കാവൽബ്ഭൂതം: സി. അയ്യപ്പൻ

 കാവൽബ്ഭൂതം 

അടിച്ചമർത്തപ്പെട്ട ദലിത് ജനവിഭാഗത്തിന്റെ രോഷത്തെ കാവൽബ്ഭൂതം എന്ന കഥ പ്രതിനിധാനം ചെയ്യുന്നു. ഈ കഥയുടെ ഒരു പ്രത്യേകത ഫാൻ്റസി വളരെ നന്നായി കഥയിൽ ഉപയോഗപ്പെടുത്തിയെന്നതാണ്. ഫാന്റസി എന്ന വാക്കിന് ഭ്രമഭാവന എന്നു പറയാം. സ്വാഭാവിക ലോകത്ത് സാധ്യമല്ലാത്ത മായാ സങ്കൽപ്പങ്ങളും അത്ഭുതങ്ങളും മായിക സവിശേഷതകളും അതിൽ പ്രതിപാദിക്കുന്നു. അതിഭൗതിക സങ്കല്പനങ്ങളും അമാനുഷിക ശേഷിയുള്ള കഥാപാത്രങ്ങളും പുരാവൃത്തപരമായ സ്ഥലകാല വിശേഷങ്ങളും അതിൻ്റെ സ്വഭാവമാണ്. പ്രതീക്ഷയ്ക്കുമപ്പുറമുള്ള അസാധാരണ ലോകങ്ങളുടെയും സംഭവങ്ങളുടെയും കഥകളാണ് ഇതിലൂടെ ആവിഷ്കരിക്കുന്നത്. ഭൂതം പ്രേതം മുതലായ സങ്കല്പങ്ങൾ സ്വാഭാവിക ലോകത്തിൽ സംഭവിക്കാത്തവയാണല്ലോ. ഇത്തരം വിശ്വാസങ്ങൾ, മാന്ത്രികത, മന്ത്രതന്ത്രങ്ങൾ നേടിയെടുക്കാനുള്ള പരിശ്രമങ്ങൾ, പോരാട്ടങ്ങൾ എന്നിവ ഫാന്റസിയുടെ ഭാഗമാണ്. മാന്ത്രിക വിദ്യകൾ ആവിഷ്കരിക്കുന്ന കഥാപ്രപഞ്ചം കുട്ടികൾക്ക് പ്രിയപ്പെട്ടവയാണ്. സാധാരണ മനുഷ്യരേക്കാളും ശക്തിയുള്ള അമാനുഷിക ശേഷിയുള്ള കഥാപാത്രങ്ങൾ ഫാന്റസിയിൽ പ്രത്യക്ഷമാകുന്നു വായനക്കാരന്റെ ചിന്തയെയും സങ്കല്പ ശേഷിയെയും വികസിപ്പിക്കാൻ ഇത്തരം കഥകൾക്ക് സാധിക്കും.

ഉപരിവർഗത്താൽ ചവിട്ടി മെതിക്കപ്പെട്ട ദലിത് വിഭാഗത്തെയാണ് കാവൽഭൂതം എന്ന കഥയിലെ നായകനായ ശങ്കുണ്ണിയും കൂട്ടരും സംബോധന ചെയ്യുന്നത്. മന്ത്രവാദിയും പ്രേതമായി വരുന്ന ശങ്കുണ്ണിയും ദൈവവുമൊക്കെ ചേർന്ന് ഫാൻറസിയുടെ പ്രത്യേകതകൾ ആഴത്തിൽ തന്നെ അവതരിപ്പിച്ചിട്ടുണ്ട്..

പീഡനങ്ങളും ബലാൽക്കാരങ്ങളും ദാരിദ്ര്യവും ചൂഷണവും കൊണ്ട് വലയുന്ന അസ്വസ്ഥ ജീവിതമാണ് ദലിതർ നയിക്കുന്നതെന്നും മരണത്തിൽ പോലും അവർക്ക് മോചനമില്ലെന്നും ഈ കഥ സ്പഷ്ടമാക്കുന്നു. ശങ്കുണ്ണി, ദേവിയുടെ കാമുകനാണ്. ദേവി പക്ഷേ അയാളെ ഇഷ്ടപ്പെടാൻ കൂട്ടാക്കുന്നില്ല. ശങ്കുണ്ണി അറിയപ്പെടുന്നത് അച്ഛനെ കൊന്നവൻ, അനിയത്തിയെ പിഴപ്പിച്ചവനോട് പ്രതികാരം ചെയ്തവൻ എന്നീ നിലകളിലാണ്. ബേബിയും ബേബിയുടെ ചേട്ടനായ ഐസക്കുമാണ് ഈ കഥയിലെ പ്രതിനായകർ. അവർ ഉപരിവർഗ്ഗത്തെ പ്രതിനിധീകരിക്കുന്നു. പെൺകുട്ടികളെ നശിപ്പിക്കുകയാണ് ഐസക്കിന്റെ ഹോബി. ശങ്കുണ്ണിയുടെ അനിയത്തിയെ അവൻ പിഴപ്പിച്ചു. ദേവിയുടെ ചേച്ചിയെ ബലാൽക്കാരം ചെയ്തു. എന്തിനാ പാവപ്പെട്ട പെലക്കളി പെൺകിടാങ്ങളെ പിഴപ്പിക്കാൻ നടക്കുന്നതെന്ന് ചോദിച്ചപ്പോൾ ആളുകൾ എന്തിനാണ് ആട്ടിറച്ചി ഉണ്ടായിട്ടും പശുവിറച്ചി വാങ്ങിക്കുന്നത് എന്നായിരുന്നു ഐസക്കിൻ്റെ ചോദ്യം. ഇത് ശങ്കുണ്ണിയെ പ്രകോപിതനാക്കി. അവൻ ഐസക്കിനെ മർദ്ദിച്ചു. ദുബായിൽ നിന്നും പണമുണ്ടാക്കി വന്ന ബേബിയോടായിരുന്നു ദേവിക്ക് കമ്പം. അതിനാൽ ബേബിയോടും ദേവിയോടും പ്രതികാരം ചെയ്യാൻ ശങ്കുണ്ണി തുനിഞ്ഞു. വാസുവിനെ വിവാഹം കഴിച്ചെങ്കിലും ദേവി ബേബിയുടെ ആഗ്രഹത്തിനു കീഴ്പ്പെടാനൊരുങ്ങി. തന്റെ പ്രതീക്ഷകൾ അവസാനിച്ച വാസു ആത്മഹത്യ ചെയ്തു. വാസുവിനോടു ചോദിക്കാനായി ശങ്കുണ്ണിയും ആത്മഹത്യ ചെയ്തു. പിന്നീട് ശങ്കുണ്ണിയുടെ പ്രേതം കാവൽഭൂതമായി ദേവിയെ വട്ടമിടുന്ന്നു. ദൈവത്തെ കണ്ടപ്പോൾ അദ്ദേഹത്തിനും ബേബിയുടെ അപ്പൂപ്പന്റെ മുഖച്ഛായ ഉള്ളതായിട്ടാണ് ശങ്കുണ്ണിക്ക് അനുഭവപ്പെടുന്നത്. കഥ അവസാനിക്കുന്നത് ശങ്കുണ്ണി ദേവിയോട് ചോദിക്കുന്ന ചോദ്യത്തിലാണ്: ദേവീ, നമ്മുടെ ജീവിതം നമ്മുടെ ജീവിതം കല്ലേലിട്ട കലം പോലെ തകർന്നു പോകാനുള്ള കാരണമെന്താണ് ? ഈ ചോദ്യമാണ് കഥാകൃത്തായ സി അയ്യപ്പൻ സമൂഹത്തിനു നേരെ ഉന്നയിക്കുന്നത്. എന്തുകൊണ്ടാണ് മുഖ്യധാരയിൽ നിന്നും ദലിത് വിഭാഗങ്ങൾ മാറ്റി നിർത്തപ്പെട്ടത്? ദളിതർ അനുഭവിക്കുന്ന സാമൂഹിക പ്രശ്നങ്ങൾ വായനക്കാരന്റെ ശ്രദ്ധ കൊണ്ടുവരാൻ പര്യാപ്തമായ കഥയാണ് കാവൽബ്ഭൂതം.


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

സഭാപ്രവേശം - കുഞ്ചൻ നമ്പ്യാർ

കരുണ - കുമാരനാശാൻ

നീർമാതളം പൂത്ത കാലം : മാധവിക്കുട്ടി