മണൽക്കാലം ...കെ.ജി.ശങ്കരപ്പിള്ള (" മണൽക്കാലം" ... തരിശു കാലത്തിന്റെ ഗാഥ)

കവിത: മണൽക്കാലം ...കെ.ജി.ശങ്കരപ്പിള്ള തരിശു കാലത്തിന്റെ ഗാഥ------ ഗണേശൻ വി. ആധുനിക - ആധുനികാനന്തര കാലഘട്ടങ്ങളിൽ ദീപ്തമായ സാമൂഹികാവബോധത്തിന്റെ ഉൾ വെളിച്ചത്തിൽ നിന്നുകൊണ്ട് കവിതകൾ രചിച്ച വ്യക്തിയാണ് കെ.ജി.ശങ്കരപ്പിള്ള. ബംഗാൾ, കഷണ്ടി മുതലായ തീവ്ര വിപ്ലവസ്വഭാവമുള്ള കവിതകളും മനുഷ്യനും പ്രകൃതിയും തമ്മിലുളവാകേണ്ട പാരസ്പര്യം നിരാകരിക്കപ്പെടുന്ന സമകാലിക ദുഃസ്ഥിതിയെ പരാമർശിച്ചുള്ള കവിതകളും എഴുതിയിട്ടുണ്ട്. മോഹഭംഗങ്ങളും തീവ്ര നിരാശയും ആകുലമാക്കിയ അധുനാതന ലോകത്തിന്റെ രോഗഗ്രസ്തത തീവ്ര നോവായി അദ്ദേഹം അനുഭവിക്കുന്നു. മണൽക്കാലം എന്ന കവിത വേറിട്ടു നില്ക്കുന്നില്ല. മണൽ എന്ന അജൈവ പാരിസ്ഥിതിക ബിംബത്തെയും കാലം എന്ന അജൈവവും അമൂർത്തവുമായ ചലന ബിംബത്തെയും സമന്വയിച്ചുള്ള മാനവിക വീക്ഷണങ്ങളാണ് പ്രസ്തുത കവിതയുടെ സവിശേഷത. മണൽ, ഊഷരതയെ പ്രതിനിധാനം ചെയ്യുന്നു. ഒരു വിത്തു പോലും കിളരാത്ത, പച്ചപ്പ് അന്യമായ ഒരവസ്ഥയെയാണ് ആ പദം സൂചിപ്പിക്കുന്നത്. പച്ചപ്പ് ജീവിതത്തെ കുറിക്കുന്നു. പച്ചപ്പില്ലാത്ത എന്നു പറയുമ്പോൾ, ജീവിതം, അഥവാ ജീവൻ അസ്തമിച്ച അവസ്ഥ എന്ന് ...