ഗാന്ധിയും ഗോഡ്‌സെയും - എൻ.വി. കൃഷ്ണവാരിയർ

എൻ.വി. കൃഷ്ണവാരിയർ.- ഗാന്ധിയും ഗോഡ്‌സെയും



മലയാള കവിതാ സാഹിത്യത്തിൽ ദിശാവ്യതിയാനത്തിന് ആരംഭം കുറിച്ച കവികളിൽ പ്രമുഖനാണ് എൻ.വി. കൃഷ്ണവാരിയർ.  ജീവിതത്തിന്റെ അടരുകളെ യഥാതഥം അദ്ദേഹം കവിതകളിൽ ആവിഷ്കരിച്ചു. സാമൂഹിക തിന്മകളും ലക്ഷ്യബോധമില്ലാത്ത ഭരണകൂടത്തോടുള്ള അമർഷവും അധികാര പ്രമത്തതയും സ്വാർത്ഥതയും പട്ടണപ്രേമവും പരിഷ്കാരഭ്രമവും ജനങ്ങളുടെ നിസ്സഹായതയുമൊക്കെ അദ്ദേഹം പ്രമേയങ്ങളാക്കി. സമകാലിക സാമൂഹ്യ വിമർശ ഗണത്തിൽ ഉൾപ്പെടുത്താവുന്ന ഒരു മികച്ച കവിതയാണ് അദ്ദേഹത്തിൻറെ ഗാന്ധിയും ഗോഡ്സെയും . 










ഇന്ത്യയുടെ രാഷ്ട്രപിതാവായ, അശരണ ജനകോടികളുടെ ആശാകേന്ദ്രമായിരുന്ന മഹാത്മാവിനെ തോക്കിനിരയാക്കിയ നീചനാണ് ഗോഡ്സെ. 38- ആം വയസ്സിലാണ് ഈ ഹീനകൃത്യം ഗോഡ്സെ ചെയ്തത്. മതാന്ധതയും അഹന്തയും മതിഭ്രമവുമാണ് കൊലയുടെ കാരണങ്ങൾ.  അതിന്റെ സൂചനകൾ കവി നല്കിയിട്ടുണ്ട്. സായാഹ്‌നത്തിൽ പ്രാർത്ഥനയ്ക്കായി വരികയായിരുന്ന ഗാന്ധിജിയുടെ പാദങ്ങൾ തൊട്ട് വന്ദിക്കാനെന്നവണ്ണം കുനിഞ്ഞ ശേഷം തന്റെ കൈത്തോക്ക് പ്രയോഗിക്കുകയാണ് ഗോഡ്സെ ചെയ്തത്. മൂന്നു വട്ടം നിറയൊഴിച്ചു. വെടിയേറ്റു വീണ മഹാത്മാ ഹേരാം എന്ന പ്രാർത്ഥനയോടെ അന്ത്യശ്വാസം വലിക്കുകയും ചെയ്തു.


ഇന്ത്യാ രാജ്യം ഭരിച്ച വിദേശികൾ പോലും ചിന്തിച്ചിട്ടില്ലാത്ത ഹീനകൃത്യമാണ് സ്വദേശികൾ സ്വന്തം രാജ്യത്തു വാഴുമ്പോൾ സംഭവിച്ചത്.  ഗാന്ധിയുടെ വാക്കുകളും പ്രവൃത്തികളുടെ പൊരുളും അദ്ദേഹം ഉൽപാദിപ്പിച്ച മൂല്യങ്ങളും ആർശങ്ങളും സമൂഹം ഉപേക്ഷിച്ചിരിക്കുന്നു.

ഗോഡ്‌സെയെ രാഷ്ട്ര പിതാവിനെ വധിച്ച കുറ്റത്തിന് 1949 നവംബറിൽ തുക്കിലേറ്റി.  എന്നാൽ ഗാന്ധിയൻ ആശയങ്ങൾക്കുപരിയായി ഗോഡ്സെയുടെ അധമ മൂല്യങ്ങൾ സമൂഹത്തിൽ പ്രചരിച്ചു വന്നു.  ഗാന്ധിയൻ ആശയങ്ങളിൽ നിന്ന് തെന്നിപ്പോകുന്ന ആധുനിക ഭാരതാന്തരീക്ഷത്തെയും ഗോഡ്സെയുടെ അധമ മൂല്യങ്ങളെ സ്വാംശീകരിക്കാൻ വെമ്പുന്ന വരേണ്യ വിഭാഗത്തെയും വിമർശവിധേയമാക്കുകയാണ് എൻ.വി. കൃഷ്ണവാരിയർ.

സത്യം, നീതി, ധർമം, അഹിംസ, സഹിഷ്ണുത എന്നിങ്ങനെയുള്ള ഗാന്ധിയൻ മൂല്യങ്ങളുടെ തിരോഭാവവും കാപട്യം, ചൂതാട്ടം, കൊള്ളലാഭം, വരേണ്യ പ്രിയത, ചൂഷണം, സാധുജനദ്രോഹം, അമിതാധികാര പ്രവണത, എന്നിങ്ങനെയുള്ള സാമൂഹിക തിന്മകളുടെ ആവിർഭാവവും തമ്മിലുള്ള സംഘർഷം കവിതയിൽ പ്രത്യക്ഷമാണ്.  ഗാന്ധിജി ജീവിക്കുന്നത് ഇപ്പോഴും സാധാരണക്കാരിലാണ്. ജാതിമതഭേദമെന്യേ അദ്ദേഹം എല്ലാ പാവപ്പെട്ടവരിലും കുടിയിരിക്കുന്നു. ഇത് ഗോഡ്സെയെപ്പോലുള്ള വരേണ്യർക്ക് അസഹ്യമാണ്. ഗാന്ധിജിയെ സംബന്ധിക്കുന്ന ചരിതവും ചിന്തയും നാട്ടിൽനിന്നും ഒഴിവാക്കുന്നതിലാണ് ഇവർക്ക് താൽപ്പര്യം.

അഞ്ചു ഖണ്ഡങ്ങളായാണ് കവിത രചിക്കപ്പെട്ടിട്ടുള്ളത്.  ഗാന്ധിയും ഗോഡ്സെയും തമ്മിലുള്ള പുനർദർശനം കവി വിഭാവനം ചെയ്തിരിക്കുന്നു.  പ്രമേയം സംഭവ്യമാകുന്നത് അവരുടെ പ്രതിനിധികൾ സമൂഹത്തിൽ അവശേഷിക്കുന്നുവെന്ന കാഴ്ചയുടെ ഇടത്തിലാകുന്നു.  ഗാന്ധിജി ഇല്ലാത്തവന്റെ പക്ഷത്താണ്. അവർക്കു മാത്രമേ അദ്ദേഹത്തിന്റെ സാമീപ്യം സ്വീകാര്യമായുള്ളൂ.  അതിനാൽ, അരി മേടിക്കാൻ റേഷൻ ഷാപ്പിൽ ക്യൂവിൽ നില്ക്കുന്ന ഗാന്ധിയുടെ ചിത്രം അവതരിപ്പിക്കെ, അരികെ കൂറ്റൻ
കാറിലേറി, കരിഞ്ചന്ത വഴി തനിക്ക് കൈവന്ന കൊളളലാഭം ആസ്വദിച്ച് ചൂതാട്ട സ്ഥലത്തേക്ക് നീങ്ങുന്ന ഗോഡ്‌സെയെ അവതരിപ്പിച്ചിരിക്കുന്നു. ഗാന്ധിജിയുടെ ദരിദ്രനാരായണ സങ്കല്പത്തെ ഉചിതമായ കാവ്യബിംബമാക്കാൻ സാധിച്ചിരിക്കുന്നു.


രണ്ടാം ഖണ്ഡത്തിൽ വഴിയോരത്ത് മരിച്ചു കൊണ്ടിരിക്കുന്ന ഗാന്ധിയുടെ ദൃശ്യം അവതരിപ്പിക്കുന്നു.  കവിക്ക് സഹായിക്കാൻ സാധിക്കുന്നില്ല. ജീവിത പ്രയാസങ്ങൾ കവിയെ അവിടെ നിന്നും നെട്ടോട്ടമോടിക്കുന്നു.  പിന്നീട് കവി കാണുന്നത് ഗാന്ധിജിയുടെ ശരീരം താങ്ങിയിരിക്കുന്ന ഗോഡ്സെയെ യാണ്. കയ്യിൽ പിരിവിനുള്ള പാട്ട. രാഷ്ട്രീയക്കാരന്റെ വേഷവിധാനങ്ങൾ. ഖദർ ജുബ്ബയും തൊപ്പിയും . 'ആർഷ ഭാരത രീതിയിൽ ശവസംസ്കാരം നടത്തുകയെന്നതു മാത്രമല്ല ലക്ഷ്യം, വരാൻ പോകുന്ന തെരഞ്ഞെടുപ്പിൽ താൻ സാധാരണക്കാരനൊപ്പമാണെന്ന അഭിപ്രായം സൃഷ്ടിക്കുക കൂടിയാണ് ലക്ഷ്യം.  സത്യധർമ്മങ്ങൾ ഐവെടിഞ്ഞ കപട രാഷ്ട്രീയത്തിന്റെ പ്രതിനിധിയാകുന്നു ഗോഡ്സെ . ഗാന്ധിയുടെ മരണവും പ്രതീകാത്മകമാണ്.

മൂന്നാം ഖണ്ഡം ഗോഡ്സെയുടെ സുഖഭോഗങ്ങൾ നിറഞ്ഞതും അധികാര പ്രമത്തത കലർന്നതുമായ ജീവിതത്തെ ആഖ്യാനം ചെയ്യുന്നു. ബ്യൂറോക്രസിയുടെ ലാളന അനുഭവിച്ചു കൊണ്ടും അതിനെ ഉള്ളം കയ്യിലെടുത്തും സുഗമമായി മുന്നോട്ടു പോകുന്ന നയചതുരനായ മന്ത്രിയുടെ പരിവേഷമാണ് ഗോഡ്സെയ്ക്ക് നല്കുന്നത്.  അദ്ദേഹത്തെ കാണാനെത്തുന്നത് ഉന്നത രാഷ്ട്രീയ നേതാക്കന്മാരും ബിസിനസ്സുകാരും കമീഷൻ ഏജന്റുമാരും ഒക്കെയാണ്. സാമൂഹിക പ്രവർത്തക പോലും അയാളുടെ കെണിയിൽ വീണു പോയിരിക്കുന്നു. സമൂഹത്തിലെ വരേണ്യ വിഭാഗത്തിന്റെ പ്രിയനായി ഗോഡ്സെ മാറിയിരിക്കുന്നു. അവസാനത്തെ അതിഥിയെ യാത്രയാക്കി തിരിച്ചു വരവെയാണ് ഗെയ്റ്റിന് കാവൽ നില്ക്കുന്ന ഗാന്ധിയെ കാണുന്നത്. ഗാന്ധിയുടെ ഹേ രാം ആക്രന്ദനം ഗോഡ്സെയ്ക്ക് അസ്വസ്ഥതയുണ്ടാക്കി.  മിണ്ടാതിരിക്കണം, ഇല്ലെങ്കിൽ പണിയുണ്ടാകില്ലെന്ന് ഭീഷണിപ്പെടുത്തി. അധികാരത്തിന്റെ ഹുങ്ക് സാധാരണക്കാരന്റെ മീതെ പ്രയോഗിച്ച് സായൂജ്യമടയുന്ന രാഷ്ട്രീയ നേതാവ് ഗോഡ്സെയുടെ പ്രതിരൂപമാണ്.

ഗാന്ധിയൻ ആശയങ്ങളുടെ സാന്നിദ്ധ്യവും അദ്ദേഹം വളർത്തി രൂപം നല്കിയ അടിസ്ഥാന വർഗ്ഗവും - കർഷകർ, തൊഴിലാളികൾ, കൂടെ സ്ത്രീകളും- താൻ പ്രതിനിധാനം ചെയ്യുന്ന ചൂഷക വർഗ്ഗത്തിന് ഭീഷണിയാണെന്ന ധാരണയിൽ നിന്നാണ് അവർക്കെതിരായ പ്രതിഷേധം അയാളിൽ ഉയരുന്നത്.  വയലിൽ പണി ചെയ്യുന്ന കൃഷിക്കാരും തൊഴിലിനു വേണ്ടിയും കൂലിക്കു വേണ്ടിയും സമരം ചെയ്യുന്ന തൊഴിലാളികളും അശരണരായ സ്ത്രീകളും ഹേ രാം എന്ന ഗാന്ധിയൻ മന്ത്രം ആലപിക്കുന്നതായി ഗോഡ്സെ കരുതുന്നു. ഗാന്ധിജിയുടെ മീതെ താൻ പ്രയോഗിച്ച വെടിയുണ്ടകൾ ഇത്തരം പ്രതിഷേധക്കാരുടെ മീതെയും വർഷിക്കാൻ താൻ പ്രാപ്തനാണെന്ന് തന്റെ തോക്കിലെ ഉണ്ടകളെണ്ണി അയാൾ തൃപ്തിപ്പെടുന്നു.

ഗോഡ്സെയുടെ അടിസ്ഥാന ഭാവം നന്മയോടുള്ള അമർഷമാണ്.  അസഹിഷ്ണതയാണ്. ഭീരുത്വമാണ് അയാളുടെ മാളം. ഗാന്ധിജി വത്സ എന്നാണ് ഗോഡ്സെയെ സംബോധന ചെയ്യുനത്.  പരമമായ സ്നേഹ താളമാണ് അദേഹത്തിൽ നിറഞ്ഞിരിക്കുന്നത്. വെറുപ്പിനെ വെറുപ്പു കൊണ്ടല്ല, സ്നേഹം കൊണ്ട് നേരിടണമെന്നാണ് അദ്ദേഹം ക ശാസിച്ചത്.  എങ്കിലും വെറുപ്പിനെ ഉപേക്ഷിച്ച ആ ധീരാത്മാവ് വെറുപ്പിന്റെ ഇരയാവുകയാണ് ഉണ്ടായത്. തന്റെ മാറിൽ വർഷിച്ച കാരിയത്തീയുണ്ട പ്പൂവുകൾ അധർമ്മത്തിന്റെ വിതയാണെന്ന് ഗാന്ധിജി മനസ്സിലാക്കുന്നു.

ക്രോധത്തെ ജയിച്ചവനാണെങ്കിലും പാവങ്ങളെ ചതച്ചരക്കുകയും നുണയെ സത്യമാക്കുകയും ദുരയെ വാഴ്ത്തുകയും ചെയ്യുന്ന ഗോഡ്സെയുടെ വർഗ്ഗസമീപനം ഗാന്ധിജിയുടെ സനാതന ക്രോധത്തെ ഉജ്ജ്വലിപ്പിക്കുന്നു.  അനീതിക്കും അധർമത്തിനും അസഹിഷ്ണുതയ്ക്കുമെതിരാണ് ആ ശാശ്യത ക്രോധം നിലകൊള്ളുന്നത്. വത്സ എന്ന വിളിയിൽ ആരംഭിച്ച അവസാന ഖണ്ഡം ദൃഷ്ടാ എന്ന വിളിയിലാണ് പരിസമാപിക്കുന്നത്. തന്റെ മാറിൽ കാരിയത്തിയുണ്ട പ്പൂക്കൾ വർഷിച്ചതിനേക്കാളും ഗാന്ധിയെ രോഷം കൊള്ളിക്കുന്നത് പാവങ്ങളെ ചൂഷണം ചെയ്യുകയും ചതച്ചരക്കുകയും ചെയ്യുന്ന ഗോഡ്സെ അലരിന്റെ -പൂക്കളുടെ - വെടിയുണ്ടകൾ (റീത്ത്) അർപ്പിക്കുമ്പോഴാണ്.  അതാണ് ഗാന്ധിജിയെ കൂടുതൽ ദു:ഖിതനും രോഷാകുലനുമാക്കുന്നത്.


നിലവിലുള്ള അധികാര വൃന്ദത്തെ ശക്തമായി അപലപിക്കുന്ന കവിതയാണ് ഗാന്ധിയും ഗോഡ്സെയും . ഗാന്ധിജി വിഭാവനം ചെയ്ത രാമ രാജ്യമല്ല അദ്ദേഹത്തിന്റെ പിൻ തലമുറക്കാർ സൃഷ്ടിച്ചത്. സമ്പന്നനും വരേണ്യനും പ്രാമാണ്യമുള്ള, കുത്തകകൾക്ക് വിളയാടാവുന്ന നാടായി ഇന്ത്യ. സൈന്യവും പോലീസും ഭരണകൂടത്തിന്റെ മർദനോപാധികളായി. മോക്ഷം കിട്ടാതെ ജനങ്ങൾ ഇന്നും തെരുവിൽ പിടഞ്ഞു വീഴുന്നു.  അതുകൊണ്ടു തന്നെ, വർത്തമാന കാലത്തും ഭാവിയിലും ഒരു പോലെ പ്രസക്തിയുള്ള ഒരു കവിതയായി ഗോഡ്സെയും ഗാന്ധിയും പരിണമിക്കുന്നു.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഹിമവാൻ്റെ മുകൾത്തട്ടിൽ: രാജൻ കാക്കനാടൻ, ഭാഗം1

കരുണ - കുമാരനാശാൻ

സഭാപ്രവേശം - കുഞ്ചൻ നമ്പ്യാർ