മണൽക്കാലം ...കെ.ജി.ശങ്കരപ്പിള്ള (" മണൽക്കാലം" ... തരിശു കാലത്തിന്റെ ഗാഥ)

 കവിത: മണൽക്കാലം ...കെ.ജി.ശങ്കരപ്പിള്ള




തരിശു കാലത്തിന്റെ ഗാഥ------ഗണേശൻ വി.

ആധുനിക - ആധുനികാനന്തര കാലഘട്ടങ്ങളിൽ ദീപ്തമായ സാമൂഹികാവബോധത്തിന്റെ ഉൾ വെളിച്ചത്തിൽ നിന്നുകൊണ്ട് കവിതകൾ രചിച്ച വ്യക്തിയാണ് കെ.ജി.ശങ്കരപ്പിള്ള. ബംഗാൾ, കഷണ്ടി മുതലായ തീവ്ര വിപ്ലവസ്വഭാവമുള്ള കവിതകളും മനുഷ്യനും പ്രകൃതിയും തമ്മിലുളവാകേണ്ട പാരസ്പര്യം നിരാകരിക്കപ്പെടുന്ന സമകാലിക ദുഃസ്ഥിതിയെ പരാമർശിച്ചുള്ള കവിതകളും എഴുതിയിട്ടുണ്ട്.  മോഹഭംഗങ്ങളും തീവ്ര നിരാശയും ആകുലമാക്കിയ അധുനാതന ലോകത്തിന്റെ രോഗഗ്രസ്തത തീവ്ര നോവായി അദ്ദേഹം അനുഭവിക്കുന്നു. മണൽക്കാലം എന്ന കവിത വേറിട്ടു നില്ക്കുന്നില്ല. മണൽ എന്ന അജൈവ പാരിസ്ഥിതിക ബിംബത്തെയും കാലം എന്ന അജൈവവും അമൂർത്തവുമായ ചലന ബിംബത്തെയും സമന്വയിച്ചുള്ള മാനവിക വീക്ഷണങ്ങളാണ് പ്രസ്തുത കവിതയുടെ സവിശേഷത.


മണൽ,  ഊഷരതയെ പ്രതിനിധാനം ചെയ്യുന്നു.  ഒരു വിത്തു പോലും കിളരാത്ത, പച്ചപ്പ്  അന്യമായ ഒരവസ്ഥയെയാണ് ആ പദം സൂചിപ്പിക്കുന്നത്.   പച്ചപ്പ് ജീവിതത്തെ കുറിക്കുന്നു. പച്ചപ്പില്ലാത്ത എന്നു പറയുമ്പോൾ, ജീവിതം, അഥവാ ജീവൻ അസ്തമിച്ച അവസ്ഥ എന്ന് വിശദീകരിക്കാം.  ജീവൻ സവിശേഷമാകുന്നത് ജീവിതധർമ്മങ്ങൾ നിറവേറ്റുമ്പോഴാണ്. അങ്ങനെ, ജീവിത ധർമ്മങ്ങൾ നിറവേറ്റാനില്ലാത്ത കാലമാണ് മണൽക്കാലം. ജീവിത ധർമ്മങ്ങൾക്ക് സ്ഥായീഭാവമില്ലാത്ത കാലം എന്നും വിശദീകരിക്കാം.  അപ്രകാരം മണൽ നിശ്ശൂന്യതയുടെയും നിർവികാരതയുടെയും കാലമാകുന്നു. മാനുഷികതയറ്റ മാനുഷിക കാലമാകുന്നു.

അപ്രകാരം പറയുമ്പോൾ ഏത് തരിശിനും, ഏത് ഊഷരതയ്ക്കും ഓർമിക്കാൻ ശുഭ സൂചകമായ നല്ല കാലം, ഉർവരമായ, ഉൻമേഷം നിറഞ്ഞ ഒരു കാലമുണ്ടായിരിക്കും. രസവും സന്തോഷവും നിറഞ്ഞ കുട്ടിക്കാലത്തെ കവി ഓർമിക്കുന്നു.  'ഒരേ കുളിരിൽ കുളിച്ചും പുഴ മണലിൽ ദൈവത്തിനെണ്ണയും പാലുമായ് പോകുമൊരു പുഴുവിന്റെ തീരാത്ത വെമ്പൽ കണ്ടു'മാണ് വളർന്നത്. വളരെ വ്യത്യസ്തങ്ങളായ നിരവധി കാഴ്ചകൾ. ഓരോന്നും നൂതനമായ അനുഭൂതി പകരുന്നു.  ഈ ഖണ്ഡത്തിലെ 'മണൽ' പ്രയോഗം പുഴയെന്ന ചലനാത്മകതയുമായി കെട്ടുപിണഞ്ഞിരിക്കുന്നു. അനാദിയായ ചലനാത്മകതയാകുന്നു പുഴ. പുഴയുടെ അനാർദ്രതയെ പ്രതിനിധീകരിക്കുന്ന പദമല്ല ഇവിടെ മണൽ. പുഴയോട് ചേർന്നുനില്ക്കുമ്പോൾ, ആ കാലപ്രവാഹത്തിൽ അലിയുമ്പോൾ മണൽ ആർദ്രതയാകുന്നു.  എന്നാൽ പുഴ വറ്റി മണൽ മാത്രമാകുമ്പോൾ അത് അനാർദ്രമാകുന്നു. കഠിനതയാകുന്നു. മണൽ പുഴയോട് ചേർന്നിരിക്കെ നൂതനാനുഭവങ്ങളുടെ സാക്ഷ്യമാകുന്നു.

കുട്ടിക്കാലം സമൃദ്ധമാക്കിയത്, ആഹ്ലാദ പ്രിയമാക്കിയത് മണൽത്തിട്ടായിരുന്നു.  ' ഒരേ മണലിൽ കളിച്ചും നിഴലളന്നും കുഞ്ഞു നേരങ്ങളോടി നിറഞ്ഞുവെന്ന് കവി പറയുന്നു. പുഴയുടെ തന്നെ വ്യത്യസ്ത ഭാവങ്ങൾ കാണാൻ കഴിഞ്ഞു.  പുഴ കാലത്തിന്റെ ചടുലവും വർണ്ണാഭവുമായ ആഖ്യാനമാകുന്നു. രണ്ടാമത്തെ ഖണ്ഡത്തിൽ മാനസികവും ശാരീരികവുമായ കവിയുടെ വളർച്ച സൂചിപ്പിക്കുന്നു.  സാഹിത്യവും ദർശനവും ശാസ്ത്രവും പുരാണവും പoനത്തിൽ ഉൾപ്പെട്ടു. അറിവിന്റെ വ്യത്യസ്തവും നൂതനവുമായ സാധ്യതകളിലേക്ക് കവി നീങ്ങി. തുഞ്ചൻ, കുഞ്ചൻ, ന്യൂട്ടൻ, ബുദ്ധൻ, ഗാന്ധിജി, മാർക്സ്, ഘട്ടക്ക്, സത്യജിത് റേ, ഗൊദാർദ് എന്നിവർ മാത്രമല്ല, പ്രകൃതിയും അറിവ് വിശാലമാക്കാൻ കുട പിടിച്ചു. മതവും ദർശനവും രാഷ്ട്രീയവും വ്യക്തിയുടെ സംവാദഭരിതമായ വളർച്ചയെ ആവിഷ്കരിക്കുന്നു. സംവാദങ്ങൾ നിലപാടുകളിലേക്കും ഉറച്ച പ്രത്യയ ശാസ്ത്ര സ്ഥൈര്യത്തിലേക്കും വഴി തുറക്കുന്നു.  'നമ്മളും ചൂടി നെറുകയിൽ യുഗ ദർശനത്തിന്റെ മയിൽപ്പീലിത്തിരുമിഴി ' എന്നു കവി വ്യക്തമാകുന്നു. ജീവിതത്തിന്റെ സമഗ്രമായ നീതിയിലേക്കുള്ള യാത്ര കവിക്ക് സാദ്ധ്യമായത് പ്രപഞ്ച വിജ്ഞാനത്തിൽ നിന്നും സംവാദങ്ങളിൽ നിന്നുമാണ്. അറിവിൽ നിന്നും വ്യക്തിയിലേക്കുള്ള പച്ചയായ സംക്രമണത്തിൽ നിന്നാണ് തെറി ഉടലെടുക്കുന്നത്. സ്വത്വബോധവും ഉടലറിവും ഉള്ള ഒരുവനു മാത്രമേ തെറി ബാധകമാകയുള്ളൂ.

മൂന്നാം ഖണ്ഡത്തിൽ ജ്ഞാനത്തിൽ നിന്നും പ്രപഞ്ച വീക്ഷണത്തിൽ നിന്നും ഉരുവം കൊണ്ട വിപ്ലവാത്മകമായ ആത്മസ്ഫോടന മുഹൂർത്തങ്ങളെ ആവിഷ്‌കരിക്കുന്നു.  സംവാദം രാവും പകലും നീണ്ടു. മിഥ്യകളുടെ പൂങ്കാവനങ്ങളിൽ വാക്ക് ചിറകായി മാറി. മനസ്സിലുള്ള മോഹങ്ങൾ ഭംഗിയായി ആവിഷ്കരിക്കാനാകുമോ എന്ന തത്രപ്പാട് യുവത്വത്തിൽ പിടിമുറുക്കി.  സാമൂഹിക വ്യവസ്ഥിതിയെത്തന്നെ അട്ടിമറിക്കാനുതകും വിധം ചിന്തകൾ കലുഷമായി. 1967 ൽ പൊട്ടിപ്പുറപ്പെട്ട നക്സൽബാരി കലാപം സൃഷ്ടിച്ച സാംസ്കാരികമായ ഉണർവ് വലുതായിരുന്നു. അതേ ആശയങ്ങളുടെ വ്യാമോഹക്കയങ്ങളിൽ കവി പതിച്ചു. ബംഗാളിൽ ആരംഭിച്ച് വയനാട് വരെ ഇടതു തീവ്രവാദത്തിന്റെ അലയൊലികൾ മുഴങ്ങി. വിശപ്പിന്റെ ഉൾവിളിയായിരുന്നു, അധ:സ്ഥിത വിഭാഗത്തോടുള്ള മാനസികൈക്യമായിരുന്നു, നൂതന വ്യവസ്ഥിതിക്കു വേണ്ടിയുള്ള ദാഹമായിരുന്നു അതിന്നു പിന്നിൽ.  'വിശപ്പിന്റെ കാട്ടിരുളിലാളിയ സ്നേഹഖഡ്ഗങ്ങൾ' എന്നു കവി. സ്നേഹവും ഖഡ്ഗവും. ഹിംസയും അഹിംസയും. ഒരു വിഭാഗത്തെ സംരക്ഷിക്കുന്നതിനുവേണ്ടി മറ്റൊരു കൂട്ടർക്കെതിരെ ആയുധം പ്രയോഗിക്കേണ്ടി വരുന്നു. പാവപ്പെട്ടവരോടുള്ള സ്നേഹത്തിന്റെ പേരിൽ സമ്പന്ന / വരേണ്യ വിഭാഗങ്ങളെ ഹനിക്കേണ്ടി വന്നു. അതായത്, ചൂഷകർക്കെതിരെ ഖഡ്ഗം പ്രയോഗിക്കേണ്ടി വന്നുവെന്ന് സാരം.


മോചനത്തെ സംബന്ധിച്ചും, മരണത്തെക്കുറിച്ചുള്ള വീര സങ്കല്പങ്ങൾക്ക് കാലം ഒഴുകെ മാറ്റമുണ്ടായി.  ഒളിപ്പോരും മിന്നലാക്രമണങ്ങളും പിടിച്ചെടുക്കലുകളും അവസാനിക്കെ, എന്നാൽ അതിന്റെ പരമകാഷ്ഠയിൽ നിന്നും, അതു പകർന്ന ഉൻമാദത്തിൽ നിന്നും താഴേക്ക് ജന്മത്തിന്റെ പെരുമ്പാറ താഴേക്ക് ഉരുട്ടിയിടുന്ന നാറാണത്തു ഭ്രാന്തമാരായി. ആവേശവും അറിവും ലക്ഷ്യം. കൈവരികുന്നതിന്  പ്രചോദനമായെങ്കിലും പ്രസ്തുത ലക്ഷ്യം വ്യർത്ഥ സങ്കല്പമാണെന്ന് തിരിച്ചറിഞ്ഞതോടെ പിന്തിരിയേണ്ടി വന്നുവെന്ന് കവി വ്യക്തമാക്കുന്നു. പിന്നീട് നഗരങ്ങളിൽ അലയുന്ന, വീറെല്ലാം പോയ്പ്പോയ പണ്ഡിതച്ചിരികൾ മാത്രമായി തീവ്രവിപ്ലവകാരികൾ നിപതിച്ചു.

നാലാം ഖണ്ഡം ആത്മദർശനത്തിന്റേതാണ്.  രണ്ടു പേർക്കിടയിൽ ഒരു പുഴയുണ്ട് എന്ന് കവി തിരിച്ചറിയുന്നു.  ഒരിക്കലും തുറന്നു പറയാത്ത സ്വകാര്യ രഹസ്യങ്ങളുടെ അഗ്നി വാഹിയായി പുഴ രണ്ടു പേർക്കുമിടയിലൂടെ ഒഴുകുന്നു.  അതിന്റെ അക്കരെയും ഇക്കരെയും ഇരുന്നാണ് ഇരുവരും ഉല്ലസിച്ചതും ക്ഷോഭിച്ചതും. അത് മൃത്യു വാഹിയായി കൂടെയുണ്ട്.  നമ്മുടെ പാപഭയങ്ങളും, പതന ഭയങ്ങളും അത് ഉൾകൊള്ളുന്നു. പുഴ രണ്ടുപേരുടെയും ആഴത്തെയും അഴകിനെയും അഴുക്കിനെയും പ്രതിനിധാനം ചെയ്യുന്നു.  വ്യക്തി എന്ന നിലയ്ക്കുള്ള അസ്തിത്വ പ്രശ്നങ്ങളാണ് കവി തുറന്നു കാട്ടുന്നത്. ഒരു വ്യക്തിയും ഒരിക്കലും തുറന്ന പുസ്തകമാകുന്നില്ല. നമ്മെക്കുറിച്ചുള്ള അറിവ് സ്വയം ആർജ്ജിക്കുമ്പോൾ പുഴ പ്രളയമായി സ്വത്വത്തെ കടപുഴക്കുന്ന പ്രളയ വിക്ഷോഭമായി പരിണമിക്കുന്നു.  കലങ്ങിയ മൗനം, തീരാപ്പിടയൽ എന്നീ പ്രയോഗങ്ങൾ ചുട്ടുനീറുന്ന ആത്മാവിനെ സൂചിപ്പിക്കുന്നു.

രണ്ടു പേരാണ്; രണ്ടു പേർക്കിടയിൽ ഒരു പുഴ ഒഴുകുന്നു - ഇതൊക്കെ ശരി തന്നെ എങ്കിലും പുഴ വറ്റുമ്പോൾ നാം ഒന്നാകും. മണൽക്കാലം എല്ലാവർക്കും ഒരു പോലെ. അപ്പോൾ ചില തുറന്നു പറച്ചിലുകൾ - നമ്മളെ വല്ലാതെ ഐക്യപ്പെടുത്തും.  നമ്മളൊന്നാണ്, ഒറ്റ വൻകരയാണ് എന്നൊക്കെയുള്ള അദ്വൈത ചിന്താ പ്രകാശം പരക്കും. പ്രസ്തുത ചിന്ത വാർദ്ധക്യത്തിൽ കേണും പറഞ്ഞും വിളിക്കും.

അഞ്ചാം ഖണ്ഡം തിരിച്ചു വരവാണ്.  ടൂറിസ്റ്റ് ആർഭാടങ്ങളുമായി പിറന്ന നാട്ടിൽ പുഴമണലിൽ.  ഒരുപാട് വർഷങ്ങൾക്കു ശേഷം തിരിച്ചെത്തിയിരിക്കുന്നു. എത്രയോ കാലവും വേഗവും ആഴവും ദീർഘയാത്രകളും പിന്നിട്ടിരിക്കുന്നു.  സന്തോഷം പ്രത്യാശ എന്നിവ നിറഞ്ഞ കാലം വറ്റി മാഞ്ഞിരിക്കുന്നു. ഇപ്പോൾ മണൽക്കാലമാണ് ആഗതമായിരിക്കുന്നത്. ഭൂതകാലത്തിനും ഭാവികാലത്തിനുമിടയിൽ നാം പണിയുന്ന മണൽപ്പാലമാണത്.  വെറും മണൽ. കവി എഴുതുന്നത് 'മണൽ മാത്രമായ മണൽ' എന്നാണ്. ഒഴുക്കിന്റെ ഉത്സവ ധന്യത ഇവിടെ അവസാനിച്ചിരിക്കുന്നു. കർമ്മ ശൂന്യമായ ജീവിതം കവി കാണുന്നു. മണ്ണിന്റെ ഒരു ഗുണവും ധാതുസമ്പത്തും പുഷ്ടിയും ഇതിനില്ല.  നിശ്ചലതയും നിരുന്മേഷവുമാണ് അത് നല്കുന്നത്. എങ്കിലും കവി തിരിച്ചറിയുന്നു.. 'മുട്ടറ്റമേയുള്ളു ഭൂതകാലക്കുളിർ ".


കവി തിരിച്ചറിയുകയാണ്: ജീവിതത്തിലെ സുഖവും തൃപ്തിയും സന്തോഷവും അല്പമാത്രമാണ്.  വിപ്ലവവും ആവേശവും ആശയ പ്രബുദ്ധതയും ഹ്രസ്വ നേരം മാത്രം. പിന്നെ പെരുകുന്ന മണൽക്കാലം മാത്രമാണ്.  നൈരാശ്യത്തിന്റെയും ഇച്ഛാഭംഗത്തിന്റെയും കാലം. വല്ലായ്മകളും വയ്യായ്കകളും പിടിമുറുക്കുന്ന കാലം. പക്ഷേ  തിരിച്ചറിവുകൾ കൂട്ടാളിയാകുന്നു. രുഗ്ണമായ കാലത്തെ സംബന്ധിച്ച രോദനമാകുന്നു കെ.ജി.ശങ്കരപ്പിള്ളയുടെ മണൽക്കാലം.  മണൽക്കാലത്തിന്റെ ആധിക്യത്തിൽ വല്ലാത്ത പൊറുതി മുട്ടൽ കവി അനുഭവിക്കുന്നു. അസഹനീയമായ അസ്തിത്വ വ്യഥയുടെ വിലാപം മണൽക്കാലത്തിൽ മുഴങ്ങുന്നു.




അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഹിമവാൻ്റെ മുകൾത്തട്ടിൽ: രാജൻ കാക്കനാടൻ, ഭാഗം1

കരുണ - കുമാരനാശാൻ

സഭാപ്രവേശം - കുഞ്ചൻ നമ്പ്യാർ