണ്ട് ജനകീയ നവോത്ഥാനം പടി കടന്നുവന്ന കാലഘട്ടത്തിലാണ് വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ ചെറുകഥകൾ എഴുതി എഴുത്തിന്റെ സാമൂഹികോദ്ദേശ്യ സാദ്ധ്യതകൾ വിപുലമാക്കിയത്. പൂർവഗാമികളുടെ കഥാ പ്രേമത്തിന് പ്രാദേശിക മാനം നല്കി, ലോക കഥാഗതികളിൽ നമുക്കും ഇടം ഒരുക്കി. അദ്ദേഹത്തിന്റേത് എന്നു കരുതുന്ന ആദ്യ കഥയായ വാസനാവികൃതി സംക്ഷിപ്തതയും കഥാ ഗുണങ്ങളും ( ആദിമദ്ധ്യാന്തപ്പൊരുത്തം, പരിണാമഗുപ്തി) (ഏകദേശം) ഒത്തിണങ്ങിയ കഥയ്ക്ക്  മാതൃകയാണ്. തലമുറയായി മോഷണശീലം കൈമാറി വന്ന ഒരു കുടുംബത്തിലെ ഇക്കണ്ട കുറുപ്പ് എന്ന കള്ളന് ജന്മവാസന കൊണ്ട് സംഭവിച്ച അമളിയാണ് വാസനാവികൃതിയിലെ പ്രതിപാദ്യം.  

'ദ്വാരക' എന്ന കഥ (1893) രചിക്കുമ്പോഴേക്കും കേസരിയുടെ രചനാ നൈപുണ്യവും കഥന സാമർത്ഥ്യവും പ്രകടമാക്കുന്നു. നൂതന സാങ്കേതിക വിദ്യകളുടെയും പ്രതിഫലനം അതിൽ കാണാം.  'മദിരാശിപ്പിത്തലാട്ടം' എന്ന കഥ നഗരവിഭ്രമങ്ങൾ അവതരിപ്പിക്കുന്നു. മദിരാശി നഗരത്തിൽ എത്തപ്പെട്ട സാധാരണക്കാരനായ ഒരു മലയാളിക്കുണ്ടായ ചാപല്യങ്ങളാണ് ആ കഥയിൽ ആഖ്യാനം ചെയ്തിട്ടുള്ളത്.  നഗര ദൃശ്യങ്ങളിൽ വിസ്മയിച്ചു നടക്കെ പരിചയപ്പെട്ട ഒരുവൻ അയാളെ നന്നായി പറ്റിക്കുന്നു. വർത്തമാനം പറഞ്ഞും കാഴ്ചകൾ കാട്ടിയും മോഹിപ്പിച്ച് വലിയൊരു ഹോട്ടലിലേക്ക് കൂട്ടി കൊണ്ടുപോവുന്നു.  അവിടെ നിരവധി ഭക്ഷ്യ സാമഗ്രികൾ ഓർഡർ ചെയ്യുന്നു. വിശിഷ്ട ഭോജ്യങ്ങൾ മിന്നിത്തിളങ്ങുന്ന പാത്രങ്ങളിൽ എത്തിച്ചേരുന്നു. ചില ജാലവിദ്യകളും പ്രകടിപ്പിക്കുന്നു. ഫ്രീ മെസനാണോ എന്ന ചോദ്യത്തിന് അല്ലെന്ന മറുപടി നല്കുന്നു.  എങ്കിൽ ആ ക്ലബ്ബിൽ ചേർക്കാം എന്നു പറഞ്ഞ് കണ്ണുകെട്ടിയിരുത്തി. ദീർഘനേരം കഴിഞ്ഞ് കെട്ടഴിച്ച് കണ്ണു തുറന്നു നോക്കെ സുഹൃത്തില്ല. അയാൾ പറ്റിച്ച് സ്ഥലം വിട്ടിരുന്നു. ഭക്ഷണം വിളമ്പിയ വിശിഷ്ട സാമഗ്രികളൊക്കെ അയാൾ കൊണ്ടുപോയി.  വല്ല വിധേനയും മലയാളി അവിടെ നിന്ന് തടി കഴിച്ചിലാക്കുന്നു.

നാഗരിക സംസ്കൃതി രൂപപ്പെട്ടു വരുന്ന കാലഘട്ടത്തിൽ എഴുതപ്പെട്ട ഈ കഥ നഗര ജീവിത ദുരന്തങ്ങളിലേക്ക് വിരൽ ചൂണ്ടുന്നു.  മനുഷ്യത്വം വരണ്ട ഇടമാണ് നഗരം. ശുദ്ധന്മാരെ കബളിപ്പിക്കുന്ന ഇടം. യാന്ത്രികതയും പരിഷ്കാരവും നന്മയെ ഹരിക്കുമെന്ന സന്ദേശവും കഥ നല്കുന്നു. കഥ മനുഷ്യ ജീവിതത്തിലേക്ക് പ്രവേശിക്കുന്നതിന്റെ നാന്ദിയായി മദിരാശിപ്പിത്തലാട്ടം എന്ന കഥയെ കാണാം. സുതാര്യമായ ഭാഷയും ആദി മധ്യാന്തപ്പൊരുത്തമുള്ള കഥാഘടനയും മദിരാശി പ്പിത്തലാട്ടത്തിനുണ്ട്. 

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഹിമവാൻ്റെ മുകൾത്തട്ടിൽ: രാജൻ കാക്കനാടൻ, ഭാഗം1

കരുണ - കുമാരനാശാൻ

സഭാപ്രവേശം - കുഞ്ചൻ നമ്പ്യാർ