ദൈവത്തിൻ്റെ കണ്ണ്: എൻ.പി. മുഹമ്മദ്
എൻ.പി. മുഹമ്മദ് എഴുതിയ സാമൂഹിക- പരിസ്ഥിതി സംബന്ധമായ നോവലാണ് ‘ ദൈവത്തിൻ്റെ കണ്ണ്.’ മലയാള നോവൽ സാഹിത്യത്തിലെ ഒരു നാഴികക്കല്ലായി പരിഗണിക്കാവുന്ന കൃതിയാണിത്. കാവ്യാത്മകത തുളുമ്പുന്ന ഭാഷയിലൂടെ ഒരു മുസ്ലീം തറവാട് നേരിടുന്ന ദുരന്തകഥയാണ് എൻ.പി. മുഹമ്മദ് പറയുന്നത്. അന്ധവിശ്വാസങ്ങളുടെയും ക്ഷുദ്രാചാരങ്ങളുടെയും കേദാരമായി ഒരു ഗൃഹം പരിണമിക്കുന്നു. അതോടൊപ്പം, നിധിക്കു വേണ്ടിയുള്ള മോഹവും അതു തേടിപ്പിടിക്കാൻ കാട്ടുന്ന ഉത്സാഹത്തിൽ ഹോമിക്കപ്പെടുന്ന യുവതയും ഈ നോവലിലെ മുഖ്യമായ പൊരുളാണ്. ജാതിമതഭേദമെന്യേ ഏതു വിഭാഗത്തെയും ഗ്രസിച്ചിട്ടുള്ള തീവ്ര വിപത്തുകളാണ് അന്ധവിശ്വാസവും മന്ത്രവാദം പോലുള്ള ദുരാചാരങ്ങളും. ഇവ സമ്മിശ്രമാകുമ്പോൾ, അതിൽ വേവുന്നത് നിഷ്കളങ്ക ബാല്യജന്മങ്ങളാണ്. ചുറ്റിലും നടമാടുന്ന യഥാർത്ഥ ജീവിതത്തിൻ്റെ വഴിതെറ്റിയ പാതകളെ, അതിൻ്റെ ഇരകളെ, തുറന്ന വതരിപ്പിക്കാൻ എൻ.പി.യ്ക്കു സാധിച്ചിട്ടുണ്ട്. അനുഭവങ്ങളെ അതിൻ്റേതായ തീക്ഷ്ണതയോടെയും സത്യസന്ധതയോടെയുമാണ് നോവലിസ്റ്റ് അവതരിപ്പിച്ചിട്ടുള്ളത്. പ്രകൃതിയും പ്രകൃതിയെ അഭയമാക്കുന്ന ജീവജാലങ്ങളും ഈ നോവലിൽ ഒരു ഹരിതലയം തന്നെ സൃഷ്ടിക്കുന്നു. മഴ, നിലാവ്, തുമ്പികൾ, പുരാവൃത്തങ്ങ...