"ആയുസ്സിന്‍റെ പുസ്തകത്തിലേക്ക്'




ആയുസ്സിന്റെ പുസ്തകത്തിലേക്ക് ….
   .                                ഗണേശൻ.വി

മലയാളത്തിലെ പ്രമുഖ ചെറുകഥാകൃത്തും നോവലിസ്റ്റുമാണ് സി.വി.ബാലകൃഷ്ണൻ. ദിശ, ആത്മാവിന് ശരിയെന്നു തോന്നുന്ന കാര്യങ്ങൾ, കാമമോഹിതം, അവനവൻ്റെ ആനന്ദം കണ്ടെത്താനുള്ള വഴികൾ തുടങ്ങി ശ്രദ്ധേയങ്ങളായ നോവലുകൾ അദ്ദേഹം എഴുതിയിട്ടുണ്ട്. മോഹം, വികാരം, സമൂഹം, രാഷ്ട്രീയം മുതലായവയുടെ ഭ്രംശമാണ് അദ്ദേഹത്തിന് പ്രിയപ്പെട്ട വിഷയങ്ങൾ. കാലത്തിൻ്റെ രഥ്യകളിലെ യാത്രികനായ മനുഷ്യന്റെ ആത്മദാഹങ്ങളെ ചിത്രീകരിക്കുകയെന്ന ദൗത്യമാണ് 'ആയുസ്സിൻ്റെ പുസ്തക'മെന്ന നോവലിൽ അദ്ദേഹം നിർവഹിക്കുന്നത്.  അത് രാഷ്ട്രീയം, മതം, വിശ്വാസം എന്നിവയ്ക്കപ്പുറം പച്ചയായ നൊമ്പരങ്ങളുടെ ഹൃദയാവിഷ്കരണമാണ്. മനുഷ്യന്റെ അദമ്യമായ ദാഹങ്ങളുടെയും അടക്കാനാവാത്ത മോഹങ്ങളുടെയും ആഖ്യാനം.  ഇതിൽ ആഗ്രഹങ്ങൾ പൂർത്തീകരിച്ചവരില്ല. സുഖത്തിലും സമാധാനത്തിലും കഴിയുന്നില്ല. കാമനകളുടെ ദംശമേറ്റ് പിടയുന്ന മനുഷ്യരെയാണ് അദ്ദേഹം വിഷയമാക്കുന്നത്. വികാരിയച്ചൻ പോലും വിലക്കപ്പെട്ട മോഹങ്ങളുടെ സ്വാതന്ത്ര്യ ഘോഷത്തിൽ നിസ്സഹായനാകുന്നു.  ഇഷ്ടപ്പെട്ടവളും ഇഷ്ടപ്പെട്ടവനും അന്യോന്യംപകരുന്ന അനുഭൂതികൾ അപാരം തന്നെ. എന്നാൽ വികാരതീവ്രത പരമകാഷ്ഠയിലെത്തുമ്പോഴേക്കും ആയുസ്സിന്റെ പുസ്തകത്തിൽ ഏടുകൾ അവസാനിക്കുന്നു. പൂർത്തിയാകാത്ത കാമനകൾ ബാക്കി. ശാന്തിക്കായി അശാന്തമായ കാത്തിരിപ്പ്. പിന്നെ പരമമായ മരണം എല്ലാത്തിനെയും വരിക്കുന്നു. ആരാണ് പാപി, ആരാണ് പുണ്യവാൻ എന്ന് തീർപ്പ് കല്പിക്കാനാകുന്നില്ല.  അന്തമില്ലാത്ത സ്നേഹത്തിന്റെയും അതിരില്ലാത്ത പ്രണയത്തിന്റെയും ഭോഗത്തിന്റെയും കാലുഷ്യത്തിൻ്റെയും ശത്രുതയുടെയും ഗുഹകൾ ഹൃദയത്തിൽ വഹിക്കുന്ന മനുഷ്യർ. ഭോഗിയായ മനുഷ്യന്റെ വേദാന്തമാകുന്നു ആയുസ്സിന്റെ പുസ്തകം.

ആകെ 115 ചെറിയ  അദ്ധ്യായങ്ങൾ ഉള്ള, ക്രിസ്തീയ ആത്മീയാന്തരീക്ഷത്തെ മുൻ നിർത്തിയുള്ള നോവലാണ് ആയുസ്സിന്റെ പുസ്തകം.  ബൈബിളും കഥാപാത്രങ്ങളും പള്ളിയും സമൂഹവും ഇതിൽ നിറഞ്ഞു നില്ക്കുന്നു. കഥ ആരംഭിക്കുന്നത് റാഹേൽ എന്ന കൗമാരക്കാരിയായ പെൺകുട്ടി കരഞ്ഞോടി വരുന്നിടത്താണ്.  ആനിയും യോഹന്നാനും ആ കാഴ്ച കാണുന്നു. റാഹേലിനോട് എന്താണ് സംഭവിച്ചതെന്ന് അവർ അന്വേഷിക്കുന്നു.


യോഹന്നാന്റെയും ആനിയുടെയും പിതാവാണ് തോമാ. തോമായുടെ അച്ഛനും അവരുടെ മുത്തച്ഛനുമാണ് പൗലോ.  പൗലോയെ തോമാ മർദ്ദിക്കുന്ന കാഴ്ചയാണ് ആനിയും യോഹന്നാനും യാക്കൂബും മറ്റുള്ളവരും കാണുന്നത്.  ഇതിൻ്റെ കാരണമാർക്കുമറിയില്ല. തോമാ ഒരു കത്തിക്കുത്ത് കേസിൽ പ്രതിയായിരുന്നു. വളരെ പശ്ചാത്താപം നിറഞ്ഞ ജീവിതമാണ് അയാൾ തുടർന്ന് നയിച്ചിരുന്നത്.  അങ്ങനെയുള്ള തോമാ പൗലോയോട് ഇപ്രകാരം പെരുമാറാൻ കാരണമെന്തെന്ന് എല്ലാവരും വിസ്മയിച്ചു. പൗലോയാകട്ടെ പുത്രന്റെ കഠിനമായ ഇടിയിലും ചവിട്ടിലും പരവശനായി.  നാണക്കേടും ശാരീരിക വേദനയും അയാളെ അസ്വസ്ഥനാക്കി.

യാക്കോബും ഫിലിപ്പോസും ഒക്കെ ചേർന്ന് തോമായെ പിടിച്ചു മാറ്റി.  പക്ഷേ, തോമായുടെ ക്ഷോഭം ശമിച്ചിരുന്നില്ല. അയാൾ ഉടനെ സ്ഥലം വിട്ടു. പിന്നീട് യാക്കോബും ഫിലിപ്പോസും ഒരു പാട് അന്വേഷിച്ചതിനു ശേഷമാണ് തോമായെ കണ്ടെത്തിയത്. അയാൾ ഐസക്കെന്നയാളുടെ ചാരായ ഷാപ്പിലിരിക്കുകയായിരുന്നു.  മദ്യപിച്ചും പരിതപിച്ചും അയാൾ കരഞ്ഞു. പറഞ്ഞാലും പറഞ്ഞാലും തീരാത്ത സങ്കടം അയാളുടെ ഉള്ളിൽ അലയടിച്ചു. പക്ഷേ, അതെങ്ങനെ പറയും? പറഞ്ഞാൽ ആരു വിശ്വസിക്കും? പക്ഷേ, പറയാതിരുന്നാൽ അച്ഛനെ തല്ലിയെന്ന ചീത്തപ്പേര് എക്കാലവും പിന്തുടരും.  അതിനാൽ തോമാ താൻ കണ്ടത് വിവരിക്കാൻ തീരുമാനിച്ചു. ലഹരിയുടെ നിലാവൊളിയിൽ തോമാ അതു പറഞ്ഞു. അതിനു ശേഷം, അയാൾ തന്റെ ഭാര്യയായ തെരേസയെ അടക്കം ചെയ്ത സെമിത്തേരിയിലേക്ക് ചെന്ന് (ഫിലിപ്പോസും തോമയും വീട്ടിലേക്ക് പോകാൻ ഏറെ നിർബന്ധിച്ചെങ്കിലും ) കരഞ്ഞ് തളർന്നുറങ്ങി.

റാഹേൽ ആനിയെ കാണാൻ ചെന്നതായിരുന്നു.  പൗലോ മാത്രമാണ് അവിടെ ഉണ്ടായിരുന്നത്. അപ്പോൾ പൗലോ കഞ്ചാവ് ശുദ്ധി ചെയ്യുകയായിരുന്നു.
പൗലോ റാഹേലിനോട് കൊച്ചുമകൾ എന്ന കണക്കെ വർത്തമാനം പറഞ്ഞു.  വാർദ്ധക്യ സഹജമായ അയാളുടെ പ്രശ്നങ്ങൾ അനുഭാവപൂർവം കേൾക്കാൻ തയ്യാറായ റാഹേലിനോട് അയാൾക്ക് കൂടുതൽ അടുപ്പം തോന്നി. അയാൾ അവളെ സമീപത്തേക്ക് വിളിച്ചു.  കഞ്ചാവ് ഉള്ളിലേക്ക് ചെന്നപ്പോൾ പൗലോയുടെ മനോനില മാറി. അയാൾ റാഹേലിന്റെ മുടിയിഴകളിലൂടെ വിരലോടിക്കുകയും ലഹരിയിൽ അരുതാത്തതിന് മുതിരുകയും ചെയ്തു.
ഈ കാഴ്ച കണ്ടു കൊണ്ടു വന്ന തോമായ്ക്ക് പൗലോയോട് അരിശം കയറി.  അതാണ് തുടർന്നുണ്ടായ സംഘർഷത്തിന്റെ പശ്ചാത്തലം.


അന്നു രാത്രി പൗലോ തന്റെ ഭാര്യയായ എലീസായെക്കുറിച്ചോർത്തു.  പാപത്തെക്കുറിച്ചുള്ള വിചാരം പൗലോയെ വല്ലാതെ തളർത്തി. അത് അയാളുടെ എല്ലുകളെ പൊള്ളിച്ചു. താനൊരു പന്നിക്കുഴിയിൽ പെട്ടതായി അയാൾക്കു തോന്നി.  പൗത്രരായ (പുത്രൻ്റെ മക്കൾ) യോഹന്നാനും ആനിയും നടന്നതിനെക്കുറിച്ച് അറിവില്ലാത്തവരായിരുന്നു. അവർ പക്ഷേ ദു:ഖിതരായിരുന്നു. പൗലോയെ യോഹന്നാൻ തന്റെ അപ്പനായ തോമായെക്കാളും ഇഷ്ടപ്പെട്ടിരുന്നു.  അവർ അപ്പാപ്പന് ഭക്ഷണം നല്കി. പക്ഷേ, പൗലോ അത് നിരസിച്ചു. സർവചരാചരങ്ങളും ഉറക്കത്തിലമർന്ന സന്ദർഭത്തിൽ പൗലോ താൻ നട്ടുനനച്ചു വളർത്താത്ത ഒരു മരം ആത്മഹത്യ ചെയ്യാനായി തിരഞ്ഞെടുത്തു. അങ്ങനെ അയാൾ തന്റെ ജനത്തോട് ചേർന്നു.

ഈ നോവലിലെ സവിശേഷ കഥാപാത്രമാണ് യോഹന്നാൻ.  യോഹന്നാന്റെ തിരിച്ചറിവുകൾ ഇവിടെ ആരംഭിക്കുന്നു. പള്ളിയും വിശ്വാസ ലോകവും അവന്റെ ജീവിതത്തെ ഊഷ്മളമാക്കി. എന്നാൽ, മേൽവിവരിച്ച സംഭവശേഷം  യോഹന്നാനെ അനുഭവങ്ങളും ഓർമകളും വല്ലാതെ നീറ്റി . ആനി പത്താം ക്ലാസ്സിൽ പഠിക്കുന്നു. അവളുടെ അനുജനാണ് യോഹന്നാൻ. ആനിയുടെ പഠനം ഈ വർഷം കഴിയും.  പട്ടണത്തിൽ പോയി പഠിക്കാനൊന്നും പിതാവായ തോമാ സമ്മതിക്കില്ല. യോഹന്നാന് ലാസർ എന്ന ഇറച്ചിവെട്ടുകാരന്റെ മകൾ മേരിയെയും, ബേബിയുടെ മുയലുകളെയും ഓർമ വന്നു.  പൗലോ - തോമാ വിഷയം നാട്ടിൽ അധികമാരും അറിഞ്ഞിട്ടില്ല.

യോഹന്നാന്റെ ലോകത്തിൽ, അവന്റെ കാഴ്ചകളിലും അനുഭവങ്ങളിലും പള്ളിയും ബൈബിളും വികാരിയച്ചനും പളളിയിലെ കുശിനിക്കാരൻ എഫ്രെയിമും സിസ്റ്റർമാരും ഒക്കെ കടന്നുവരുന്നു.  അവൻ അതിനൊക്കെ വിശുദ്ധി കല്പിച്ചു. സിസ്റ്റർ മിത്രിയ, സിസ്റ്റർ മരിയനോസ് എന്നിവർ യോഹന്നാന്റെ പാതയിൽ പ്രത്യക്ഷരായി. അവൻ സിമിത്തേരിയിൽ തെരേസായുടെ കുഴിമാടത്തിനു മുന്നിൽ നിശ്ശബ്ദനായി നിന്നു. ഓരോ വൃക്ഷവും പ്രത്യാശയുടെ പ്രതീകമാണ്. അതു മുറിക്കപ്പെട്ടാൽ പിന്നെയും പൊട്ടി കിളർക്കും... മനുഷ്യൻ മരിച്ചു നഗ്നനായി ദ്രവിക്കുമ്പോൾ അവൻ പിന്നെ എവിടെയാണ്? സെമിത്തേരി ഈ നോവലിലെ കഥാപാത്രങ്ങളെ ചൂഴ്ന്ന് നില്ക്കുന്ന വൈകാരിക ലോകമാണ്.  അവരുടെ പ്രിയപ്പെട്ടവർ ശയിക്കുന്ന ഇടം. സെമിത്തേരിയിൽ നിന്നും പുറത്തൂ കടന്ന യോഹന്നാനെ അച്ചൻ വാത്സല്യപൂർവം ഉപദേശിച്ചു.


ഈ നോവലിലെ ഒരു പ്രധാന കഥാപാത്രമാണ് സാമുവൽ സാർ. ഇംഗ്ലീഷ് അധ്യാപകൻ. നാട്ടുകാരുടെ ബഹുമാനാദരങ്ങൾക്ക് പാത്രം.  അദ്ദേഹത്തിന് ആനിയെ കാണുമ്പോൾ തന്റെ മകൾ കൊച്ചു റോസയെ ഓർമ്മ വരും. കൊച്ചു റോസയുടെ വിരൽ പിടിച്ച് ഗ്രാമം മുഴുവൻ ചുറ്റിയതും നാട്ടുകാരുടെ സ്നേഹപാത്രമായി അവൾ മാറിയതും ഓർമ്മിക്കും.  അദ്ദേഹം അതിനാൽ ആനിയെ ഇഷ്ടപ്പെട്ടു. സാമുവൽ സാറിന്റെ ഭാര്യയാണ് റോസമ്മ. ഡിഫ്തീരിയ ബാധിച്ചാണ് കൊച്ചു റോസാ മരിച്ചത്. എന്നിട്ടും അയാൾ ദൈവത്തെ തള്ളിപ്പറഞ്ഞില്ല. മനുഷ്യർ എന്തുമാത്രം നിസ്സഹായരും ദുർബലരുമാണെന്ന് അയാൾ ചിന്തിച്ചു.ആനി നല്ലവളാണെന്നും നന്നായി പഠിക്കുമെന്നും സാമുവൽ സാർ ഓർത്തു.  പരീക്ഷ നന്നായി എഴുതിയിട്ടുണ്ടെന്നാണ് ആനി പറഞ്ഞത്. എന്നാൽ യോഹന്നാന് പഠന കാര്യത്തിലൊന്നും വലിയ ശ്രദ്ധയില്ല. മാത്യു (കൊച്ചച്ചൻ) നാട്ടിൽ പാരലൽ കോളേജ് തുടങ്ങിയപ്പോൾ സാമുവൽ സാർ അവിടെ സജീവ സാന്നിദ്ധ്യവും സഹായവുമായി. മാഷിന്റെ ക്ലാസ്സിൽ ഇരുന്നവരാരും പഠിക്കാതെ പോയില്ല. എന്നാൽ ഒരു ദിനം ദുർവിധി സാമുവൽ സാറിനെ വേട്ടയാടി. പക്ഷാഘാതം ബാധിച്ച് കിടപ്പിലായി. ആസ്പത്രികളിൽ നിന്ന് ആസ്പത്രികളിലേക്ക് കൊണ്ടു പോകപ്പെട്ടു. റോസമ്മ വല്ലാതെ സങ്കടപ്പെട്ടു.  സാമുവൽ സാറിന്റെ അവസ്ഥ പാരലൽ കോളേജിലെ വിദ്യാർത്ഥികൾക്ക് സഹിക്കാവുന്നതിലപ്പുറമായിരുന്നു. ആനിയും യോഹന്നാനും ജോഷിയും വിലപിച്ചു.

നോവലിൽ ഒരു ചൂഷക കഥാപാത്രമായാണ് നൈനാച്ചൻ പ്രത്യക്ഷമാകുന്നത്.  നൈനാച്ചൻ മേരിയെ ശാരീരികമായി ഉപയോഗിക്കുകയും അവളുടെ പ്രണയത്തെ തിരസ്കരിക്കുകയും ചെയ്തു. മേരിയും നൈനാച്ചനും തമ്മിലുള്ള  ശാരീരിക ബന്ധത്തിന് യോഹന്നാൻ സാക്ഷിയാകുന്നുണ്ട്. തുടർന്ന് നൈനാച്ചൻ വേറൊരുവളെ വിവാഹം ചെയ്തു. മേരിക്കുണ്ടായ ആശാഭംഗം വലുതായിരുന്നു.  ഉണ്ടായ തീവ്ര നിരാശ അവളുടെ ജീവിത മോഹങ്ങളെത്തന്നെ ബാധിക്കുന്നു. വീട്ടിൽ വന്ന് ആരോ ഒരു രണ്ടാം കെട്ടുകാരന് പെണ്ണു വേണമെന്ന് പറഞ്ഞപ്പോൾ, ഉടൻ തന്നെ അത് ആലോചിച്ചോളൂ എന്ന് അവൾ മറുപടി നല്കി. ആനിയുടെ മുന്നിൽ അവൾ ഹൃദയം തുറന്നു.  റാഫേൽ എന്നാണ് രണ്ടാം കെട്ടുകാരന്റെ പേര്. അയാൾക്ക് 17 വയസ്സുകാരൻ മകനുണ്ട്. രണ്ടാമത്തേത് മന്ദബുദ്ധിയായ ബാലനാണ്. അയാൾ പുറത്തേക്ക് പോയാൽ തനിക്ക് പതിന്നേഴുകാരനുമൊത്ത് രമിക്കാമല്ലോ എന്ന് അവൾ ഹാസ്യരൂപേണ ക്രോധം വെളിവാക്കി. ആനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല. നൈനാച്ചൻ്റ ഭോഗപ്രിയത കാരണം ചെറു പ്രായത്തിൽ തന്നെ ദുരന്ത നായികയായി മേരി.

ജീവിതത്തിന്റെ ആസക്തികളെയും രതിവികാരങ്ങളെയും അടക്കി നിർത്താൻ പാടുപെടുന്നവനാണ് മനുഷ്യൻ. സാധാരണക്കാരനായാലും വികാരിയച്ചനായാലും അതിൽ മാറ്റമില്ല. അതിന് ഉദാഹരണമാണ് മാത്യു എന്ന കഥാപാത്രം. കൊച്ചച്ചൻ എന്നാണ് അയാൾ നാട്ടുകാരുടെ ഇടയിൽ അറിയപ്പെടുന്നത്.  അയാൾക്ക് ആനിയെ ഇഷ്ടമാകുന്നു. പാരലൽ കോളേജ് നിർമ്മിക്കാൻ മുഖ്യ ഉത്സാഹിയായി പ്രവർത്തിക്കുകയാണ് അദ്ദേഹം. അതിന്റെ ആവശ്യാർത്ഥം ഒരു ദിവസം തോമായെ അന്വേഷിച്ച് അയാളുടെ വീട്ടിൽ ചെല്ലുന്ന കൊച്ചച്ചനെ ആനി സ്വീകരിക്കുന്നു. കാപ്പിയിടാൻ ആനി അകത്തേക്കോടിയപ്പോൾ, കൊച്ചച്ചൻ മേശ മീതെ കിടന്ന നോട്ടു പുസ്തകം ശ്രദ്ധിച്ചു. അതിൽ നിറച്ചും കവിതകളായിരുന്നു. ആനി കുത്തിക്കുറിച്ചത്.  ആനിയുടെ സമ്മതത്തോടെ നോട്ട് പുസ്തകം കൊച്ചച്ചൻ എടുക്കുന്നു. വികാരം മുട്ടി ജീവിക്കാൻ അയാൾ തയ്യാറല്ല. തന്റെ ജോലിയിൽ നിന്നും അയാൾ വിടുതൽ ആഗ്രഹിക്കുന്നു. തന്റെ ഇംഗിതം വികാരിയച്ചനെ അറിയിക്കുകയും അയാൾ ആനിയെയും കൂട്ടി നാടുവിട്ടുകയും ചെയ്യുന്നു. സ്വസ്ഥമായ, വികാരങ്ങൾക്കും ആസക്തികൾക്കും വിലക്കില്ലാത്ത ഒരു ലോകത്തെ വരിക്കുന്നു അദ്ദേഹം. ആസക്തികളെ ബന്ധിതമാക്കുന്നതിനോട് കൊച്ചച്ചൻ യോജിച്ചില്ല.


യോഹന്നാന്റെ ക്ലാസ്സ്മേറ്റായ ജോഷിയാണ് യോഹന്നാനെ പ്രചോദിപ്പിച്ച ഒരു ഘടകം. ജോഷി യോഹന്നാന്റെ നാട്ടുകാരനല്ല. വന്നു ചേർന്നവനാണ്. ദാനിയലിന്റെയും എസ്തറിന്റെയും പുത്രനാണ് ജോഷി. നല്ല അടക്കമുള്ള പ്രകൃതം.  ദൈവഭക്തൻ. ജോഷി യോഹനാന്റെ ഇടതുവശം ചേർന്നിരിക്കുകയും സാമുവൽ സാറിന്റെ ക്ലാസ്സുകൾ ശ്രദ്ധിക്കുകയും ചെയ്തു. ജോഷി ക്ക് മൂന്നു സഹോദരങ്ങൾ. ക്ലാസ്സിലുള്ള മൈക്കിൾ ജോഷിയോടൊപ്പം നടക്കുന്നതും അടുത്ത് ഇടപഴകുന്നതും യോഹന്നാന് ഇഷ്ടമായില്ല. ചീത്ത സ്വഭാവം ഉള്ളവനാണ് മൈക്കിൾ. ചീത്തപ്പുസ്തകങ്ങൾ വായിക്കുകയും പെൺകുട്ടികളെക്കുറിച്ച് അനാവശ്യം പറയുകയും ചെയ്യുന്നത് അവന്റെ ശീലമായിരുന്നു. അത് ജോഷിക്ക് പെട്ടെന്ന് ബോദ്ധ്യമായി.  ബാർബർ ലോഹിതാക്ഷൻ കൈമാറിയ ചീത്ത പുസ്തകം ജോഷിക്ക് നല്കാൻ മൈക്കിൾ മുതിർന്നു. അതോടെ ആ ദുർവൃത്തിയുടെ കടയ്ക്കൽ തന്നെ ജോഷി ആഞ്ഞു വെട്ടി. ഇനി ലോഹിതാക്ഷന്റെ കടയിൽ മുടി മുറിക്കാൻ പോകില്ലെന്ന് അവൻ പ്രഖ്യാപിച്ചു. ആ സമയത്ത് ജോഷിയുടെ കണ്ണുകളിൽ ഉമ്മ വെക്കണമെന്ന് യോഹന്നാന് തോന്നി. ജോഷിയോട് ആഴത്തിലുള്ള ഹൃദയബന്ധം അവൻ സ്ഥാപിച്ചിരുന്നു. എന്നാൽ സാമുവൽ സാറിന് അസുഖം വന്ന് കിടപ്പായപ്പോൾ, ദൈവത്തിന്റെ ഇഷ്ടം എന്ന് പറഞ്ഞ ജോഷിയെ യോഹന്നാൻ 
കവിളിലടിച്ചു.  ജോഷി വീണു പോയി.  എന്നാൽ, അനന്തരം അവർ കെട്ടിപ്പിടിച്ചു കരഞ്ഞു.  ഈ ആത്മബന്ധം മറ്റെവിടെയും കാണാനാകില്ല. ദൈവം വേറെ! ദൈവത്തിനു പോലും അനിർവചനീയമായ ജീവിതം വേറെ!

ലോഹിതാക്ഷൻ എന്ന ബാർബർ ഒരു അധമ കഥാപാത്രമാണ്.  നാട്ടിലുള്ള ചെറുപ്പകാരെയും മുതിർന്നു വരുന്ന കൗമാരക്കാരെയും വഴി തെറ്റിക്കുന്ന പുസ്തകങ്ങൾ പ്രചരിപ്പിക്കലാണ് അവന്റെ തൊഴിൽ.  അതേ പോലെ പോസ്റ്റ്മാൻ പീറ്ററും അയാളുടെ ധർമ്മം നിർവഹിക്കുന്നു. നാട്ടിൽ നടക്കുന്ന കാര്യങ്ങൾ അയാൾ മനസ്സിലാക്കുന്നു. തന്റെതായ രീതിയിൽ അവയെ വ്യാഖ്യാനിക്കുന്നു.

യാക്കോബ് ആരോരുമില്ലാത്തവനാണ്.  സ്കറിയായുടെ ഭാര്യ സാറയോട് അയാൾ ഗൂഢ പ്രണയം വെച്ചു പുലർത്തുന്നു.  സ്കറിയാ ക്ഷയരോഗിയാണ്. ആകയാൽ ദുർബലനും. സുന്ദരിയായ സാറ അയാളുടെ ഭാര്യയായതിൽ യാക്കോബ് വിസ്മയം കൊള്ളുന്നു.  അവളൊരിക്കലും ഗർഭം കൊണ്ട് അനുഗ്രഹിക്കപ്പെട്ടില്ലെന്നായിരുന്നു യാക്കോബിന്റെ നിലപാട്. ലോഹിതാക്ഷന്റെ കടയുടെ മുന്നിൽ വെച്ച് സാറ കടന്നുപോകുന്നത് യാക്കോബ് കാണുന്നു യാക്കോബ് അവളെ പിന്തുടരുന്നു. ഇടവകയിലെ ഏറ്റവും നല്ല സ്ത്രീ എന്നായിരുന്നു യാക്കോബ് നലകിയ സർട്ടിഫിക്കറ്റ്. അങ്ങനെ പോകെ സാറ നടത്തത്തിന് വേഗം കൂട്ടി. മാത്യുവിന്റെ (കൊച്ചച്ചൻ) മുന്നിൽ പെടുന്നു. എങ്കിലും ധൃതിയിൽ നടന്നു മാറുന്നു. പിന്നാലെ വന്ന യാക്കോബിനെ ഗുണദോഷിക്കാൻ കൊച്ചച്ചനായ മാത്യു ശ്രമിച്ചെങ്കിലും യാക്കോബാണ് മാത്യൂവിന് ഉപദേശങ്ങൾ നല്കിയത്. ഒന്നിനും കൊള്ളാത്ത സ്കറിയക്ക് ഇത്രയും ചന്തമുള്ള പെണ്ണിനെ നല്കിയതാണ് ദൈവ ലംഘനമെന്ന് യാക്കോബ് തുറന്നടിച്ചു.  സ്കറിയായെ അവൾ സഹിക്കുകയാണ്. നിങ്ങളെ പേടിച്ചാണ് അവൾ ഇപ്രകാരം നടക്കുന്നതെന്നും വിഷാദവും ശൂന്യതയുമാണ് അവളുടെ ഉളളിലുള്ളതെന്നും യാക്കോബ് വെളിവാക്കി.


സ്കറിയായുടെ മരണം സാറയെ നിരാലംബയാക്കി.  നോവലിന്റെ അവസാന ഭാഗങ്ങളിലാണ് സാറ ഉജ്ജ്വലകഥാപാത്രമാകുന്നത്.  ഇതുവരെ അവളുടെ ആഗ്രഹങ്ങൾക്കും ആസക്തികൾക്കും പരിസമാപ്തി ലഭിച്ചിരുന്നില്ല - യോഹന്നാൻ അവളെത്തേടിയെത്തുന്നതു വരെ.  യോഹന്നാൻ സാറയെ കണ്ടെന്നുന്നതുവരെ റാഹേൽ അവന് സാന്ത്വനവും കീർത്തനവുമായി. എന്നൽ റാഹേലിനെ മഠത്തിൽ ചേർക്കാൻ കൊണ്ടുപോയതോടെ അവൻ ഏകാകിയായി.  റാഹേൽ പോയെന്നറിഞ്ഞ നിമിഷം താൻ പൊടുന്നനെ മരിക്കാറായ കിഴവനായിത്തീർന്നെന്ന ചിന്തയാണ് യോഹന്നാനിൽ ഉണ്ടായത്. നിഴലു പോലും അവനെ പിന്തുടരാത്ത വിധം അവൻ ദുഃഖിതനായിരുന്നു.

നല്ല മഴ. ആ സമയം പള്ളിയിൽ ചെന്ന് സാറാ അച്ചനെ കാണുകയും താൻ ഒറ്റക്കായെന്ന് വിലപിക്കുകയും ചെയ്തു. അച്ചൻ സാറായുടെ മുഖത്ത്  മഴയല്ല കണ്ടത്, കണ്ണിരായിരുന്നു. തന്റെ വ്യസനം പോലെ ഒരു വ്യസനമില്ലെന്ന് സാറ നിലവിളിച്ചു. പള്ളിയിൽ നിന്ന് സാറാ ഇറങ്ങുമ്പോൾ യോഹന്നാൻ പിന്നിൽ ഉണ്ടായിരുന്നു. റാഹേൽ വിട്ടു പോയ മനക്ലേശത്തോടെയാണ് അവൻ നടന്നിരുനത്.  യോഹന്നാൻ മഴയിൽ സാറയെ ശ്രദ്ധിച്ചു. എഫ്രെയിം സാറായ്ക്ക് കൊടുക്കാനുള്ള കുടയുമായി പിന്തുടർന്നു. യോഹനാൻ സാറായുടെ വിധിയോർത്തു. സ്കറിയായെ ഓർത്തു. രോഗിയായ അയാൾ സാറായുടെ ചുമൽ താങ്ങി പട്ടണത്തിലും ആശുപത്രികളിലും നടന്നത് ഓർത്തു.  മഴ നനഞ്ഞ് നിന്നു.

സഹോദരിയായ കത്രീന നിർബന്ധിച്ചെങ്കിലും സ്ഥലം വിടാൻ സാറാ തയ്യാറായില്ല. അവളുടെ വാദങ്ങളെ സാറ നിരസിച്ചു. കത്രീന സഹോദരിയെ അയൽപക്കക്കാരായ ബ്രിജിത്താമ്മയെയും ശോശാമ്മയെയും ഏല്പിച്ച് പോവുകയാണുണ്ടായത്.  ശോശാമ്മച്ചേടത്തി സ്കറിയായെക്കുറിച്ച് നല്ലതു പറഞ്ഞു. സാറ ഒറ്റപ്പെട്ടതിനെക്കുറിച്ചോർത്ത് ദുഃഖിച്ചു. അപ്പോഴാണ് മഴ നനഞ്ഞ് യോഹന്നാൻ കടന്നു വന്നത്. സാറാ ഒരു തോർത്തു മുണ്ട് നല്കി. തുടർന്ന് യോഹന്നാൻ സ്വയം പരിചയപ്പെടുത്തി. യോഹന്നാൻ പോകുന്നതു കണ്ടു കൊണ്ട് പീറ്റർ അവിടേക്ക് വന്നു.  പീറ്ററിന് നല്ല ഉദ്ദേശ്യമല്ലെന്ന് അവിടേക്ക് എത്തിയ ശോശാമ്മയ്ക്ക് തോന്നി.

സാറായുടെ വീട്ടിലെത്തിയതിനെ കുറിച്ചോർത്ത് യോഹന്നാന് ആത്മനിന്ദ തോന്നി. അവൻ തന്റെ ഉടലിന്റെ താളത്തിൽ ലയിച്ചു.  പക്ഷേ, യോഹന്നാന് മനസ്സിന്റെ പ്രലോഭനങ്ങളെ അടക്കാൻ കഴിഞ്ഞില്ല. അവൻ സാറയെ കണ്ടു. വളരെ വേഗത്തിൽ പരസ്പരം അറിയാനും അടുക്കാനും ഒരുമിച്ച് ശയിക്കാനും ഇടയായി. ഇതേ സമയം ഒറ്റപ്പെട്ട മാനസികാവസ്ഥയിലുള്ള തോമാ ഒരു അഭയസങ്കേതം തേടുകയായിരുന്നു. ഒരു മേച്ചിൽ സ്ഥലം... ഒരു ആട്ടിൻ പറ്റം... ഒരു തെളിനീരുറവ. യോഹന്നാന്റെ പെരുമാറ്റത്തിലും പോക്കുവരവിലും തോമായ്ക്ക് സംശയം തോന്നാതിരുന്നില്ല. പീറ്ററിൽ നിന്നും യോഹന്നാൻ സാറയുടെ സമീപത്തേക്ക് ചെല്ലുന്നുവെന്ന വാർത്ത തോമാ അറിഞ്ഞു. അവിടേക്ക് ചെല്ലുന്നതെന്തിനെന്ന് അവന് അറിയാമായിരിക്കണം , കൊച്ചു കുട്ടിയൊന്നുമല്ലല്ലോ എന്ന പീറ്ററിന്റെ വാക്കുകൾ തോമായിൽ നടുക്കമുണ്ടാക്കി. തുടർന്ന് മറ്റൊരു ദിനം ഈ വിവരം അച്ചന്റെ സമക്ഷം തോമാ ബോധിപ്പിച്ചു. അച്ചൻ സ്തബ്ധനായി ഒരേ നില്പ് തുടർന്നു.

യോഹന്നാൻ അതു വഴി വന്നു. സ്കറിയായുടെ ഭാര്യയുമായി അടുപ്പമുണ്ടോ എന്ന് ചോദിച്ചപ്പോൾ അച്ചനോട് സമ്മതിക്കേണ്ടി വന്നു.  അപ്പോൾ അച്ചൻ, നീ അവളോടു കൂടെ ശയിച്ചുവോ എന്നു ചോദിച്ചു.

വിധവയായ സാറയെ പരിണയിക്കാൻ തോമായ്ക്ക് മോഹമുണ്ടായിരുന്നു. ഫിലിപ്പോസിനെ അതിനു വേണ്ട കരുക്കൾ നീക്കാൻ ഏർപ്പാടാക്കി.  പക്ഷേ, ഫിലിപ്പോസ് ഏറ്റകാര്യം നിർവഹിച്ചില്ല.  തന്റെ മകൻ അതിനു തടസ്സമാകുമോ എന്ന് തോമാ ചിന്തിച്ചില്ല. അവന്റെ വഴിവിട്ട നടപ്പ് ഫിലിപ്പോസ് ചൂണ്ടിക്കാട്ടിയിരുന്നു. തോമാ തന്നെ സാറയോട് സംസാരിക്കാനായി അവളുടെ വീട്ടിലേക്ക് പുറപ്പെട്ടു. അവിടെ എത്തിയപ്പോൾ പതിവില്ലാത്തൊരു ശബ്ദം സാറായുടെ വീട്ടിനുള്ളിൽ നിന്നും കേട്ടു. അത് സാറായുടേതും യോഹന്നാന്റെതുമായിരുന്നു. കാണരുതാത്ത കാഴ്ച കണ്ട തോമാ മനസ്സു തകർന്നു. യോഹന്നാൻ സാറയുടെ വീട്ടിൽ നിന്നും പുറത്തിറങ്ങിയപ്പോൾ, ആരുമറിയാതെ വീട്ടിൽ കടന്ന തോമാ ആലസ്യത്തിലാണ്ടു കിടന്ന സാറായുടെ, ആ സൗന്ദര്യവതിയുടെ, കഴുത്ത് ഞെരിച്ചു.  തോമാ സാറായെ കൊന്നു.

മനസ്സു ഞെരിഞ്ഞമർന്ന് വിഭ്രാന്തിയിലകപ്പെട്ട യോഹന്നാനിൽ നോവൽ അവസാനിക്കുന്നു. ജീവിതം അപ്രകാരമാണ്: അപ്രവചനീയതകളുടെ ഘോഷയാത്രയാണത്, വിശ്വാസങ്ങളുടെ തകർച്ചയാണ്, ഉന്മാദത്തിൻ്റെ ആലാപനമാണ്. രതിയെ ഒളിഞ്ഞും തെളിഞ്ഞും ഉപാസിക്കുന്നവരാണ് ഈ നോവലിലെ കഥാപാത്രങ്ങൾ.

രാഷ്ട്രീയവും പുരോഗമനവും ഈ നോവലിൽ ദർശിക്കാനാകില്ല. മനുഷ്യന്റെ ആസക്തികൾക്കു മുന്നിൽ എല്ലാം അപ്രസക്തമാകുന്നു.  അവിടെ ഈശ്വരവിശ്വാസം പോലും കാമനകളുടെ പൂർത്തീകരണമാകുന്നു. ജീവിക്കുന്ന മനുഷ്യരുടെ ആത്മാവുകൾ സംഘർഷത്തിലേർപ്പെടുന്നു.  അവിടെ അപ്പൻ, മകൻ, സ്ത്രീ, പുരുഷൻ എന്നിങ്ങനെയുള്ള ഭേദങ്ങളില്ല. ഈ നോവൽ ആത്മാവുകളുടെ കലാപമാണെന്ന് പറയാം. ഉടലുണ്ടങ്കിൽ അതിന്റെ കാമനകളെ തൃപ്തിപ്പെടുത്താനുമാകണം.  അങ്ങനെ തൃപ്തി നേടിയ, അഥവാ പരാജിതരായ,
വ്യക്തികളിൽ നിന്നും വ്യക്തികളിലേക്ക് ദേശാന്തരം നടത്തുന്ന മനസ്സുകളുടെ ആവിഷ്കാരമാണ് സി.വി. ബാലകൃഷ്ണൻ സാധിക്കുന്നത്. കാമനകളുടെ പൂർണ്ണതയെയാണ് ഏവരും കൊതിക്കുന്നത്.  ഇതിലെ എല്ലാ കഥാപാത്രങ്ങളും, സ്ത്രീയായാലും പുരുഷനായാലും കാമനകൾ തേടി സഞ്ചരിക്കുന്നവരാണ്. അത് പൗലോ യിൽ ആരംഭിക്കുന്നു. തോമാ, മേരി, ബ്രിജിത്താമ്മ, സാറാ, സിസ്റ്റർമാർ, റാഹേൽ, യോഹന്നാൻ, മാത്യു, ലോഹിതാക്ഷൻ, ആനി - ഈ കഥാപാത്രങ്ങളൊന്നും കാമനകളിൽ നിന്നും ആസക്തികളിൽ നിന്നും മുക്തരല്ല.  വിശ്വാസത്തിനൊന്നും മനുഷ്യന്റെ ആസക്തികളോടുള്ള ആഭിമുഖ്യത്തെ തടയാനാകുന്നില്ല. ബൈബിളും പള്ളിയും അച്ചന്മാരും നിസ്സഹായരാണ്. ഏവരെയും ആസക്തികൾ ചൂഴ്ന്നു നില്ക്കുന്നു. ഈ പരിത:സ്ഥിതിയിൽ ആയുസ്സിന്റെ പുസ്തകം എന്ന നോവൽ ആത്മാക്കളുടെ സങ്കീർത്തനമാകുന്നു..
                                    ഗണേശൻ.വി                           
                 

      
















അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഹിമവാൻ്റെ മുകൾത്തട്ടിൽ: രാജൻ കാക്കനാടൻ, ഭാഗം1

കരുണ - കുമാരനാശാൻ

സഭാപ്രവേശം - കുഞ്ചൻ നമ്പ്യാർ