മൊട്ട: ആറ്റൂർ രവിവർമ്മയുടെ 'മൊട്ട' ഉയർത്തുന്ന പരിസ്ഥിതി വിചാരം

ആറ്റൂർ രവിവർമ്മയുടെ 'മൊട്ട'



ആറ്റൂർ രവിവർമ്മയുടെ മൊട്ട പരിസ്ഥിതി വിചാരം നഷ്ടപ്പെട്ട ആധുനിക സമൂഹത്തിന്റെ നെടുകെയുള്ള ഛേദമാണ്.  യന്ത്രങ്ങളുടെ കയ്യിൽ ഭൂമി പമ്പരമായി മാറുമെന്ന് ഇടശ്ശേരി ഗോവിന്ദൻ നായർ ദർശിച്ചിരുന്നു. ആ ക്രാന്തദർശിത്വത്തിന്റെ മികവുറ്റ ഉൽപന്നമായിരുന്നു കുറ്റിപ്പുറം പാലം എന്ന കവിത.  പ്രസ്തുത കവിത മുന്നോട്ടു വെച്ച രാഷ്ട്രീയ സാമൂഹിക വെല്ലുവിളികളെ പൂരണം ചെയ്യുന്ന നിരവധി രചനകൾ മലയാളത്തിൽ ഉണ്ടായിട്ടുണ്ട് അതിലൊന്നാണ് മൊട്ട . മുണ്ഡനം ചെയ്യപ്പെട്ട തല എന്നതാണ് മൊട്ട എന്ന വാക്കിന്റെ അർത്ഥം. മൊട്ട എന്നത് മിനുസവും തിളക്കവുമുള്ള ഇല്ലായ്മയുടെ കൗതുകം നിറഞ്ഞ  ആഖ്യാനം മാത്രമല്ല, തരിശായി കിടക്കുന്ന മനസ്സിന്റെയും ഭൂമിയുടെയും തിക്താവസ്ഥയുടെ പ്രതിഫലനം കൂടിയാണ്. 

കവി കുട്ടിക്കാലത്തെ അവതരിപ്പിക്കുന്നത് നന്മ നിറഞ്ഞ കാലത്തിന്റെ പ്രതിഫലനമായിട്ടാണ്. കഴുകൻ മല ഒരു പ്രതീകമാണ്.  അത് സസ്യശ്യാമള സമൃദ്ധിയുടെ സൂചകം കൂടിയാണ്. കൂട്ടമായി കഴുകൻ മലയിൽ പ്രവേശിക്കുന്നതും അവിടത്തെ കുളിർമയും ഊഷ്മളതയും അനുഭവിക്കുന്നതും മലമുകളിൽ കയറി കാഴ്ചകൾ കാണുന്നതും കവി ഓർമിക്കുന്നു.  തണലും തണുപ്പും ഫലങ്ങളും വിനോദോപാധികളും (ഊഞ്ഞാൽ മുതലായവ) സംഗീതവും സൗന്ദര്യവും കഴുകൻമലയിലുണ്ട്. അപാരമായ ശാന്തതയ്ക്കൊപ്പം പേടിപ്പെടുത്തുന്ന കാഴ്ചകളും ഉണ്ട്. എന്നാൽ ഭയം പോലും ഇവിടെ സുഖദമായ അനുഭവമായി മാറുന്നു. പ്രകൃതി പകരുന്ന ആദ്യാനുഭവങ്ങൾക്കും പാഠങ്ങൾക്കും തനതായ മൂല്യമുണ്ടെന്നത് വസ്തുതയത്രെ. തോഴന്റെ സ്ഥാനത്തു നില്ക്കുന്ന പ്രകൃതിയുടെ കാഴ്ച ആറ്റൂർ ആസ്വാദകന് സമ്മാനിക്കുന്നു. 


കവി വ്യക്തമാക്കുന്നു: കൂട്ടുകാരോടൊത്ത് കഴുകൻ മലയിൽ പോകുമ്പോൾ അവിടം 'മൗനവും പാട്ടും തണലും വെളിച്ചവും രസമുള്ള പേടിയും സ്വാതന്ത്ര്യവും ' വിളഞ്ഞു നില്ക്കുന്നുവെന്ന് കവി രേഖപ്പെടുത്തുന്നു.  വെളിച്ചം പ്രകൃതി പകരുന്ന ഊഷ്മളാനുഭവങ്ങളുടെ രശ്മികളാണ്. വെളിച്ചവും സ്വാതന്ത്ര്യവും മാനവികതയുടെ സൂചകങ്ങളാണ്. ബാല്യ കൗമാരങ്ങളുടെ സുഖാനുഭവങ്ങൾ യൗവനത്തിൽ നഷ്ടമാകുന്നു. ജീവിത തിക്താനുഭവങ്ങൾ നാടുവിട്ട് മറുനാട് പൂകാൻ സുഹൃത്തുക്കളെ പ്രേരിപ്പിക്കുന്നു.  ഓരോരുത്തരും യാത്രയാകുമ്പോൾ ഹൃദയം തരിശാകുന്നു. നഷ്ട സൗഹൃദങ്ങൾ ജീവിത ഭാരങ്ങളായി രൂപപ്പെടുന്നു. പലരെയും തീരെ കാണാതായി. പലരും പേരക്കുട്ടികളുടെ രൂപഭാവങ്ങളിൽ അടയാളപ്പെടുത്തപ്പെട്ടു. പ്രായം കൂടി വരുന്നത് നേരിട്ടറിയുന്നു. നരയും കഷണ്ടിയും വയ്യായ്കകളും ചിഹ്നങ്ങളാകുന്നു.

അടിയന്തരമായി നാട്ടിലേക്ക് വരേണ്ടി വന്നു. ചിത കത്തുകയാണ്. അതിന്റെ വെളിച്ചത്തിൽ സുഖവും ശീതളിമയും പകർന്ന, കുട്ടിക്കാലത്തെ കഴുകൻ മല കണ്ടു.  കഴുകൻ മലയെ കവി കാണുന്നത് ഇപ്രകാരമാണ്: ' വയസ്സായി ദണ്ണം പിടിച്ചു മുടി പറ്റെ /വെട്ടിയ മുത്തശ്ശി തൻ തല പോലെ 'യായിരുന്നു കഴുമല. കവിതയിൽ പഴകിയ വീടും പിന്നാമ്പുറവും പ്രാന്തവൽക്കരിക്കപ്പെട്ട അവസ്ഥയെ സൂചിപ്പിക്കുന്നു. വെളിച്ചം എന്ന വാക്ക് ഇവിടെ വീണ്ടും കടന്നുവരുന്നു. വെളിച്ചത്തിന്റെ ശുഭ സൂചകത്വം ഇവിടെ അവസാനിച്ചതു കാണാം. ഒന്നിന്റെ നശ്വരതയിൽ നിന്നാണ് അത് പുറപ്പെടുന്നത്. ഉദയത്തിൽ നിന്നല്ല, അസ്തമയത്തിൽ നിന്നാണ് ഈ വെളിച്ചം. 


കഴുമലയിലേക്ക് ആരും വരാറില്ല ഇപ്പോൾ. അതാ കെ മുണ്ഡനം ചെയ്യപ്പെട്ടിരിക്കുന്നു. മുമ്പത്തെ എല്ലാ ധന്യതയും അവസാനിച്ചിരിക്കുന്നു. രൂക്ഷമായ പ്രകൃതി നാശത്തിന് അത് വിധേയമായിരിക്കുന്നു. വനം നശിപ്പിച്ചും  പച്ചപ്പ് ചുട്ടെരിച്ചും അതിന്റെ സത്ത ചോർത്തിയിരിക്കുന്നു. അങ്ങനെ കറുത്തു തടിച്ചു മാനം മുട്ടി നില്ക്കുന്ന, വെടിവെച്ച് കുഴി വെട്ടി മൂടിയ കൊമ്പൻ എഴുന്നേറ്റ് നില്ക്കുന്നതു പോലെ ചൈതന്യം നശിച്ച് അത് ഉയർന്നു നില്ക്കുന്നു. 

മനുഷ്യന്റെ ആസുരത പ്രകൃതിയുടെ ദൈവികതയ്ക്കു മീതെ അധീശത്വം നേടിയതു പരാമർശിക്കുന്ന അർത്ഥ സാന്ദ്രമായ കവിതയാണ് 'മൊട്ട '. മനുഷ്യൻ തന്റെ സ്വാർത്ഥതയും ചൂഷണ പ്രവണതയും കാരണം പ്രകൃതിയിൽ നിന്നും തിക്താനുഭവങ്ങൾ നേരിട്ടു കൊണ്ടിരിക്കുകയാണ്. ഉരുൾ പൊട്ടലും വെള്ളപ്പൊക്കവും വേനൽക്കെടുതികളും നാടിനെ ഗ്രസിച്ചു കൊണ്ടിരിക്കുന്നു.  ഭൂമിക്ക് പനി ബാധിച്ചിരിക്കുന്നു. ആഗോള താപനത്തെ ചെറുക്കാൻ പോന്ന വിധത്തിലുള്ള ബോധവൽക്കരണവും അനിവാര്യമത്രെ. ഈ കവിത ആധുനിക മനുഷ്യന്റെ വികസന ഭ്രാന്തിൽ നിന്നുയരുന്ന വിഹ്വലതകളെ ആവിഷ്കരിക്കുന്നു.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഹിമവാൻ്റെ മുകൾത്തട്ടിൽ: രാജൻ കാക്കനാടൻ, ഭാഗം1

കരുണ - കുമാരനാശാൻ

സഭാപ്രവേശം - കുഞ്ചൻ നമ്പ്യാർ