സമൂഹവും മാദ്ധ്യമങ്ങളും (ലേഖനം)


           മാദ്ധ്യമങ്ങള്‍ ആധുനികലോകത്തില്‍ നിര്‍ണ്ണായക ഘടകമായി മാറിയിരിക്കുന്നു. മാദ്ധ്യമങ്ങള്‍ക്ക് നൂറ്റാണ്ടുകളുടെ ചരിത്രകഥ പറയാനുണ്ടാകും. പ്രിന്റ് മീഡിയായില്‍ നിന്ന് അവയുടെ വികാസഘട്ടം ആരംഭിക്കുന്നു. കടലാസ്, മഷി, അച്ചടിയന്ത്രം , എന്നിവയിലൂടെ  വളരെ സാവധാനത്തിലുള്ള വികാസ ചരിത്രമാണ് അതിനുള്ളത്.  ജനതയെ അറിയിക്കാനും, അറിവുള്ളവരാക്കാനും ഔത്സുക്യം പൂണ്ട ഒരു കൂട്ടം നല്ല മനുഷ്യരുടെ ചിന്താ പദ്ധതിയില്‍ നിന്നുമാണ് അച്ചടി മാദ്ധ്യമങ്ങളുടെ ഉദയം. അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും  എരിച്ചു കളഞ്ഞ് മാനവികതയുടെ നറുഗന്ധം വിടരുന്ന പൂന്തോപ്പാക്കി നാടിനെ മാറ്റുവാനുള്ള ഉദ്യമത്തിന്റെ ഭാഗമായിരുന്നു അത്. കടലാസും അച്ചടിയന്ത്രവും വടക്കുനോക്കിയന്ത്രവും (കോമ്പസ്സ്) വെടിമരുന്നും മനുഷ്യവികാസഘട്ടത്തിലെ സുപ്രധാന കണ്ടുപിടുത്തങ്ങളത്രെ.
 കടലു കടന്ന് പരക്കെപ്പാഞ്ഞവനാണ് ഇതൊക്കെ പലനാടുകളിലായി പ്രചരിപ്പിച്ചത്. വ്യക്തമായ ഉദ്ദേശ്യം അവര്‍ക്കുണ്ടായിരുന്നു. അതിലൊന്ന് മതപ്രചരണം തന്നെയാണ്. തങ്ങള്‍ക്ക് ഒരു ബന്ധവും മുമ്പില്ലാതിരുന്ന നാടുകളില്‍ പോലും  പത്തൊമ്പതാം നൂറ്റാണ്ടില്‍ അച്ചടിശാലകളും  പള്ളിക്കൂടങ്ങളും യൂറോപ്യര്‍ സ്ഥാപിച്ചു. കല്ലച്ചിലാണെങ്കില്‍ പോലും സാമൂഹികപരിവര്‍ത്തനത്തിന്റെ  മണിമുഴക്കമായി, പുറപ്പെട്ട ഓരോ പത്രികയും . 1750 നു ശേഷം വ്യവസായ വിപ്ളവത്തോടെ തന്നെ യൂറോപ്പില്‍ ചിന്താരംഗത്തും  സമൂഹപുരോഗതിയുമായി ബന്ധപ്പെട്ട മേഖലയിലും കുതിച്ചുചാട്ടമുണ്ടായി.

            പുസ്തകങ്ങള്‍ ഇറങ്ങാന്‍ തുടങ്ങി. ഫ്യൂഡലിസത്തിന്റെ  അവസാനമടുത്തു. മുതലാളിത്തം പത്തി വിടര്‍ത്തി. പഴകിയ മാമൂലുകള്‍ക്കു പകരം പുത്തന്‍ ആശയങ്ങള്‍ സമൂഹത്തില്‍ പ്രചരിച്ചു. കമ്യൂണിസം, യുക്തിവാദം, മാനവികത, മതേതരത്വം, സോഷ്യലിസം, സ്വാതന്ത്ര്യം മുതലായ ആശയങ്ങള്‍ പടര്‍ന്നതോടെ  എങ്ങും ചലനമുണ്ടായി. കോളനിവാഴ്ചയില്‍ നിന്നും , അടിമത്തത്തില്‍ നിന്നും, പീഡനത്തില്‍ നിന്നും, ജാതി ജന്മി നാടുവാഴി വ്യവസ്ഥിതിയില്‍ നിന്നും  മോചനം നേടണമെന്ന ആഗ്രഹം എമ്പാടും വളര്‍ന്നു.സമൂഹം  ജാഗ്രത്തായി. സജീവമായി. സംഘടനകളുണ്ടായി. പ്രസ്ഥാനങ്ങളുണ്ടായി. മതപരിഷ്കരണപ്രവര്‍ത്തനങ്ങള്‍ മൂര്‍ദ്ധന്യാവസ്ഥയിലെത്തി. സമുദായ- സമൂഹ പരിഷ്കരണ നായകന്മാര്‍ രംഗത്തു വന്നു. അതിനൊക്കെ ഇംഗ്ളീഷ് പഠനം ഗുണം ചെയ്തു.  നാരായണഗുരുവിനെപ്പോലുള്ള മഹാത്മാക്കള്‍  ഇംഗ്ളീഷ് പഠിക്കാതെ തന്നെ ലോകമെമ്പാടും വളര്‍ന്നു വരുന്ന മാറ്റം ആത്മദൃഷ്ട്യാ മനസ്സിലാക്കി സമൂഹത്തെ പരിഷ്കരിക്കാന്‍ ശ്രമിച്ചു. ഈ സന്ദര്‍ഭങ്ങളിലൊക്കെ  അച്ചടി മാദ്ധ്യമങ്ങള്‍ അവയുടെ ധര്‍മ്മം പുലര്‍ത്തിപ്പോന്നിട്ടുണ്ട്. നിക്ഷിപ്ത താല്പര്യം ഒട്ടും തീണ്ടാത്ത രീതിയിലാണ് അവ മുന്നോട്ടു പോയത്. ജനതയെ ഏകോപിപ്പിക്കാനും, ബോധവാന്മാരാക്കാനും അവ ശ്രമിച്ചു. നവോത്ഥാന ആശയങ്ങള്‍ അതിലൂടെ പുറത്തു വന്നു. വായിക്കാനറിയാത്തവര്‍ക്ക് വായിക്കണമെന്ന ആഗ്രഹം ഉദിച്ചു. പഠിച്ചാലേ പുരോഗതിയുണ്ടാകൂ, കള്ളുചെത്തി  നടന്നാല്‍ അതുണ്ടാകില്ല എന്ന തിരിച്ചറിവ് സമൂഹത്തില്‍ രൂപപ്പെട്ടു.

       നവോത്ഥാന ആശയങ്ങള്‍  പ്രചരിപ്പിക്കുന്നതിലെന്ന പോലെ സ്വാതന്ത്ര്യസമരത്തിലും വലിയ പങ്കു വഹിച്ചു. ഇന്നത്തെപ്പോലെ ദൃശ്യ- അച്ചടി മാദ്ധ്യമങ്ങള്‍ ബഹുലമല്ലാതിരുന്ന ഒരു കാലമാണതെന്നോര്‍ക്കണം. ഇന്നത്തെ ബഹുസ്വരതയോ മലീമസതയോ തീണ്ടാത്ത കാലം. മുതലാളിത്തം കുതിക്കുകയും കിതക്കുകയും ചെയ്ത കാലം. സോഷ്യലിസം ഉദിക്കുകയും ഉല്ലസിക്കുകയും ചെയ്ത കാലം. കോളനികളില്‍ വിമോചനസൂര്യന്‍ ഉയര്‍ന്നു തുടങ്ങിയ കാലം. മറ്റൊരു ലോകം സാദ്ധ്യമാണ്, സമത്വവും സുന്ദരവുമായ ലോകം  എന്ന ഗാനം പടര്‍ന്ന കാലം
അവിടെയൊക്കെയും ജനപക്ഷത്തു നിന്ന ചരിത്രമാണ് അച്ചടി മാദ്ധ്യമങ്ങള്‍ക്കുള്ളത്. ഗവ-അനുകൂലനമുള്ളവയും ഉണ്ടായിരുന്നു. നിലനില്പിനായി. പക്ഷേ, കാപട്യം നിറഞ്ഞ സമീപനമായിരുന്നില്ല അതൊന്നും തന്നെ.

       കാലം മാറി. പുത്തന്‍ ലോകക്രമം  നിലവില്‍വന്നു. ഇതിന്നു വഴിതെളിച്ചത് ആഗോളരംഗത്തെ മാറ്റങ്ങളാണ്. 1980 കളുടെ അവസാനം സോവിയറ്റ് യൂണിയന്‍ തകര്‍ന്നു. റിപ്പബ്ളിക്ക് വ്യവസ്ഥ ശിഥിലമായി. ഗോര്‍ബച്ചേവിന് വ്യക്തമായ മാര്‍ഗ്ഗം ഉണ്ടായിരുന്നില്ല. അയാള്‍ നടപ്പിലാക്കിയ പരിഷ്കാരങ്ങള്‍ മുതലാളിത്തവാദികള്‍ക്ക് പുത്തന്‍ പന്ഥാവ് വിരിച്ചു കൊടുത്തു. യെത്സിന്‍ എന്ന വിദ്വാന്‍ അതു മുതലെടുക്കുകയും ഭരണം കൈക്കലാക്കുകയും ചെയ്തു, ഒരു അരക്ഷിത രാജ്യമായി ലെനിന്‍ വിഭാവനം  ചെയ്ത റഷ്യ മാറി. അതുവരെ മുതലാളിത്തചേരി, സോഷ്യലിസ്റ്റ് ചേരി എന്നിങ്ങനെ രണ്ടു ചേരികള്‍ ഉണ്ടായിരുന്നു. സോവിയറ്റു യൂണിയന്റെ പതനത്തോടെ ചേരികള്‍ ഇല്ലാതായി, സോഷ്യലിസ്റ്റ് രാജ്യങ്ങളില്‍ പലതിനും മുതലാളിത്ത വ്യവസ്ഥയുമായി സഹകരിക്കേണ്ടി വന്നു. ഇതോടെ മുതലാളിത്തത്തിന് എതിരാളികളില്ലാതായി. ആരെയും ഭയക്കേണ്ട. ശീതസമരവും മറ്റും പഴങ്കഥയായി. ഇനി സമര്‍ത്ഥമായി അധിനിവേശമാരംഭിക്കാം. ആയുധം കൊണ്ട് രാജ്യങ്ങളെ കീഴ്പ്പെടുത്തുന്നതിനേക്കാളും കൂടുതല്‍ ലാഭം ബുദ്ധി കൊണ്ട് കീഴ്പ്പെടുത്തുന്നതാണ് എന്ന് മനസ്സിലാക്കിയ മുതലാളിത്ത ചേരി പുതിയ തന്ത്രങ്ങല്‍ മെനഞ്ഞു. ആഗോളീകരണം എന്നാല്‍, ആഗോളഗ്രാമം കെട്ടിപ്പടുക്കലാണെന്ന് സാമ്രാജ്യത്ത്വ ബുദ്ധിരാക്ഷസന്മാര്‍ ഉദ്ഘോഷിച്ചു.

        ധനക്കമ്മിയില്‍ ഉഴലുന്ന മൂന്നാം ലോകരാജ്യങ്ങള്‍ക്ക് കണ്ടമാനം ഫണ്ട് നല്കുവാനും വ്യാപാരമേഖലയില്‍  ഇറക്കുമതി-കയറ്റുമതി നയം ഉദാരമാക്കുവാനും  ശ്രമമുണ്ടായി. അതിന്നായി അന്താരാഷ്ട്ര നാണയനിധി,ലോകബാങ്ക്, ലോകവ്യാപാര സംഘടന എന്നിവ  ഉപയോഗിക്കപ്പെട്ടു. കയറ്റുമതിയിലൂടെ സാമ്പത്തിക വളര്‍ച്ച എന്നതായി പ്രധാന മുദ്രാവാക്യം.ലോകത്തിലെ കുത്തക കമ്പനികളുടെ മാനേജര്‍മാരും ബാങ്കുകാരും ധനശ്ശാസ്ത്രജ്ഞന്മാരും സാമ്പത്തികകാര്യ ബുദ്ധിജീവികളും ലോകബാങ്ക്, നാണയനിധി പ്രവരന്മാരും ഒക്കെയാണ് വാഷിങ്ടണില്‍ യോഗം കൂടി മേല്പറഞ്ഞവ  തീരുമാനിക്കുന്നത്. സാമ്പത്തിക വളര്‍ച്ച നേടാന്‍ കമ്പോളവ്യവസ്ഥിതി പ്രോത്സാഹിപ്പിക്കുക  എന്നാണ് അവരുടെ അഭിപ്രായം. മത്സരത്തിലൂന്നിയ കമ്പോളം, പുത്തന്‍ സാങ്കേതിക സാമഗ്രികളുടെ വിതരണം, അതിരുകളുടെ അന്ത്യം, മൂലധനത്തിന്റെ ആഗോളീകരണം മുതലായവ ആഗോളീകരണത്തിന്റെ  ലക്ഷണങ്ങളാണ്. ഭൂമിശാസ്ത്രപരവും ഭരണപരവുമായ അതിരുകള്‍ക്കപ്പുറം, ലോകത്തെ മുഴുവന്‍ ഒറ്റ കമ്പോളമായി കാണുന്ന പ്രക്രിയയാണ് ആഗോളീകരണം എന്ന് ലഘുവായി നിര്‍വചിക്കാം. മൂലധനം ഇവിടെ പരിപൂര്‍ണ്ണസ്വാതന്ത്ര്യം പ്രാപിക്കുന്നു. അതിന്റെ വ്യാപനവും ഒഴുക്കും വളരെ വേഗത്തിലും ശക്തിയിലുമാകുന്നു.അതോടൊപ്പെം തന്നെ മൂലധനമാണ് സര്‍വശക്തന്‍ എന്ന ധാരണ അത് സൃഷ്ടിക്കുന്നു.മത്സരത്തിലൂന്നുന്ന ആഗോളവ്യവസ്ഥിതി ലക്ഷ്യമാക്കുന്ന ആഗോളീകരണത്തിന് ആനുകൂല്യം സൃഷ്ടിക്കുക എന്നതായി മാറുന്നു, ദേശീയ സര്‍ക്കാരുകളുടെ നയം.  വാണിജ്യ വ്യവസായ സംരംഭങ്ങള്‍ കെട്ടിപ്പടുക്കുവാനാവശ്യമായ സാമൂഹിക- സാമ്പത്തിക- രാഷ്ടീയ-  അന്തരീക്ഷം ഒരുക്കിക്കൊടുത്ത് കമ്പോളം സജീവമാക്കാന്‍ അതു ശ്രമിക്കുന്നു. വിദ്യാഭ്യാസം, ഗവേഷണം, ആരോഗ്യം  എന്നിങ്ങനെയുള്ള മര്‍മ്മ പ്രധാന മേഖലകള്‍ പോലും കമ്പോള താത്പര്യങ്ങള്‍ക്കു വിട്ടുകൊടുക്കേണ്ടതായി വരുന്നു. ഗതാഗതവും, ഇന്റെര്‍നെറ്റും ഇലക്ട്രോണിക് വാര്‍ത്താവിനിമയവും വ്യോമഗതാതതവും ലോകത്തിന്റെ അതിരുകളെ ചുരുക്കിയിരിക്കുന്നു.

        ഇവിടെയാണ്,  ആഗോളമൂലധനത്തിന്റെ ഒഴുക്ക് തീവ്രമായിരിക്കുന്ന  ഈ സാഹചര്യത്തിലാണ് മാദ്ധ്യമങ്ങളുടെ സ്വഭാവം വിലയിരുത്തേണ്ടത്. അച്ചടിമാദ്ധ്യമങ്ങളേക്കാളും വേഗത്തില്‍ ദൃശ്യമാദ്ധ്യമങ്ങള്‍ പ്രചുരപ്രചാരം നേടിയെന്നുമാത്രമല്ല, ജനതയുടെ ചിന്തയേയും പ്രവര്‍ത്തനത്തേയും തന്നെ അത് സ്വാധീനിച്ചു. ആഗോളീകരണത്തിന്റെ നിലനില്പിന് ഏറ്റവും ശക്തി പകരുന്നത് മാദ്ധ്യമങ്ങളാണ് എന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. കമ്പനികളുടെ ലോകക്രമം മനുഷ്യമനസ്സില്‍ ഉറപ്പിച്ചെടുക്കാന്‍ ഇത്രയും ഫലവത്തായ മറ്റൊരു സംവിധാനമില്ല." കച്ചവടത്തിന്റെയും കമ്പോളത്തിന്റെയും ധര്‍മ്മം പ്രചരിപ്പിക്കുന്ന നമ്മുടെ യുഗത്തിലെ മിഷനറിമാരാണ് ആഗോളമാദ്ധ്യമങ്ങള്‍ "എന്ന് എഡ്വേഡ് ഹെര്‍മന്‍, റോബര്‍ട്ട് മക്ചെസ്നി എന്നിവര്‍ നിരീക്ഷിക്കുന്നു. വന്‍ മാദ്ധ്യമക്കമ്പനികളും വന്‍കിടവാണിജ്യകമ്പനികളും കൈകോര്‍ത്തു പിടിച്ചാണ് ലാകത്തില്‍ പ്രവര്‍ത്തിക്കുന്നത്. ആഗോളീകരണം ലോകത്തിന് അവശ്യമായ ഒന്നാണ് എന്ന തെറ്റായ ചിന്ത അവര്‍ പ്രചരിപ്പിക്കുന്നു. സമ്പൂര്‍ണ്ണമായ മത്സരം എല്ലാമേഖലയിലും സൃഷ്ടിച്ചു കൊണ്ടുള്ള ആഗോളീകരണത്തിന്റെ ഭീതിദമായ പോക്ക് മാദ്ധ്യമ മേഖലയേയും സ്വാധീനിച്ചിട്ടുണ്ട്. എല്ലാതരം പ്രേക്ഷകരെയും വായനക്കാരെയും കമ്പോളത്തിന്റെ രസതന്ത്രം എന്തെന്ന് അറിയിക്കുകയാകുന്നു അവയുടെ ദൌത്യം.

     രാജ്യങ്ങളുടെ അതിര്‍ത്തിയില്‍ സംപ്രേഷണികള്‍ വെച്ച് മിഥ്യാ സ്വാതന്ത്ര്യമോഹം വളര്‍ത്തി , ശക്തമായിരുന്ന ബര്‍ലിന്‍മതില്‍ പോലും നിലം പരിശാക്കാന്‍ മാദ്ധ്യമങ്ങള്‍ക്കു സാധിച്ചിട്ടുണ്ട്. മതില്‍ പൊളിഞ്ഞു, പക്ഷേ, വാഗ്ദാനം ചെയ്യപ്പെട്ട ദൈവരാജ്യം കിട്ടിയതുമില്ല. ഇല്ലത്തുനിന്ന് പുറപ്പെട്ടു, പക്ഷേ, അമ്മാത്തെത്തിയതുമില്ല എന്നു പറഞ്ഞപോലെയായി കാര്യങ്ങള്‍. സ്വാതന്ത്ര്യം  എന്നത് എന്തെന്ന് പൊളിച്ച മതിലിലൂടെ പുറത്തു വന്നവര്‍ അറിഞ്ഞു. അതൊരു ശൂന്യതയാണെന്ന്. അതൊരു കപടതയാണെന്ന്. ആത്യന്തികമായി അതൊരു വഞ്ചനയാണെന്ന്. ജീവിക്കാന്‍ ഇനി പോരാടാതെ വയ്യ. തെരുവില്‍ കിടന്നും, പിച്ച തെണ്ടിയും വേശ്യാവൃത്തി ചെയ്തും ജീവിക്കുക തന്നെ. മതിലു പൊളിക്കുമ്പോളുണ്ടായിരുന്ന ആവേശം കെട്ടടങ്ങി. ഈ ആഗോളചൂഷണത്തിന്റെ ഭയാനകമായ  മുഖം  ഇവിടെ നമുക്കു കാണാന്‍ കഴിയും.  റഷ്യയിലും സംഭവിച്ചതു മറിച്ചല്ല.

       ആഗോളീകരണം  വല്ലാതെ നമ്മെ പ്രലോഭിപ്പിക്കും. ആകര്‍ഷിക്കും. അതേ സമയം തന്നെ നമ്മെ കെട്ടിവരിയുകയും ശ്വാസം മുട്ടിച്ചു കൊല്ലുകയും ചെയ്യും. മുമ്പ് അമേരിക്കന്‍ പ്രസിഡന്റായിരുന്ന സീനിയര്‍ ജോര്‍ജ് ബുഷ് പറഞ്ഞ വാക്കുകള്‍ പ്രസക്തമാണ്," നിങ്ങള്‍ ആരായിരിക്കുന്നുവെന്നത് നിങ്ങള്‍ എന്തു വാങ്ങുന്നുവെന്നതിനെ ആശ്രയിച്ചിരിക്കുന്നു". മാദ്ധ്യമ ഭാഷയില്‍ പറഞ്ഞാല്‍ നിങ്ങള്‍ എന്തു കാണുന്നുവെന്നതിനെ ആശ്രയിച്ചിരിക്കുന്നു. മാദ്ധ്യമങ്ങളിലൂടെ പുതു കമ്പോള സാദ്ധ്യതകള്‍ കണ്ടെത്തുകയാണ് ചെയ്യുന്നത്. പരസ്യങ്ങള്‍ അതാണല്ലോ വെളിവാക്കുന്നത്.

        ആധുനിക ലോകത്തില്‍ മാദ്ധ്യമങ്ങളെ സംബന്ധിക്കുന്ന ഒന്നാമത്തെ പ്രധാന പരാതി അവ നമ്മുടെ പൊതുമണ്ഡലങ്ങളെ തകര്‍ത്തു എന്നതാണ്.ഓരോ നാട്ടിന്‍ പുറത്തുമുള്ള ചായക്കടകള്‍ എല്ലെങ്കില്‍ വായനശാലകള്‍  അല്ലെങ്കില്‍ മറ്റേതെങ്കിലും കേന്ദ്രങ്ങള്‍ ലോകവിവരം ചര്‍ച്ചചെയ്യുന്ന ഇടങ്ങളായിരുന്നു. ഇത്തരം ഇടങ്ങള്‍ തകര്‍ത്ത മാദ്ധ്യമങ്ങല്‍ ജനങ്ങളെ അവരവരുടെ സ്വീകരണമുറിയില്‍ അടച്ചു പൂട്ടി. തങ്ങള്‍ വിളമ്പിത്തരുന്നതാണ് യാഥാര്‍ത്ഥ്യം എന്ന് തോന്നിച്ചു. കണ്ണുകൊണ്ട് കാണുന്നതെല്ലാം വാസ്തവമെന്നു കരുതുന്ന സാധാരണക്കാര്‍ വിഡ്ഢിപ്പെട്ടി സൃഷ്ടിച്ച മായാക്കാഴ്ചകളില്‍ അഭിരമിച്ചപ്പോള്‍ തകര്‍ന്നടിഞ്ഞത് ആത്മാര്‍ത്ഥത നിറഞ്ഞ സാമൂഹിക ബോധവും സംഘടനാ ധര്‍മ്മവുമായിരുന്നു.

      ആയുധത്തിനു പകരമായി മാദ്ധ്യമങ്ങളെ ഉപയോഗിക്കാമെന്നത് ഒന്നാം ലോകമഹായുദ്ധകാലത്തുതന്നെയുള്ള അറിവായിരുന്നു. മാദ്ധ്യമങ്ങളെ  ഉപയോഗിച്ച്  ജനമനസ്സുകള്‍ കീഴ്പ്പെടുത്തേണ്ടത് യുദ്ധം ജയിക്കാന്‍ അനിവാര്യമാണെന്ന് തിരിച്ചറിഞ്ഞ നേതാവാണ് ഹിറ്റ്ലര്‍. ജനങ്ങള്‍ എങ്ങനെ ചിന്തിക്കണമെന്ന് ഭരണാധികാരികള്‍ തീരുമാനിക്കുന്നു. ആ തീരുമാനം നടപ്പിലാക്കാന്‍ അവര്‍ മാദ്ധ്യമങ്ങളെ തന്ത്രപൂര്‍വം വിനിയോഗിക്കുന്നു.

    ഇന്ന് വാര്‍ത്തകളുടെ മീതേ മൂലധന ശക്തികള്‍ക്കു നിര്‍ണ്ണായക സ്വാധീനമുണ്ട്. ദൃശ്യമാദ്ധ്യമങ്ങലും സംസ്കാരവും എന്ന കൃതിയില്‍ പ്രഭാവര്‍മ്മ എഴുതുന്നു,
  "ലോകത്ത് 150 പ്രധാന വാര്‍ത്താ ഏജന്‍സികളും 80000 റേഡിയോ, ടിവി സ്റ്റേഷനുകളും 18200 പ്രധാന പത്രങ്ങളുമാണുള്ളത്. എന്‍സൈക്ളോപീഡിയകളും റഫറന്‍സ് ഗ്രന്ഥങ്ങലും ചരിത്രഗ്രന്ഥങ്ങലും വരെ വന്‍കിട ബുക്ക് ഹൌസുകല്‍  അച്ചടിച്ച് നല്കുന്ന സ്ഥിതിയായിരുന്നു.ഇവയിലൂടെയെല്ലാം സാമ്രാജ്യത്വം അതിന്റെ ഭാഷയും ജീവിതശൈലിയും സാമൂഹികമൂല്യ സംഹിതകളും ഉപഭോക്തൃ ക്രമങ്ങലും വികസ്വരരാഷ്ട്രങ്ങലില്‍ പടര്‍ത്തിക്കൊണ്ടിരുന്നു.ആ വാര്‍ത്താ സ്ഥാപനങ്ങള്‍ക്കാവശ്യമായതിന്റെ 80 ശതമാനം വാര്‍ത്തകളും വികസിത രാജ്യങ്ങളിലെ 25 ഓളം വരുന്ന ട്രാന്‍സ് നാഷണല്‍ കോര്‍പ്പറേഷനുകളും ടെലിവിഷനുകളും ടിവി കമ്മ്യൂണിക്കേഷന്‍ സാറ്റലൈറ്റുകളുമാണ് നല്കുന്നത്. ഇതില്‍ ഇരുപതോളം സ്ഥാപനങ്ഹള്‍ അമേരിക്കന്‍ മൂലധനത്തിന്റെ ബലത്തിലുള്ളതാണ്."

       പടക്കോപ്പു നിര്‍മ്മാണക്കമ്പനികളും ആയുധ വിതരണശാലകളും തങ്ങളുടെ ആധിപത്യത്തിലുള്ള മാദ്ധ്യമങ്ങളിലൂടെ   യുദ്ധോത്സുകത പ്രചരിപ്പിക്കുകയും ആയുധം വിറ്റഴിക്കുന്നതിനുള്ള അവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു.ആഗോള മാദ്ധ്യമവും ആഗോളീകരണവും തമ്മിലുള്ള അവിശുദ്ധ ബാന്ധവത്തിന്റെ ഇരകളായി മൂന്നാം ലോകരാജ്യങ്ങള്‍  മാറിയിരിക്കുന്നു. പഴയ കാലഘട്ടത്തില്‍ നിലനിന്ന മാദ്ധ്യമജനകീയത ഇക്കാലത്തില്‍  നിഴലായി മാറിയിരിക്കുന്നു.മാദ്ധ്യമലോകത്ത് വിശേഷിച്ച് ദൃശ്യമാദ്ധ്യമലോകത്ത്  വിസ്ഫോടനം പോലെയാണ് പുരോഗതി ഉണ്ടാകുന്നത്. സാങ്കേതിക മേഖലയിലുണ്ടാകുന്ന പുരോഗതി സര്‍വപ്രകാരത്തിലും ഇവയെ സ്വാധീനിച്ചിരിക്കുന്നു. ഇതിലെത്രമാത്രം ജനതയുടെ ജീവാംശമുണ്ട് എന്നു ചോദിച്ചാല്‍ നിരാശയായിരിക്കും ഫലം. ജനതയ്ക്കുവേണ്ടിയോ, അവരുടെ അഭിലാഷങ്ങള്‍ വെളിച്ചത്തു കൊണ്ടു വരുന്നതിനോ, അവരെ അറിവുള്ളവരാക്കാനോ, ഒന്നുമല്ല ഇന്ന് മാദ്ധ്യമങ്ങള്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നത്. ആ ഒരു പ്രതീതി അവ ഉണ്ടാക്കുന്നു, ഒരോ നിമിഷവും .എന്നാല്‍ അതിലൊക്കയും ഒരു ഉപഭോഗസാമഗ്രിയാക്കി നമ്മെ മാറ്റാനുള്ള നീച തന്ത്രങ്ങളാണ് അടങ്ങിയിരിക്കുന്നത്.

      യാഥാര്‍ത്ഥ്യത്തിനു പിന്നിലുള്ള മൂലധനതാല്പര്യമാണ് എവിടെയും  നമുക്കു കാണാന്‍ കഴിയുന്നത്.പൊലിപ്പിച്ചെടുത്ത കാഴ്ചകളാണ് നാം കാണുന്നത്.  അവയ്ക്ക നമ്മുടെ യഥാര്‍ത്ഥ ജീവിതവുമായി ഒട്ടും ബന്ധമില്ല. കമ്പോള താത്പര്യങ്ങള്‍ പതിയെപ്പതിയെ നമ്മുടെ ഉപബോധമനസ്സില്‍ ഇടം പിടിക്കുകയാണ്. മെല്ലെ മെല്ലെ നമ്മെ അതിന്റെ വക്താക്കളാക്കുകയാണ്. ഇരകളാക്കുകയാണ്. കാഴ്ചകളെ അതിന്റെ സാമൂഹികമായ തലത്തില്‍ നിന്നും അടര്‍ത്തിമാറ്റി മായക്കാഴ്ചകളായാണ്  അവതരിപ്പിക്കുന്നത്. ഈ  തിരിച്ചറിവില്ലാത്തവന്‍ വേഗം അതിന്റെ ബലിയാടാകുന്നു.

        കാഴ്ചകളെ അത് നമ്മുടെ മനസ്സിലേക്ക് അടിച്ചേല്പിക്കുകയാണ്. മാസ്സ് മീഡീയ എന്നറിയപ്പെടുന്നവയാണ് ദൃശ്യമാദ്ധ്യമങ്ങള്‍. ഒരു തരത്തില്‍ ജനങ്ങളുമായുള്ള ആശയവിനിമയം എന്ന തലം ഇവിടെ വാക്കിലെങ്കിലും വരുന്നു. പക്ഷേ, ആശയങ്ങളുടെ പരസ്പരവിനിമയം ഇവിടെ നടക്കുന്നില്ല. നടക്കുന്നത്  ഏകപക്ഷീയ വിനിമയമാണ്.ജനത്തിന്റെ താല്പര്യമല്ല., ജനത്തിനുമീതേ ഒരു ന്യൂനപക്ഷത്തിന്റെ താല്പര്യമാണ് അരങ്ങേറുന്നത്. ഇവ്വിധം രൂപപ്പെടുന ജനസംസ്കാരം എങ്ങനെ ജനകീയമാകും ? ഒരു നിക്ഷിപ്ത സംഘത്തിന്റെ ഗൂഢ പദ്ധതിയുടെ ഇരകളാവുകയല്ലേ നമ്മള്‍ ?യുദ്ധം പോലും ആഘോഷിക്കുന്ന, മരണവും അത്യാഹിതങ്ങളും ആസ്വദിക്കുന്ന , ദുരന്തങ്ങള്‍ ഉത്സവമാക്കുന്ന ആധുനിക ദൃശ്യമാദ്ധ്യമലോകം  നമ്മള്‍ പ്രേക്ഷകര്‍ എന്തു നിലപാടെടുക്കണമെന്നും എന്തു ചിന്തിക്കണമെന്നും തീരുമാനിക്കുന്നു.മൂലധനത്തിന്റെ  കുത്തൊഴുക്കില്‍ സാമൂഹികബന്ധങ്ങള്‍ പോലും ശിഥിലമായിത്തീരുന്നു. സംഘടനകളും പ്രസ്ഥാനങ്ങളും  പ്രവര്‍ത്തനപദ്ധതിയറ്റവരാകുന്നു.  മൂല്യച്യുതി സമൂഹത്തെ കാര്‍ന്നു തിന്നുന്നു. നേരും നെറിയും പോലും കുത്തകവത്കരിച്ച ആഗോളീകരണത്തിന്റെ വിസ്മയലോകത്തിനു മുന്നിലിരുന്ന്  ഇടയ്ക്കിടെ പുനരാലോചനയും ആത്മവിമര്‍ശനവും നടത്താതെ മുമ്പോട്ടു പോകുന്നവരെ, ഓര്‍ക്കുക, മായികതയുടെ പാതാളലോകത്തിലാണ് നിങ്ങള്‍ പട്ടു വിരിച്ചു കിടക്കുന്നത് എന്ന്.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഹിമവാൻ്റെ മുകൾത്തട്ടിൽ: രാജൻ കാക്കനാടൻ, ഭാഗം1

കരുണ - കുമാരനാശാൻ

സഭാപ്രവേശം - കുഞ്ചൻ നമ്പ്യാർ