കൊമാലയും മാദ്ധ്യമങ്ങളും... (ലേഖനം)

        കൊമാല സന്തോഷ് ഏച്ചിക്കാനത്തിന്റെ കഥയാണ്. വിശ്വന്‍ കുണ്ടൂര്‍ എന്നയാള്‍ ആഗസ്ത് 15 നു പുലര്‍ച്ചെ 12ന് കുടുംബസമേതം ആത്മഹത്യ ചെയ്യും എന്ന്  പ്രഖ്യാപിക്കുന്നു. ഒരു മാദ്ധ്യമം വിഷയം ചര്‍ച്ചയ്ക്കിടുന്നു. എസ് എം എസ് ക്ഷണിക്കുന്നു. പ്രതികരണങ്ങള്‍ ഉണ്ടാകുന്നില്ല. സ്വന്തം നാട്ടുകാര്‍ക്കു പോലും വിശ്വന്റെ പ്രശ്നം വിഷയമല്ല. സുഹൃത്ത് സുധാകരന്‍ ആണ് വിശ്വനെ കടക്കെണിയില്‍ പെടുത്തിയത്. വിശ്വന്‍ ജാമ്യക്കാരനാണ്. സുധാകരന്‍ പൈസ തിരിച്ചടച്ചില്ല. ബാങ്ക് ജാമ്യക്കാരന് ജപ്തി നോട്ടീസ് അയക്കുന്നു. ഇതാണ് വിശ്വനെ പ്രതിസന്ധിയില്‍പെടുത്തിയത്. ചര്‍ച്ചയില്‍ പങ്കെടുത്ത അലക്സ് പുന്നൂസ് പറഞ്ഞ പെദ്രോപരാമോ എന്ന പുസ്തകം വിശ്വന്‍ വായിക്കുന്നു, ഒറ്റ രാത്രി കൊണ്ട്. മരിച്ചവരുടെ ഗ്രാമമായ കൊമാലയിലെ വൈചിത്ര്യങ്ങള്‍ വിശ്വന് അമ്പരപ്പുണ്ടാക്കുന്നു. തന്റെ മുന്നില്‍പെട്ടവരെല്ലാം അത്തരക്കാരാണെന്ന് വിശ്വന്‍ കരുതുന്നു.സുധാകരനെ തേടി ഗ്രാമം വിട്ടിറങ്ങിയ വിശ്വന്‍ കവലയില്‍ വെച്ച് ഒരപകടം കാണുന്നു. ആരും സഹായിക്കാനെത്തുന്നില്ല. കൊമാലയാണോ ഇത് എന്ന് ആശ്ചര്യപ്പെട്ട വിശ്വന്‍ യുവാവിനെ ആശുപത്രിയിലെത്തിക്കാന്‍ തുനിയുന്നു. സഹായിക്കാനെന്ന വ്യാജേന ജീപ്പില്‍ കയറിയ മദ്ധ്യവയസ്കന്‍ പാതിവഴിയിലിറങ്ങി തന്റെ 'വിശാലത' കാട്ടുന്നു. യുവാവ് മരിക്കുന്നു. കൊമാലയായി മാറിയ ഈ നാട്ടില്‍ തന്നെപ്പോലെ ഇത്തിരി കണ്ണില്‍ച്ചോരയുള്ളവരെങ്കിലും ജീവിച്ചിരിക്കേണ്ടത് ഇന്നിന്റെ ആവശ്യകതയാണെന്നു മനസ്സിലാക്കിയ വിശ്വന്‍ ആതമഹത്യാ തീരുമാനം പിന്‍വലിക്കുന്നു. ഇതാണ് കഥ.


       കൊമാല എന്ന കഥയില്‍ മാദ്ധ്യമങ്ങളെ അതിനിശിതമായി വിചാരണ ചെയ്യുന്നുണ്ട്. ആധുനിക ദൃശ്യമാദ്ധ്യമങ്ങള്‍ വാര്‍ത്തകളെ ചര്‍ച്ചാവേളകള്‍ കൂടിയായി പ്രയോജനപ്പെടുത്താറുണ്ട്. മൂല്യമില്ലെങ്കിലും കാലികതയുള്ള വിഷയങ്ങളായിരിക്കും ചര്‍ച്ചചെയ്യുക. ഏതു വിഷയം ചര്‍ച്ച ചെയ്യുമ്പോഴും വിഷയത്തിന്റെ കച്ചവടമൂല്യം അവര്‍ പരിഗണിച്ചിട്ടുണ്ടാകും. കമ്പോള താത്പര്യം തന്നെയാണ് ആധുനിക ദൃശ്യ മാദ്ധ്യമങ്ങളുടെ ലക്ഷ്യം.  അല്ലാതെ ജനതയെ ബോധവത്കരിക്കുകയോ പ്രബുദ്ധരാക്കുകയോ അല്ല. വിശ്വന്‍ സാധാരണക്കാരനാണ്. വിശ്വന്റെ അടിസ്ഥാന പ്രശ്നം കടബാദ്ധ്യതയാണ്. കടം  വരുത്തിവെച്ചത്  അയാളല്ലെങ്കിലും അതു പേറാന്‍ അയാള്‍ നിര്‍ബന്ധിതനാണ്.  രക്ഷയില്ല മുന്നോട്ടു പോകാന്‍ എന്നു കണ്ടപ്പോള്‍  തന്റെ പ്രശ്നം സമൂഹം അറിയട്ടെ, പ്രതിഷേധം സമൂഹം കാണട്ടെ എന്ന ചിന്തയാലാണ്  ആത്മഹത്യാ ഭീഷണി  മുഴങ്ങുന്ന ബോര്‍ഡ് വെച്ചത്.  ഇത് ഒരു മാദ്ധ്യമം ശ്രദ്ധിച്ചു. വിഷയം ചര്‍ച്ചക്കു വെച്ചു. പ്രശ്നം പരിഹരിക്കപ്പെടണം എന്ന താത്പര്യമൊന്നും അവര്‍ക്കില്ല. കമ്പോളത്തിന്റെ മലവെള്ളപാച്ചലില്‍ പാവങ്ങള്‍ക്കെന്തു നിലനില്പ് ?

      ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍, വെള്ളൂര്‍ ബാങ്ക് സെക്രട്ടറി മാധവന്‍നായര്‍, മനശ്ശാസ്ത്രജ്ഞന്‍ നന്ദകുമാര്‍, എന്‍ സി ആര്‍ ബി ഉദ്യോഗസ്ഥന്‍ അലക്സ് പുന്നൂസ് , അഡ്വ. ഫാത്തിമാബീഗം , വിശ്വന്‍ എന്നിവരാണ്. വിഷയത്തിന്റെ പ്രസക്തി സൂചിപ്പിച്ചുകൊണ്ടാണ്  വാര്‍ത്താവതാരകന്‍ ചര്‍ച്ച മുമ്പോട്ടു വെക്കുന്നത്. ഒരൊറ്റ പൊളിറ്റീഷ്യനേയും ചര്‍ച്ചയില്‍ പങ്കെടുപ്പിക്കാന്‍ ഏച്ചിക്കാനം തയ്യാറാകുന്നില്ല. സാധാരണക്കാരന്റെ പ്രശ്നം ചര്‍ച്ച ചെയ്യാന്‍ അവരൊന്നും  പ്രാപ്തരല്ല എന്നതിനാലാണോ അത് ? മാധവന്‍ നായര്‍ ബാങ്കിന്റെ നിലപാട് വ്യക്തമാക്കി. മനുഷ്യന്റെ ജീവനെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം ഞങ്ങള്‍ക്കില്ല. കടം എഴുതിത്തള്ളല്‍ മുതലായവ പ്രായോഗികമല്ല. അങ്ങനെയാണെങ്കില്‍ ബാങ്കും പൂട്ടി വീട്ടിലിരുന്നാ മതി.  നിരുത്തരവാദിത്തപരമായ ഇത്തരം നിലപാടുകളെ ചോദ്യം ചെയ്യാന്‍ മോഡറേറ്റര്‍ തയ്യാറാകുന്നില്ല. സാമൂഹിക സ്ഥാപനമാണ് ബാങ്ക്. ജനങ്ങളുമായി ബന്ധപ്പെടുന്ന മറ്റൊരു സ്ഥാപനമാണ് മാദ്ധ്യമം. ഇവയ്ക്കു രണ്ടിനും മാനുഷിക മുഖം നഷ്ടമായിരിക്കുന്നു.ആഗോളീകരണകാലത്തെ പണത്തിന്റെ കുത്തൊഴുക്ക്  എല്ലാമൂല്യങ്ങളെയും അപ്രസക്തമാക്കിയിരിക്കുന്നു. സാധാരണക്കാരനും അവന്റെ പ്രശ്നങ്ങളും  കളിതമാശകള്‍ ആണ്. അത്തരമൊരു തമാശാരംഗമാണ് കൊമാലയില്‍ കാണുന്നത്.പണം ആളെക്കൊല്ലിയാണെന്നു പറഞ്ഞ പാക്കനാരെ ഓര്‍ക്കുക. പണത്തിന്റെ ഹൃദയ ശൂന്യതയെപ്പറ്റി മാര്‍ക്സും ഏംഗല്‍സും 1848 ല്‍ കമ്യൂണിസ്റ്റ് മാനിഫെസ്റ്റോവില്‍ എഴുതി. 

      ജനങ്ങളുമായി ബന്ധമുള്ള എല്ലാ സ്ഥാപനത്തിനും ജനവിരുദ്ധ സ്വഭാവമുണ്ടാക്കുക ആഗോളീകരണം വേഗത്തില്‍ നടപ്പാക്കാന്‍ ആവശ്യമത്രെ. സാമൂഹികസ്ഥാപനങ്ങളുടെ  രീതികള്‍ അട്ടിമറിക്കുകയും, അവിടെ മൂലധന താത്പര്യങ്ങള്‍ പച്ചപിടിക്കുകയും ചെയ്യുന്നു. അവശ്യ സേവനമേഖലയില്‍ നിന്നുമുള്ള പിന്മാറല്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും കാണാം. സബ്സിഡികള്‍ നിര്‍ത്തലാക്കുന്നതും, സൌജന്യങ്ങള്‍ വെട്ടിച്ചുരുക്കുന്നതും ഇതിന്റെ  ഭാഗമായാണ്. സര്‍ക്കാര്‍ പോലും ഈ കാലഘട്ടത്തില്‍ ലാഭമുണ്ടാക്കാനുള്ള ഉപാധി മാത്രമായി ചുരുങ്ങുന്നു. കോര്‍പ്പറേറ്റുകള്‍ക്ക് വികസിക്കാനുള്ള വഴി തുറന്നു കൊടുക്കല്‍ അതിന്റെ ധര്‍മ്മമാകുന്നു. അതുകൊണ്ട്  ജനതയ്ക്കു മീതേ അടിച്ചേല്പിക്കുന്ന നികുതിയും ബാദ്ധ്യതകളും മറ്റും കുത്തകകളെ ഒരു വിധത്തിലും ബാധിക്കുന്നില്ല. സാധാരണക്കാരന്റെ കടം എഴുതിത്തള്ളുന്നില്ല. കുത്തകകളുടെ കോടിക്കണക്കിനു രൂപ വരുന്ന  ബാദ്ധ്യതകള്‍ രക്ഷപ്പെടുത്തുന്നു.  പുതിയ കാലഘട്ടത്തില്‍ വികസന മന്ത്രം ഉരുവിട്ട്  ജനതയെ പാട്ടിലാക്കി കോര്‍പ്പറേറ്റുകളുടെ കൂട്ടിലടയ്ക്കാന്‍ ദേശീയ സര്‍ക്കാരുകള്‍ തുനിയുന്നു.

     നന്ദകുമാര്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നത് ഒരു മായിക ലോകത്തു നിന്നുകൊണ്ടാണ്. ആ വാക്കുകളില്‍ പൊങ്ങച്ചമുണ്ട്. വാക്യശൈലി മനോഹരവും എന്നാല്‍ അവസരോചിതമല്ലാത്തതുമാണ്. വിശ്വന്റെ പ്രശ്നം ഒരു പ്രശ്നമേയല്ല, നന്ദകുമാറിന്. തന്റെ മനശ്ശാസ്സ്ത്ര മേഖലയിലുള്ള അറിവ് വിളമ്പാനുള്ള ഉപാധിയത്രെ, അത്. അവസരത്തിന് ചേരാത്ത വാക്കുകള്‍. അതിഭാവനയില്‍ കുതിര്‍ന്ന പൊങ്ങുതടി പോലുള്ള നീളന്‍ വാക്യങ്ങള്‍...... അര്‍ത്ഥശൂന്യമായ ജല്പനം എന്നു നമുക്ക് പറയാം.  അതേപോലെ പുന്നൂസും സ്ഥിതി വിവരക്കണക്കുകള്‍ കൊണ്ട് അമ്മാനമാടുകയാണ്. സ്കൂള്‍വിദ്യാര്‍ത്ഥികളിലെ ആത്മഹത്യാപ്രവണത സംബന്ധിച്ച ശതമാനക്കണക്കുകള്‍ നിരത്തി രക്ഷിതാക്കളെ ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തുന്നു അദ്ദേഹം. ഒരു ഗുണം, പെദ്രോപരാമോ എന്നകൃതിയെക്കുറിച്ച വിശ്വന് അറിയാന്‍ ഈ ചര്‍ച്ച വഴിവെച്ചു എന്നതാണ്. സംഭ്രമിപ്പിക്കുന്ന കണക്കുകള്‍ നിരത്തി വാദിക്കുന്ന,  സമൂഹത്തെ ഞെട്ടിക്കുന്ന ധാരാളം 'ചാര്‍ച്ചികരെ' നമുക്കു കാണാം. ആത്മാര്‍ത്ഥമായ ഒരു സമീപനവും ഒരു കാലത്തും  സമൂഹത്തോട് സ്വീകരിക്കാത്തവരാണ് ഇക്കൂട്ടര്‍ എന്നതാണ് രസകരം.

    ഫാത്തിമാബീഗം എന്ന അഡ്വക്കേറ്റ്  വിശ്വന്‍ ആത്മഹത്യ ചെയ്താലും ഇല്ലെങ്കിലും ശിക്ഷിക്കപ്പെടും എന്ന അഭിപ്രായക്കാരിയാണ്. വിശ്വന്റെ അടിസ്ഥാന പ്രശ്നത്തിലല്ല, ഇവിടേയും ഊന്നല്‍. സാമൂഹികപ്രതിബദ്ധതയുള്ള പ്രൊഫഷന്‍ കയ്യാളുന്നവരാണ് ചര്‍ച്ചയില്‍ പങ്കെടുക്കുന്ന നാലുപേരും. നാലുപേരും സ്വീകരിക്കുന്ന നിലപാടുകള്‍ കേരളം കൊമാലയാണ് എന്ന വിശ്വന്റെ നിലപാടിനെ സാധൂകരിക്കുന്നവയാണ്. വിശ്വന് മറുപടി പറയാന്‍ അവസരം വേണം. എന്നാല്‍ അപ്പോഴൊക്കെ ഇടയ്കിടപെട്ട്  സമയം പോകുന്നതിനെപ്പറ്റി അയാള്‍ വേവലാതി കൊള്ളുന്നു.  വിശ്വനെ മര്യാദയ്കു പറയാന്‍ പോലും അനുവദിക്കുന്നില്ല. മനുഷ്യത്വരാഹിത്യം ഇവിടെയും കാണാം. എസ് എം എസ് ക്ഷണിച്ചുകൊണ്ട് ചര്‍ച്ച ഇവസാനിക്കുന്നു. പക്ഷേ, അയാളുടെ പ്രശ്നത്തിന് പരിഹാരം കാണുന്നില്ല. പിറ്റേന്ന്, നമ്മള്‍ അറിയുന്നു, വിശ്വന്റെ ആത്മഹത്യാ വിഷയം ചര്‍ച്ച ചെയ്ത് എസ് എം എസ് ക്ഷണിച്ചെങ്കിലും പ്രേക്ഷകരുടെ ഭാഗത്തുനിന്ന് ഒരു പ്രതികരണവും ഉണ്ടാകുന്നില്ല. വിശ്വന്‍ നാട്ടിലെ വായനശാലയില്‍ ചെല്ലെ, ടി വി കാണുന്ന നാട്ടുകാര്‍ തലേന്നത്തെ ചര്‍ച്ചയെ സംബന്ധിച്ച് ഒന്നും ആരായുന്നില്ല. പുതുമ തേടുകയാണ് അവര്‍. ഡിസ്കവറി വിക്ഷേപണം , കൊളംബിയ ആവര്‍ത്തിക്കുമോ എന്നതാണ് അവരുടെ ആശങ്ക. കണ്‍മുന്നിലെ വിഷയം മലയാളിക്കു വിഷയമല്ല. തെരുവില്‍ ചോരവാര്‍ന്നൊലിച്ച് മരിക്കാന്‍ കിടക്കുന്നയാളെ അവഗണിച്ച കടന്നുപോകുന്ന സമൂഹമായി നമ്മള്‍ മാറിയിരിക്കുന്നു. ടിവി എത്രമാത്രം ജനങ്ങളെ പ്രശ്നങ്ങളില്‍ നിന്നകറ്റുന്നു എന്ന വിഷയം കൂടി കൊമാല ചര്‍ച്ച ചെയ്യുന്നു. 
 
    ടിവി ദൃശ്യങ്ങളെ പൊലിപ്പിച്ചെടുക്കുന്നു. പ്രേക്ഷകരെ മായികലോകത്തിലെത്തിക്കുന്നു. അതിന്റെ കമ്പോള താല്പര്യങ്ങള്‍ക്ക് അനുസൃതമാണത്. വാര്‍ത്തകളിലൂടെയും അതന്വേഷിക്കുന്നത് പുത്തന്‍ വിപണനസാദ്ധ്യതകള്‍ തന്നെ. കേരളത്തെ കൊമാലയാക്കി മാറ്റുന്നതില്‍ ടിവി ഗണ്യമായ പങ്കു വഹിക്കുന്നു എന്നതിന്റെ സാക്ഷ്യപത്രമാണ് ഈ കഥ. വായനശാല എന്ന പൊതു മണ്ഡലത്തെപ്പോലും എത് ദോഷകരമായി ഗ്രസിച്ചിരിക്കുന്നു. ഏതു ചര്‍ച്ചയിലും ചെന്നു തലയിടുകയും വീമ്പു പറയുകയും ചെയ്യുന്ന അഭിനവ സമൂഹനായകരെ കളിയാക്കുക കൂടി ചെയ്യുന്നു, ഈ കഥ.  ആധുനിക കേരളത്തിന്റെ സുന്ദരമായ അസുഖങ്ങള്‍ ഈ കഥയിലൂടെ പുറത്തു വരുന്നു. അതു കൊണ്ടു തന്നെ ഈ കഥ  പ്രതികരണശേഷിയുള്ളവരുടെ പുനരുജ്ജീവനം കൊതിക്കുന്നു എന്നു പറയാം.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഹിമവാൻ്റെ മുകൾത്തട്ടിൽ: രാജൻ കാക്കനാടൻ, ഭാഗം1

കരുണ - കുമാരനാശാൻ

സഭാപ്രവേശം - കുഞ്ചൻ നമ്പ്യാർ