അറിവും തിരിച്ചറിവും

'അറിവും തിരിച്ചറിവും

അറിവ് ജ്ഞാനമാണ്.  അത് ആർജ്ജിക്കുന്നത് കൃതികൾ, ഗുരുനാഥന്മാർ, സമൂഹം, വിദ്യാലയം മുതലായ ഘടകങ്ങളിലൂടെയാണ്. ഒരു വിഷയത്തെ സംബന്ധിക്കുന്ന പരിജ്ഞാനമാണത്. ബോധാ ബോധങ്ങളിൽ ബോധത്തിന്റെ സഹായവും സാന്നിധ്യവും അറിവിനുണ്ട്. അറിവിന്റെ തലം നോക്കി പണ്ഡിതൻ, പാമരൻ എന്നീ ഭേദങ്ങൾ നിർണയിക്കപ്പെടുന്നു.  വേദങ്ങൾ, ഉപനിഷത്തുകൾ മുതലായവയിലുള്ള അഗാധ അറിവ് പ്രൗഢതയുടെയും ആഢ്യമ്മന്യതയുടെയും ലക്ഷണമായി പരിഗണിക്കപ്പെട്ടു. അതേ സന്ദർഭത്തിൽ അറിവിന്റെ ലോകത്തിൽ വിലക്കപ്പെട്ടവരും ഉണ്ട്. ആധുനിക കാലഘട്ടത്തിലാകട്ടെ, നൂതന വിജ്ഞാന മണ്ഡലങ്ങളുടെ സാന്നിദ്ധ്യം അറിവിന്റെ വൈവിദ്ധ്യത്ത നിർണ്ണയിച്ചു കൊണ്ടിരിക്കുന്നു. ഒരു പാഠത്തെ സ്വാംശീകരിക്കലാണ് അറിവ്. എന്നാൽ പാoത്തിന്റെ അപനിർമ്മാണമാണ് തിരിച്ചറിവ്.

പാoത്തിന്റെ അപനിർമ്മാണമായോ, പുനർ വ്യാഖ്യാനമായോ തിരിച്ചറിവ് പ്രത്യക്ഷമാകാം.
ഉദാഹരണത്തിന് ശങ്കരാചാര്യരും പൊട്ടനും തമ്മിൽ നടന്ന സംവാദം നോക്കുക. ശങ്കരാചാര്യർ സർവജ്ഞപീഠം കയറിയ പണ്ഡിതനാണ്. ജ്ഞാനഭണ്ഡാഗാരം.  എന്നാൽ പൊട്ടൻ എതിരെ വന്നപ്പോൾ തന്റെ അറിവ് പ്രയോഗിക്കുകയാണ് അദ്ദേഹം ചെയ്തത്. ഇവിടെ അറിവ് തിന്മയുടെ പ്രഹരമാകുന്നു. ഉന്നത ജാതീയന്റെ മുന്നിൽ അധമ ജാതിക്കാരൻ സ്വീകരിക്കേണ്ട വഴക്കങ്ങൾ ശങ്കരാചാര്യർ നിരത്തുന്നു  എന്നാൽ പൊട്ടന്റെ അറിവ് ശങ്കരാചാര്യരുടെ അറിവിന്റെയും നിലനില്ക്കുന്ന അനുശാസനങ്ങളുടെയും നിഷേധമായിരുന്നു. വ്യവസ്ഥാപിത പാo ങ്ങളെ തിരുത്തുന്ന അറിവായിരുന്നു പൊട്ടന്റേത്. അതിലൂടെ തിരുത്തുന്ന അറിവിനെ തിരിച്ചറിവെന്നു പറയാം.

തിരിച്ചറിവുകൾക്ക് മാറ്റത്തിന്റെയും നൂതനത്വത്തിന്റെയും മുഖമുണ്ട്.  തൊട്ടാൽ പൊള്ളുമെന്ന അറിവ് സ്വയം പാoമാണ്. തീ, ചൂട് എന്നിവയെ സംബന്ധിക്കുന്ന പ്രാഥമിക പാo ങ്ങൾക്കൊപ്പം ശരീരത്തിന്റെ താപ ഗ്രാഹ്യസ്ഥിതിയെ സംബന്ധിച്ചും കുട്ടി അറിയുന്നു.  തൊട്ടാൽ പൊള്ളുമെന്ന അറിവിനെ തിരിച്ചറിവാക്കുന്നത് ശരീരഭാഗത്തിനേറ്റ വേദനയാണ്. അതായത് അനുഭവം. എന്നാൽ അനുഭവത്തിലൂന്നിയ തിരിച്ചറിവുകൾ എല്ലാ സാഹചര്യത്തിലും സന്ദർഭത്തിലും ഉപകാരപ്രദമാകണമെന്നില്ല.

അറിവിന്റെ വൈയക്തിക പ്രയോജന തലമാണ് തിരിച്ചറിവിൽ കാണുക.  ചില സന്ദർഭങ്ങളിൽ
സമൂഹമാസകലം തിരിച്ചറിവിലേക്കെത്തും.  വ്യവസ്ഥിതിയോടുള്ള കലാപമായിരിക്കും പരിണത ഫലം.  അറിവിൽ നിന്നും ഉൽപന്നമാകുന്നതാണെന്ന അർത്ഥത്തിലാണ് തിരിച്ചറിവ് പ്രസക്തമാകുന്നത്.  തിരിച്ചറിവ് പ്രദാനം ചെയ്യുന്നതിൽ സമൂഹ സമ്പർക്കം, പുസ്തകവായന, വിദ്യാലയം മുതലായവ മുഖ്യ പങ്കുവഹിക്കുന്നു.  മുതിർന്നവരുടെ ഉപദേശ നിർദ്ദേശങ്ങളും പ്രധാനമാണ്. എന്നാൽ പുരോഗമനപരമായ മൂല്യങ്ങൾ പ്രസരിപ്പിക്കുന്നവ മാത്രമേ സ്വീകരിക്കേണ്ടതുള്ളൂ.

ഇതിലൊക്കെ സർവ പ്രധാനമായത് ത്യാജ്യഗ്രാഹ്യ വിവേചനബുദ്ധിയുടെ പ്രയോഗമാണ്.  മുതിർന്ന ഒരാളുടെ ഉപദേശം, ഒരു കൃതി പകരുന്ന സന്ദേശം എന്നിവ അതേപടി ഉൾക്കൊള്ളാതിരിക്കൽ കൂടി യാണ്  തിരിച്ചറിവ്. തിരിച്ചറിവെന്നാൽ ത്യാജ്യ ഗ്രാഹ്യ വിവേചനബുദ്ധി തന്നെ. സ്വയം വിമർശനപരമായ സാമൂഹിക/വൈയക്തിക ബോധമാണ് തിരിച്ചറിവെന്ന് നിർവചിക്കാം.  തിരിച്ചറിവുകളെല്ലാം സാമൂഹിക പുരോഗതിക്കു തകണമെന്നില്ല. എന്തായാലും അത് പാഠത്തിനു മേലുള്ള തിരുത്താണ്. ആ നിലയ്ക്ക് വിപ്ലവാത്മകമാണ്.

ഒരു തിരിച്ചറിവ് സാമൂഹികപുരോഗതിക്കനുരോധമായിരുന്നുവെന്ന് അറിയാൻ കാലം ഉരുളേണ്ടിവരും.  ചരിത്രത്തിനേ സമാധാനം കണ്ടെത്താനാകൂ. യുക്തിപരമായ അറിവിന്റെ പിൻബലത്തോടു കൂടിയ തിരിച്ചറിവിനു മാത്രമേ സാംഗത്യമുള്ളു. അന്ധവിശ്വാസ പ്രചോദിതവും അന്ധകാര ജടിലവുമായ തിരിച്ചറിവുകൾ തിരിച്ചറിവുകളല്ല. തെറ്റിദ്ധാരണകളോ വ്യാമോഹങ്ങളോ ആണ്.
തിരിച്ചറിവുകൾ പ്രത്യക്ഷ യാഥാർത്ഥ്യത്തിൽ അധിഷ്ഠിതമാണ്.

അറിവിന്റെ ഘനം പണ്ഡിതനെ അഹങ്കാരിയാക്കുന്നുവെങ്കിൽ ആ ജ്ഞാനം അസ്ഥാനത്താണ്.  അത് ജ്ഞാനിയുടെ അജ്ഞാനമാകുന്നു. അതിനാൽ ഒരിക്കൽ കൂടി പറയാം - സമൂഹ വളർച്ചയ്ക്ക് ഉതകും വിധത്തിലുള്ള, വ്യക്തിപുരോഗതിക്ക് സഹായകമായ അറിവിന്റെ സോദ്ദേശ്യപൂർണ്ണമായ വിഘടനമാകുന്നു തിരിച്ചറിവ്.  അടിമത്തം, ദാസ്യത, മേൽ/ കീഴ് മനോഭാവം മുതലായ എല്ലാ പ്രതിലോമതകളെയും അത് തൂത്തെറിയുന്നു, സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സമതയുടെയും ഹാരം അണിയുകയും ചെയ്യുന്നു. എല്ലാ തിരിച്ചറിവുകളും സ്നേഹാധിഷ്ഠിതമാണ്.

ഗണേശൻ.വി

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഹിമവാൻ്റെ മുകൾത്തട്ടിൽ: രാജൻ കാക്കനാടൻ, ഭാഗം1

കരുണ - കുമാരനാശാൻ

സഭാപ്രവേശം - കുഞ്ചൻ നമ്പ്യാർ